Friday, September 23, 2022
Tuesday, September 20, 2022
Sunday, September 18, 2022
വ്യക്തിഗത്രപജ്ഞയ്ക്കും പരമോന്നത്രപജ്ഞയ്ക്കും തമ്മിലുള്ള വ്യത്യാസം.
യഥാ പ്രകാശയത്യേകഃ കൃത്സ്നം ലോകമിമം രവിഃ
ക്ഷേത്രം ക്ഷേത്രീ തഥാ കൃത്സ്നം പ്രകാശയതി ഭാരത.
ഭാരതപുത്രാ, സൂര്യൻ വിശ്വത്തിലെങ്ങും വെളിച്ചം പരത്തുന്നതു പോലെ ജീവാത്മാവ് ശരീരത്തിലിരുന്നുകൊണ്ട് അതിനെ അവബോധത്താൽ പ്രകാശമാനമാക്കുന്നു.
പ്രജ്ഞയെക്കുറിച്ചുള്ള സിദ്ധാന്തങ്ങൾ പലതുമുണ്ട്. ഇവിടെ ഭഗവദ്ഗീത സൂര്യനേയും സൂര്യപ്രകാശത്തേയും ഉദാഹരണമാക്കുന്നു. സൂര്യൻ ഒരിടത്ത് നിന്നുകൊണ്ട് വിശ്വത്തിലെങ്ങും വെളിച്ചം പരത്തുന്നതുപോലെയാണ് ഹൃദയസ്ഥനായ ജീവാത്മാ കണം ശരീരത്തെ മുഴുവൻ പ്രജ്ഞാഭാസുരമാക്കുന്നത്. സൂര്യപ്രകാശം സൂര്യന്റെ സാന്നിദ്ധ്യത്തിന് തെളിവാണെന്നപോലെ പ്രജ്ഞ ആത്മാവിന്റെ സാന്നിദ്ധ്യത്തിനും തെളിവാണ്. ശരീരത്തിൽ ആത്മാവിന്റെ സാന്നിദ്ധ്യമുള്ളപ്പോൾ അതിലെങ്ങും പ്രജ്ഞയുടെ പ്രകാശമുണ്ടായിരിക്കും; ആത്മാവ് വിട്ടുപോയ ശരീരത്തിൽ പ്രജ്ഞ ശേഷിക്കുകയില്ലതാനും. ബുദ്ധിയുള്ള ഏതൊരാൾക്കും എളുപ്പത്തിൽ മനസ്സിലാക്കാവുന്നതാണിത്. പദാർത്ഥങ്ങളുടെ സങ്കലനത്തിൽ നിന്നുണ്ടാവുന്ന ഒരുത്പന്നമല്ല, പ്രജ്ഞ. ജീവാത്മാവിന്റെ ലക്ഷണമാണത്. ഗുണത്തെ സംബന്ധിച്ചിടത്തോളം ജീവാത്മാവിന്റെ പ്രജ്ഞ പരമോന്നത പ്രജ്ഞയോട് തുല്യമെന്നിരിക്കിലും അതിന് പരമോന്നതിയില്ല. ഒരു പ്രത്യേക ശരീരത്തിലെ പ്രജ്ഞയ്ക്ക് മറ്റൊരു ശരീരത്തിലുള്ള പ്രജ്ഞയിൽ പങ്കില്ലെന്നതുതന്നെ കാരണം. വ്യക്തിഗതജീവാത്മാവിന്റെ സുഹൃത്തെന്ന നിലയിൽ സർവ്വ ശരീരങ്ങളിലും സ്ഥിതിചെയ്യുന്ന പരമാത്മാവാകട്ടെ, സർവ്വ ജീവജാലങ്ങളുടേയും ബോധം ഉൾക്കൊള്ളുന്നു. ഇതാണ് വ്യക്തിഗത്രപജ്ഞയ്ക്കും പരമോന്നത്രപജ്ഞയ്ക്കും തമ്മിലുള്ള വ്യത്യാസം.
(ശ്രീമദ് ഭഗവദ്ഗീത യഥാരൂപം 13.34
Saturday, September 17, 2022
മനുഷ്യജീവിതത്തിന്റെ ഉദ്ദേശ്യം
മന്ദസ്യ മന്ദപ്രജ്ഞസ്യ വയോ മനായുഷശ്ച വൈ
നിദ്രയാ ഹ്രിയതേ നക്തം ദിവാ ച വ്യർഥകർമഭിഃ
വിവർത്തനം
ക്ഷുദ്രബുദ്ധികളും, അല്പായുസ്സുക്കളുമായ മഠയന്മാരായ മനുഷ്യർ ഉറങ്ങിയും, പകൽ ദുർവൃത്തമായ പ്രവൃത്തികളിൽ ഏർപ്പെട്ടും സമയം ചെലവഴിക്കുന്നു.
ഭാവാർത്ഥം
അല്പബുദ്ധികളായവർ മനുഷ്യജന്മത്തിന്റെ യഥാർത്ഥ മൂല്യം എന്തെന്നറിയുന്നില്ല. ജീവാത്മാക്കളുടെ മേൽ ക്ലേശങ്ങളുടെ കാർക്കശ്യ നിയമങ്ങൾ നടപ്പിലാക്കുന്ന ഭൗതികപ്രകൃതിയുടെ നിർദിഷ്ട പ്രവർത്തനപദ്ധതിയിൽ അവളുടെ വിശേഷ വരദാനമാണ് മനുഷ്യജന്മം. ജനിമൃതികളുടെ ആവർത്തനചക്രമാകുന്ന ബന്ധത്തിൽനിന്നും സ്വതന്ത്രമാകുക. അഥവാ പുറത്തുവരുകയെന്ന ജീവിതത്തിന്റെ പരമമായ വരദാനം പ്രാപ്തമാക്കുന്നതിനുള്ള ഒരു അവസരമാണിത്. ബുദ്ധിമാന്മാർ ഈ മഹത്വമുള്ള വരദാനത്തെ കാത്തുരക്ഷിക്കുകയും, ഊർജസ്വലമായി യത്നിച്ച് ഈ കുരുക്കിൽനിന്നും പുറത്തുവരുകയും ചെയ്യുന്നു. എന്നാൽ, അല്പബുദ്ധികളായ മടിയന്മാർ, ഭൗതിക ബന്ധനത്തിൽനിന്നും മോചനം പ്രാപ്തമാക്കാനുള്ള വരദാനമായ മനുഷ്യജന്മത്തിന്റെ മൂല്യനിർണയം നടത്താൽ കഴിവില്ലാത്തവരാകുന്നു. അവർ കേവലം താൽക്കാലികമായ ഇന്ദ്രിയാസ്വാദനങ്ങൾക്കായി ജീവിതത്തിലുടനീളം കഠിനമായി പ്രയത്നിക്കുന്നതിനും സാമ്പത്തിക പുരോഗതിയിലും മാത്രം അതീവ തത്പരരായിരിക്കുന്നു. പ്രകൃതി നിയമമനുസരിച്ച്, താഴ്ന്ന മൃഗങ്ങൾക്കുപോലും ഇന്ദ്രിയാസ്വാദനം അനുവദനീയമാണ്. ആകയാൽ ഒരുവൻ്റെ പൂർവ്വ ജന്മത്തിലെയും ഈ ജന്മത്തിലെയും കർമങ്ങൾക്കനുസരിച്ച് മനുഷ്യനും, ഒരു നിശ്ചിത ശതമാനം ഇന്ദ്രിയാസ്വാദനത്തിന് വിധിയുണ്ട്. എന്നാൽ, മനുഷ്യജീവിതത്തിന്റെ പരമമായ ലക്ഷ്യം ഇന്ദ്രിയാസ്വാദനമല്ലെന്ന് മനസ്സിലാക്കാൻ ഒരുവൻ തിർച്ചയായും പരിശ്രമിക്കണം. ലക്ഷ്യം ഇന്ദ്രിയാസ്വാദനമല്ലാതെ മറ്റൊന്നുമല്ലാത്തതിനാൽ ഒരുവൻ പകൽ സമയത്ത് ജോലി ചെയ്യുന്നത് ഫലശൂന്യമാണെന്ന് ഇവിടെ പറഞ്ഞിരിക്കുന്നു. മഹാനഗരങ്ങളിലും, വ്യാവസായിക പട്ടണങ്ങളിലും മനുഷ്യർ എപ്രകാരമാണ് ഫലശൂന്യരായി വ്യാപൃതരായിരിക്കുന്നതെന്ന് നമുക്ക് വിശേഷിച്ച് നിരീക്ഷിക്കുവാൻ കഴിയുന്നു. അവിടെയൊക്കെ മനുഷ്യശക്തിയാൽ നിരവധി വസ്തുക്കൾ നിർമിക്കപ്പെടുന്നുണ്ടെങ്കിലും അവയെല്ലാംതന്നെ ഇന്ദ്രിയാസ്വാദനത്തിനു വേണ്ടിയുള്ളതാകുന്നു. അല്ലാതെ, ഭൗതിക ബന്ധത്തിൽ നിന്നും സ്വതന്ത്രമാകാനായുള്ളവയല്ല അവയൊന്നും. മാത്രവുമല്ല, പകൽ കഠിനാധ്വാനം ചെയ്യുന്ന മനുഷ്യർ രാത്രി തളർന്നുറങ്ങുകയോ, അല്ലെങ്കിൽ ലൈംഗികബന്ധത്തിൽ ഏർപ്പെടുകയോ ചെയ്യുന്നു. സംസ്കാര സമ്പന്നരായ അല്പബുദ്ധികളുടെ ഭൗതികമായ പരിഷ്കൃത ജീവിതപദ്ധതിയാണിത്. ആകയാലാണ് അവരെ ഇവിടെ അലസരും, നിർഭാഗ്യരും, അല്പായുസ്സുക്കളുമായി ചിത്രീകരിച്ചിരിക്കുന്നത്.
(ശ്രീമദ് ഭാഗവതം 1/16/9/ )
Wednesday, September 14, 2022
Tuesday, September 13, 2022
ഭഗവത്പൂജനത്തിനുവേണ്ടി മാത്രമാവണം ക്ഷേത്രദർശനം
ഏതെങ്കിലുമൊരു ഉദ്ദേശ്യം മുൻനിർത്തിക്കൊണ്ടാണ് സാധാരണയായി യജ്ഞം നടത്തുക. എന്നാൽ നിരുദ്ദേശ്യപരമായിരിക്കണം യജ്ഞം, എന്നാണിവിടെ പറയുന്നത്. ഒരു കർത്തവ്യമെന്ന നിലയിലാവണം യജ്ഞാനുഷ്ഠാനം. ഉദാഹരണമായി ക്ഷേത്രങ്ങളിലും പള്ളികളിലും നടത്തുന്ന ചടങ്ങുകൾ തന്നെ എടുക്കാം. ഭൗതിക നേട്ടങ്ങളെ ലക്ഷ്യമാക്കിക്കൊണ്ടാണ് അനുഷ്ഠാനങ്ങൾ എന്നു കാണാം. സാത്ത്വികമല്ല ഈ പ്രവൃത്തി. അമ്പലത്തിലോ പള്ളിയിലോ പോകുന്നത് കർത്തവ്യബോധത്തോടെയായിരിക്കണം ഭഗവാനെ വന്ദിക്കാനും പൂക്കളും ഭക്ഷ്യങ്ങളും സമർപ്പിക്കാനും വേണ്ടിയാവണം. ഈശ്വരാരാധനയ്ക്കുവേണ്ടി മാത്രം അമ്പലങ്ങളിൽ പോകേണ്ടതില്ലെന്നാണ് എല്ലാവരും ചിന്തിക്കുന്നത്. എന്നാൽ ധനലാഭത്തിനുവേണ്ടിയുള്ള ഈശ്വരാരാധനയ്ക്കു വേദസമ്മതിയില്ല. ഭഗവത്പൂജനത്തിനുവേണ്ടി മാത്രമാവണം ക്ഷേത്രദർശനം. അത് ഒരാളെ സാത്ത്വികഗുണസ്ഥിതനാക്കും. സംസ്കാരസമ്പന്നനായ ഏതൊരാളും ശാസ്ത്രനിർദ്ദേശങ്ങളെ അനുസരിക്കു കയും ഭഗവാനെ ആരാധിക്കുകയും വേണം.
( ശ്രീമദ് ഭഗവദ്ഗീത യഥാരൂപം 17/11/ഭാവാർത്ഥം )
Saturday, September 3, 2022
Friday, September 2, 2022
ശ്രീമതി രാധികയുടെ മുഖ്യമായ ഇരുപത്തഞ്ച് അതീന്ദ്രിയ ഗുണ വിശേഷങ്ങൾ
ശ്രീമതി രാധികയുടെ മുഖ്യമായ ഇരുപത്തഞ്ച് അതീന്ദ്രിയ ഗുണ വിശേഷങ്ങൾ ഇവയാണ്.
(1) അവൾ വളരെ മാധുര്യമുള്ളവളാണ്.
(2) അവൾ എല്ലായ്പ്പോഴും നവയൗവനയുക്തയാണ്.
(3) അവളുടെ മിഴികൾ ചഞ്ചലങ്ങളാണ്.
(4) അവൾ മനോഹരമായി പുഞ്ചിരിക്കുന്നു.
(5) അവൾക്ക് മനോഹരമായ മംഗളരേഖകളുണ്ട്.
(6) അവൾ തന്റെ ശരീരത്തിന്റെ സുഗന്ധം കൊണ്ട് കൃഷ്ണനെ സന്തോഷവാനാക്കുന്നു.
(7) അവൾ ഗാനാലാപനത്തിൽ പ്രവീണയാണ്.
(8) അവളുടെ സംസാരം ആകർഷകമാണ്.
(9) അവൾ തമാശ പറയുന്നതിലും മധുരതരമായി സംസാരിക്കുന്നതിലും വിദഗ്ധയാണ്.
(10) അവൾ വളരെ സൗമ്യയാണ്.
(11) അവൾ എല്ലായ്പ്പോഴും കരുണാമയിയാണ്.
(12) അവൾ തന്ത്രശാലിയാണ്.
(13) തന്റെ ചുമതലകൾ നിർവഹിക്കുന്നതിൽ വിദഗ്ധയാണ്.
(14) അവൾ ലജ്ജാവതിയാണ്.
(15) അവൾ എല്ലായ്പ്പോഴും ആദരവുള്ളവളാണ്.
(16) അവൾ സദാ ശാന്തയാണ്.
(17) അവൾ സദാ ഗാംഭീര്യ മുള്ളവളാണ്.
(18) അവൾ ജീവിതം ആസ്വദിക്കുന്നതിൽ വിദഗ്ധയാണ്.
(19) അവൾ പ്രേമത്തിന്റെ മഹാഭാവതലത്തിൽ സ്ഥിതിചെയ്യുന്നു.
(20) അവൾ ഗോകുലത്തിലെ പ്രേമവ്യവഹാരങ്ങളുടെ സംഭരണിയാണ്.
(21) അവൾ സമർപ്പിത ഭക്തരിൽ ഏറ്റവും പ്രശസ്തയാണ്.
(22) അവൾ മുതിർന്നവരോട് അങ്ങേയറ്റം സ്നേഹമുള്ളവളാണ്.
(23) അവൾ തന്റെ സഖിമാരുടെ സ്നേഹത്തിന് അർപ്പിതയാണ്.
(24) അവൾ മുഖ്യ ഗോപികയാണ്.
(25) അവൾ എല്ലായ്പ്പോഴും കൃഷ്ണനെ നിയന്ത്രിക്കുന്നു.
ചുരുക്കത്തിൽ, അവൾക്ക് ഭഗവാൻ കൃഷ്ണനെപ്പോലെ തന്നെ അനന്തമായ ദിവ്യ ഗുണവിശേഷങ്ങളുണ്ട്.
ഭാവാർത്ഥം
ഈ ശ്ലോകങ്ങൾ ഉജ്ജ്വല നീലമണിയിൽ (ശ്രീ രാധാ പ്രകരണം 11-15) 060
(ശ്രീ ചൈതന്യ ചരിതാമൃതം / 2, 23.87-91)
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .
ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ്