രാധാകൃഷ്ണന്മാരുടെ ആശ്ചര്യകരവും ഹൃദയഹാരിയുമായ ഊഞ്ഞാൽ വിനോദങ്ങൾ
ശ്രീമതി രാധാറാണിയുടെ ഭൂമിയിലെ ആവിർഭാവം
രാധാ കുണ്ഡിലെ ഗോവർദ്ധനത്തിൽ, ഒരു കാലത്ത് അതിബൃഹത്തായ പുളിമരം നിന്നിരുന്ന സ്ഥലമാണ് ഇംലിതല. ജൂലന- ലീല എന്നറിയപ്പെടുന്ന രാധയുടെയും കൃഷ്ണന്റെയും ഏറ്റവും ആശ്ചര്യകരമായ ഊഞ്ഞാൽ വിനോദങ്ങൾക്ക് രൂപ ഗോസ്വാമി സാക്ഷ്യം വഹിച്ച സ്ഥലമാണിത്. ‘ഇംലി’ എന്ന വാക്കിന് ‘പുളി’, എന്നും ‘തല’ എന്നാൽ ‘മരം’ എന്നുമാണ് അർത്ഥം
ഒരിക്കൽ രൂപ ഗോസ്വാമി രാധാ കുണ്ഡത്തിൽ തെല്ല് നേരം ചിലഴിക്കവേ ബൃഹത്തായ ഈ പുളിമരത്തിന്റെ ചുവട്ടിൽ ഇരിക്കുകയുണ്ടായി. അവിടെ അദ്ദേഹം ഹരിനാമം ജപിക്കുന്നതിൽ ലയിച്ചു . വളരെ മനോഹരമായി അലങ്കരിച്ച ഒരു ഊഞ്ഞാൽ, മരത്തിന്റെ ശാഖയിൽ തൂങ്ങിക്കിടക്കുന്നത് അദ്ദേഹം ശ്രദ്ധിച്ചു.
ജൂല എന്നും അറിയപ്പെടുന്ന ഈ ഊഞ്ഞാൽ രൂപകൽപ്പന ചെയ്തിരുന്നത് രണ്ട് വ്യക്തികൾക്ക് പരസ്പരം അഭിമുഖമായി ഊഞ്ഞാലിൽ ഇരിക്കാവുന്ന തരത്തിലായിരുന്നു.ആകസ്മികമായിഗോപികമാരോടൊപ്പം രാധയും കൃഷ്ണനും അവിടെ എത്തുന്നത് രൂപ ഗോസ്വാമി കണ്ടു. കൃഷ്ണൻ ഉടനെ ഊഞ്ഞാലിൽ ഇരിക്കുകയും തുടർന്ന് രാധാറാണിയെ തന്നോടൊപ്പം ഇരിക്കാനായി ക്ഷണിക്കുകയും ചെയ്തു.
രാധാറാണി ആദ്യം വിസമ്മതിച്ചു, കാരണം കൃഷ്ണൻ ചിലപ്പോൾ വളരെ പൊക്കത്തിൽ ഊഞ്ഞാലാടും, അത് എപ്പോഴും രാധാ റാണിയെ ഭയപ്പെടുത്തും. കൃഷ്ണൻ ഊഞ്ഞാൽ ഇത്രയും ഉയരത്തിൽ എത്തിക്കില്ലെന്ന് വാഗ്ദാനം ചെയ്തു, ഗോപികൾ ഊഞ്ഞാൽ സ്വയം തള്ളിവിടുമെന്നും അത്രയും ഉയരത്തിലേക്ക് പോകാൻ അനുവദിക്കില്ലെന്നും പറഞ്ഞു. ഏറെക്കുറെ അനുനയിപ്പിച്ച ശേഷം, രാധാറാണി അവസാനം എല്ലാവരുടെയും അഭ്യർത്ഥനകൾ അംഗീകരിക്കുകയും കൃഷ്ണനെ അഭിമുഖീകരിക്കുന്ന ഊഞ്ഞാലിൽ ഇരിക്കുകയും ചെയ്തു.
എവരുടേയും ആനന്ദത്തിനാക്കം കൂട്ടിക്കൊണ്ട് ഗോപികമാർ ആ ഊഞ്ഞാൽ സാവധാനം പിന്നോട്ടും മുന്നോട്ടും ആട്ടാൻ തുടങ്ങി. ജൂലന വിനോദങ്ങൾ ആസ്വദിക്കവേ രാധാറാണിയും ഗോപികമാരും സന്തോഷത്തിലും ശാന്തതയിലുമാണെന്ന് കണ്ടപ്പോൾ, കൃഷ്ണൻ ഊഞ്ഞാലാട്ടം ക്രമേണ മുകളിലേക്ക് ഉയർത്താൻ തന്ത്രപൂർവ്വം കാലുകൾ 'അങ്ങോട്ടും ഇങ്ങോട്ടും' നീക്കാൻ തുടങ്ങി. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ, എന്താണ് സംഭവിക്കുന്നതെന്ന് ഗോപികൾ മനസ്സിലാക്കുന്നതിനു മുമ്പ്, നിയന്ത്രിക്കാൻ കഴിയാത്ത വിധം ഊഞ്ഞാൽ വളരെ ഉയരത്തിലേക്ക് പോവുകയായിരുന്നു.
ഊഞ്ഞാലാട്ടം കൂടുതൽ ഉയർന്നപ്പോൾ, രാധാറാണി കൃഷ്ണനോട് നിർത്താൻ അപേക്ഷിച്ചു, പക്ഷേ കൃഷ്ണൻ മധുരമായി പുഞ്ചിരിച്ചുകൊണ്ട് ഊഞ്ഞാലാട്ടം കൂടുതൽ ഉയരത്തിലെത്തിച്ചു. പെട്ടെന്നുതന്നെ ഊഞ്ഞാലാട്ടം മരത്തിന്റെ കൊമ്പിനു മുകളിലൂടെ ഒരു മുഴുവൻ വൃത്തത്തിൽ പോകുമെന്ന് തോന്നുന്നത്ര ഉയരത്തിൽ എത്തി. ആ നിമിഷം രാധാറാണി ഉറക്കെ നിലവിളിക്കുകയും മുന്നോട്ട് കുതിക്കുകയും ചെയ്തു, പ്രിയപ്പെട്ട സ്വന്തം ജീവൻ നിലനിർത്താനായി കൃഷ്ണന്റെ കഴുത്തിൽ കൈകൾ കൊണ്ട് ചുറ്റി പിടിച്ചു.
ആ നിമിഷം ഊഞ്ഞാൽ വൃക്ഷക്കൊമ്പിന്റെ മുകളിൽ ഒരു വൃത്താകൃതിയിൽ പോയി മറുവശത്ത് ഇറങ്ങി.
കൃഷ്ണന്റെ കഴുത്തിൽ രാധാറാണി, തന്റെ ജീവൻ കൃഷ്ണനെ മാത്രം ആശ്രയിച്ചെന്ന പോലെ, മുറുകെപ്പിടിച്ചുകൊണ്ട് ശാഖയുടെ മുകളിലൂടെ ഊഞ്ഞാലാടുന്നത് കണ്ട് ഗോപികൾ അത്ഭുതപ്പെട്ടു. ഒടുവിൽ ഊഞ്ഞാലാട്ടം മന്ദഗതിയിലായപ്പോഴും, രാധാറാണി കൃഷ്ണന്റെ കഴുത്തിൽ മുറുകെ പിടിച്ചിരുന്നു, ഒരിക്കലും വിട്ടുപോകാൻ അനുവദിക്കില്ല എന്ന മട്ടിൽ.
രാധാറാണി കൃഷ്ണനെ ആശ്ലേഷിക്കുന്നതു കണ്ട് ഗോപികമാർ ആനന്ദസാഗരത്തിലാറാടി. യുഗല-കിശോര ജോഡിയുടെ അവിശ്വസനീയവും അസാധാരണവുമായ വിനോദങ്ങളെ പ്രശംസിച്ചുകൊണ്ട് അവരെല്ലാം ചിരിക്കാനും കൈകൊട്ടാനും തുടങ്ങി. അതേ നിമിഷം, സംഭവിച്ചതെല്ലാം നിരീക്ഷിച്ച, രൂപ ഗോസ്വാമിയുടെ ശരീരത്തിലൂടെയും മനസ്സിലൂടെയും ആഹ്ലാദത്തിന്റെ തിരമാലകൾ ഒഴുകി, അദ്ദേഹം പെട്ടെന്ന് ബോധശൂന്യനായി നിലംപതിച്ചു .
ഒടുവിൽ ബോധം വീണ്ടെടുത്തപ്പോൾ, രാധയും കൃഷ്ണനും അവരുടെ സുഹൃത്തുക്കൾക്കൊപ്പം പോയതായി അദ്ദേഹം കണ്ടു , പക്ഷേ ഊഞ്ഞാൽ ഇപ്പോഴും മരക്കൊമ്പിൽ തൂങ്ങിക്കിടക്കുന്നുണ്ടായിരുന്നു. ഊഞ്ഞാലാട്ടത്തിന്റെ ശക്തിയിൽ ശാഖ പൂർണമായും വളഞ്ഞിരിക്കുന്നത് അദ്ദേഹം അദ്‌ഭുതത്തോടെ ശ്രദ്ധിച്ചു.
കെട്ടുപിണഞ്ഞ ഈ പുളിമരം വളരെ പ്രസിദ്ധമായിത്തീർന്നു, രാധാ- കുണ്ഡ് സന്ദർശിക്കുന്ന ഓരോ തീർത്ഥാടകനും ഇംലി തലയുടെ ദർശനത്തിന് പോകുമായിരുന്നു. നിർഭാഗ്യവശാൽ, എഴുപതുകളുടെ മധ്യത്തിൽ, ഈ പുളിമരം ഒടുവിൽ ഒരു കുറ്റി മാത്രമായി അവശേഷിച്ചു. എന്നിരുന്നാലും, ഇപ്പോഴും ഇവിടെയെത്തുന്ന തീർത്ഥാടകർ അവരുടെ പ്രണാമങ്ങൾ അർപ്പിക്കാനും രൂപ ഗോസ്വാമി സാക്ഷ്യം വഹിച്ച അവിശ്വസനീയമായ ഊഞ്ഞാൽ വിനോദം ഓർമ്മിക്കാനും അവിടെ പോകുന്നു.
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .