രോഹിതന്റെ പുത്രൻ ഹരിതനും, ഹരിതന്റെ പുത്രൻ ചമ്പാപുരി എന്ന പട്ടണം നിർമിച്ച ചമ്പനുമായിരുന്നു. ചമ്പന്റെ പുത്രൻ സുദേവനും, സുദേ വന്റെ പുത്രൻ വിജയനും, വിജയന്റെ പുത്രൻ ഭരുകനും, ഭരുകന്റെ പുത്രൻ വൃകനുമായിരുന്നു. വൃകന്റെ പുത്രൻ ബാഹുകൻ അദ്ദേഹത്തിന്റെ ശത്രുക്കളാൽ വളരെയധികം പീഢിതനായിരുന്നതിനാൽ ഗൃഹം ഉപേക്ഷിച്ച് പത്നിയുമൊത്ത് വനത്തിലേക്ക് പോയി. അദ്ദേഹം അവിടെ മരിച്ചപ്പോൾ അദ്ദേഹത്തിന്റെ പത്നി ഭർത്താവിന്റെ ചിതയിൽ പ്രവേശിച്ച് സതി ആചരിക്കാൻ തയ്യാറായെങ്കിലും, അവൾ ഗർഭിണിയാണെന്നു കണ്ട ഔർവൻ എന്ന മുനി അതു തടഞ്ഞു. ബാഹുകന്റെ ഈ പത്നി ഗർഭിണിയാണെന്നറിഞ്ഞ അവളുടെ സപത്നിമാർ അവൾക്ക് ഭക്ഷണത്തിൽ വിഷം കൊടുത്തങ്കിലും, ഗർഭസ്ഥ ശിശു മരിക്കാതെ വിഷത്തോടു കൂടി ജനിച്ചു. അതിനാൽ അവന് “വിഷത്തോടു കൂടിയവൻ” എന്നർത്ഥമുള്ള സഗരൻ (സ എന്നാൽ 'കൂടി' എന്നും, ഗരം എന്നാൽ “വിഷം” എന്നും അർത്ഥം) എന്ന് നാമകരണം ചെയ്തു. ഔർവ മഹാമുനിയുടെ നിർദേശങ്ങളനുസരിച്ച് സഗര രാജാവ്, യവനന്മാർ, ശകന്മാർ, ഹൈഹയർ, ബർബരന്മാർ തുടങ്ങിയ ഗോത്രങ്ങളെ നവീകരിച്ചു. യുദ്ധത്തിൽ പരാജയപ്പെടുത്തി കീഴടക്കിയെങ്കിലും അദ്ദേഹം അവരെ വധിച്ചില്ല. വീണ്ടും ഔർവ മുനിയുടെ ഉപദേശപ്രകാരം സഗരരാജാവ് അശ്വമേധയജ്ഞങ്ങൾ നടത്തി. പക്ഷേ അത്തരമൊരു യാഗം നടത്താൻ ആവശ്യമായ കുതിരയെ സ്വർഗാധിപതി ഇന്ദ്രൻ മോഷ്ടിച്ചു കൊണ്ടു പോയി. സഗരന് സുമതിയെന്നും, കേശിനിയെന്നും പേരുള്ള രണ്ട് പത്നിമാരുണ്ടായിരുന്നു. കുതിരയെ അന്വേഷിക്കുന്നതിനിടയിൽ സുമതിയുടെ പുത്രന്മാർ ഭൂമിയുടെ ഉപരിതലം ആഴത്തിൽ കുഴിക്കുകയും, വലിയൊരു ചാലായി രൂപാന്തരപ്പെട്ട ഇത് പിന്നീട് സാഗര സമുദ്രമെന്ന പേരിൽ അറിയപ്പെടുകയും ചെയ്തു. ഈ അന്വേഷണത്തിനിടയിൽ അവർ മഹാമുനി കപില ദേവനെ കണ്ടുമുട്ടുകയും, അദ്ദേഹമാണ് കുതിരയെ മോഷ്ടച്ചതെന്ന് കരുതുകയും ചെയ്തു. ഈ തെറ്റായ ധാരണ മൂലം കപില മുനിയെ ആ ക്രമിച്ച് അവരെല്ലാം ഭസ്മീകരിക്കപ്പെട്ടു. രാജാവ് സഗരന് രണ്ടാമത്തെ പത്നി കേശിനിയിൽ അസമഞ്ജസൻ എന്നൊരു പുത്രനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പുത്രൻ അംശുമാൻ പിന്നീട് കുതിരയെ അന്വേഷിച്ച് കണ്ടു പിടിക്കുകയും തന്റെ പിതൃക്കളെ മോചിപ്പിക്കുകയും ചെയ്തു. കപിലദേവനെ സമീപിച്ച അംശുമാൻ യാഗാശ്വത്തെയും അടുത്തു തന്നെ ഒരു ചാമ്പൽ കൂനയും കാണുകയുണ്ടായി. അംശുമാൻ കപിലദേവന് പ്രാർത്ഥനകൾ അർപ്പിക്കുകയും, അദ്ദേഹത്തിൽ സംപ്രീതനായ കപിലദേവൻ യാഗാശ്വത്തെ തിരികെ നൽകുകയും ചെയ്തു. യാഗാശ്വത്തെ ലഭിച്ചു കഴിഞ്ഞിട്ടും അംശുമാൻ തന്റെ മുൻപിൽ തന്നെ നിൽക്കവെ, അദ്ദേഹം സ്വന്തം പിതാമഹന്മാരുടെ മോചനത്തിനു വേണ്ടി പ്രാർത്ഥിക്കുകയാണെന്ന് കപില ദേവന് മനസ്സിലായി. അപ്രകാരം അദ്ദേഹം ഗംഗാജലം കൊണ്ട് അവരെ മോചിപ്പിക്കാനുളള ഉപദേശം അംശുമാന് നൽകി. അംശുമാൻ കപിലദേവന് ആദരപ്രണാമങ്ങളർപ്പിച്ച്, അദ്ദേഹത്തെ പ്രദക്ഷിണം ചെയ്ത് യാഗാശ്വത്തെയും കൊണ്ട് അവിടെ നിന്നു പോയി. യജ്ഞം പൂർത്തിയാക്കിയ സഗര രാജാവ് രാജ്യം അംശുമാന് കൈമാറി, ഔർവ മുനിയുടെ ഉപദേശങ്ങൾ പിന്തുടർന്ന് മോക്ഷം പ്രാപിച്ചു.
അംശുമാൻ മഹാരാജാവിന്റെ പുത്രനായിരുന്നു ദിലീപൻ, ഗംഗയെ ഭൂമിയിലേക്ക് കൊണ്ടുവരാൻ യത്നിച്ചിരുന്ന അദ്ദേഹം അതിൽ വിജയം കണ്ടെത്താൻ കഴിയാതെ മരണമടഞ്ഞു. ദിലീപന്റെ പുത്രൻ ഭഗീരഥൻ ഗംഗയെ ഭൗതികലോകത്തിലേക്ക് കൊണ്ടു വരുന്നതിന് ദൃഢനിശ്ചയമെടുക്കുകയും ഇതിലേക്കായി കഠിന തപസ്സുകൾ അനുഷ്ഠിക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ തപസ്സുകളിൽ സംതൃപ്തയായ ഗംഗാ മാതാവ് അദ്ദേഹത്തിന് സ്വയം പ്രത്യക്ഷയാവുകയും, ഒരു വരം നൽകാൻ സന്നദ്ധയാവുകയും ചെയ്തു. ഭഗീരഥൻ തന്റെ പിതാമഹന്മാരുടെ മോചനമാണ് ആവശ്യപ്പെട്ടത്. ഗംഗാ മാതാവ് ഭൂമിയിലേക്കിറങ്ങി വരാമെന്ന് സമ്മതിച്ചെങ്കിലും രണ്ട് വ്യവസ്ഥകൾ വെച്ചു. തന്റെ തരംഗങ്ങളെ നിയന്ത്രിക്കാൻ അനുയോജ്യനായ ഒരു പുരുഷൻ വേണമെന്നതായിരുന്നു ഒന്നാമത്തെ വ്യവസ്ഥ.പാപികളായ എല്ലാ മനുഷ്യരും തന്നിൽ സ്നാനം ചെയ്ത് പാപമുക്തരാകുമെങ്കിലും അവരുടെ പാപപ്രതികരണങ്ങൾ താൻ വഹിക്കുകയില്ലെന്നതായിരുന്നു. രണ്ടാമത്തെ വ്യവസ്ഥ. ഈ രണ്ട് വ്യവസ്ഥകളും പരിഗണിക്കേണ്ട വിഷയങ്ങളായിരുന്നു. ഭഗീരഥൻ ഗംഗാ മാതാവിനോട് ഇങ്ങനെ മറുപടി പറഞ്ഞു: “അവിടുത്തെ പ്രവാഹത്തിന്റെ തരംഗങ്ങളെ സമ്പൂർണമായി നിയന്ത്രിക്കാൻ മഹാദേവന് കഴിവുണ്ട്. അതുപോലെ, പാപികളായ ആളുകൾ ഗംഗയിൽ സ്നാനം ചെയ്യുമ്പോൾ ഉപേക്ഷിച്ചു പോകുന്ന പാപങ്ങൾ, പരിശുദ്ധരായ ഭക്തന്മാർ സ്നാനം ചെയ്യുന്നതോടെ നിഷ്ഫലമായിക്കൊള്ളും. അതിനു ശേഷം ഭഗീരഥൻ, ക്ഷിപ്രപ്രസാദിയായതിനാൽ ആശുതോഷനെന്നു നാമമുളള മഹാദേവനെ പ്രസാദിപ്പിക്കുന്നതിന് തപസ്സനുഷ്ഠിച്ചു. ഗംഗയുടെ പ്രവാഹ ശക്തി നിയന്ത്രിക്കണമെന്ന ഭഗീരഥന്റെ പദ്ധതി മഹാദേവൻ അംഗീകരിച്ചു. ഈ വിധത്തിൽ ഗംഗാജലത്തിന്റെ സ്പർശം കൊണ്ട് മാത്രം ഭഗീരഥന്റെ പിതാമഹന്മാർ മോചിതരാവുകയും സ്വർഗീയ ലോകങ്ങളിലേക്ക് പോകാൻ അനുവദിക്കപ്പെടുകയും ചെയ്തു.
( ശ്രീമദ് ഭാഗവതം / സ്കന്ധം 9. അധ്യായം 08 &9 സംഗ്രഹം )
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .
ടെലഗ്രാം
🔆🔆🔆🔆🔆🔆🔆🔆
https://t.me/suddhabhaktimalayalam
വെബ്സൈറ്റ്
🔆🔆🔆🔆🔆🔆🔆🔆
https://suddhabhaktimalayalam.com