Home

Wednesday, August 18, 2021

ലളിതയും കൃഷ്ണനും ഊഞ്ഞാൽ ഉത്സവത്തിൽ

 


ലളിതയും കൃഷ്ണനും ഊഞ്ഞാൽ ഉത്സവത്തിൽ

അവതരണം/ വിവർത്തനം - ശുദ്ധഭക്തി വൃന്ദം



ഭഗവാന്റെ മഹാഭക്തനായിരുന്ന നാരദ മുനി ശ്രീമതി രാധാറാണിയെ  പതിവായി സന്ദർശിക്കാറുണ്ടായിരുന്നു. ഈ പതിവ് സന്ദർശനങ്ങൾ ശ്രദ്ധിച്ച കൃഷ്ണൻ, ആളുകൾക്കിടയിൽ കലഹം സൃഷ്ടിക്കുന്നതിൽ വിദഗ്ദ്ധനായ നാരദ മുനിയുമായി വളരെ അടുത്ത് ഇടപഴകുന്നതിൽ ശ്രദ്ധാലുവായിരിക്കണമെന്ന് രാധാ റാണിക്ക് മുന്നറിയിപ്പ് നൽകി. ശ്രീമതി രാധാറാണിയും താനും തമ്മിൽ നാരദൻ ചില തെറ്റിദ്ധാരണകൾ സൃഷ്ടിക്കുകയും  അപ്രകാരം കലഹമുണ്ടാക്കുകയും ചെയ്യുമെന്നായിരുന്നു കൃഷ്ണന്റെ ആശങ്ക.


പക്ഷേ, രാധാറാണി കൃഷ്ണന്റെ വാക്കുകൾ ഗൗരവമായി എടുത്തില്ല. കൃഷ്‌ണനോടുള്ള  ദേവിയുടെ പ്രണയം വളരെ ശക്തമാണെന്നും ദേവിയും കൃഷ്ണനും തമ്മിൽ ഒരു തരത്തിലുള്ള കലഹവും സൃഷ്ടിക്കാൻ ആർക്കും കഴിയില്ലെന്നും രാധാറാണി ചിന്തിച്ചു. കൃഷ്ണൻ പറഞ്ഞു, " പ്രിയരാധേ എന്റെ മുന്നറിയിപ്പിനെ നീ ശ്രദ്ധിക്കുന്നില്ല, പക്ഷേ ഒരു ദിവസം നാരദ മുനിയുമായുള്ള ഈ സഹവാസത്തിന്റെ ഫലം സ്വയം മനസ്സിലാക്കും!"


ഒരിക്കൽ, നാരദ മുനി വീണ വായിച്ചു കൊണ്ട്   വ്രജ-ഭൂമി സന്ദർശിച്ചു. നാരദന്റെ മനോഹരമായ സംഗീതത്തിൽ അതീവസന്തുഷ്ടനായ കൃഷ്ണൻ അദ്ദേഹത്തിന് ഒരു വരം നൽകാൻ ആഗ്രഹിച്ചു. നാരദ മുനി പറഞ്ഞു, "ഇപ്പോൾ എനിക്ക് വരം ആവശ്യമില്ല. ദയവായി ഇത് ഭാവിയിലേക്കായി അങ്ങ് സൂക്ഷിക്കുക. എനിക്ക് ആവശ്യമുള്ളപ്പോൾ ഞാൻ അങ്ങയോട് ആവശ്യപ്പെടാം."


ഒരു ദിവസം എല്ലാ സഖികളും ലളിത കുണ്ഡത്തിന് സമീപം കൃഷ്ണനും രാധാറാണിക്കും വേണ്ടി ഒരു ഊഞ്ഞാൽ ഉത്സവം സംഘടിപ്പിച്ചു. ഒരു ഊഞ്ഞാൽ തയ്യാറാക്കി മനോഹരമായി അലങ്കരിച്ചു, കൃഷ്ണനൊപ്പം എല്ലാ സഖികളും തയ്യാറായി. ശ്രീമതി രാധാറാണി എത്തിയിരുന്നില്ല. എല്ലാവരും രാധികക്കായി കാത്തിരിക്കുകയായിരുന്നു: രാധാറാണിയില്ലാതെ ഉത്സവം ആരംഭിക്കാൻ കഴിയില്ല.


ഈ സമയത്ത് നാരദ മുനി അവിടെയെത്തി. മുനി ചോദിച്ചു, "എന്തിനാണീ ഒരുക്കങ്ങൾ? 

എന്താണ് കാരണം?"


"ഞങ്ങൾ രാധറാണിയ്ക്കും കൃഷ്ണനുമായി ഒരു ഊഞ്ഞാൽ ഉത്സവം തയ്യാറാക്കിയിട്ടുണ്ട്. എല്ലാം തയ്യാറാണ്, പക്ഷേ രാധാറാണി വന്നിട്ടില്ല. ഞങ്ങൾ എല്ലാവരും അവിടുത്തെ വരവിനായി കാത്തിരിക്കുകയാണ്" എന്ന് സഖികൾ മറുപടി നൽകി.


തുടർന്ന് നാരദ മുനി ശ്രീകൃഷ്ണന്റെ അടുത്ത് ചെന്ന് പറഞ്ഞു, "എന്റെ പ്രിയ ഭഗവാനെ! ഒരു ദിവസം അങ്ങ് എനിക്ക് ഒരു വരം നൽകിയെന്ന് ഓർക്കുന്നുണ്ടോ, എനിക്ക് ആവശ്യമുള്ളപ്പോൾ ഞാൻ അത് ചോദിച്ചോളാമെന്നു പറഞ്ഞിരുന്നു! ഇന്ന് എനിക്ക് ഒരു പ്രത്യേക ആഗ്രഹമുണ്ട്, അങ്ങ് ദയവായി ആഗ്രഹം സാധിച്ചു തന്ന്  എന്നെ അനുഗ്രഹിച്ചാലും.


കൃഷ്ണൻ പറഞ്ഞു, "തീർച്ചയായും, നാരദാ ! എന്റെ വരം ഞാൻ ഓർക്കുന്നു, അങ്ങയുടെ ആഗ്രഹം ഇന്ന് സാധിച്ചു തരാം. ദയവായി എന്നോട് പറയൂ: അങ്ങയുടെ ആഗ്രഹം എന്താണ്?"


നരദ മുനി പറഞ്ഞു, "അങ്ങയും ലളിതയും ഒരുമിച്ച് ഊഞ്ഞാലാടുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നു." കൃഷ്ണൻ പറഞ്ഞു, "ഓ, അതിനെന്താണ്. രാധാറാണി ഇനിയും എത്തിയിട്ടില്ല. ഇതിനിടയിൽ ഞാനും ലളിതയും ഒരുമിച്ച് ഊഞ്ഞാലാടാം.


"എന്നാൽ, ലളിത, കൃഷ്ണനോടൊപ്പം ഊഞ്ഞാലാടാൻ ആഗ്രഹിച്ചില്ല: അവളുടെ പ്രിയപ്പെട്ട സഖി ശ്രീരാധ, കൃഷ്ണനോടൊപ്പം ഊഞ്ഞാലാടുന്നത് കാണാൻ മാത്രമേ അവൾ ആഗ്രഹിച്ചിരുന്നുള്ളൂ.


ലളിതയുടെ മടി കണ്ട കൃഷ്ണൻ അവളുടെ കൈ വലിച്ചു ഊഞ്ഞാലിൽ തന്റെ അരികിലിരുത്തി, സഖികൾ ഇരുവരെയും ഊഞ്ഞാലാട്ടി. ലളിതയും കൃഷ്‌ണയും ഒരുമിച്ച് ഊഞ്ഞാലാടുന്നത് നിരീക്ഷിച്ച് നാരദ മുനിയും ഗോപികളും സന്തോഷിച്ചു.


നാരദ മുനി പെട്ടെന്ന് ആ സ്ഥലം വിട്ട് ശ്രീമതി രാധാറാണിയുടെ വീട്ടിലേക്ക് പോയി. ഇഷ്ടപ്പെടുന്നിടത്ത് പ്രത്യക്ഷപ്പെടാൻ സ്വാതന്ത്ര്യമുള്ള നാരദമുനി നേരെ രാധറാണിയുടെ മുറിയിലേക്ക് പോയി, അവിടെ ഊഞ്ഞാൽ ഉത്സവത്തിനുള്ള തയ്യാറെടുപ്പിൽ.ഉടയാടകൾ അണിയുകയായിരുന്നു രാധാറാണി. നാരദൻ രാധാറാണിയോട് ചോദിച്ചു, "ദേവി ഇവിടെ എന്താണ് ചെയ്യുന്നത്?" "ഞാൻ ശ്രീ കൃഷ്ണനൊപ്പം ഊഞ്ഞാൽ ഉത്സാവത്തിന് തയ്യാറെടുക്കുകയാണ്. എന്റെ സഖികൾ ലളിത കുണ്ഡത്തിന് സമീപം എല്ലാം ക്രമീകരിച്ചിട്ടുണ്ട്" എന്ന് രാധാറാണി മറുപടി നൽകി.


നാരദൻ പറഞ്ഞു, "ദേവി ഊഞ്ഞാൽ ഉത്സവത്തിന് തയ്യാറെടുക്കുകയാണോ? അവിടെ എന്താണ് സംഭവിക്കുന്നതെന്ന് എന്ന് അവിടുത്തേക്കറിയുകയില്ലേ? കൃഷ്ണൻ ഇതിനകം ലളിതയോടൊപ്പം ഊഞ്ഞാൽ ഉത്സവത്തിൽ ഏർപ്പെട്ടിരിക്കുകയാണ്."


കൃഷ്ണനൊപ്പം ലളിത ഒരു ഊഞ്ഞാൽ ഉത്സവം ആസ്വദിക്കുമെന്ന് രാധാറാണിക്ക് വിശ്വസിക്കാനായില്ല. എന്നാൽ നാരദൻ പറഞ്ഞു, "അതിനാൽ,  അവിടെ പോയി എന്താണ് സംഭവിക്കുന്നതെന്ന് സ്വയം കാണുക." രാധാറാണി ഉടൻ തന്നെ ലളിത കുണ്ഡത്തിലേക്ക് പോയി, അകലെ നിന്ന് ലളിതയും കൃഷ്ണനും ഒരുമിച്ച് ഊഞ്ഞാലാടുന്നത് കണ്ടു. രാധാറാണി വളരെ കുപിതയായി അവിടെ നിന്ന് ഓടിപ്പോയി.


അതേസമയം, കൃഷ്ണനും എല്ലാ സഖികളും രാധാറാണിയെ കാത്തിരുന്നു, എന്നിട്ടും ദേവി എത്തിയില്ല. ദേവിയുടെ കാലതാമസത്തിന് കാരണമായ ചില പ്രശ്നങ്ങളുണ്ടെന്ന് കൃഷ്ണൻ മനസ്സിലാക്കി. അദ്ദേഹം നാരദ മുനിയോട് ചോദിക്കാൻ ആലോചിച്ചു, പക്ഷേ, ചുറ്റും നോക്കുമ്പോൾ, നാരദൻ അപ്രത്യക്ഷനായതായി അദ്ദേഹം ശ്രദ്ധിച്ചു. നാരദൻ എന്തെങ്കിലും ചെയ്തിരിക്കുമെന്ന് കൃഷ്‌ണന് അറിയാമായിരുന്നു, അതിനാൽ കൃഷ്ണൻ രാധാറാണിയെ തേടി പോയി.


അൽപനേരത്തെ അന്വേഷണത്തിന് ശേഷം അവിടുന്ന് ശ്രീമതി രാധികയെ ഒരു കുഞ്ജത്തിൽ കണ്ടെത്തി.കോപത്തിൽ നിന്നുളവാകുന്ന നിരാശയാൽ മിഴിനീരൊഴുക്കിക്കൊണ്ട് ഇരിക്കുകയായിരുന്നു ദേവി . കൃഷ്ണൻ ദേവിയുടെ അടുക്കൽ ചെന്ന് സമാധാനിപ്പിക്കാൻ ശ്രമിച്ചു, പക്ഷേ കൃഷ്ണൻ പറയുന്നതൊന്നും ദേവി ചെവിക്കൊണ്ടില്ല. കൃഷ്‌ണൻ പറഞ്ഞു, "പ്രിയേ നീ  ഇവിടെ എന്താണ് ചെയ്യ്തു കൊണ്ടിരിക്കുന്നത് ? ഞങ്ങൾ ഭവതിക്കായി വളരെ സമയമായി   കാത്തിരിക്കുകയാണ്. എല്ലാ സഖികളും ദേവിയുടെ വരവിനായി കാത്തിരിക്കുകയാണ്. പ്രിയസഖീ   നീ എന്തിനാണ് ഒറ്റയ്ക്ക് ഇരിക്കുന്നത്?"


വളരെ കോപാകുലയായിരുന്ന രാധാറാണി പറഞ്ഞു, "അങ്ങേക്ക് എന്നെ എന്തിന് വേണം? അങ്ങ് ലളിതയോടൊപ്പം ഊഞ്ഞാലാടുകയാണ്. അവളുമായി സന്തോഷത്തോടെ ജീവിക്കുക! അങ്ങേക്ക് എന്നെ അവിടെ ആവശ്യമില്ല."


 കൃഷ്‌ണൻ രാധയോട് ചോദിച്ചു, "ഞാൻ ലളിതയോടൊപ്പമാണെന്ന് ദേവിക്കെങ്ങനെ അറിയാം?" "ഞാൻ അത് നാരദ മുനിയിൽ നിന്ന് കേട്ടു" എന്ന് രാധാറാണി പറഞ്ഞു.


നാരദ മുനിയാണ്  ഈ സാഹചര്യം സൃഷ്ടിച്ചതെന്ന് കൃഷ്‌ണൻ മനസ്സിലാക്കി. അദ്ദേഹം രാധാറാണിയോട് പറഞ്ഞു, "നാരദൻ ദേവിയെ എങ്ങനെ വിഡ്ഢിയാക്കി എന്ന് നോക്കൂ! ഞാൻ നാരദന് ഒരു വരം നൽകിയിരുന്നു. ഇന്ന് അദ്ദേഹം ഞാൻ ലളിതയോടൊപ്പം ഒരുമിച്ച് ഊഞ്ഞാലാടുന്നത് കാണാനുള്ള ആഗ്രഹം നിറവേറ്റാൻ എന്നോട് അഭ്യർത്ഥിച്ചു. ദേവിയുടെ വരവ് വൈകിയതിനാൽ നാരദനെ സന്തോഷിപ്പിക്കാൻ ഞങ്ങൾ ഒരുമിച്ച് ഊഞ്ഞാലാടി.


എന്നോടൊപ്പം ഊഞ്ഞാലാടാൻ ലളിതയ്ക്ക് താത്പര്യമുണ്ടായിരുന്നില്ല, പക്ഷേ ഞാൻ അവളെ നിർബന്ധിച്ചു, നാരദനെ സന്തോഷിപ്പിക്കാൻ. പക്ഷേ, ഞങ്ങളെ ഊഞ്ഞാലാട്ടിയ ശേഷം, ഇവിടെ വന്ന് നിന്നെ അറിയിച്ച് അസ്വസ്ഥയാക്കാൻ ശ്രമിച്ചു.


നാരദനുമായി ജാഗ്രത പാലിക്കണമെന്നും വളരെ അടുത്ത് പെരുമാറരുതെന്നും ഞാൻ മുമ്പ് ഭവതിയോട് മുന്നറിയിപ്പ് നൽകിയിരുന്നു. ആളുകളെ പരസ്പരം കലഹിപ്പിക്കുന്നതിൽ അദ്ദേഹം വളരെ വിദഗ്ദ്ധനാണ്."


ഭാവിയിൽ നാരദനെ വിശ്വസിക്കരുതെന്ന് കൃഷ്‌ണൻ രാധാറാണിക്ക് മുന്നറിയിപ്പ് നൽകി. കൃഷ്ണനിൽ നിന്ന് ഈ വിശദീകരണം കേട്ട രാധാറാണി പുഞ്ചിരിച്ചു, അവർ ഒരുമിച്ച് ലളിത കുണ്ടിലേക്ക് ഊഞ്ഞാൽ ഉത്സവത്തിന് യാത്രയായി.


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆



വാട്സ്ആപ്പ്

🔆🔆🔆🔆🔆🔆🔆🔆

 

https://chat.whatsapp.com/GJ8jXFWd7PMHAnWkwb3CjF



വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆