ശ്രീ ചൈതന്യ മഹാപ്രഭുവുമായുള്ള ബാല്യകാല കൂടിക്കാഴ്ച
അവതരണം/ വിവർത്തനം - ശുദ്ധഭക്തി വൃന്ദം
ഭാരതത്തിലുടനീളം ഉള്ള ക്ഷേത്രങ്ങളിൽ വച്ച് ഏറ്റവും വലിയ കൃഷ്ണ ക്ഷേത്രം തെക്ക് ശ്രീരംഗത്തിലാണ്. അവിടെ കൃഷ്ണനെ വളരെ ഭക്തിയോടെ നാരായണ രൂപത്തിൽ ആരാധിക്കുന്നു. തീർഥാടകർ പലപ്പോഴും നൂറുകണക്കിന് മൈലുകളോളം സഞ്ചരിച്ച് രംഗനാഥ സ്വാമി എന്ന് വിളിക്കപ്പെടുന്ന ഈ മനോഹരമായ ശയിക്കുന്ന ഭഗവത് വിഗ്രഹത്തെ ഒരു നോക്ക് കാണാനായി മാത്രം വരും. ഈ പുണ്യനഗരത്തിൽ, അഞ്ച് നൂറ്റാണ്ടുകൾക്ക് മുമ്പ്, മൂന്ന് പണ്ഡിതരായ ബ്രാഹ്മണ സഹോദരന്മാർ താമസിച്ചിരുന്നു. അതിലൊരാളായിരുന്നു വെങ്കട ഭട്ടർ. അദ്ദേഹത്തിൻ്റ മകനായിരുന്നു ഗോപാൽ ഭട്ട ഗോസ്വാമി എന്ന നാമത്തിൽ പിന്നീട് അറിയപ്പെട്ട ഗോപാല ഭട്ടർ. മുഴുവൻ കുടുംബവും ഭഗവാന്റെ സേവകരായിരുന്നു.
ഗോപാൽ ഭട്ടിന് ഏഴ് വയസ്സുള്ളപ്പോൾ, ശ്രീ ചൈതന്യ മഹാപ്രഭു ശ്രീരംഗം സന്ദർശിക്കുകയും മഴക്കാലത്തിന്റെ നാല് മാസങ്ങളിൽ (ചതുർ മാസം) അവിടെ താമസിക്കുകയും ചെയ്തു. മൂന്ന് സഹോദരന്മാരുമായി ശ്രീ ചൈതന്യ മഹാപ്രഭു വേദഗ്രന്ഥങ്ങൾ ചർച്ച ചെയ്യുകയും നിരവധി ദിവസങ്ങൾ കുട്ടിയായ ഗോപാൽ ഭട്ടിനെ സേവിക്കാൻ അനുവദിക്കുകയും ചെയ്തു. ചൈതന്യ മഹാപ്രഭു സഹോദരങ്ങളോട് വിശദീകരിച്ചു, "നിങ്ങളുടെ ലക്ഷ്മി- നാരായണ ആരാധന, ഉത്തമവും ഭക്തി സാന്ദ്രമാണെങ്കിലും, രാധ-കൃഷ്ണ ആരാധന ഇതിലും വിശിഷ്ടമാണ്. വ്രജത്തിലെ ഗോപികളാണ് ഏറ്റവും മികച്ച ഉദാഹരണം. ഗോപികമാരുടെ കൃഷ്ണസ്നേഹം വളരെ തീവ്രവും മധുരമുള്ളതും സമ്പൂർണ്ണവുമാണ്, അത് മറ്റെല്ലാ ആരാധനകൾക്കും അതീതമാണ്, അതിനെ മറ്റൊന്നിനോടും താരതമ്യപ്പെടുത്താനാവില്ല."കൃഷ്ണൻ തന്നെയാണെന്ന് ശ്രീ ചൈതന്യ മഹാപ്രഭു മറ്റാരുമല്ല മനസ്സിലാക്കിയ അവർ സന്തോഷത്തോടെ കൃഷ്ണാരാരാധന ചെയ്യുവാൻ തുടങ്ങി അത് അവരുടെ ആത്മീയ മുന്നേറ്റം വർദ്ധിപ്പിച്ചു. ഭഗവാൻ വിടവാങ്ങേണ്ട സമയം വന്നപ്പോൾ, യുവ ഗോപാൽ ഭട്ട വളരെ ദയനീയമായി കരഞ്ഞു, അവനെ സമാധാനിപ്പിക്കാൻ കുറച്ച് ദിവസങ്ങൾ കൂടെ ഭഗവാൻ കരുണയോടെ തുടർന്നു.
താമസിയാതെ, ഗോപാൽ ഭട്ട് ഒരു സ്വപ്നം കണ്ടു, അതിൽ ചൈതന്യ മഹാപ്രഭു കൃഷ്ണനായി തന്റെ രൂപം വെളിപ്പെടുത്തി. മഹാപ്രഭു കുട്ടിയോട് പറഞ്ഞു, "വീട്ടിൽ ഇരുന്ന്, നിങ്ങളുടെ മാതാപിതാക്കളെ നോക്കൂ. അവർ ഈ ലോകത്ത് നിന്ന് പോകുമ്പോൾ, വൃന്ദാവനത്തിൽ പോയി രൂപ സനാതൻ ഗോസ്വാമികളെ സഹായിക്കുക." ഗോപാൽ ഭട്ട ഈ ഉത്തരവ് തന്റെ ജീവിത ലക്ഷ്യമാക്കി.
വിദ്യാഭ്യാസം
ചെറുപ്പത്തിൽ ഗോപാൽ ഭട്ടർ അമ്മാവൻ പ്രബോധാനന്ദ സരസ്വതിയുടെ കീഴിൽ പഠിച്ചു, അദ്ദേഹം വളരെ വിദ്വാനായ ആത്മീയ അധ്യാപകനായിരുന്നു. വേദാന്തം, കാവ്യസമ്പ്രദായം, സംസ്കൃത വ്യാകരണം എന്നിവയെക്കുറിച്ച് ഗോപാൽ ഭട്ട അദ്ദേഹത്തിൽ നിന്ന് നന്നായി പഠിച്ചു. ഈ വിഷയങ്ങളിൽ പാണ്ഡിത്യം നേടിയ അദ്ദേഹത്തിന്റെ പ്രശസ്തി എല്ലായിടവും വ്യാപിച്ചു. മുപ്പതാമത്തെ വയസ്സിൽ, അദ്ദേഹത്തിന് മാതാപിതാക്കളെ നഷ്ടപ്പെട്ടു. ശ്രീ ചൈതന്യയുടെ നിർദ്ദേശപ്രകാരം അദ്ദേഹം വൃന്ദാവനത്തിലേക്ക് പോയി.
വൃന്ദാവനത്തിലെ ദിനങ്ങൾ
വൃന്ദാവനത്തിൽ, ഗോപാൽ ഭട്ട ഗോസ്വാമി ഒരു ഭിക്ഷുവിനെ പോലെ ഭക്ഷണം യാചിക്കുകയും സുഖസൗകര്യങ്ങൾ ഇല്ലാതെ ജീവിക്കുകയും ചെയ്തു.നിരവധി സുപ്രധാന ഗ്രന്ഥങ്ങളുടെ രചനയിൽ അദ്ദേഹം രൂപ ഗോസ്വാമിയേയും സനാതനഗോസ്വാമിയേയും സഹായിച്ചു. ദക്ഷിണേന്ത്യയിലെ ചൈതന്യ ഭഗവാന്റെ ലീലകൾ അനുസ്മരിച്ചുകൊണ്ട് അദ്ദേഹം ഭക്തർക്ക് വളരെയധികം സന്തോഷം നൽകി.
അതേസമയം, ഭഗവാൻ ചൈതന്യർ തന്റെ ആസ്ഥാനമായ ജഗന്നാഥപുരിയിൽ താമസിച്ചു. ഗോപാൽ ഭട്ടരുടെ ഭക്തിഗുണങ്ങളെയും പരിത്യാഗത്തെയും അഭിനന്ദിച്ചുകൊണ്ട് രൂപ ഗോസ്വാമിയിൽ നിന്നും സനാതനഗോസ്വാമിയിൽനിന്നും അദ്ദേഹത്തിന് കത്തുകൾ ലഭിച്ചു. അവിടുന്ന് വളരെ സന്തുഷ്ടനായി, അദ്ദേഹം ഉപയോഗിച്ച ഒരു മരപലകയും ഉത്തരീയവും ഉപഹാരമായി ഗോപാൽ ഭട്ട ഗോസ്വാമി ക്ക് ഉടൻ കൊടുത്തയച്ചു. ഗോപാൽ ഭട്ടരാകട്ടെ തന്റെ ജീവിതകാലം മുഴുവൻ ഈ പവിത്ര വസ്തുക്കളെ ആരാധിച്ചു.
പന്ത്രണ്ട് ദിവ്യ ശിലകൾ
ഒരിക്കൽ ഗോപാൽ ഭട്ട ഗോസ്വാമി ഭാരതം കടന്ന് നേപ്പാളിലെ ഗണ്ഡകി നദിയിലേക്ക് കാൽനടയായി ദീർഘവും പ്രയാസകരവുമായ യാത്ര നടത്തി. അവിടെ ആയിരിക്കുമ്പോൾ,പന്ത്രണ്ട് ദിവ്യ ശിലകൾ അദ്ദേഹത്തിന്റെ കൈവശം വന്നു. അവരെ പൂജിക്കാനുള്ള ഉദ്ദേശ്യത്തോടെ അദ്ദേഹം വൃന്ദാവനത്തിലേക്ക് കൊണ്ടു പോയി. അവയുടെ പ്രത്യേക അടയാളങ്ങളാൽ ഈ അസാധാരണമായ ശിലകൾ കൃഷ്ണന്റെ ഒരു പ്രത്യേക അവതാരമായി തിരിച്ചറിയാൻ കഴിയും. ഉദാഹരണത്തിന്, ഒരു നൃസിംഹ-ശിലയ്ക്ക് ധാരാളം പല്ലുകളുള്ള വായ വിടരുന്നതായി കാണപ്പെടും. വൃന്ദാവനത്തിൽ തിരിച്ചെത്തിയപ്പോൾ, ഗോപാൽ ഭട്ടർക്ക് , വിനയത്താൽ, താൻ ശിലകളെ ആരാധിക്കാൻ യോഗ്യനല്ലെന്ന് തോന്നി. അതിനാൽ അദ്ദേഹം നേപ്പാളിലേക്ക് മടങ്ങാനും അവരെ ഗണ്ഡകി നദിയിലേക്ക് തിരികെ മടക്കാനും തീരുമാനിച്ചു.
ആ പുണ്യനദിയുടെ തെളിഞ്ഞ വെള്ളത്തിലേക്ക് നീങ്ങിക്കൊണ്ട്, ഗോപാൽ ഭട്ട വീണ്ടും ഉചിതമായ മന്ത്രങ്ങൾ ജപിക്കുകയും ശിലകൾ വെള്ളത്തിലേക്ക് മോചിപ്പിക്കുകയും ചെയ്തു. അദ്ദേഹത്തെ അത്ഭുതപ്പെടുത്തിക്കൊണ്ട് ആ ശിലകൾ അദ്ദേഹത്തിന്റെ കൈകളിലേക്ക് തിരികെ ചാടി. അദ്ദേഹം വീണ്ടും വീണ്ടും ശ്രമിച്ചു, പക്ഷേ ഓരോ തവണയും ശിലകൾ തന്റെ സഹവാസം ഉപേക്ഷിക്കാൻ വിസമ്മതിക്കുന്നതുപോലെ തിരികെ കൈകളിലേക്ക് ചാടി. ഈ ശിലകൾ സൂക്ഷിക്കുകയും ആരാധിക്കുകയും ചെയ്യണമെന്നത് കൃഷ്ണന്റെ ആഗ്രഹമാണെന്ന് അദ്ദേഹം വ്യക്തമായി മനസ്സിലാക്കി, അന്നുമുതൽ അദ്ദേഹം അവരെ ഒരു സഞ്ചിയിൽ തൂക്കി കഴുത്തിലിട്ടു.
ഭഗവാൻ രാധ രമണൻ്റെ ആവിർഭാവം
ഏതാനും വർഷങ്ങൾക്ക് ശേഷം, ഒരു ധനികനായ വ്യാപാരി ഗോപാൽ ഭട്ടിന് ഭഗവാന്റെ ആരാധനയിൽ ഉപയോഗിക്കാനായി ശ്രേഷ്ഠമായ വസ്ത്രങ്ങളും ആഭരണങ്ങളും സമ്മാനമായി നൽകി. ഗോപാൽ ഭട്ട സന്തോഷത്തോടെ സ്വീകരിച്ചെങ്കിലും അതേ സമയം നിരാശ തോന്നി.ഒരു സാധാരണ വിഗ്രഹത്തെ പോലെ അലങ്കരിക്കാൻ അദ്ദേഹത്തിന്റെ ശിലകൾ അനുയോജ്യമല്ല എന്നതാണ് പ്രശ്നം. എല്ലാത്തിനുമുപരി, ഒരു വിഗ്രഹത്തിന് സാധാരണയായി തിരു മുഖവും, കൈകളും കാലുകളും ഉള്ള തിരുവുടലുണ്ട്. അതേ ദിവസം തന്നെ, ഗോപാൽ ഭട്ട ഗോസ്വാമി ആ വിലയേറിയ വസ്തുക്കൾ തന്റെ ശിലകൾക്ക് മുന്നിൽ വയ്ക്കുകയും മാർഗനിർദേശത്തിനായി അവരോട് പ്രാർത്ഥിക്കുകയും ചെയ്തു.
പിറ്റേന്ന് രാവിലെ അദ്ദേഹം ഒരു അത്ഭുതം കണ്ടെത്തി. അദ്ദേഹത്തെ അതിശയിപ്പിച്ചുകൊണ്ട് ദാമോദര ശില കൃഷ്ണന്റെ അത്ഭുത വിഗ്രഹമായി സ്വയം പരിവർത്തനം ചെയ്തു. ഗോപാൽ ഭട്ടർ ആനന്ദാതിരേകത്താൽ നിലത്ത് വീണു സാഷ്ടാംഗം പ്രണമിച്ചുകൊണ്ട്, നന്ദിയോടെ ഹൃദയംഗമമായ പ്രാർത്ഥനകൾ ചൊരിഞ്ഞു. ഈ അത്ഭുതകരമായ സംഭവം കേട്ട്, എല്ലാ മുതിർന്ന വൈഷ്ണവരും ഗോസ്വാമികളും അവിശ്വസനീയമായ ഈ പരിവർത്തനത്തിന്റെ ഫലങ്ങൾ കാണാൻ ആ സ്ഥലത്തേക്ക് ഓടി വന്നു. ഗോപാൽ ഭട്ട വിഗ്രഹത്തിന് "രാധ രമൺ" എന്ന് പേരിട്ടു, അതായത് "രാധയ്ക്ക് ആനന്ദം നൽകുന്ന കൃഷ്ണൻ".രാധാ രമണന്റെ ആരാധനയ്ക്കായി ശ്രദ്ധേയമായ ഒരു ക്ഷേത്രം നിർമ്മിച്ചു. ഇന്നും ലോകമെമ്പാടുമുള്ള ഭക്തർ രാധാ രമൺ സന്ദർശിച്ച് പ്രാർത്ഥനകൾ നടത്തുകയും അത്ഭുതകരമായ രൂപത്തിൽ വിസ്മയിക്കുകയും ചെയ്യുന്നു. ഭഗവാന് പന്ത്രണ്ട് ഇഞ്ച് മാത്രം ഉയരമുണ്ട്, ഇടതുവശത്തുള്ള ഒരു ചെറിയ വെള്ളി കിരീടം രാധാ റാണിയെ പ്രതിനിധീകരിക്കുന്നു.
ഗോപാൽ ഭട്ട ഗോസ്വാമി വൈഷ്ണവ സമ്പ്രദായത്തിലെ ഏറ്റവും വിശിഷ്ടരായ അധികാരികളിൽ ഒരാളായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. ഇഹലോകവാസം വെടിഞ്ഞ ശേഷം, അദ്ദേഹത്തിന്റെ വിശുദ്ധ ഭൗതികാവശിഷ്ടങ്ങൾ അദ്ദേഹത്തിന്റെ പ്രിയപ്പെട്ട രാധാ രമണന്റെ ക്ഷേത്രത്തിൽ അടക്കം ചെയ്തു.
കൃഷ്ണ-ലീലയിലെ അനംഗ മഞ്ജരിയാണ് ചൈതന്യ ലീലയിൽ ഗോപാല ഭട്ട ഗോസ്വാമിയായി അവതരിച്ചത് . അദ്ദേഹം ഗുണ-മഞ്ജരിയുടെ അവതാരമാണെന്നും പറയപ്പെടുന്നു.(ഗൗഡ ഗണോദ്ദേശദീപിക 184)
ഗോപാല ഭട്ട ഗോസ്വാമി വിജയിക്കട്ടെ!