Home

Sunday, December 19, 2021

പ്രചോദനം ലഭിക്കുവാൻ



 നിങ്ങളുടെ പ്രശ്നങ്ങൾക്ക് 

ഭഗവദ്ഗീതയിൽ നിന്ന് ശാശ്വതമായ പരിഹാരം

 

പ്രചോദനം ലഭിക്കുവാൻ


***********************************

 ശ്രീമദ് ഭഗവദ് ഗീതാ യഥാരൂപം 

അദ്ധ്യായം 18 / ശ്ലോകം 78

*************************************************


യത്ര യോഗേശ്വരഃ കൃഷ്ണോ യത്ര പാർത്ഥ ധനുർധരഃ

തത്ര ശ്രീർവിജയോ ഭൂതിർ ധ്രുവാ നീതിർമതിർ മമ



    എവിടെ യോഗേശ്വരനായ കൃഷ്ണനുണ്ടോ, എവിടെ വില്ലാളി വീരനായ അർജുനനുണ്ടോ, അവിടെയാണ് ഐശ്വര്യവും വിജയവും അസാധാരണശക്തിയും നീതിയും ഉള്ളത്. ഇതാണ് എന്റെ അഭിപ്രായം.


   ധൃതരാഷ്ട്രടരുടെ ഒരു ചോദ്യത്തോടുകൂടിയാണ് ഭഗവദ്ഗീത ആരംഭിക്കുന്നത്. വീരയോദ്ധാക്കളായ ഭീഷ്മർ, ദ്രോണർ, കർണ്ണൻ എന്നിവർ സഹായത്തിനുള്ള തന്റെ മക്കൾക്ക് വിജയം ലഭിക്കുമെന്നദ്ദേഹം പ്രതീക്ഷിച്ചിരുന്നു. തന്റെ കക്ഷി ജയിക്കുമെന്ന് ആ രാജാവ് കരുതി. പക്ഷേ യുദ്ധരംഗം വിവരിച്ചുകൊണ്ട് സoഞ്ജയൻ പറഞ്ഞതിതാണ്. അങ്ങ് വിജയത്തെക്കുറിച്ചോർക്കുന്നു! എന്റെ അഭിപ്രായത്തിൽ, കൃഷ്ണാർജുനന്മാർ എവിടെയോ അവിടെയായിരിക്കും സർവ്വ ശ്രേയസ്സും. ധ്യതരാഷ്ട്രർ തന്റെ കക്ഷിക്ക് ജയം പ്രതീക്ഷിക്കേണ്ട, എന്ന് സഞ്ഞ്ജയൻ നേരിട്ട് പറയുന്നു. കൃഷ്ണൻ കൂടെയുള്ളതുകൊണ്ട് അർജുനന്റെ കക്ഷി ജയിക്കുമെന്നുറപ്പിക്കാം. കൃഷ്ണൻ അർജുനന്റെ തേരാളിയാകാൻ സമ്മതിച്ചതും ഒരു വൈഭവ പ്രദർശനമാണ്. സകല വിഭൂതികളുടേയും ഉറവിടമാകുന്നു കൃഷ്ണൻ. ആ വിഭൂതികളിലൊന്നാണ് വൈരാഗ്യം. ഈ വൈരാഗ്യത്തിനു ധാരാളം ഉദാഹരണങ്ങളുണ്ട്. വൈരാഗ്യാധിപനുമാണല്ലോ കൃഷ്ണൻ.


     വാസ്തവത്തിൽ യുദ്ധം ദുര്യോധനനും യുധിഷ്ഠിരനും തമ്മിലാണ്. ജ്യേഷ്ഠനായ യുധിഷ്ഠിരനുവേണ്ടി പൊരുതുകയാണർജുനൻ. യുധിഷ്ഠിരന്റെ സഹായികളാണ് കൃഷ്ണനും അർജുനനും. അവർ തന്റെ പക്ഷത്തിലായതുകൊണ്ട് യുധിഷ്ഠിരന് വിജയം സുനിശ്ചിതമാണ്. ആരാണ് ലോകം ഭരിക്കുക എന്ന് തീരുമാനിക്കാൻവേണ്ടിയുള്ളതാണ് ഈ യുദ്ധം. യുധിഷ്ഠിരൻ ജയിച്ച് നാടുവാഴുമെന്ന് സoഞ്ജയൻ പ്രവചിക്കുന്നു. യുദ്ധത്തിൽ ജയിച്ചതിന് ശേഷവും യുധിഷ്ഠിരന് കൂടുതൽ അഭ്യുദയമുണ്ടാകുമെന്നും, അദ്ദേഹം നീതിമാനും ഭക്തനും ധാർമ്മികനുമായതാണ് കാരണമെന്നുംകൂടി സoഞ്ജയൻ പറയുന്നു. യുധിഷ്ഠിരൻ തന്റെ ജീവിതത്തിൽ ഒരൊറ്റ നുണ പോലും പറഞ്ഞിട്ടില്ല.


    യുദ്ധഭൂമിയിൽവെച്ച് രണ്ടു സുഹൃത്തുക്കൾ തമ്മിൽ നടന്ന സംഭാഷണമാണ് ഭഗവദ്ഗീതയെന്നു വിശ്വസിക്കുന്ന അനേകം മന്ദബുദ്ധികളുണ്ട്. അങ്ങനെയുള്ള ഒരു കൃതി പുണ്യഗ്രന്ഥങ്ങളിലൊന്നാവാൻ വയ്യ. കൃഷ്ണൻ അർജുനനെ യുദ്ധത്തിന് പ്രേരിപ്പിച്ചുവെന്നാക്ഷേപിക്കുന്നവരുമുണ്ട്. യുദ്ധം അധാർമ്മികമാണ്. പക്ഷേ സംഭവസ്ഥിതി ഇവിടെ വിശദമാക്കിയിരിക്കുന്നു. ഉത്കൃഷ്ടമായ നീതിശാസ്ത്രമാണ് ഭഗവദ്ഗീത. അതിന്റെ കാതലായ ഭാഗം ഒമ്പതാമദ്ധ്യായത്തിന്റെ മുപ്പത്തിനാലാം ശ്ലോകത്തിലൊതുങ്ങുന്നു; ‘മന്മനാഭവ മദ്ഭക്തഃ’ കൃഷ്ണഭക്തനാവണമെന്നർത്ഥം. സർവ്വധർമ്മങ്ങളുടേയും സാരം ഇതാണ്. ‘സർവധർമാൻ പരിത്യജ്യ മാമേകം ശരണം വ്രജ’. നീതിധർമ്മങ്ങളുടെ ഉത്തമ പ്രകിയകളുൾക്കൊള്ളുന്നതാണ് ഭഗവദ്ഗീത. മറ്റ് പ്രക്രിയകളെല്ലാം പവിത്രങ്ങളാവാം, അവ ഇതിലേക്ക് വഴിവെയ്ക്കുന്നു എന്നുവരാം. ഏതായാലും സകല നീതിധർമ്മങ്ങളുടേയും രത്നച്ചുരുക്കമാണ് ഭഗവദ്ഗീതയിലെ അന്തിമോപദേശം; കൃഷ്ണന് സ്വയം സമർപ്പിക്കുക എന്നത്. പതിനെട്ടാ മദ്ധ്യായം ഇതിന് ഊന്നൽ കൊടുത്തിരിക്കുകയാണ്.


     തത്ത്വജ്ഞാനപരങ്ങളായ നിഗമനങ്ങളെക്കൊണ്ടും ധ്യാനം കൊണ്ടും ആത്മസാക്ഷാത്കാരം നേടുന്നതാണ് ഒരു പ്രക്രിയ എന്ന് ഭഗവദ്ഗീതയിൽനിന്നും മനസ്സിലാക്കാം. പക്ഷേ സമഗ്രമായ ഉത്കൃഷ്ടത കൃഷ്ണനായി സ്വയം സമർപ്പിക്കലാണ്. ഭഗവദ്ഗീതോപദേശത്തിന്റെ സാരസർവ്വസ്വമാണിത്. സാമൂഹ്യമായ വർണ്ണാശ്രമധർമ്മമനുസരിച്ചും ധർമ്മവ്യത്യാസമനുസരിച്ചുമുള്ള നിബന്ധനകളുടെ വഴി ഗോപ്യമായൊരു ജ്ഞാനത്തിന്റേതാവാം. അങ്ങനെ ധാർമ്മികാനുഷ്ഠാനങ്ങൾ ഗോപ്യങ്ങളെങ്കിൽ ധ്യാനവും ജ്ഞാനയോഗവും അതിലേറെ ഗോപ്യങ്ങളാണ്. തികഞ്ഞ കൃഷ്ണാവബോധത്തോടെ സേവനത്തിനുവേണ്ടി കൃഷ്ണന്ന് സ്വയം സമർപ്പിക്കുക എന്നത് ഏറ്റവും രഹസ്യമായ ഉപദേശവും. പതിനെട്ടാമദ്ധ്യായത്തിന്റെ സാരമിതാണ്.


   പരമസത്യം ഭഗവാൻ കൃഷ്ണൻ മാത്രമാണെന്നതാണ് ഭഗവദ് ഗീതയുടെ മറ്റൊരു ഭാവം. ഈ നിരപേക്ഷതത്ത്വം മൂന്നു വിധത്തിൽ സാക്ഷാത്കരിക്കപ്പെടുന്നു. അവ്യക്തിഗത ബ്രഹ്മം, സ്ഥാനീയപരമാത്മാവ്, പരമദിവ്യോത്തമപുരുഷനായ സാക്ഷാൽ ശ്രീകൃഷ്ണ ഭഗവാൻ എന്നിങ്ങനെ. നിരപേക്ഷതത്ത്വത്തിന്റെ പൂർണ്ണജ്ഞാനമെന്നാൽ കൃഷ്ണനെ പറ്റിയുള്ള പൂർണ്ണജ്ഞാനംതന്നെ. കൃഷ്ണനെക്കുറിച്ച് അറിവ് സിദ്ധിച്ചവർക്ക് ജ്ഞാനത്തിന്റെ ഏതു വിഭാഗവും സ്പഷ്ടമാണ്. പരമമായ കൃഷ്ണജ്ഞാനത്തിന്റെ ചെറിയ അംശമാണല്ലോ അതോരോന്നും. തന്റെ സനാതനമായ അന്തരംഗശക്തിയിൽ സദാ സ്ഥിതി ചെയ്യുന്ന കൃഷ്ണൻ എപ്പോഴും ഇന്ദ്രിയാതീതനാണ്. തന്റെ ശക്തിയിൽ നിന്ന് ജീവജാലങ്ങളെല്ലാമുണ്ടാകുന്നു. അവ രണ്ടു വിധമാണ്. നിത്യബദ്ധരും നിത്യമുക്തരും. ഈ ജീവഗണങ്ങൾക്കെണ്ണമില്ല. കൃഷ്ണന്റെ മൗലികാംശങ്ങളാണവയെന്ന് കരുതപ്പെടുന്നു. ഭൗതിക ശക്തിക്ക് ഇരുപത്തിനാല് രൂപഭേദങ്ങളുണ്ട്. ശാശ്വതമായ കാലത്താൽ സ്യഷ്ടി പ്രകിയ നടക്കുന്നു. ബഹിരംഗശക്തി സൃഷ്ടിജാലത്തെ ഉളവാക്കുകയും നശിപ്പിക്കുകയും ചെയ്യുന്നു. ഇങ്ങനെ ഈ പ്രപഞ്ചത്തിന്റെ ആവിഷ്ക്കാരം ദൃശ്യമായിക്കൊണ്ടും അദൃശ്യമായിക്കൊണ്ടും തുടരുകയാണ്.


     ഭഗവദ്ഗീതയിൽ അഞ്ച് പ്രധാന വിഷയങ്ങളാണ് ചർച്ചചെയ്യപ്പെടുന്നത്. പരമദിവ്യോത്തമപുരുഷൻ, ഭൗതികപ്രകൃതി, ജീവാത്മാവ്, ശാശ്വതമായ കാലം, കർമ്മം എന്നിവ. ഈ അഞ്ചും ഭഗവാൻ കൃഷ്ണനെ ആശയിച്ചാണ് നിലനില്ക്കുന്നത്. നിരപേക്ഷതത്ത്വത്തെക്കുറിച്ചുള്ള സങ്കല്പങ്ങൾ-അവ്യക്തിഗത ബ്രഹ്മം, പരമാത്മാവ്, വേറെയും ഏതെങ്കിലും വിധത്തിൽ അതീന്ദ്രിയമായ ഭഗവത്സത്തയെ നിർവ്വചിക്കുന്ന ആശയങ്ങൾ-ഇവയെല്ലാം പരമപുരുഷനെക്കുറിച്ചുള്ള ജ്ഞാനത്തിന്റെ പരിധിയിൽപ്പെടും. ഒറ്റനോട്ടത്തിൽ ഭഗവാനും ജീവാത്മാവും ഭൗതികപ്രകൃതിയും കാലവുമെല്ലാം വ്യത്യസ്തങ്ങളായി തോന്നുന്നുവെങ്കിലും യഥാർത്ഥത്തിൽ ഭഗവാനിൽ നിന്ന് ഭിന്നമായി യാതൊന്നുമില്ല. എന്നാൽ അവിടുന്ന് മറ്റേതൊന്നിൽ നിന്നും വ്യത്യസ്തനുമാണ്. അചിന്ത്യഭേദാഭേദതത്ത്വം എന്നാണ് ശ്രീചൈതന്യ മഹാപ്രഭുവിന്റെ സിദ്ധാന്തം. നിരപേക്ഷതത്ത്വത്തിന്റെ പരിപൂർണ്ണജ്ഞാനമുൾക്കൊള്ളുന്നതാണ് ഈ തത്ത്വദർശനം.


    സഹജാവസ്ഥയിൽ ശുദ്ധമായ ആത്മാവാണ് ജീവൻ, പരമാത്മാവിന്റെ അണുപ്രായമായൊരംശം. ശ്രീകൃഷ്ണ ഭഗവാനെ സൂര്യനോടും ജീവാത്മാക്കളെ സൂര്യപ്രകാശത്തോടും ഉപമിക്കാം. കൃഷ്ണന്റെ തടസ്ഥ ശക്തികളായ ജീവാത്മാക്കൾ ഭൗതികശക്തിയോടോ ആദ്ധ്യാത്മികശക്തിയോടോ ബന്ധപ്പെടാനുള്ള ഒരു പ്രവണതയുള്ളവരാണ്. രണ്ടു തരം ഭഗവച്ഛക്തികൾക്ക് മദ്ധ്യത്തിലാണ് ജീവന്റെ നിലയെന്നും ഉത്തമ ശക്തിയിലുള്ളതാകയാൽ അതിന് തെല്ലൊരു സ്വാതന്ത്ര്യമുണ്ടെന്നും പറയാം. ഈ സ്വാതന്ത്ര്യത്തെ വേണ്ടുംവണ്ണമുപയോഗിച്ചാൽ ജീവന് കൃഷ്ണന്റെ ആജ്ഞാനുവർത്തിയായിത്തീരാം. അങ്ങനെ ആനന്ദ പ്രദാനത്തിന് കഴിവുള്ള സ്വഭാവികാവസ്ഥയിലെത്തുകയുംചെയ്യാം.


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆

https://t.me/suddhabhaktimalayalam


വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆


https://suddhabhaktimalayalam.com

പ്രചോദനം ലഭിക്കുവാൻ



നിങ്ങളുടെ പ്രശ്നങ്ങൾക്ക് 

ഭഗവദ്ഗീതയിൽ നിന്ന് ശാശ്വതമായ പരിഹാരം

 

പ്രചോദനം ലഭിക്കുവാൻ


***********************************

 ശ്രീമദ് ഭഗവദ് ഗീതാ യഥാരൂപം 

അദ്ധ്യായം 18 / ശ്ലോകം 48

*************************************************


സഹജം കർമ കൗന്തേയ സദോഷമപി ന ത്യജേത്

സർവാരംഭാ ഹി ദോഷേണ ധൂമേനാഗ്നിരിവാവൃതാഃ


   


    ഹേ കൗന്തേയാ ! അഗ്നി പുകയാൽ മൂടപ്പെട്ടിരിക്കുന്നതു പോലെ എല്ലാ ഉദ്യമങ്ങളും ഏതെങ്കിലും ദോഷത്താൽ മൂടപ്പെട്ടിരിക്കും. അതു കൊണ്ട് തനിക്ക് സ്വാഭാവികമായ കർമ്മം, അത് ദോഷങ്ങൾ നിറഞ്ഞതായാൽപ്പോലും, ഉപേക്ഷിക്കാവുന്നതല്ല.


    ബദ്ധജീവിതത്തിൽ ഏതു കർമ്മവും ത്രിഗുണങ്ങളാൽ ദൂഷിതമാവുന്നു. ബ്രാഹ്മണനുപോലും ജന്തുവധം ആവശ്യമായ യജ്ഞങ്ങളനുഷ്ഠിക്കേണ്ടി വരും. ക്ഷത്രിയനാകട്ടെ, എത്ര ഗുണവാനായാലും ശത്രുക്കളോട് പൊരുതേണ്ടി വരും. അയാൾക്ക് അതിൽ നിന്നൊഴിയാനാവില്ല. അതുപോലെ, ഒരു വ്യാപാരി, അയാൾ എത്ര ഗുണവാനായാലും ചിലപ്പോൾ തന്റെ തൊഴിൽ നിലനിർത്തുവാനായി ആദായം രഹസ്യമായി വയ്ക്കേണ്ടതുണ്ട്. ചിലപ്പോൾ കരിഞ്ചന്ത നടത്തേണ്ടതായും വന്നേക്കാം. ഇതെല്ലാം ഒഴിച്ചുകൂടാത്തവയാണ്. ശൂദ്രനും ദുഷ്ടനുമായ ഒരു യജമാനനെയാണ് സേവിക്കുന്നതെങ്കിൽ അയാളുടെ ആജ്ഞ യനുസരിച്ച് ചെയ്യരുതാത്ത പ്രവൃത്തിചെയ്യേണ്ടി വരും. ഇത്തരം വിഷമതകളുണ്ടായാലും താന്താങ്ങളുടെ നിർദ്ദിഷ്ടകർമ്മങ്ങളെ സ്വഭാവങ്ങളാകയാൽ നാല് കൂട്ടരും നിറവേറ്റുകതന്നെ വേണം.


       ഒരു നല്ല ഉദാഹരണമാണ് ഇവിടെ പറഞ്ഞിരിക്കുന്നത്. അഗ്നി പരിശുദ്ധമാണ്. എങ്കിലും അതിന് പുകയുണ്ട്. ആ പുക അഗ്നിയെ മലിനമാക്കുന്നില്ല. പുകയുണ്ടെങ്കിൽക്കൂടി പഞ്ചഭൂതങ്ങളിൽവെച്ച് വിശുദ്ധിയേറിയതാണ് അഗ്നി. ഒരു ക്ഷതിയന് തന്റേതായ പ്രവൃത്തിയുപേക്ഷിച്ച് ബ്രാഹ്മണന്റേതായ കർമ്മം സ്വീകരിക്കാമെന്നു വച്ചാൽ ആ നിലയിലും മനസ്സിനിഷ്ടപ്പെടാത്ത പ്രവൃത്തികൾ ചെയ്യേണ്ടിവരില്ലെന്ന് ഉറപ്പില്ല. അപ്പോൾ പ്രപഞ്ചത്തിൽ ഭൗതികപ്രകൃതിയുടെ മാലിന്യത്തിൽ നിന്ന് തികച്ചും ഒഴിഞ്ഞു നിൽക്കാൻ ആർക്കും സാദ്ധ്യമല്ലെന്ന നിഗമനത്തിലെത്താം. അഗ്നിയും പുകയും തന്നെ ഇവിടെ അനുയോജ്യമായ ഒരുദാഹരണം. മഞ്ഞുകാലത്ത് തീയിൽ നിന്ന് ഒരു കരിക്കട്ട എടുത്തു നീക്കുമ്പോൾ കണ്ണിലും മൂക്കിലും പുക കടന്നു വിഷമിപ്പിച്ചു എന്നു വരാം. ഇങ്ങനെ കുഴപ്പങ്ങളുണ്ടായാലും തീ ഉപയോഗിക്കുന്ന പതിവ് തുടരുകയേ നിവൃത്തിയുള്ളൂ. മനുഷ്യനു വിധിക്കപ്പെട്ടിട്ടുള്ള കർമ്മത്തിന്റെ കാര്യത്തിലും ഇതാണ് ശരി, ചില ബുദ്ധിമുട്ടുകൾക്കിടയുണ്ടെങ്കിലും സ്വകർമ്മം ത്യജിച്ചുകൂടാ. കൃഷ്ണാവബോധത്തോടെ തന്റെ പ്രവൃത്തി കൊണ്ട് ഭഗവത്സേവനംചെയ്യാൻ നിശ്ചയിക്കുകയാണ് വേണ്ടത്. അതാണ് പരിപൂർണ്ണത. ഏതൊരു കർമ്മവും പരമ പുരുഷന്റെ സംതൃപ്തിക്കായ്ക്കൊണ്ട് അനുഷ്ഠിക്കപ്പെടുമ്പോൾ അതിന്റെ ദോഷ വശങ്ങൾ നീങ്ങി വിശുദ്ധമാകുന്നു. ഭക്തിഭരിതമായ സേവനത്തോടു ബന്ധപ്പെട്ട് കർമ്മഫലങ്ങൾ വിശുദ്ധീകരിക്കപ്പെട്ടാൽ അന്തരാത്മാവിനെ ദർശിക്കാൻ വേണ്ടുന്ന പരിപൂർണ്ണത ഒരാൾക്ക് ലഭിക്കും. അതാണ് ആത്മസാക്ഷാത്ക്കാരം.


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆

https://t.me/suddhabhaktimalayalam


വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆


https://suddhabhaktimalayalam.com

പ്രചോദനം ലഭിക്കുവാൻ


 

നിങ്ങളുടെ പ്രശ്നങ്ങൾക്ക് 

ഭഗവദ്ഗീതയിൽ നിന്ന് ശാശ്വതമായ പരിഹാരം

 

പ്രചോദനം ലഭിക്കുവാൻ


***********************************

 ശ്രീമദ് ഭഗവദ് ഗീതാ യഥാരൂപം 

അദ്ധ്യായം 11 / ശ്ലോകം 33

*************************************************


തസ്മാത്തമുത്തിഷ്ഠ യശോ ലഭസ്വ

ജിത്വാ ശത്രൂൻ ഭുങ്ക്ഷ്വ രാജ്യം സമൃദ്ധം

മയൈവൈതേ നിഹതാഃ പൂർവമേവ

നിമിത്ത മാത്രം ഭവ സവ്യസാചിൻ.


   അതിനാൽ എഴുന്നേൽക്കൂ, പൊരുതി യശസ്സു നേടാൻ തയ്യാറാകൂ. ശത്രുക്കളെ ജയിച്ചിട്ട് സമൃദ്ധമായ രാജ്യം ഭരിക്കൂ. ഞാനവരെ മുമ്പ് തന്നെകൊന്നു കഴിഞ്ഞു. നീ കേവലം ഒരായുധമാവുന്നതേയുള്ളു, സവ്യസാചിൻ.


    അമ്പെയ്യുന്നതിൽ അതിവിദഗ്ദ്ധനായവനത്രേ സവ്യസാചി. ശത്രു സംഹാരത്തിന് കഴിവുള്ളവനാണ് അർജുനൻ എന്ന് ഈ പേര് സൂചിപ്പിക്കുന്നു. 'നിമിത്രമാത്രം' ഉപകരണം മാത്രമാവുക എന്നർത്ഥം. ഈ വാക്കും അർത്ഥവത്താണ്. ഭഗവാന്റെ പരിപാടിയനുസരിച്ച് ഈ പ്രപഞ്ചമൊട്ടാകെ നീങ്ങിക്കൊണ്ടിരിക്കുന്നു. ഒരു പരിപാടിയുമില്ലാതെയാണ് ഈ നീക്കമെന്ന് അറിവില്ലാത്ത മൂഢന്മാർ മാത്രമേ കരുതുകയുള്ളൂ. എല്ലാ പ്രതിഭാസങ്ങളും ആകസ്മിക സംഭവങ്ങളാണെന്ന് അവർ കരുതുന്നു. അങ്ങനെയായിരിക്കാമെന്നോ, ആവാമെന്നോ ശാസ്ത്രജ്ഞന്മാരെന്ന് പറയപ്പെടുന്നവർ അഭിപ്രായപ്പെട്ടേയ്ക്കാം. എന്നാൽ ഇവിടെ ഈ സംശയത്തിന് ഇടമില്ലതന്നെ. ഭൗതികപ്രപഞ്ചത്തിൽ ഒരു നിശ്ചിത പരിപാടിക്കനുസരിച്ചാണ് എന്തും സംഭവിക്കുന്നത്. എന്താണ് ആ പരിപാടി? ബദ്ധരായ ജീവാത്മാക്കൾക്ക് സ്വധാമമായ ഭഗവദ്പദത്തിലേയ്ക്ക് തിരിച്ചെത്താൻ അവസരം കൊടുക്കുകയാണ് ഈ പ്രപഞ്ചസ്യഷ്ടിയുടെ ഉദ്ദേശ്യം. ഭൗതികപ്രകൃതിക്ക് മേൽ ആധിപത്യം ചെലുത്താൻ ശ്രമിക്കുന്ന പ്രവണത അവരിൽ നിലനിൽക്കുന്ന കാലത്തോളം ആത്മാക്കൾ ബദ്ധരാണ്. ഭഗവാന്റെ പരിപാടിയെന്തെന്ന് മനസ്സിലാക്കി കൃഷ്ണാവബോധം പുലർത്തിപോരുന്നവനത്രേ ഏറ്റവും ബുദ്ധിമാൻ, പ്രപഞ്ചത്തിന്റെ സൃഷ്ടിസംഹാരങ്ങൾ കൃഷ്ണന്റെ നിയന്ത്രണത്തിലാണ് നടക്കുന്നത്. കുരുക്ഷേത്രയുദ്ധവും കൃഷ്ണന്റെ പരിപാടിയുടെ നിർവ്വഹണമത്രേ. അർജുനൻ യുദ്ധത്തിനെതിരാണ്. എങ്കിലും ഭഗവാന്റെ ഹിതമനുസരിച്ച് അദ്ദേഹത്തിന് പൊരുതേണ്ടിവരും. അങ്ങനെ അദ്ദേഹം സന്തുഷ്ടനാവും. കൃഷ്ണാവബോധം തികഞ്ഞ് ഭഗവത് സേവ നനിരതനാകുന്ന ആളാണ് പൂർണ്ണമനുഷ്യൻ.



🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆

https://t.me/suddhabhaktimalayalam


വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆


https://suddhabhaktimalayalam.com