Home

Thursday, September 2, 2021

അന്നദാ ഏകാദശി / അജാ ഏകാദശി


 ഏകാദശി മാഹാത്മ്യം 


അവതരണം/ വിവർത്തനം - ശുദ്ധഭക്തി വൃന്ദം


അന്നദാ ഏകാദശി / അജാ ഏകാദശി


അന്നദാ ഏകാദശിയുടെ മാഹാത്മ്യങ്ങൾ ബ്രഹ്മവൈവർത്തപുരാണത്തിതിൽ ശ്രീകൃഷ്ണഭഗവാനും യുധിഷ്ഠിര മഹാരാജാവും തമ്മിലുള്ള സംഭാഷണത്തിൽ വിവരിച്ചിരിക്കുന്നു.

 യുധിഷ്ഠിര മഹാരാജാവ് ഇപ്രകാരം ഉര ചെയ്തു. "അല്ലയോ കൃഷ്ണ! ഭാദ്രപാദ മാസത്തിലെ ( ആഗസ്റ്റ് - സെപ്റ്റംബർ )  കൃഷ്ണപക്ഷത്തിൽ വരുന്ന ഏകാദശിയുടെ നാമം എന്താണ്.? എന്നിൽ ദയവുണ്ടായി ഈ വിഷയത്തെപ്പറ്റി വിവരിച്ചാലും."


കൃഷ്ണ ഭഗവാൻ മറുപടിയോതി. "അല്ലയോ രാജാവേ ! ഇപ്പോൾ പൂർണ ശ്രദ്ധയോടെ ശ്രവിച്ചു കൊള്ളുക. ഒരുവൻ സർവ്വവിധ പാപങ്ങളെയും ഉന്മൂലനം ചെയ്യുന്ന ഈ മംഗളകരമായ ഏകാദശിയുടെ നാമം അന്നദാ എന്നാകുന്നു."


" ഈ ഏകാദശി അനുഷ്ഠിക്കുകയും ഇന്ദ്രിയങ്ങളുടെ നാഥനായ ഹൃഷികേശനെ ആരാധിക്കുകയും ചെയ്യുന്ന ഒരു വ്യക്തി തന്റെ സർവ്വവിധ പ്രതികരണങ്ങളിൽ നിന്നും മുക്തനാകുന്നു."


"പണ്ടൊരിക്കൽ ഹരിശ്ചന്ദ്രൻ എന്ന നാമധേയത്തോടുകൂടിയ കീർത്തിമാനായ ഒരു ചക്രവർത്തി ഉണ്ടായിരുന്നു. അദ്ദേഹം സത്യകീർത്തിയും നിഷ്കപടനുമായിരുന്നു അറിയപ്പെടാത്ത ഏതോ ചില പ്രവർത്തികളാലും തന്റെ വാക്ക് പാലിക്കുന്നതിനായും അദ്ദേഹത്തിന് തന്റെ രാജ്യം ഉപേക്ഷിക്കേണ്ടതായി വന്നു . അദ്ദേഹത്തിന് തന്റെ ഭാര്യയെയും മകനെയും തന്നെത്തന്നെയും വിൽക്കേണ്ടതായും വന്നു. അല്ലയോ രാജാവേ ! പുണ്യ ശീലനായ ആ ചക്രവർത്തി ഒരു ചണ്ഡാളന്റെ ദാസനായിത്തീർന്നു. അപ്പോഴും സത്യസന്ധതയിൽ ഉള്ള വിശ്വാസം അദ്ദേഹം കൈവെടിഞ്ഞില്ല. തന്റെ യജമാനനായ ചണ്ഡാളന്റെ ആജ്ഞപ്രകാരം ചുടലക്കാട്ടിലെ ശവശരീരങ്ങളുടെ വസ്ത്രങ്ങൾ തൻറെ സേവനത്തിനായിട്ടുള്ള പ്രതിഫലമായി അദ്ദേഹം സ്വീകരിച്ചു . ഇത്തരം നീചമായ സേവനത്തിൽ ഏർപ്പെട്ടിരുന്നെന്നാലും അദ്ദേഹം തൻറെ സത്യസന്ധതയിൽ നിന്നും ഗുണസൗശീലവും നിന്നും അധ:പതിച്ചില്ല.  ഇപ്രകാരം അനേകം വർഷങ്ങൾ അദ്ദേഹം കഴിച്ചുകൂട്ടി."


 "ഒരുനാൾ അതീവ ദുഃഖത്തോടെ രാജാവ് ഇപ്രകാരം ചിന്തിക്കാൻ തുടങ്ങി. " ഞാനെന്ത് ചെയ്യും ? എവിടെയാണ് ഞാൻ പോകേണ്ടത് ? ഈ നരകീയാവസ്ഥയിൽനിന്ന് ഞാൻ മുക്തനാകുന്നതെപ്രകാരമാണ് ?   ചക്രവർത്തിയുടെ ഈ ദുരിത സ്ഥിതി കണ്ട്  മനസ്സലിഞ്ഞ് ഗൗതമ മഹർഷി അദ്ദേഹത്തിൻറെ സമീപം ആഗതനായി.  ബ്രഹ്മദേവൻ സർവ്വലോകരുടെയും നന്മയ്ക്കായി സൃഷ്ടിച്ചവരാണ് ബ്രാഹ്മണർ എന്ന് അറിയുന്ന ആ ചക്രവർത്തി ഉടൻതന്നെ ഗൗതമ മഹർഷിക്ക് തൻറെ സാദര പ്രണാമങ്ങൾ സമർപ്പിച്ചു. അഞ്ജലി ബദ്ധനായി മഹർഷിയുടെ സമീപം നിലകൊണ്ട രാജാവ് തന്റെ ശോചനീയമായ കഥ  ഗൗതമ മഹർഷിയോട് വിവരിച്ചു രാജാവിന്റെ ദയനീയമായ ഈ കഥ ശ്രവിച്ച് ആശ്ചര്യാധീനനായിത്തീർന്ന ഗൗതമ മഹർഷി ഇപ്രകാരം അരുളിച്ചെയ്തു."


"അല്ലയോ രാജാവേ ഭാദ്രപാദ മാസത്തിലെ കൃഷ്ണപക്ഷത്തിൽ വരുന്ന അന്നദാ ഏകാദശി ഒരുവന്റെ സർവ്വ പാപങ്ങളെയും ഉന്മൂലനം ചെയ്യുന്നു. ഭാഗ്യവശാൽ അധികം താമസിയാതെതന്നെ ഈ ഏകാദശി ദിനവും വന്നെത്തുന്നതാണ്. ഈ ദിവസം അന്നപാനങ്ങൾ ഇല്ലാതെ ഉറക്കമൊഴിച്ചു കൊണ്ട് അങ്ങ് ഏകാദശി വ്രതമനുഷ്ഠിക്കേണ്ടതാണ്. തദ്ഫലമായി അങ്ങയുടെ സർവ്വപാപങ്ങളും താമസംവിനാ ഉന്മൂലനം ചെയ്യപ്പെടുന്നതാണ്. അല്ലയോ രാജാവേ അങ്ങയുടെ പ്രഭാവം കൊണ്ടാണ് ഞാൻ ഇവിടെ ആഗതനായത്."


"ഹരിശ്ചന്ദ്ര രാജാവിന് ഇപ്രകാരം മാർഗ്ഗനിർദ്ദേശം നൽകിയതിനുശേഷം ഗൗതമ മഹർഷി അപ്രത്യക്ഷനായി. അനന്തരം മഹർഷിയുടെ നിർദേശമനുസരിച്ച് രാജാവ് അന്നദാ ഏകാദശി വ്രതം അനുഷ്ഠിക്കുകയും അപ്രകാരം സർവ്വവിധ പാപപ്രതികരണങ്ങളിൽ നിന്നും മുക്തനാവുകയും ചെയ്തു."


കൃഷ്ണ ഭഗവാൻ ഇപ്രകാരം ഉപസംഹരിച്ചു. " അല്ലയോ രാജകേസരി !  ഒരുവൻ അനേകം വർഷങ്ങൾ അനുഭവിക്കേണ്ടതായിട്ടുള്ള ദുരിതങ്ങൾ എല്ലാം തന്നെ ഈ ഏകാദശിയുടെ അത്ഭുതകരമായ പ്രഭാവത്താൽ ഉടനടി ഇല്ലാതാകുന്നു . ഈ ഏകാദശി വ്രതത്തിന്റെ പ്രഭാവത്താൽ ഹരിശ്ചന്ദ്ര രാജാവ് തൻറെ ഭാര്യയെ വീണ്ടെടുക്കുകയും അദ്ദേഹത്തിന്റെ മരിച്ചുപോയ പുത്രൻ തിരിച്ചുവരികയും ചെയ്തു . ദേവന്മാർ മൃദംഗ നാദം മുഴക്കുകയും പുഷ്പവൃഷ്ടി നടത്തുകയും ചെയ്തു. അന്നദാ ഏകാദശിയുടെ പ്രഭാവത്താൽ രാജാവ് തന്റെ രാജ്യം സന്തോഷത്തോടെ ആസ്വദിക്കുകയും മരണശേഷം ബന്ധുക്കളോടും പ്രജകളോടൊപ്പം ആത്മീയ ലോകം പൂകുകയും ചെയ്തു. അല്ലയോ രാജാവേ ഏകാദശീവ്രതം അനുഷ്ഠിക്കുന്ന ഏവരും സർവ്വ പാപങ്ങളിൽ നിന്നും മുക്തി നേടുകയും അന്ത്യത്തിൽ ആത്മീയ ലോകം പ്രാപ്തമാക്കുകയും ചെയ്യുന്നു."


 ഈ ഏകാദശിയുടെ മഹാത്മ്യം ശ്രവിക്കുകയോ വായിക്കുകയോ ചെയ്യുന്ന ഒരുവൻ അശ്വമേധ യജ്ഞം നിർവഹിക്കുന്നതിലൂടെ ലഭിക്കുന്ന പുണ്യഫലം പ്രാപ്തമാക്കുന്നു.


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆