Home

Monday, August 22, 2022

ഗീതാചാരം



മത് കർമ കൃൻ മത്പരമോ മദ്ഭക്തഃ സങ്ഗവർജിതഃ

നിർവൈരഃ  സർവഭൂതേഷു യഃ സ മാമേതി പാണ്ഡവ  


വിവർത്തനം


     പ്രിയ അർജുനാ, എന്റെ ശുദ്ധസേവനത്തിലേർപ്പെട്ടിരിക്കുന്ന, കാമ്യകർമ്മങ്ങളുടേയോ ഊഹാപോഹങ്ങളുടേയോ മാലിന്യം കൂടാതെ, എനിക്കുവേണ്ടി കർമ്മംചെയ്യുകയും എന്നെ ജീവിതത്തിന്റെ പരമലക്ഷ്യമായി കരുതുകയും സർവ്വഭൂതങ്ങളോടും സുഹൃദ് രൂപേണ പെരുമാറുകയും ചെയ്യുന്ന ഭക്തൻ നിശ്ചയമായും എന്നെത്തന്നെ പ്രാപിക്കും.


ഭാവാർത്ഥം


    ആത്മീയാന്തരീക്ഷത്തിലുള്ള കൃഷ്ണലോകമെന്ന ഗ്രഹത്തിൽ സർവ്വോത്തമപുരുഷനായ ഭഗവാൻ കൃഷ്ണണനുമായി ഉറ്റ ബന്ധം പുലർത്താൻ ആഗ്രഹിക്കുന്നവർ കൃഷ്ണന്റെ ഈ നിർദ്ദേശത്തെ അനുസരിക്കുക തന്നെ വേണം. ഭഗവദ്ഗീതയുടെ സത്ത് മുഴുവൻ ഈ ശ്ലോകത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. പ്രകൃതിയെ കീഴടക്കണമെന്ന് ഉദ്ദേശിച്ചും ആദ്ധ്യാത്മികജ്ഞാനമില്ലാതേയും ഭൗതികലോകത്തിൽ പ്രവർത്തിച്ചുപ്പോരുന്ന ബദ്ധരായ ജീവാത്മാക്കൾക്കുവേണ്ടി നിർദ്ദേശിക്കപ്പെട്ടതാണ് ഭഗവദ്ഗീത. അവർക്ക് തങ്ങളുടെ ആത്മീയസത്തയേയും പരമ പുരുഷനുമായുള്ള ശാശ്വത ബന്ധത്തേയുംകുറിച്ച എങ്ങനെ മനസ്സിലാക്കാമെന്നും, സ്വധാമത്തിലേയ്ക്ക്, ഭഗവദസന്നിധിയിലേയ്ക്ക് എങ്ങനെ തിരിച്ചെത്താമെന്നുമാണ് ഭഗവദ്ഗീത ഉപദേശിക്കുന്നത്. ആത്മീയപ്രവർത്തനത്തിൽ ഭഗവത് സേവനത്തിൽ വിജയം നേടാനുള്ള പദ്ധതിയെന്തെന്ന് വിശദീകരിക്കുന്നു, ഈ പദ്യം. ഇതാണ് ഭക്തിയുതസേവനം.


     കർമ്മത്തെ സംബന്ധിച്ചിടത്തോളം ഒരാൾ തന്റെ സർവ്വശക്തികളേയും കൃഷ്ണാവബോധ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുകയാണ് വേണ്ടത്. ഭക്തിരസാമൃതസിന്ധു (2.255) പറയുന്നു.


അനാസക്തസ്യ വിഷയാൻ യഥാർഹമുപയുഞ്ജതഃ

നിർബന്ധഃ കൃഷ്ണസംബന്ധേ യുക്തം വൈരാഗ്യമുച്യതേ 


   കൃഷ്ണനോട് ബന്ധപ്പെടുത്തിക്കൊണ്ടല്ലാതെ ആരും യാതൊരു പ്രവൃത്തിയും ചെയ്യരുത്. ഈ വ്രതത്തെ കൃഷ്ണകർമ്മമെന്ന് പറയുന്നു. ഒരാൾക്ക് പല വിധം പ്രവർത്തനങ്ങളിലേർപ്പെടാം; അവയുടെ ഫലങ്ങളിൽ ആസക്തി പാടില്ല. ഫലത്തെ ഈശ്വരാർപ്പണമായി കരുതണം. ഉദാഹരണമായി, ഒരാൾ വ്യാപാരത്തിലേർപ്പെടുന്നുവെങ്കിൽ അതിനെ കൃഷ്ണാവബോധ പ്രവർത്തനമാക്കാൻ, ആ വ്യാപാരത്തേയും കൃഷ്ണന് വേണ്ടിത്തന്നെ ചെയ്യണം. വ്യവസായത്തിന്റെ ഉടമാവകാശം കൃഷ്ണനാണെന്നിരിക്കെ അതിൽ നിന്നുള്ള ആദായവും കൃഷ്ണനുള്ളതാണല്ലോ. വ്യാപാരിക്ക് അനേകായിരം ഡോളർ സമ്പാദിക്കാൻ സാധിച്ചാൽ അതെല്ലാം കൃഷ്ണന്നായി അയാൾ സമർപ്പിക്കുകയും വേണം. അയാൾക്ക് അതുചെയ്യാൻ സാധിക്കും. ഇത് കൃഷ്ണനുവേണ്ടി ചെയ്യുന്ന കർമ്മമത്രേ. സ്വന്തം ഇന്ദ്രിയസുഖഭോഗങ്ങൾക്കുവേണ്ടി ഒരു മണിമന്ദിരം പണിയിക്കുന്നതിനു പകരം അയാൾക്ക് കൃഷ്ണണനുവേണ്ടി ഒരു നല്ല ക്ഷേത്രം പണിയിക്കാം. കൃഷ്ണവിഗ്രഹത്തെ അതിനുള്ളിൽ പ്രതിഷ്ഠിച്ച് ആരാധനനയെപ്പറ്റി ആധികാരികഗ്രന്ഥങ്ങളിൽ പറഞ്ഞിട്ടുള്ളതുപോലെ പൂജാനുഷ്ഠാനങ്ങൾ തുടർന്ന് ചെയ്യാം. ഇതെല്ലാം കൃഷ്ണ കർമ്മമാണ്. അവയുടെ ഫലത്തോട് ആസക്തി പാടില്ല. ഫലം കൃഷ്ണന് സമർപ്പിക്കുകയും കൃഷ്ണന് നിവേദിച്ചവ മാത്രം പ്രസാദമായി സ്വീ രിക്കുകയും വേണം. വളരെ വലിയ ഒരു കെട്ടിടമാണ് കൃഷ്ണന്നായി പണിയിച്ച ക്ഷേത്രമെങ്കിൽ ഭഗവദ്വിഗ്രഹത്തെ അതിന്നകത്ത് പ്രതിഷ്ഠിച്ചശേഷം അയാൾക്ക് അവിടെ താമസിച്ചുകൂടെന്നില്ല. പക്ഷേ, കെട്ടിടത്തിന്റെ ആധിപത്യം കൃഷ്ണനാണ് എന്നോർക്കണം, അതാണ് കൃഷ്ണാ വബോധം. കൃഷ്ണണനു വേണ്ടി ഒരു ക്ഷേത്രം പണിയിക്കാൻ സാധിച്ചില്ല എന്നിരിക്കട്ടെ, അയാൾക്ക് ഒരു കൃഷ്ണക്ഷേത്രം ശുചീകരിക്കുന്നതിലേർപ്പെടാം. അതും കൃഷ്ണകർമ്മം തന്നെ. ഒരാൾക്ക് തോട്ടത്തിൽ കൃഷിചെയ്യാം. ഇന്ത്യയിൽ ഏറെ ദരിദ്രനായ ഒരാൾക്കും കുറച്ചെങ്കിലും ഭൂമി കൈവശമുണ്ടാകും. കൃഷ്ണനു വേണ്ടുന്ന അർച്ചനാപുഷ്പങ്ങൾ അവിടെ വളർത്തിയെടുക്കാം. കൃഷ്ണൻ ഭഗവദ്ഗീതയിൽ പറയുന്നതു പോലെ തുളസിയിലകൾക്ക് വലിയ പ്രാധാന്യമുള്ളതിനാൽ തുളസിച്ചെടി നട്ടുവളർത്തുന്നതും കൃഷ്ണനുവേണ്ടി ചെയ്യുന്ന കർമ്മം തന്നെ. പത്രം  പുഷ്പം ഫലം തോയം എന്നിങ്ങനെ തനിക്ക് അർപ്പിക്കേണ്ടുന്നവയെ ഭഗവാൻ സ്വയം വിവരിക്കുന്നുണ്ടല്ലോ. ഒരു ഇലയോ, പൂവോ, കായോ, കുറച്ച് വെള്ളമോ നൽകിയാൽ മതി, അദ്ദേഹം സംതൃപ്തനാവാൻ. ഇതിൽ പറയുന്ന ഇല മുഖ്യമായും തുളസിയാണ്. തുളസിച്ചെടി നട്ടുവളർത്താൻ ആർക്കും സാധിക്കും. പരമദരിദ്രനുപോലും ഇങ്ങനെ കൃഷ്ണാരാധനയിലേർപ്പെടാവുന്നതാണ്. കൃഷ്ണാർപ്പണമായി ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് ഉദാഹരണങ്ങളാണിവ.


    സമുത്കൃഷ്ടമായ കൃഷ്ണലോകത്തിൽ അദ്ദേഹത്തോടൊരുമിച്ചു വാഴുന്നതാണ് ജീവിതത്തിന്റെ പരിപൂർണ്ണതയെന്ന് കരുതുന്ന ഭക്തനെയത്രേ ‘മത്പരമഃ’ എന്ന പദം നിർദ്ദേശിക്കുന്നത്. ഉപരിലോകങ്ങളായ ചന്ദ്രലോകം, ദേവലോകങ്ങൾ എന്നിവകളിലേയ്ക്ക് പോകണമെന്ന് അങ്ങനെയുള്ള ഒരാൾ ആഗ്രഹിക്കുകയില്ല. പ്രപഞ്ചത്തിലെ പരമോന്ന ത്രഗ്രഹമായ ബ്രഹ്മലോകംപോലും അയാൾക്ക് ആവശ്യമില്ല, അയാൾ അതിലൊന്നും ആകൃഷ്ടനല്ല. പരവ്യോമത്തിലേക്ക് ഉയർത്തപ്പെടാൻ മാത്രം അയാൾക്ക് ആകാംക്ഷയുണ്ട്. അവിടേയും, ഉജ്ജ്വലമായ ബ്രഹ്മജ്യോതിസ്സിൽ ലയിക്കണമെന്നല്ല, ഗോലോകവൃന്ദാവനമെന്ന് പേരുള്ള അത്യുത്കൃഷ്ടമായ കൃഷ്ണ ലോകത്തിലെത്തിച്ചേരണമെന്നാണ് ഭക്തന്റെ ആഗ്രഹം. ആ ലോകത്തെക്കുറിച്ച് തികഞ്ഞ അറിവ് അയാൾക്കുണ്ട്. അതുകൊണ്ടുതന്നെ മറ്റൊന്നിലും താത്പര്യമില്ലതാനും. ‘മദ്ഭക്ത്ഃ’ എന്ന പദം സൂചിപ്പിക്കുന്നതുപോലെ ഭക്തിസാധനയിൽ വിശേഷിച്ച് ശ്രവണം, കീർത്തനം, സ്മരണം, ആരാധന, പാദസേവനം, പ്രാർത്ഥന, ആജ്ഞാനുവർത്തനം, സഖ്യം, സർവ്വസ്വാർപ്പണം എന്നീ ഒമ്പത് പ്രക്രിയകളിൽ അയാൾ സദാ ഏർപ്പെട്ടുകൊണ്ടേയിരിക്കും. ഈ ഒമ്പത് പ്രക്രിയകളിലല്ല, അവയിൽ എട്ടിലോ, ഏഴിലോ, ഒന്നിൽപ്പോലുമോ എപ്പോഴും നിരതനായിരുന്നാൽത്തന്നെ ഒരാൾക്ക് പരിപൂർണ്ണത നേടാമെന്നതിൽ സംശയമില്ല.


     ‘സംഗവർജിതഃ’ എന്ന പദം ശ്രദ്ധേയമാണ്. കൃഷ്ണനെ എതിർക്കുന്നവരോട് ഒരിക്കലും കൂട്ടുകൂടരുത്. നാസ്തികർ മാത്രമല്ല, കാമ്യകർമ്മങ്ങളിലും മാനസികാഭ്യൂഹങ്ങളിലും താത്പര്യമുള്ളവരും കൃഷ്ണന്റെ എതിരാളികളാണ്. പരിശുദ്ധമായ ഭക്തിസാധനയെപ്പറ്റി ഭക്തിരസാമൃത സിന്ധു (1.1.11) ഇങ്ങനെ പറയുന്നു.


അന്യാഭിലാഷിതാ ശൂന്യം ജ്ഞാനാകർമാദ്യനാവൃതം

ആനുകൂല്യേന കൃഷ്ണാനുശീലനം ഭക്തിരുത്തമാ


   കറകളഞ്ഞ ഭക്തിസാധനയിച്ഛിക്കുന്നവൻ ഭൗതികകല്മഷങ്ങളിൽ നിന്നെല്ലാം ഒഴിഞ്ഞു നിൽക്കണമെന്നാണ് ഈ പദ്യത്തിലൂടെ ശ്രീല രൂപഗോസ്വാമി ഉദ്ബോധിപ്പിക്കുന്നത്. അവർ കാമ്യകർമ്മങ്ങളിലും ഊഹാ പോഹങ്ങളിലും ആസക്തരായവരുമായുള്ള സഹവാസം ഉപേക്ഷിക്കണം. അത്തരം കൂട്ടുകാരിൽ നിന്നും ഭൗതികതൃഷ്ണകളിൽ നിന്നുളവാകുന്ന മാലിന്യത്തിൽ നിന്നും മുക്തനായ ഒരാൾക്ക് കൃഷ്ണനെക്കുറിച്ചുള്ള ജ്ഞാനം സ്വച്ഛന്ദം വളർത്തിയെടുക്കാം. ഇതാണ് ശുദ്ധഭക്തിസാധന, ‘ആനുകൂല്യസൃ സങ്കല്പഃ (പാതികൂല്യസ്യ വർജനം’ (ഹരിഭക്തിവിലാസം 11.676), ആനുകൂല്യത്തോടുകൂടി വേണം കൃഷ്ണനെപ്പറ്റി ചിന്തിക്കുന്നതും കൃഷ്ണനുവേണ്ടി പ്രവർത്തിക്കുന്നതും പ്രാതികൂല്യത്തോടുകൂടിയാവരുത്. കൃഷ്ണന്റെ ശത്രുവായിരുന്നു കംസൻ. കൃഷ്ണൻ അവതരിച്ച നാൾ മുതൽക്ക് അദ്ദേഹത്തെ വധിക്കാൻ കംസൻ പലവിധത്തിലും ശ്രമിക്കുകയുണ്ടായി. തന്റെ ഉപായങ്ങളൊന്നും ഫലിക്കാതെ വന്നതുകൊണ്ട് കംസന് എപ്പോഴും കൃഷ്ണനെക്കുറിച്ച്തന്നെയായി ചിന്ത. ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും പ്രവർത്തിക്കുമ്പോഴുമെല്ലാം കംസനിൽ കൃഷ്ണാവബോധം നിലനിന്നു. പക്ഷേ അനുകൂലമായിരുന്നില്ല, ആ അവബോധം. അതുകൊണ്ട് നിരന്തരമായ കൃഷ്ണസ്മരണയോടെ ജീവിച്ചിട്ടും കംസൻ അസുരനെന്ന് കരുതപ്പെട്ടു; ഒടുവിൽ കൃഷ്ണന്റെ കൈയാൽ മരണമടയുകയും ചെയ്തു. കൃഷ്ണന്റെ കൈകൊണ്ട് മൃതിയടയുന്ന ഏതൊരാൾക്കും ഉടൻ തന്നെ മോക്ഷം ലഭിക്കുമെന്നതിന് സംശയമില്ല. എന്നാൽ, അതല്ല ഭക്തന്റെ ലക്ഷ്യം. പരമഭക്തന് മോക്ഷാകാംക്ഷയില്ല. അത്യുത്കൃഷ്ടഗ്രഹമായ ഗോലോകവൃന്ദാവനത്തിലെത്താൻപോലും അയാൾക്ക് താത്പര്യമില്ല. എവിടെ ഇരുന്നാലും ശരി, കൃഷ്ണനെ സേവിക്കുക മാത്രമാണ് അയാളുടെ ലക്ഷ്യം.


    കൃഷ്ണഭക്തൻ സർവ്വജനങ്ങളുടേയും സുഹൃത്താണ്. അതിനാൽ അയാളെ ‘നിർവൈരൻ’ എന്നു പറയുന്നു. എങ്ങനെ? ഭക്തിഭരിതമായ കൃഷ്ണസേവനത്തിന് മാത്രമേ ജീവിതത്തിലെ സകല വിഷമപ്രശ്നങ്ങളിൽ നിന്നും മനുഷ്യനെ മോചിപ്പിക്കാൻ കഴിയൂ എന്ന് കൃഷ്ണാവബോധസ്ഥനായ ഭക്തന്നറിയാം. ഇത് അയാളുടെ സ്വാനുഭവമാണ്. അതു കൊണ്ട് കൃഷ്ണാവബോധമെന്ന ഈ പദ്ധതിയെ മനുഷ്യവർഗ്ഗത്തിന് നൽകണമെന്ന് അയാൾ ആഗ്രഹിക്കുന്നു. ഈശ്വരാവബോധപ്രചരണത്തിനുവേണ്ടി സ്വജീവൻപ്പോലും ത്യജിക്കേണ്ടി വന്ന പല ഭക്തന്മാരെക്കുറിച്ചും ചരിത്രം പ്രസ്താവിക്കുന്നുണ്ട്. മികച്ച ഒരു ഉദാഹരണമാണ് യേശുദേവൻ. അദ്ദേഹം അഭക്തന്മാരാൽ കുരിശിലേറ്റപ്പെട്ടു. ഈശ്വരാവബോധം പ്രചരിപ്പിക്കാനായി യേശു സ്വയം ബലിയാടായിത്തീർന്നു. അദ്ദേഹം കൊല്ലപ്പെട്ടുവെന്ന് ഒറ്റ നോട്ടത്തിൽ തോന്നിയേയ്ക്കാം. ഇന്ത്യ യിലുമുണ്ട്, ഠാക്കൂർ ഹരിദാസിനേയും പ്രഹ്ളാദ മഹാരാജാവിനേയുംപോലെയുള്ളവർ ദൃഷ്ടാന്തങ്ങളായിട്ട്. എന്താണവർക്ക് നേരിട്ട വിപത്തിന് കാരണം? അവർ കൃഷ്ണാവബോധം പ്രചരിപ്പിക്കാൻ ശ്രമിച്ചു എന്നതു തന്നെ പ്രയാസമേറിയ കൃത്യമാണ്. തനിക്ക് കൃഷ്ണനോടുള്ള ശാശ്വതബന്ധം മറന്നുപോകുന്നതുകൊണ്ടാണ് മനുഷ്യന് ക്ലേശങ്ങളനുഭവിക്കേണ്ടി വരുന്നത്, എന്ന് കൃഷ്ണാവബോധം തികഞ്ഞ ഭക്തനറിയാം. തന്റെ അയൽക്കാരനെ ഭൗതികങ്ങളായ വിഷമപ്രശ്നങ്ങളിൽ നിന്നും മോചിപ്പിക്കലാണ് ഒരാൾക്ക് മനുഷ്യവർഗ്ഗത്തിനുവേണ്ടിത്തന്നെ ചെയ്യാവുന്ന ഏറ്റവും മികച്ച ഉപകാരം. ആ നിലയിൽ ഒരു ശുദ്ധഭക്തൻ സദാ ഭഗവത്സേവനത്തിൽ ഏർപ്പെട്ടുകൊണ്ടിരിക്കും. സർവ്വസ്വവും പണയം വെച്ച് തന്റെ സേവനത്തിൽ മുഴുകുന്ന ഈ ഭക്തനോട് കൃഷ്ണന് എത്രയേറെ കനിവുണ്ടാകുമെന്ന് ഒന്ന് ഊഹിച്ചു നോക്കൂ. ദേഹത്യാഗ ത്തിനുശേഷം അവർ തീർച്ചയായും പരമോന്നത ലോകത്തിലെത്തും.


    ചുരുക്കിപറയാം : ഒരു ക്ഷണികാവിഷ്കാരമായ വിശ്വരൂപവും, സർവസംഹാരിയായ കാലത്തിന്റെ രൂപവും ചതുർഭുജനായ വിഷ്ണുവിന്റെ ആകൃതിയും കൃഷ്ണൻ പ്രകടിപ്പിച്ചിട്ടുണ്ട്. എല്ലാ ആവിർഭാവങ്ങളുടേയും ഉറവിടം കൃഷ്ണനാണ്. മറിച്ച ആദിമമായ വിശ്വരൂപത്തിന്റേയോ വിഷ്ണുവിന്റേയോ പ്രത്യക്ഷീഭാവമല്ല, കൃഷ്ണൻ. അദ്ദേഹത്തിൽ നിന്നാണ് സർവ്വരൂപങ്ങളുടേയും ഉദ്ഭവം. വിഷണറുരൂപങ്ങൾ അനേകമുണ്ട്, എന്നാലും ഭക്തന്റെ ദൃഷ്ടിയിൽ മൗലികവും ദ്വിഭുജവുമായ ശ്യാമസുന്ദരാകൃതിക്കാണ് പ്രാധാന്യം. ശ്യാമസുന്ദരനായ കൃഷ്ണനിൽ ഭക്തിപ്രേമങ്ങളാൽ ആകൃഷ്ടരായവർക്ക് അദ്ദേഹത്തെ എപ്പോഴും സ്വഹൃദയങ്ങളിൽ കാണാൻ കഴിയുമെന്ന് ബ്രഹ്മസംഹിത പറയുന്നു. മറ്റൊന്നും അവർക്ക് കാണാൻ കഴിയില്ല. കൃഷ്ണൻ അനിവാര്യനും പരമപുരുഷനുമാണെന്ന് സ്ഥാപിക്കുകയാണ് ഈ പതിനൊന്നാമദ്ധ്യായത്തിന്റെ വിശദീകരണംകൊണ്ട് ഉദ്ദേശിക്കുന്നത്.


( ശ്രീല പ്രഭുപാദർ / ഭഗവദ് ഗീതാ യഥാരൂപം 6.55)




🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .

ശുദ്ധ ഭക്തി വാട്സ്ആപ്പ് ,


No comments:

Post a Comment