Home

Saturday, October 16, 2021

ദാമോദരാഷ്ടകം


 

കൃഷ്ണദ്വൈപായന വ്യാസദേവന്റെ പത്മപുരാണത്തിൽനിന്നുള്ള ഈ ഗീതം നാരദ മുനിയും, ശൗനക ഋഷിയും തമ്മിലുള്ള ഒരു സംവാദത്തിൽ സത്യവ്രത മുനി അരുളിച്ചെയ്തതാണ്.


(1)


നമാമീശ്വരം സച്ചിദാനന്ദരൂപം

ലസ്ത് കുണ്ഡലം ഗോകുലേ ബ്രാജമാനം

യശോദാഭിയോലൂഖലാദ്ധാവമാനം

പരാമൃഷ്ടം അത്യന്തതോ ദ്രുത്യ ഗോപ്യാ


ശാശ്വതവും, ജ്ഞാനപൂർണ്ണവും, ആനന്ദപൂർണ്ണവുമായ രൂപത്തോടുകൂടിയവനും, സ്രാവിന്റെ ആകൃതിയിലുള്ള ചലിക്കുന്ന കുണ്ഡലങ്ങളോടുകൂടിയവനും, ദിവ്യധാമമായ ഗോകുലത്തിൽ മനോഹരമായി പ്രകാശിക്കുന്നവനുമായ ഉണ്ണികൃഷ്ണൻ, തന്റെ അമ്മ കടഞ്ഞുകൊണ്ടിരുന്ന തൈർക്കലം ഉടച്ച്, ഉറിയിൽ തൂക്കിയിരുന്ന വെണ്ണ മോഷ്ടിച്ച് കഴിച്ച കുറ്റത്താൽ അമ്മയെ ഭയന്ന് മരഉരലിൽനിന്നും വേഗത്തിൽ ഓടുകയായിരുന്നു. എന്നാൽ പിറകിൽ നിന്നും അതിവേഗം ഓടുകയായിരുന്ന യശോദാ മാതാവ് ഉണ്ണികൃഷ്ണനെ പിടികൂടി. പരമപുരുഷനായ ആ ദാമോദരന് ഞാൻ എന്റെ സാദര പ്രണാമങ്ങൾ അർപ്പിക്കുന്നു!


(2)


രുദന്തം മുഹുർ നേത്രയുഗ്മം മൃജന്തം

കരാംഭോജ യുഗ്മേന സാതങ്ക നേത്രം

മുഹുഃ ശ്വാസകമ്പ ത്രിരേഖാംങ്ക കണ്ഠ

സ്ഥിതഗ്രൈവം ദാമോദരം ഭക്തിബദ്ധം


യശോദാ മാതാവിന്റെ കയ്യിലെ വടി കണ്ട് ഭയന്ന്, തന്റെ താമരയിതളുകൾപ്പോലുള്ള രണ്ട് കരങ്ങളാലും കണ്ണുകൾ തിരുമ്മി കരയുകയാണ് ഉണ്ണികൃഷ്ണൻ, കരഞ്ഞുകൊണ്ട് അതിവേഗം ശ്വാസോച്ഛാസം ചെയ്തതുകൊണ്ടിരുന്നതിനാൽ, ശംഖിന്റേതുപോലെ മൂന്ന് വരകളാൽ അലംകൃതമായ കഴുത്തിൽ അണിഞ്ഞിരുന്ന മുത്തുമാല അങ്ങുമിങ്ങും ഇളകിക്കൊണ്ടിരുന്നു. ഇപ്രകാരം, അമ്മയുടെ കയറാലല്ലാതെ, പ്രേമത്താൽ ബന്ധിക്കപ്പെട്ട ദാമോദരന് ഞാൻ എന്റെ സാദര പ്രണാമങ്ങൾ അർപ്പിക്കുന്നു!


(3)


ഇതീദൃക് സ്വലീലാഭിർ ആനന്ദകുണ്ഡേ

സ്വഘോഷം നിമജ്ജന്തം ആഖ്യാപയന്തം

തദീയേഷിതജ്ഞേഷു ഭക്തൈർ ജിതത്വം

പുനഃ പ്രേമതസ്തം ശതാവൃത്തി വന്ദേ


ഇപ്രകാരമുള്ള ബാല്യലീലകളാൽ ഉണ്ണികൃഷ്ണൻ ഗോകുല വാസികളെ പരമാനന്ദത്തിൽ ആറാടിക്കുന്നു. ഭയം, ആദരവ് ഇവയ്ക്കെല്ലാം ഉപരിയായ പരിശുദ്ധ പ്രേമഭക്തി ഉള്ളവർക്കു മാത്രമേ ഭഗവാനെ കീഴടക്കാനാകൂ എന്ന്, ഭഗവാൻ തന്റെ ജ്ഞാനത്തിൽ മുഴുകിയ ഭക്തന്മാർക്ക് വെളിവാക്കിക്കൊടുക്കുന്നു. അതിയായ പ്രേമത്തോടെ ഞാൻ വീണ്ടും ദാമോദരന് നൂറുകണക്കിന് പ്രണാമങ്ങൾ അർപ്പിക്കുന്നു!


(4)


വരം ദേവ മോക്ഷം ന മോക്ഷാവധിം വാ

ന ചാന്യം വൃണേഹം വരേശാദ് അപീഹ

ഇദം തേ വപുർ നാഥ ഗോപാല ബാലം

സദാ മേ മനസ്യാവിരാസ്താം കിം അന്യൈഃ


അല്ലയോ ഭഗവാനേ, അങ്ങേക്ക് എല്ലാ വിധത്തിലുള്ള വരങ്ങളും നൽകാൻ കഴിവുണ്ടെങ്കിലും, ഞാൻ അങ്ങയോട് ബ്രഹ്മ സായൂജ്യമോ, വൈകുണ്ഠ പ്രാപ്തിയോ ഒന്നും തന്നെ പ്രാർത്ഥിക്കുന്നില്ല. വൃന്ദാവനത്തിലെ അങ്ങയുടെ ഈ ബാലഗോപാലരൂപം എന്റെ ഹൃദയത്തിൽ എല്ലായിപ്പോഴും ഉണ്ടാകണമേ എന്നു മാത്രമേ ഞാൻ ആഗ്രഹിക്കുന്നുള്ളൂ. ഇതല്ലാതെ, മറ്റു വരങ്ങൾക്കൊണ്ടെനിക്കെന്തു പ്രയോജനം?


(5)


ഇദം തേ മുഖാംഭോജം അത്യന്ത നീലൈർ

വൃതം കുണ്ഡലൈഃ സ്നിഗ്ദ രക്തൈശ്ച ഗോപ്യാ

മുഹുശ്ചുംബിതം ബിംബ രക്താധരം മേ

മനസ്യാവിരാസ്താം അലം ലക്ഷലാഭൈ


അല്ലയോ ഭഗവാനേ, മൃദുവായ, കറുത്ത അളകങ്ങളോടുകൂടിയ മുടിയാൽ അലംകൃതമായ അങ്ങയുടെ മുഖാംബുജം യശോദാ മാതാവിനാൽ വീണ്ടും വീണ്ടും ചുംബിക്കപ്പെടുന്നു. അങ്ങയുടെ അധരങ്ങൾ ബിംബപ്പഴം പോലെ ചുവന്നതാണ്. ഇപ്രകാരമുള്ള മനോഹരമായ അങ്ങയുടെ മുഖം എല്ലായിപ്പോഴും എന്റെ ഹൃദയത്തിൽ ഉണ്ടാകണമേ ! ആയിരക്കണക്കിനുള്ള മറ്റനുഗ്രഹങ്ങൾകൊണ്ടെനിക്ക് എന്ത് പ്രയോജനം?


(6)


നമോ ദേവ ദാമോദരാനന്ദവിഷ്ണോ

പ്രസീദ പ്രഭോ ദുഃഖ ജലാബ്ധി മഗ്നം

കൃപാദൃഷ്ടി വൃഷ്ട്യാതി ദീനം ബതാനു

ഗൃഹാണേശ മാം അജ്ഞം എധി അക്ഷി ദൃശ്യഃ


അല്ലയോ പരമപുരുഷനായ ഭഗവാനേ! ഞാൻ അങ്ങയെ സാദരം പ്രണമിക്കുന്നു. അല്ലയോ ദാമോദരാ, അനന്താ, വിഷ്ണു! അല്ലയോ പ്രഭോ, എന്നിൽ സംപ്രീതനായാലും! അങ്ങയുടെ കാരുണ്യം എന്നിൽ ചൊരിഞ്ഞ്, ദുഃഖങ്ങൾ നിറഞ്ഞ സംസാരസാഗരത്തിലകപ്പെട്ട ഈ മൂഢനെ ഉദ്ധരിച്ച്, എന്റെ നേത്രങ്ങൾക്ക് ഗോചരനായാലും!


(7)


കുവേരാത്മജൗ ബദ്ധ മൂർത്ത്യെവ യദ്വത്

ത്വയാ മോചിതൗ ഭക്തി ഭാജൗ കൃതൗ ച

തഥാ പ്രേമഭക്തിം സ്വകാം മേ പ്രയച്ഛ

ന മോക്ഷേ ഗ്രഹോമേഽസ്തി ദാമോദരേഹ


അല്ലയോ ദാമോദരാ, മരഉരലിൽ ബന്ധിപ്പിക്കപ്പെട്ട അങ്ങയുടെ ബാലരൂപത്തിൽ അങ്ങ് കുബേരപുത്രന്മാരായ നളകൂബരനേയും, മണിഗ്രീവനേയും നാരദ മുനിയുടെ ശാപത്തിൽ നിന്നും മോചിപ്പിച്ച് പരിശുദ്ധ ഭക്തരാക്കിമാറ്റി. അതുപോലെ, ദയവായി എനിക്കും അങ്ങയുടെ പ്രേമഭക്തി നൽകിയാലും! മറ്റൊരു മുക്തിയിലും എനിക്ക് യാതൊരാഗ്രഹവുമില്ല.


(8)


നമസ്തേസ്തു ദാമ്നേ സ്ഫുരദ് ദീപ്തി ധാമ്നേ

ത്വദീയോദരായാഥ വിശ്വസ്യ ധാമ്നേ

നമോ രാധികായൈ ത്വദീയ പ്രിയായൈ

നമോ അനന്ത ലീലായ ദേവായ തുഭ്യം


അല്ലയോ ദാമോദരാ, ഞാൻ അങ്ങയുടെ ഉദരത്തിൽ ബന്ധിച്ചിരിക്കുന്ന അത്യുജ്ജ്വല ശോഭയോടുകൂടിയ കയറിന് പ്രണാമങ്ങൾ അർപ്പിക്കുന്നു! സമസ്ത പ്രപഞ്ചങ്ങളുടേയും ഇരിപ്പിടമായ അങ്ങയുടെ ഉദരത്തിനും എന്റെ പ്രണാമങ്ങൾ അർപ്പിക്കുന്നു. അങ്ങയുടെ ഏറ്റവും മികച്ച പ്രേമഭാജനമായ ശ്രീമതി രാധാറാണിക്കും ഞാൻ പ്രണാമങ്ങൾ അർപ്പിക്കുന്നു! അനന്തങ്ങളായ ലീലകളാടുന്ന പരമപുരുഷനായ അങ്ങേക്കും ഞാൻ സാഷ്ടാംഗ പ്രണാമങ്ങൾ അർപ്പിക്കുന്നു!


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .

ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ് ,


യമളാർജുന വൃക്ഷങ്ങളുടെ വിമോചനം

 


യമളാർജുന വൃക്ഷങ്ങളുടെ വിമോചനം

     ( ആധാരം - ശ്രീമദ്ഭാഗവതം / ദശമസ്കന്ദം /  അദ്ധ്യായം 10 )

 *******************************************************************

മഹാ ശിവഭക്തരായിരുന്നു കുബേര പുത്രന്മാരായ നളകൂബരനും മണിഗ്രീവനും. അതിനാൽ തന്നെ കൈലാസ പർവതത്തിലെ മന്ദാകിനി നദീതീരത്തുള്ള ഒരു പൂന്തോട്ടത്തിൽ സഞ്ചരിക്കുവാൻ അവർക്ക് അനുവാദം കിട്ടിയിരുന്നു . സ്വാതന്ത്ര്യം ഉപയോഗിച്ച് വാരുണി എന്ന മദ്യം നിറയെ പാനം ചെയ്തു ലഹരിയിൽ കലങ്ങിമറിഞ്ഞ കണ്ണുകളോടെ അവിടെ സ്ത്രീകളോടൊപ്പം പാട്ടും പാടി അവർ അലഞ്ഞുതിരിഞ്ഞു .  ഭൗതികസമ്പത്തിന്റെ ആധിക്യം കാരണം ധൂർത്തരും ബോധഹീനരുമായി മാറിയ അവർ  നഗ്നരായി പെൺകുട്ടികളുമൊത്ത്  മന്ദാകിനീ നദിയിൽ ഉല്ലസിച്ചുകൊണ്ടിരിക്കുമ്പോൾ  നാരദമുനി വഴി കടന്നു പോകാനിടയായി. സമ്പത്തും മിഥ്യാഹങ്കാരവും കാരണം മത്തുപിടിച്ചിരുന്ന അവർ നാരദമുനിയുടെ സാന്നിദ്ധ്യമറിഞ്ഞിട്ടും ലജ്ജിതരായില്ലെന്നുമാത്രമല്ല, നഗ്നരായി തുടരുകയും ചെയ്തു. സമ്പത്തും മിഥ്യാഹങ്കാരവും കാരണം അവർ സാമാന്യമര്യാദപോലും മറന്നുപോയെന്നർത്ഥം.

 

സ്വത്തും വലിയ പദവിയുമൊക്കെയുണ്ടാകു മ്പോൾ സാമാന്യമര്യാദകൾ മറക്കുകയും നാരദമുനിയെപ്പോലുള്ള മഹാമുനിമാരെപ്പോലും വകവയ്ക്കാതിരിക്കുകയും ചെയ്യുക എന്നതൊക്കെ ഭൗതികഗുണങ്ങളുടെ സ്വഭാവമാണ്. ഇത്തരം ബോധഹീനർക്ക് (അഹങ്കാര വിമൂഢാത്മാ), പ്രത്യേകിച്ചും ഭക്തരെ അവഗണിക്കുന്നവർക്ക് ശരിയായ ശിക്ഷ വീണ്ടും ദാരിദ്ര്യബാധിതരാകുകയെന്നതാണ്. യമനിയമാദികൾ പരിശീലിപ്പിച്ച് മിഥ്യാഹങ്കാരം നിയന്ത്രിക്കുന്നതെങ്ങനെയെന്ന് വൈദികനിയമങ്ങൾ പറഞ്ഞുതരുന്നുണ്ട് (തപസാ ബ്രഹ്മചര്യേണ ശമേന ദമേന ). ഭൗതി കലോകത്തിൽ സമ്പന്നപദവിയുടെ അന്തസ്സ് എത്ര താത്കാലികമാണെന്ന് ഒരു ദരിദ്രനെ ബോദ്ധ്യപ്പെടുത്താൻ വളരെ എളുപ്പമാണ്. പക്ഷേ ധനികൻ അതു മനസ്സിലാക്കാൻ കൂട്ടാക്കുകയില്ല. അതിനാൽ നാരദമുനി നളകൂബരമണിഗ്രീവന്മാരെ മന്ദരും ബോധഹീനരുമായ വൃക്ഷങ്ങളാവാൻ ശപിച്ച് ഉദാഹരണം കാണിച്ചുതന്നു. ഉചിതമായ ശിക്ഷയായിരുന്നു അത്. എന്നാൽ കൃഷ്ണന്റെ കാരുണ്യം മൂലം ഭഗവാനെ നേർക്കുനേർ കാണാനാവും വിധം ഭാഗ്യം, ശിക്ഷയിലും അവർക്കു ലഭിച്ചു. അതിനാൽ വൈഷ്ണവർ നൽകുന്ന ശിക്ഷ ശിക്ഷയേയല്ല; അതുമൊരുതരം കാരുണ്യവർഷമാണ്.

 

ദേവർഷി നൽകിയ ശാപം മൂലം നളകൂബരമണിഗ്രീവന്മാർ രണ്ട് യമളാർജുനവൃക്ഷങ്ങളായി. കൃഷ്ണനെ നേരിട്ട് കാണാനുള്ള ഭാഗ്യവും പ്രതീക്ഷിച്ച് യശോദാനന്ദഗോപന്മാരുടെ വീട്ടുമുറ്റത്ത് നില്പായി. ഭഗവാൻ കൃഷ്ണൻ ഭക്തന്റെ ആഗ്രഹമനുസരിച്ച് യമളാർജുന വൃക്ഷങ്ങളെ കടപുഴക്കി. നളകൂബരമണിഗ്രീവന്മാരെ കൃഷ്ണൻ മോചിപ്പിച്ചപ്പോൾ നൂറു ദേവവർഷങ്ങൾ കഴിഞ്ഞിരുന്നെങ്കിലും അവരുടെ പൂർവ്വബോധം ഉണരുകയും ദേവന്മാർക്കുചിതമായ രീതിയിൽ അവർ കൃഷ്ണനു സ്തുതികളർപ്പിക്കുകയും ചെയ്തു. അങ്ങനെ കൃഷ്ണനെ നേർക്കുനേർ കാണാനുള്ള ഭാഗ്യം ലഭിച്ചപ്പോൾ നാരദമുനി എത്ര കാരുണ്യവാനായിരുന്നു എന്നവർക്ക് മനസ്സിലായി. അദ്ദേഹത്തോടുള്ള കടപ്പാട് രേഖപ്പെടുത്തുകയും കൃതജ്ഞതയർപ്പിക്കുകയും ചെയ്തു.പരമദിവോത്തമപുരുഷനായ കൃഷ്ണനെ പ്രദക്ഷിണം വെച്ചിട്ട് അവർ സ്വധാമങ്ങളിലേയ്ക്ക് മടങ്ങി.


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ് 



ഉലൂഖലബന്ധനം

 



ഉലൂഖലബന്ധനം

( ആധാരം - ശ്രീമദ്ഭാഗവതം / ദശമസ്കന്ദം /  അദ്ധ്യായം 9 )

***********************************************************

ഒരു ദിവസം പണിക്കാരികളൊക്കെ ഓരോ ജോലിയിലേർപ്പെട്ടിരിക്കു ന്നതിനാൽ തൈരു കടഞ്ഞ് വെണ്ണയെടുക്കുന്ന ജോലി യശോദാമാതാവ് തന്നെ ഏറ്റെടുത്തു. സമയത്ത് കൃഷ്ണൻ വന്ന് മുലപ്പാലാവശ്യപ്പെട്ടു. യശോദാമാതാവ് അപ്പോൾ തന്നെ കുട്ടിക്കു മുല കൊടുത്തു. പക്ഷേ അടുപ്പത്ത് പാൽ തിളച്ചു തൂവുന്നതു കണ്ടപ്പോൾ മുലകൊടുക്കുന്നത് നിർത്തി വെച്ച് യശോദാമാതാവ് അടുപ്പിനടുത്തേയ്ക്ക് പാൽ മാറ്റിവയ്ക്കാൻ പോയി. കൃഷ്ണനാകട്ടെ അമ്മയുടെ മുലപ്പാൽ കുടിച്ച് പൂർണ്ണതൃപ്തി വന്നിരുന്നില്ല.  കൃഷ്ണനു വല്ലാതെ കോപം വന്നു.ചുവന്നചുണ്ടുകളെ പല്ലുകൊണ്ടമർത്തി കടിച്ചിട്ട് കണ്ണുകളിൽ കള്ളകണ്ണുനീരുമായി ഒരു കല്ല് എടുത്ത് തൈർ കടയുന്ന കലം ഉടച്ചു. എന്നിട്ട് അകത്തൊരു മു റിയിൽ ചെന്നിരുന്ന് പുത്തനായി കടഞ്ഞെടുത്ത വെണ്ണ ഉണ്ണാൻ തുടങ്ങി. പാലെടുത്തു മാറ്റിവെച്ച് മടങ്ങിവന്ന യശോദാമാതാവ് ഉടഞ്ഞ തെർക്കുടം കാണുകയും ഇത് കണ്ണന്റെ പണിയാണെന്നു മനസ്സിലാവുകയും ചെ യ്തപ്പോൾ കൃഷ്ണനെ തിരക്കിച്ചെന്നു. മുറിയിൽ കടന്ന യശോദാമാതാവ് കണ്ടത് ഒരു ഉരലിന്മേൽ (ഉലൂഖലം) കൃഷ്ണൻ നിൽക്കുന്നതാണ്. ഉരൽ കീഴ്മേലാക്കി മറിച്ചിട്ട് അതിന്മേൽ കയറി ഉറിയിൽ തൂക്കിയിട്ട വെണ്ണ കട്ട് കുരങ്ങന്മാർക്കു വീതിക്കുകയായിരുന്നു കണ്ണൻ.

 

അമ്മ വന്നതുകണ്ട് കൃഷ്ണൻ ഉടൻ തന്നെ ഓടാൻ തുടങ്ങി. അമ്മ പിന്നാലെയും. അല്പസമ യത്തിനുള്ളിൽ അമ്മ കണ്ണനെ പിടികൂടി. കുറ്റം ചെയ്ത കൃഷ്ണൻ കരച്ചിൽ തുടങ്ങി. ഇനിയുമിങ്ങനെ ചെയ്താൽ ശിക്ഷിക്കുമെന്ന് ഭീഷണിപ്പെടുത്തി  യശോദാമാതാവ് ഇക്കുറി മകനെ ഉരലിൽ കെട്ടിയിടാൻ നിശ്ചയിച്ചു. കയറുകൊണ്ട് ചുറ്റിയിട്ട് രണ്ടറ്റവും കൂട്ടിക്കെട്ടാൻ തുടങ്ങുമ്പോൾ രണ്ടംഗുലം നീളം കുറവ്, നീളം കൂട്ടാനായി മറ്റൊരു കയർക്കഷണം കൂട്ടിക്കെട്ടിയിട്ട് നോക്കു മ്പോൾ വീണ്ടും രണ്ടംഗുലം നീളം തികയുന്നില്ല. യശോദാമാതാവ് വീണ്ടും വീണ്ടും ശ്രമിക്കുകയും ഓരോതവണയും കയറിന് രണ്ടംഗുലം നീളം കുറവായിക്കാണുകയും ചെയ്തു. അങ്ങനെ അമ്മ തീരെ അവശയായി. പ്രി യപ്പെട്ട അമ്മയെ അവശയായിക്കണ്ടപ്പോൾ കൃഷ്ണൻ തന്നെ ബന്ധിക്കാനനുവദിച്ചു. ദയ കാരണം തന്റെ അളവില്ലാത്ത ശക്തി കൃഷ്ണൻ പ്രദർശിപ്പിച്ചില്ല.

 

യശോദാമാതാവ് മകനെ കെട്ടിയിട്ട് വീട്ടുപണികൾക്ക് പോയപ്പോൾ കൃഷ്ണൻ രണ്ട് യമലാർജുനവൃക്ഷങ്ങളെ കണ്ടു. നാരദമുനിയുടെ ശാപത്താൽ മരങ്ങളായിത്തീർന്ന കുബേരപുത്രന്മാരായ നളകൂബരനും മണിഗ്രീ വനുമായിരുന്നു അവർ. നാരദമുനിയുടെ ആഗ്രഹം നിറവേറ്റാനായി കാരുണ്യമൂർത്തിയായ കൃഷ്ണൻ മരങ്ങൾക്കു നേരെ നീങ്ങാൻ തുടങ്ങി.


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ്