Home

Saturday, March 26, 2022

ഗാന്ധാരി


ലോകചരിത്രത്തിലെ ഉത്തമ പതിവ്രത. ഗാന്ധാര രാജാവായ സുബലന്റെ പുത്രിയായിരുന്ന ( ഇപ്പോൾ കാബൂളിലെ കാണ്ഡഹാർ ) ഗാന്ധാരി കന്യകാവസ്ഥയിൽ ശിവഭഗവാനെ പൂജിച്ചിരുന്നു. നല്ല ഭർത്താവിനെ ലഭിക്കാനായി ഹിന്ദുക്കളായ കന്യകമാർ സാധാരണയായി ശിവദേവനെ ആരാധിച്ചിരുന്നു. ശിവദേവനെ പ്രസാദിപ്പിച്ച് നൂറു പുത്രന്മാരെ ലഭിക്കാനുള്ള ആശീർവാദം നേടിയ ഗാന്ധാരിയുടെ വിവാഹം അന്ധനായ ധൃതരാഷ്ട്രരോടൊപ്പം നിശ്ചയിക്കപ്പെട്ടിരുന്നു. തന്റെ ഭാവി വരൻ അന്ധനാണെന്ന് അറിഞ്ഞ ഗാന്ധാരി, തന്റെ ജീവിതപങ്കാളിയെ അനുഗമിക്കാൻ സ്വമേധയാ സ്വന്തം കണ്ണുകൾ മൂടിക്കെട്ടി, ശേഷിച്ച ആയുഷ്കാലം മുഴുവൻ അന്ധയായി ജീവിക്കാൻ തീരുമാനിച്ചു. ആകയാൽ, ഗാന്ധാരി പല മടക്കുകളുള്ള ഒരു പട്ടുനൂൽത്തുണികൊണ്ട് സ്വന്തം കണ്ണുകൾ മൂടിക്കെട്ടുകയും, തന്റെ ജ്യേഷ്ഠഭ്രാതാവായ ശകുനിയുടെ നേതൃത്വത്തിൽ ധൃതരാഷ്ട്രരെ വിവാഹം കഴിക്കുകയും ചെയ്തു. ആ കാലഘട്ടത്തിലെ കന്യകമാരിൽ അതിസുന്ദരിയായിരുന്നു ഗാന്ധാരി.  മാത്രവുമല്ല, സ്ത്രൈണഗുണങ്ങളിൽ സർവഗുണസമ്പന്നയുമായിരുന്നു. ആകയാൽ, ഗാന്ധാരി കൗരവ സദസ്സിലെ ഏവരുടെയും പ്രീതിക്ക് പാത്രമാവുമായിരുന്നു. ഗാന്ധാരി സർവവിധ സദ്ഗുണങ്ങളാലും സമ്പന്നയായിരുന്നെങ്കിലും, സ്ത്രീസഹജമായ ചപലതയാൽ കുന്തീദേവി ഒരാൺകുട്ടിയെ പ്രസവിച്ചുവെന്നറിഞ്ഞതു മുതൽ കുന്തീദേവിയോട് അസൂയയുള്ളവളായിത്തീർന്നിരുന്നു. ഇരുവരും ഗർഭിണിയായിരുന്നെങ്കിലും ആദ്യം പ്രസവിച്ചത് കുന്തീദേവിയായിരുന്നു. ആകയാൽ, അപ്രകാരം കോപാകുലയായിത്തീർന്ന ഗാന്ധാരി, സ്വന്തം വയറ്റിൽ മർദിച്ചതിനാൽ ഒരു മാംസ പിണ്ഡത്തെ മാത്രം പ്രസവിക്കാനിടയായി. വ്യാസദേവഭക്തയായ ഗാന്ധാരി, വ്യാസദേവന്റെ നിർദേശമനുസരിച്ച് ആ മാംസപിണ്ഡത്തെ നൂറായി ഛേദിക്കുകയും, ഓരോ ഭാഗവും ക്രമേണ ഓരോ ആൺകുട്ടികളായി വളർച്ച പ്രാപിക്കുകയും ചെയ്തു. അപ്രകാരം നൂറു പുത്രന്മാരുടെ മാതാവാകുകയെന്ന ഗാന്ധാരിയുടെ ആഗ്രഹം സഫലമായിത്തീരുകയും, എല്ലാ പുത്രന്മാരെയും തന്റെ ഉന്നത നിലയ്ക്കനുസരിച്ച് വളർത്തിക്കൊണ്ടുവരുകയും ചെയ്തു. കുരുക്ഷേത്ര യുദ്ധത്തെ സംബന്ധിച്ച ഗൂഢാലോചന പുരോഗമിച്ചുകൊണ്ടിരുന്ന വേളയിൽ പാണ്ഡവരോട് യുദ്ധം ചെയ്യുന്നതിനെ ഗാന്ധാരി അനുകൂലിച്ചിരുന്നില്ലെന്നുമാത്രമല്ല, ഭ്രാതൃഹത്യയ്ക്കു ഹേതുവാകുന്ന അത്തരമൊരു യുദ്ധത്തെ പിന്തുണയ്ക്കുന്നതിൽ തന്റെ പതീദേവനെ കുറ്റപ്പെടുത്തുകയും ചെയ്തു. രാജ്യം രണ്ടായി വിഭജിച്ച്, ഒരു ഭാഗം സ്വപുത്രരായ കൗരവർക്കും, മറ്റേ ഭാഗം പാണ്ഡുപുത്രരായ പാണ്ഡവർക്കും നൽകാൻ ഗാന്ധാരി ആഗ്രഹിച്ചിരുന്നു. കുരുക്ഷേത്ര യുദ്ധത്തിൽ തന്റെ എല്ലാ മക്കളും വധിക്കപ്പെട്ടപ്പോൾ അത്യധികം ബാധിക്കപ്പെട്ട ഗാന്ധാരി ദുഃഖാധിക്യത്താൽ ഭീമസേനനെയും യുധിഷ്ഠിരനെയും ശപിക്കാൻ ഒരുങ്ങിയപ്പോൾ വ്യാസദേവൻ, ഗാന്ധാരിയെ അതിൽനിന്നും തടയുകയും, സാന്ത്വനിപ്പിക്കുകയും ചെയ്തു. ദുര്യോധനന്റെയും ദുശ്ശാസനന്റെയും മൃത്യുവിൽ ശ്രീകൃഷ്ണ സമക്ഷം വിലപിച്ച ഗാന്ധാരിയുടെ അവസ്ഥ അത്യന്തം ദയനീയമായിരുന്നു. ഭഗവാൻ ശ്രീകൃഷ്ണൻ അതീന്ദ്രിയ സന്ദേശങ്ങൾ ഉപദേശിച്ച് ഗാന്ധാരിയെ സാന്ത്വനിപ്പിച്ചു. കർണന്റെ മൃത്യുവിലും ഗാന്ധാരി തുല്യദുഃഖിതയായിരുന്നു. കർണപത്നിയുടെ കർണകഠോരമായ വിലാപത്തെക്കുറിച്ച് ദുഃഖ ഭാരത്തോടെ ഗാന്ധാരി ശ്രീകൃഷ്ണ ഭഗവാന് വിശദമാക്കിക്കൊടുത്തു. പുത്രരുടെ മൃതദേഹം വ്യാസദേവന് വേദനയോടെ കാട്ടിക്കൊടുത്ത ഗാന്ധാരിയെ വ്യാസദേവൻ സാന്ത്വനിപ്പിച്ചു. വ്യാസദേവൻ അവരെ സ്വർഗത്തിലേക്കയക്കുകയും ചെയ്തു. ഗംഗയുടെ ഉത്ഭവസ്ഥാനമായ ഹിമാലയ പർവതത്തിലെ വനത്തിൽ തന്റെ പതീദേവനോടൊപ്പം ഗാന്ധാരി കാട്ടുതീയിൽപ്പെട്ട് മൃത്യു വരിച്ചു. തന്റെ പേരപ്പന്റെയും പേരമ്മയുടെയും മരണാനന്തര സംസ്കാരകർമങ്ങൾ മഹാരാജാവ് യുധിഷ്ഠിരൻ നിർവഹിച്ചു.


( ശ്രീമദ്‌ ഭാഗവതം 1/13/3-4/ഭാവാർത്ഥം )


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ

കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ

രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏


ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം


🔆🔆🔆🔆🔆🔆🔆🔆


https://t.me/suddhabhaktimalayalam


വെബ്സൈറ്റ്


🔆🔆🔆🔆🔆🔆🔆🔆


https://suddhabhaktimalayalam.com

No comments:

Post a Comment