Home

Sunday, February 20, 2022

ശ്രീല ഭക്തി സിദ്ധാന്ത സരസ്വതി താക്കൂർ

 




ശ്രീല ഭക്തി സിദ്ധാന്ത  സരസ്വതി താക്കൂർ 

അവതരണം/ വിവർത്തനം - ശുദ്ധഭക്തി വൃന്ദം


🔆🔆🔆🔆🔆🔆🔆🔆🔆


നമ ഓം വിഷ്ണു-പാദായ കൃഷ്ണ-പ്രേഷ്ഠായ ഭൂ-തലേ

ശ്രീമതേ ഭക്തിസിദ്ധാന്ത-സരസ്വതി-ഇതി നാമിനേ


ഭഗവാൻ കൃഷ്ണന്റെ പാദാംബുജങ്ങളിൽ അഭയം പ്രാപിച്ച, അവിടുത്തേക്കേറ്റവും പ്രിയങ്കരനായ , ദിവ്യ പൂജ്യ ഭക്തിസിദ്ധാന്ത സരസ്വതിക്ക് ഞാൻ ആദരപൂർവമായ പ്രണാമങ്ങൾ അർപ്പിക്കുന്നു.


ശ്രീ-വർഷഭാനവി-ദേവീ-ദയിതായ കൃപാബ്ദയേ കൃഷ്ണ-സംബന്ധ-വിജ്ഞാന-ദായിനേ പ്രഭവേ നമഃ


കൃഷ്ണ ശാസ്ത്രത്തിന്റെ പ്രചാരകനും , അതീന്ദ്രിയമായ കാരുണ്യത്തിന്റെ മഹാസാഗരവും, ശ്രീമതി രാധാറാണിയാൽ സദാ അനുകൂലിക്കപ്പെടുന്നവനുമായ ശ്രീ വർഷഭാനവി ദേവി-ദയിത ദാസന്  ഞാൻ എൻ്റെ ആദരപൂർവമായ പ്രണാമങ്ങൾ അർപ്പിക്കുന്നു.


അദ്ദേഹത്തിന്റെ ആവിർഭാവം


1874 ഫെബ്രുവരി പതിനാറാം തീയതി ശ്രീല ഭക്തിവിനോദ താക്കൂറിന്റെ നാലാമത്തെ പുത്രൻ  തീർത്ഥ നഗരമായ ജഗന്നാഥ പുരിയിൽ ജനിച്ചു.  ബിമൽ പ്രസാദ് എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. ജനനസമയത്തെ നക്ഷത്രങ്ങളുടെ സ്ഥാനം അനുസരിച്ച്,ആ ബാലകൻ  അതിബുദ്ധിമാനും ലോക പ്രശസ്തനുമായ കൃഷ്ണപ്രേമത്തിൻ്റെ പ്രചാരകനാകുമെന്ന് ജ്യോതിഷജ്ഞൻ  പ്രവചിക്കുകയുണ്ടായി.ഒരു മഹത്തായ വ്യക്തിത്വത്തിന്റെ (മഹാ-പുരുഷന്റെ) എല്ലാ അടയാളങ്ങളും ഉള്ള അത്തരമൊരു ജാതകം താൻ മുമ്പ് കണ്ടിട്ടില്ലെന്ന് അദ്ദേഹം നിഗമനത്തിലെത്തി.

ശ്രീല ഭക്തിസിദ്ധാന്ത സരസ്വതി താക്കൂറയുടെ ജന്മസ്ഥലം - പുരി


ഭഗവാൻ ജഗന്നാഥന്റെ ഉത്സവം


ബിമൽ പ്രസാദിന് ഏകദേശം ആറുമാസം പ്രായമുള്ളപ്പോൾ നഗരത്തിൽ ജഗന്നാഥന്റെ മഹത്തായ രഥയാത്ര ഉത്സവ ആഘോഷങ്ങൾ തുടങ്ങി. കൂറ്റൻ രഥങ്ങൾ  ഭക്തിവിനോദ താക്കൂറിന്റെ വീടിനു മുന്നിലൂടെ കടന്നുപോയപ്പോൾ പെട്ടെന്ന് നിന്നു. ആളുകൾ എത്ര തള്ളിയിട്ടും വലിച്ചിട്ടും ഒരു തരത്തിലും രഥങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ കഴിഞ്ഞില്ല. ഭഗവാൻ സർവ്വസ്വതന്ത്രനായതിനാൽ, തന്റെ സ്വന്തം മധുരതരമായ ഇച്ഛയാൽ മാത്രമേ അവിടുന്ന് നീങ്ങുകയുള്ളൂ, അല്ലാതെ മറ്റൊരു കാരണത്താലല്ല.


ഭക്തിവിനോദ ഠാക്കൂറിന്റെ വീടിന് പുറത്ത് നിർത്തണമെന്നത് പരമേശ്വരനായ ജഗന്നാഥന്റെ ആഗ്രഹമാണെന്ന് നമ്മൾ മനസ്സിലാക്കുന്നു. ബിമൽ പ്രസാദിന്റെ അമ്മ ഭഗവതി ദേവി ഈ അവസരം മുതലെടുത്ത് കുഞ്ഞിനെ ഭഗവാന്റെ   മുന്നിൽ സമർപ്പിച്ചു. ചിലരുടെ സഹായത്താൽ അവർ ആ വലിയ രഥത്തിൽ  കയറി കുട്ടിയെ ഭഗവാന്റെ തൃപാദങ്ങളിൽ കിടത്തി. ഉടനെ ഭഗവാന്റെ മാലകളിൽ ഒന്ന് ഊർന്നു കുട്ടിയുടെ കഴുത്തിൽ പതിച്ചു. ജഗന്നാഥ ഭഗവാന്റെ പ്രത്യേക കാരുണ്യത്തിന്റെ അടയാളമായാണ് അവിടെയുണ്ടായിരുന്നവർ ഇതിനെ സ്വീകരിച്ചത്. പിന്നീട്, രഥങ്ങൾ പെട്ടെന്ന് ഒരു ബുദ്ധിമുട്ടും കൂടാതെ മുന്നോട്ട് കുതിച്ചു.


വളർച്ച


ഭക്തിവിനോദ ഠാക്കൂർ, കൃഷ്ണാവബോധം പ്രചരിപ്പിക്കുന്നതിനുള്ള ശ്രേഷ്ഠമായ പ്രവർത്തനത്തിൽ സഹായിക്കാൻ ഒരു സാധു പുത്രനെ ലഭിക്കാൻ ശക്തമായി ആഗ്രഹിച്ചിരുന്നു. ബിമൽ പ്രസാദിന്റെ ആത്മീയ ഉത്സാഹം കണ്ടപ്പോൾ അദ്ദേഹം വളരെ സന്തുഷ്ടനാകുകയും കുട്ടിയെ ശ്രദ്ധാപൂർവ്വം പരിശീലിപ്പിക്കുകയും ചെയ്തു. കുട്ടിക്കാലം മുതൽ ഭക്തിവിനോദർ തന്റെ മകനെ  ശ്രീമൂർത്തി ആരാധനയിലും  കൃഷ്ണനാമങ്ങൾ ജപിക്കുന്നതിലും വ്യാപൃതനാക്കിയിരുന്നു.


ബിമൽ പ്രസാദ് അസാധാരണനായിരുന്നു. രണ്ടോ മൂന്നോ വയസ്സുള്ളപ്പോൾ ഒരിക്കൽ അച്ഛൻ ചന്തയിൽ നിന്ന് മാമ്പഴം വീട്ടിലേക്ക് കൊണ്ടുവന്നു. കുട്ടി ഒരു വലിയ, ചുവന്ന, പഴുത്ത മാമ്പഴം എടുത്ത് ഉടനടി കഴിക്കാൻ തുടങ്ങി. അവന്റെ അച്ഛൻ അവനെ ഓർമ്മിപ്പിച്ചു, "കാത്തിരിക്കൂ. ഭഗവാൻ കൃഷ്ണനു നിവേദിച്ചിട്ടില്ലാത്ത ഭക്ഷണമാണോ കഴിക്കുന്നത്? നമ്മൾ  കഴിക്കുന്നതിനുമുമ്പ് എല്ലാം ആദ്യം ഭഗവാന് നിവേദിക്കണമെന്ന് ഓർക്കുക!" കുട്ടിക്ക് നാണം തോന്നി, ചെറുപ്പമായിരുന്നിട്ടും ഇനി ഒരിക്കലും മാമ്പഴം കഴിക്കില്ലെന്ന് പ്രതിജ്ഞയെടുത്തു. ഈ പ്രതിജ്ഞ അദ്ദേഹം ജീവിതകാലം മുഴുവൻ പാലിച്ചു.


മറ്റു കുട്ടികളെപ്പോലെ ബിമൽ പ്രസാദ് കളിയിൽ സമയം കളയാറില്ല. ചെറുപ്പം മുതലേ അച്ഛൻ ആത്മീയ കാര്യങ്ങൾ വിശദീകരിക്കുമ്പോഴെല്ലാം അവൻ ശ്രദ്ധയോടെ കേൾക്കുമായിരുന്നു. ഏഴാം വയസ്സിൽ ഭഗവദ്ഗീതയിലെ പതിനെട്ട് അധ്യായങ്ങൾ മുഴുവനായും മനഃപാഠമാക്കാനും ശ്ലോകങ്ങൾ ഭംഗിയായി വിശദീകരിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. കുട്ടി മുതിർന്നപ്പോൾ, പുസ്തകങ്ങൾ സംശോധനചെയ്യാനും അച്ചടിക്കാനും അച്ഛൻ അവനെ പരിശീലിപ്പിച്ചു.


വിദ്യാഭ്യാസം


സ്‌കൂളിൽ ബിമൽ പ്രസാദ് ഗണിതത്തിലും ജ്യോതിഷത്തിലും മികവ് പുലർത്തിയിരുന്നു. ആ കുട്ടിക്ക് നല്ല ഓർമ്മശക്തിയുണ്ടായിരുന്നു. കാര്യങ്ങൾ ഓർക്കാൻ ഒരിക്കൽ മാത്രം കേട്ടാൽ മതിയായിരുന്നു; അതുകൊണ്ട് ഗൃഹപാഠം ചെയ്യേണ്ട ആവശ്യമില്ല. മറിച്ച്, അവൻ തന്റെ മുഴുവൻ സമയവും ശാസ്ത്രങ്ങൾ പഠിക്കാൻ വിനിയോഗിച്ചു. അദ്ദേഹത്തിന്റെ ജോലിയിൽ സംതൃപ്തരായ അധ്യാപകർ അദ്ദേഹത്തിന് "സിദ്ധാന്ത സരസ്വതി" എന്ന പദവി നൽകി. എന്നാൽ ഈ പ്രോത്സാഹനം ഉണ്ടായിരുന്നിട്ടും, ആത്മീയ ശാസ്ത്രം സാധാരണ അറിവിനേക്കാൾ പ്രധാനമാണ് എന്ന് കണക്കാക്കി. തന്റെ ഒഴിവുസമയങ്ങളിൽ അദ്ദേഹം ആഗസ്റ്റ് സഭ (ആഗസ്റ്റ് അസംബ്ലി) സ്ഥാപിച്ചു, ആത്മീയ വിഷയങ്ങൾ ചർച്ച ചെയ്യുന്നത് ആസ്വദിക്കാൻ സുഹൃത്തുക്കളുമായി ഒത്തുകൂടുമായിരുന്നു.


1892-ൽ പതിനെട്ടാം വയസ്സിൽ കൽക്കട്ടയിലെ സംസ്‌കൃത കോളേജിൽ ചേർന്നു. അവിടെ അദ്ദേഹം വളരെ കഴിവുള്ള ഒരു വിദ്യാർത്ഥിയാണെന്ന് തെളിയിച്ചു, എന്നാൽ തന്റെ ജീവിതം ഭഗവാന്റെ സേവനത്തിനായി സമർപ്പിക്കാൻ ആഗ്രഹിച്ച്, മൂന്ന് വർഷത്തിന് ശേഷം അദ്ദേഹം പഠനം മതിയാക്കി . തനിക്ക് ഒരു നല്ല കോളേജ് വിദ്യാഭ്യാസമുണ്ടെങ്കിൽ, തനിക്ക് ഒട്ടും താൽപ്പര്യമില്ലാത്ത, വിവാഹം കഴിക്കാനും ഒരു കുടുംബം തുടങ്ങാനും മാതാപിതാക്കൾ അവനെ പ്രോത്സാഹിപ്പിക്കുമെന്ന് അവനറിയാമായിരുന്നു. 1898-ൽ അദ്ദേഹത്തിന്റെ പിതാവ് ഭക്തിവിനോദ താക്കൂർ അദ്ദേഹത്തെ ഗൗര കിശോർ ദാസ് ബാബാജിയിൽ നിന്ന് ദീക്ഷ സ്വീകരിക്കാൻ അയച്ചു. അദ്ദേഹത്തിന്റെ ആത്മീയ ഗുരുവും പിതാവും അദ്ദേഹത്തിന്റെ ജീവിതത്തിലുടനീളം പ്രചോദനത്തിന്റെ പ്രധാന സ്രോതസ്സുകളായി തുടർന്നു.



ജീവിത ദൗത്യം


തന്റെ പിതാവ് ഭക്തിവിനോദ ഠാക്കൂറിൻ്റേതും  ശ്രീ ചൈതന്യ മഹാപ്രഭുവിന്റെ പരമ്പരയിലെ മറ്റെല്ലാ ആചാര്യന്മാരുടേതും പോലെ ഭക്തിസിദ്ധാന്ത സരസ്വതിക്കും ജീവിതത്തിൽ ഒരേയൊരു ദൗത്യമേ ഉണ്ടായിരുന്നുള്ളൂ-ലോകമെമ്പാടും ഭഗവദ് പ്രേമം  പ്രചരിപ്പിക്കുക. അതിനായി 1905-ൽ തന്റെ 31-ആം വയസ്സിൽ ഭക്തിസിദ്ധാന്ത സരസ്വതി താക്കൂർ ഒരു മഹത്തായ പ്രതിജ്ഞയെടുത്തു. ഹരിദാസ് താക്കൂറിനെപ്പോലെ, ഓരോ ദിവസവും മൂന്ന് ലക്ഷം (300,000) ഭഗവദ് നാമങ്ങൾ ജപിക്കുമെന്ന് അദ്ദേഹം പ്രതിജ്ഞ ചെയ്തു. ഒൻപത് വർഷക്കാലം അദ്ദേഹം ഈ പ്രതിജ്ഞ പിന്തുടർന്നു, ആകെ പത്ത് ദശലക്ഷം നാമങ്ങൾ ചൊല്ലി.


പിതാവിനെ പ്രതിനിധീകരിക്കുന്നു


ഒരിക്കൽ ഭക്തിവിനോദ താക്കൂറിനെ ചില സ്മാർത്ഥ ബ്രാഹ്മണർ ഒരു സമ്മേളനത്തിന് ക്ഷണിച്ചു. ബ്രാഹ്മണ കുടുംബത്തിൽ ജനിച്ചവർക്ക് മാത്രമേ ഭഗവാനെ ആരാധിക്കാനും ശിഷ്യന്മാരെ സ്വീകരിക്കാനും അനുവാദമുള്ളൂ എന്ന് സ്മാർത്ഥ ബ്രാഹ്മണർ അവകാശപ്പെട്ടു. ശാസ്ത്ര ഗ്രന്ഥങ്ങൾ അനുസരിച്ച്, ഇത് തെറ്റാണ്, എന്നാൽ മിക്ക ആളുകളും ബ്രാഹ്മണരോടുള്ള ഭയവും ബഹുമാനവും കാരണം  അവരുടെ അവകാശവാദത്തെ അന്ധമായി പിന്തുടർന്നു.


ഭക്തിവിനോദ താക്കൂർ ഈ സമ്മേളനത്തിൽ പങ്കെടുത്ത് ഈ വഞ്ചന അവസാനിപ്പിക്കാൻ ഏവരും ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. അദ്ദേഹത്തിന് അസുഖം ബാധിച്ചതുകൊണ്ട്, ഉത്സാഹം ഉണ്ടായിരുന്നിട്ടും പോകാൻ കഴിഞ്ഞില്ല, പകരം തന്റെ മകനായ ഭക്തിസിദ്ധാന്ത സരസ്വതിയെ  അയച്ചു. ഇന്ത്യയിലുടനീളമുള്ള ഏറ്റവും ആദരണീയരായ സ്മാർത്ഥ ബ്രാഹ്മണരും മായാവാദികളും സമ്മേളനത്തിൽ പങ്കെടുത്തു. പണ്ഡിതനായ ഭക്തിസിദ്ധാന്തർ സംസാരിക്കാൻ തുടങ്ങിയപ്പോൾ, അവരുടെ ഉപദേശങ്ങൾ നിരാകരിക്കാൻ അദ്ദേഹം പല ഗ്രന്ഥങ്ങളും ഉദ്ധരിച്ചു.


പണ്ഡിതന്മാർ അസ്വസ്ഥരായി, അദ്ദേഹത്തെ പരാജയപ്പെടുത്താൻ ശ്രമിച്ചു, എന്നാൽ ഓരോ തവണയും അദ്ദേഹം കൂടുതൽ വാക്യങ്ങൾ ഉദ്ധരിച്ച് അവരെ വീണ്ടും പരാജയപ്പെടുത്തി. ഇങ്ങനെ മൂന്നു ദിവസം യോഗം നീണ്ടു. മൂന്നാം ദിവസം ഭക്തിസിദ്ധാന്ത സരസ്വതി അവസാന പ്രസംഗം നടത്തി. അദ്ദേഹം രണ്ടു മണിക്കൂർ ശക്തമായും വ്യക്തമായും സംസാരിച്ചു, പൂർത്തിയാക്കിയപ്പോൾ ആർക്കും ഒന്നും പറയാൻ കഴിഞ്ഞില്ല. വഞ്ചകർ പരാജയം ഏറ്റുവാങ്ങാൻ നിർബന്ധിതരായി, വൈഷ്ണവ ശാസ്ത്രങ്ങൾ വിജയിച്ചു. ശ്രീല ഭക്തിസിദ്ധാന്ത സരസ്വതിയെ ശക്തനായ   ആചാര്യനായി പലരും അഭിനന്ദിച്ചു, അദ്ദേഹത്തിന്റെ അനുഗ്രഹം വാങ്ങാൻ ജനക്കൂട്ടം മുന്നോട്ടു കുതിച്ചു.


രണ്ട് ഗുരുക്കന്മാരുടെ വിയോഗം


1914-ൽ, ഭക്തിസിദ്ധാന്തയുടെ പിതാവും ആത്മീയ വഴികാട്ടിയുമായ ശ്രീല ഭക്തിവിനോദ താക്കൂർ ഇഹലോക വാസം അവസാനിപ്പിച്ചു, ഒരു വർഷത്തിനുശേഷം അദ്ദേഹത്തിന്റെ ആത്മീയ ഗുരുവായ ശ്രീല ഗൗര കിശോർ ദാസ് ബാബാജിയും. ഭക്തിസിദ്ധാന്ത സരസ്വതിക്ക് അവരുടെ അഭാവം നിശിതമായി അനുഭവപ്പെട്ടു. പ്രചോദനത്തിന്റെ രണ്ട് പ്രധാന സ്രോതസ്സുകളില്ലാതെ തനിക്ക് എങ്ങനെ പ്രചാരണം തുടരാൻ കഴിയുമെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു.


ഒരു രാത്രി അദ്ദേഹം ഒരു സ്വപ്നം കണ്ടു. ചൈതന്യമഹാപ്രഭുവിന്റെയും സഹചാരകരുടെയും മനോഹരമായ നൃത്ത്യരൂപങ്ങളും കണ്ടു. അവരോടൊപ്പം ഗൗര കിശോർദാസ് ബാബാജിയും ഭക്തിവിനോദ താക്കൂറരും ഉൾപ്പെടെയുള്ള ആചാര്യന്മാരും ഉണ്ടായിരുന്നു. ഭഗവാനെയും ഭഗവാന്റെ ദിവ്യനാമങ്ങളേയും ഭഗവാന്റെ ലീലകളേയും   മഹത്വപ്പെടുത്താനും ശുദ്ധമായ ഭക്തിയെക്കുറിച്ച് പ്രസംഗിക്കാനും അവർ അദ്ദേഹത്തോട് നിർദ്ദേശിച്ചു. "ഞങ്ങൾ എപ്പോഴും നിങ്ങളോടൊപ്പമുണ്ടാകും," അവർ വാഗ്ദാനം ചെയ്തു.




സിംഹ ഗുരു


1918-ൽ ഭക്തിസിദ്ധാന്ത ജീവിതത്തിന്റെ സന്യാസ ആശ്രമം സ്വീകരിച്ചു. അസാധാരണനും വിപ്ലവകാരിയുമായ സന്യാസിയാണെന്ന് അദ്ദേഹം പല തരത്തിൽ തെളിയിച്ചു. അക്കാലത്ത്, സന്യാസ ആശ്രമത്തിലെ അംഗങ്ങൾ ഭൗതികാസക്തിയുള്ള ആളുകളുമായി ഇടപഴകാതിരിക്കാൻ ഏകാന്തമായ സ്ഥലങ്ങളിൽ താമസിക്കുന്നത് പതിവായിരുന്നു. ഭഗവാൻ ചൈതന്യരുടെ ഏറ്റവും അടുത്ത ഭക്തരായ രൂപ ഗോസ്വാമിയുടെയും രഘുനാഥ ഗോസ്വാമിയുടേയും പാത പിന്തുടരുന്ന ഭക്തിസിദ്ധാന്ത സരസ്വതിക്ക് വ്യത്യസ്തമായ ഒരു  പ്രയോഗമുറ ഉണ്ടായിരുന്നു. ലോകവുമായുള്ള സമ്പർക്കം ഒഴിവാക്കുന്നതിനുപകരം, അദ്ദേഹം ഭൗതിക വസ്‌തുക്കൾ ഭഗവാന്റെ സേവനത്തിൽ, പ്രത്യേകിച്ച് പ്രചാരണത്തിനായി   ഉപയോഗിച്ചു.


പ്രാഥമികമായി വ്യക്തിപരമായ നേട്ടങ്ങളിൽ ശ്രദ്ധ ചെലുത്തുന്ന സഹജിയർക്കും സ്മാർത്ഥ- ബ്രാഹ്മണർക്കും മറ്റ് വഞ്ചകർക്കും എതിരെ അദ്ദേഹം തന്റെ ഏകാഗ്രമായ ബുദ്ധി ഉപയോഗിച്ച് പ്രസംഗിച്ചു. തന്റെ പിതാവ് പുനരുജ്ജീവിപ്പിച്ചതു പോലെ ഭഗവാൻ ചൈതന്യരുടെ പവിത്രമായ ശിക്ഷണങ്ങൾ അദ്ദേഹം സ്ഥാപിച്ചു. പ്രഭാവം അതിശയകരമായിരുന്നു. അദ്ദേഹം പോകുന്നിടത്തെല്ലാം, തോൽക്കുമെന്ന് ഭയന്ന് വഞ്ചകർ ഓടിപ്പോകുമായിരുന്നു.


ഭയമില്ലാത്ത സിംഹത്തെപ്പോലെ അദ്ദേഹം ഭഗവദ് സന്ദേശം മുഴക്കിക്കൊണ്ടിരുന്നു, അതിനാൽ അദ്ദേഹത്തെ സിംഹ ഗുരു എന്ന് വിളിച്ചിരുന്നു. ഭക്തർ ആഹ്ലാദഭരിതരായി, അവിശ്വാസികൾ അസ്വസ്ഥരായി - അവർ അദ്ദേഹം മരിക്കണമെന്ന് ആഗ്രഹിച്ചു. ഭക്തിസിദ്ധാന്തനെ ബന്ദിയാക്കാതെ കൊല്ലാൻ അനുവദിക്കുന്നതിന് അത്തരത്തിലുള്ള ഒരു വഞ്ചക സംഘം പ്രാദേശിക സൈനിക  ഉദ്യോഗസ്ഥന് ഗണ്യമായ കൈക്കൂലി വാഗ്ദാനം ചെയ്തു. വിവേകിയായ സൈനിക ഉദ്യോഗസ്ഥൻ ഭക്തിസിദ്ധാന്ത സരസ്വതിയെ താക്കീത് ചെയ്തതീനാൽ അദ്ദേഹം ഉടൻ തന്നെ അവിടം വിട്ടു. ശുദ്ധഭക്തനായ പ്രഹ്ളാദ് മഹാരാജനെപ്പോലെ, ഭഗവാൻ എപ്പോഴും അദ്ദേഹത്തെ സംരക്ഷിച്ചു, അസുരന്മാർക്ക് അദ്ദേഹത്തെ ഉപദ്രവിക്കാൻ കഴിഞ്ഞില്ല.


സിംഹഗുരു എന്ന് വിളിക്കപ്പെട്ടിരുന്നെങ്കിലും, അദ്ദേഹം എല്ലാ മനുഷ്യരിലും ഏറ്റവും താഴ്ന്നവനായി സ്വയം കണക്കാക്കി. അദ്ദേഹത്തിന് ആയിരക്കണക്കിന് അനുയായികളുണ്ടായിരുന്നു, പക്ഷേ അദ്ദേഹം ഒരിക്കലും സ്വയം ഒരു നേതാവായി കണക്കാക്കിയില്ല. അദ്ദേഹം തന്റെ ശിഷ്യന്മാരെ പ്രഭു അഥവാ "യജമാനൻ" എന്നാണ് വിളിച്ചിരുന്നത്. ആരെങ്കിലും അദ്ദേഹത്തെ കാണാൻ വരുമ്പോൾ, "ദാസോസ്മി" ("ഞാൻ നിങ്ങളുടെ ദാസനാണ്") എന്ന് അഭിവാദ്യം ചെയ്യുമായിരുന്നു. ഈ രീതിയിൽ അദ്ദേഹം ഭഗവാൻ ചൈതന്യരുടെ ഉപദേശങ്ങൾ അനുഷ്ടിച്ചു, എപ്പോഴും ഒരു ആചാര്യനായി പ്രവർത്തിച്ചു - മറ്റുള്ളവർക്ക് പിന്തുടരാൻ അനുയോജ്യമായ ഒരു മാതൃക.


ഗൗഡിയ മഠത്തിൻ്റെ സ്ഥാപനം


1920-ൽ, തന്റെ പ്രബോധന ദൗത്യം നിറവേറ്റുന്നതിനായി, ഭക്തിസിദ്ധാന്ത സരസ്വതി ഗൗഡിയ മഠം സ്ഥാപിച്ചു. ഭക്തി  ഭഗവാനോടുള്ള പ്രേമഭക്തി) പ്രചരിപ്പിക്കുന്നതിനായി, ഒരു സംഘടിത ഭക്ത സമൂഹം വേണമെന്ന് അദ്ദേഹം ആഗ്രഹിച്ചു.


ഭക്തിസിദ്ധാന്ത സരസ്വതി ആയിരക്കണക്കിന് ശിഷ്യന്മാർക്ക്  ദീക്ഷ നൽകുകയും ഇന്ത്യയിലുടനീളം അറുപത്തിനാല് ക്ഷേത്രങ്ങൾ സ്ഥാപിക്കുകയും ചെയ്തു. അദ്ദേഹം അനേകം വിഗ്രഹങ്ങൾ പ്രതിഷ്ഠിച്ചു, എങ്ങനെ ആരാധിക്കണമെന്ന് ശിഷ്യന്മാരെ പഠിപ്പിച്ചു. അദ്ദേഹം പുസ്തകങ്ങൾ എഴുതുകയും അച്ചടിക്കുകയും ചെയ്തു, അവ വീടുതോറും വിതരണം ചെയ്യാൻ ശിഷ്യന്മാരോട് ആജ്ഞാപിച്ചു. അദ്ദേഹം ഇന്ത്യയിലുടനീളം ഗ്രാമങ്ങളിൽ നിന്ന് ഗ്രാമങ്ങളിലേക്ക് നിരന്തരം സഞ്ചരിച്ചു, എവിടെ പോയാലും കൃഷ്ണനെക്കുറിച്ച് സംസാരിക്കും. അദ്ദേഹം ബുദ്ധിജീവികളോടും രാഷ്ട്രീയക്കാരോടും വലിയ പ്രചാരണ  പരിപാടികളിൽ പൊതുവെ ജനങ്ങളോടും പ്രസംഗിച്ചു. ഈ മഹാഭക്തനെ ശ്രവിക്കാൻ ഭാഗ്യം ലഭിച്ചവരെയെല്ലാം അദ്ദേഹത്തിന്റെ ബുദ്ധിശക്തി ആഴത്തിൽ സ്വാധീനിച്ചു.


1935-ൽ ഭക്തിസിദ്ധാന്ത രോഗബാധിതനായി, പ്രചാരണം നിർത്താൻ വൈദ്യൻ ഉപദേശിച്ചു. ഭക്തിസിദ്ധാന്തൻ മറുപടി പറഞ്ഞു, "അസുഖമുള്ളപ്പോൾ പ്രസംഗിക്കുന്നതാണ് ആരോഗ്യമുള്ള ശരീരം കൊണ്ട് പ്രസംഗിക്കാതിരിക്കുന്നതിനേക്കാൾ നല്ലത്, എനിക്ക് പ്രസംഗിച്ച് മരിക്കാൻ കഴിയുമെങ്കിൽ, എന്റെ ജീവിതം വിജയകരമാണെന്ന് ഞാൻ കരുതുന്നു." വൈദ്യന്റെ മുന്നറിയിപ്പ് അവഗണിച്ച് അദ്ദേഹം യാത്ര തുടർന്നു. 1937 ജനുവരി ഒന്നാം തിയതി ഈ നശ്വര ലോകത്തിൽ നിന്ന് പുറപ്പെടുന്നത് വരെ അദ്ദേഹം പ്രചാരണം തുടർന്നു. അദ്ദേഹത്തിന്റെ പുഷ്പ സമാധി രാധാകുണ്ഡിലും സമാധി മായാപൂരിലെ ശ്രീ ചൈതന്യ മഠത്തിലുമാണ്. നയന-മണി-മഞ്ജരിയായി അദ്ദേഹം രാധാ-കൃഷ്ണന്റെ നിത്യസേവ ചെയ്യുന്നു.


അദ്ദേഹത്തിന്റെ മുൻനിര അനുയായി


ഭക്തിസിദ്ധാന്ത സരസ്വതിയുടെ ആയിരക്കണക്കിന് അനുയായികളിൽ നിന്നും ശിഷ്യരിൽ നിന്നും, അവരിൽ ഒരാൾ പ്രത്യേകിച്ചും ശ്രദ്ധേയനായിരുന്നു. 1922-ൽ കൽക്കട്ടയിൽ അഭയ് ചരൺ ദേ എന്ന ഈ യുവാവ് തന്റെ സുഹൃത്തിനൊപ്പം ഒരു പ്രചാരണ പരിപാടിയിൽ പങ്കെടുത്തു. ഭക്തിസിദ്ധാന്ത സരസ്വതി അദ്ദേഹത്തെ വളരെ ബുദ്ധിമാനാണെന്ന് കണ്ടെത്തി, അതിനാൽ ആംഗലേയം (ഇംഗ്ലീഷ്) സംസാരിക്കുന്ന ലോകത്തേക്ക് പ്രചാരണ ദൗത്യം ഏറ്റെടുക്കാൻ   നിർദേശിച്ചു.


ഈ ശിക്ഷണം ഹൃദയപൂർവം സ്വീകരിച്ച, അഭയ് ചരൺ ദേ ഇസ്‌കോൺ (ഇന്റർനാഷണൽ സൊസൈറ്റി ഫോർ കൃഷ്ണ കോൺഷ്യസ്‌നെസ്- അന്താരാഷ്ട്ര കൃഷ്ണാവബോധ സമിതി) സ്ഥാപക- ആചാര്യൻ ശ്രീല പ്രഭുപാദർ എന്ന പേരിൽ ലോകപ്രശസ്തനായി. അദ്ദേഹം എപ്പോഴും പറയുമായിരുന്നു. "എന്റെ വിജയം എന്റെ ആത്മീയ ഗുരുവിന്റെ കാരുണ്യത്താൽ മാത്രമാണ്."


ശ്രീല ഭക്തിസിദ്ധാന്ത സരസ്വതി മഹാരാജ് വിജയിക്കട്ടെ!


ഹരേ കൃഷ്ണ!


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆



വാട്സ്ആപ്പ്

🔆🔆🔆🔆🔆🔆🔆🔆

 

https://chat.whatsapp.com/GJ8jXFWd7PMHAnWkwb3CjF



വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆


No comments:

Post a Comment