Home

Saturday, March 26, 2022

പൃഥാ

മഹാരാജാവ് ശൂരസേനന്റെ പുത്രിയും, ശ്രീകൃഷ്ണപിതാവായ വസുദേവരുടെ സഹോദരിയുമാണ് പൃഥാ. പിന്നീട്, മഹാരാജാവ് കുന്തീഭോജൻ ദത്തെടുക്കുകയാൽ പൃഥ 'കുന്തി' എന്നറിയപ്പെടുന്നു. പരമദിവ്യോത്തമപുരുഷന്റെ വിജയശക്തി അവതാരമാണ് കുന്തി. ഉന്നത ലോകങ്ങളിലെ ദിവ്യന്മാരായ നിവാസികൾ കുന്തീഭോജന്റെ കൊട്ടാരം സന്ദർശിക്കുന്നത് പതിവാക്കിയിരുന്നു. ആകയാൽ കുന്തി അവരുടെ സ്വീകരണത്തിനായി നിയുക്തയാക്കപ്പെട്ടിരുന്നു. അപ്രകാരം ഒരിക്കൽ ദുർവാസാവ് മഹർഷിയെയും സേവിക്കുന്നതിൽ കുന്തി നിയുക്തയാക്കപ്പെടുകയും, കുന്തിയുടെ ആത്മാർത്ഥമായ സേവനത്തിൽ സംപ്രീതനായ മഹായോഗിയായ ദുർവാസാവ് മഹർഷി, കുന്തീദേവി ആഗ്രഹിക്കുന്ന ദേവനെ ക്ഷണിച്ചുവരുത്തുന്നതിന് സാധ്യമാകുന്ന ഒരു ദിവ്യമന്ത്രം ഉപദേശിച്ചുകൊടുക്കുകയും ചെയ്തു. ജിജ്ഞാസയോടെ കുന്തീദേവി ഉടൻ തന്നെ സൂര്യദേവനെ മന്ത്രശക്തിയാൽ വിളിച്ചുവരുത്തുകയും ചെയ്തു. എന്നാൽ, കുന്തീദേവിയുമായി ഇണ ചേരാനുള്ള സൂര്യദേവന്റെ ഇംഗിതത്തിന് വിസമ്മതം പ്രകടിപ്പിച്ച കുന്തീദേവിയോട്, കുന്തീദേവിയുടെ കന്യകാത്വത്തിന് നാശം സംഭവിക്കുകയില്ലെന്ന് വാഗ്ദാനം നൽകുകയാൽ സമ്മതിച്ചു. അപ്രകാരം കുന്തീദേവി ഗർഭിണിയായിത്തീരുകയുകർണന് ജന്മം നൽകുകയും ചെയ്തു. സൂര്യദേവന്റെ അനുഗ്രഹത്താൽ വീണ്ടും കന്യകയായിത്തീർന്ന കുന്തീദേവി, മാതാപിക്കാൾ ഈ കാര്യമറിയുമെന്ന ഭീതിമൂലം നവജാതശിശുവിനെ ( കർണനെ ) ഉപേക്ഷിച്ചു. അതിനു ശേഷംസ്വയംവര വേളയിൽ കുന്തി, പാണ്ഡുവിന് വരണമാല്യമണിയിച്ച് പതിദേവനായി തിരഞ്ഞെടുത്തു. പിൽക്കാലത്ത് മഹാരാജാവ് പാണ്ഡു കുടുംബ ജീവിതത്തിൽ നിന്നും വിരമിക്കുകയും, സന്ന്യാസം സ്വീകരിക്കുകയും ചെയ്തു. അത്തരമൊരു ജീവിതം സ്വീകരിക്കുന്നതിന് മഹാരാജാവ് പാണ്ഡുവിനെ കുന്തീദേവി അനുവദിച്ചില്ല. എന്നാൽ അവസാനം പാണ്ഡു ഉചിതരായ വ്യക്തിത്വങ്ങളിൽ നിന്നും പുത്രന്മാരെ സ്വീകരിച്ച് മാതാവായിത്തീരാൻ കുന്തീദേവിക്ക് അനുവാദം നൽകി. ഭർത്താവിന്റെ ഈ നിർദേശത്തോട് കുന്തീദേവി വിയോജിപ്പ് പ്രകടിപ്പിച്ചുവെങ്കിലും, പരിസ്ഫുടമായ ദൃഷ്ടാന്തങ്ങളുടെ വിവരണം നൽകിക്കൊണ്ട് പാണ്ഡു, തന്റെ നിർദേശത്തെ ന്യായീകരിക്കുകയും, കുന്തീദേവിയെക്കൊണ്ട് സമ്മതിപ്പിക്കുകയും ചെയ്തു. അപ്രകാരം ദുർവാസാവ് മഹർഷി ഉപദേശിച്ച ദിവ്യമന്ത്രത്താൽ കുന്തി, യമരാജനിൽ നിന്നും യുധിഷ്ഠിരനും, വായുദേവനിൽനിന്നും ഭീമനും, ഇന്ദ്രനിൽ നിന്നും അർജുനനും ജന്മം നൽകി. മറ്റു രണ്ടു പുത്രന്മാരായ നകുലനും , സഹദേവനും മാദ്രിയിൽ പാണ്ഡു മഹാരാജാവിന് ജന്മംകൊണ്ടവരായിരുന്നു. പിന്നീട് മഹാരാജാവ് പാണ്ഡുവിന് അകാലമൃത്യു സംഭവിക്കയാൽ ദുഃഖാധിക്യത്താൽ കുന്തി മോഹാലസ്യപ്പെട്ടു. പാണ്ഡുവിന്റെ രണ്ട് സഹപത്നിമാരിൽ ഒരാളായ കുന്തി പ്രായപൂർത്തിയാകാത്ത പുത്രന്മാരുടെ (പാണ്ഡവരുടെ) പരിപാലനത്തിനായി ജീവിക്കണമെന്നും, മാദ്രി 'സതി' അനുഷ്ഠിച്ച് സ്വമേധയാ പതീദേവനോടൊപ്പം ചിതയിൽ പ്രവേശിക്കണമെന്നുമുള്ള തീരുമാനത്തിലെത്തി. തദവസരത്തിൽ അവിടെ സന്നിഹിതരായിരുന്ന ശതസൃംഗനെപ്പോലുള്ള ശ്രേഷ്ഠരായ ഋഷിവര്യന്മാർ അവരുടെ ഈ തീരുമാനത്ത അംഗീകരിക്കുകയും ചെയ്തു. പിൽക്കാലത്ത് ദുര്യോധനന്റെ ഗൂഢ ദുർവൃത്തികളാൽ പാണ്ഡവർ രാജ്യഭ്രഷ്ടരാക്കപ്പെട്ടപ്പോൾ കുന്തി പുത്രന്മാരെ അനുഗമിക്കുകയും, ആ കാലഘട്ടത്തുണ്ടായ എല്ലാ ക്ലേശങ്ങളും തുല്യമായി അനുഭവിക്കുകയും ചെയ്തു. വനവാസക്കാലത്ത്, രാക്ഷസകന്യകയായ ഹിഡിംബ, ഭീമസേനനെ ഭർത്താവായി ലഭിക്കണമെന്ന് ആഗ്രഹിച്ചു. എന്നാൽ ഹിഡിംബയുടെ അപേക്ഷ ഭീമസേനൻ നിരസിച്ചതിനാൽ ഹിഡിംബ കുന്തീദേവിയെയും യുധിഷ്ഠിരനെയും സമീപിച്ച് സങ്കടം ഉണർത്തിച്ചു. അവർ ഹിഡിംബയുടെ അപേക്ഷ സ്വീകരിക്കാനും, അവൾക്കൊരു പുത്രനെ നൽകാനും ഭീമസേനനോട് ആജ്ഞാപിച്ചു. ഭീമസേനന് ഹിഡിംബയിൽ 'ഘടോൽകചൻ ’ എന്നൊരു പുത്രൻ ജന്മമെടുക്കുകയും, അദ്ദേഹം പിതാവായ ഭീമസേനനോടൊപ്പം കൗരവർക്കെതിരായി ധീരമായി പോരാടുകയും ചെയ്തു. പാണ്ഡവരുടെ വനവാസക്കാലത്ത് അവർ ഒരു ബ്രാഹ്മണകുടുംബത്തോടൊപ്പം വസിച്ചിരുന്നു. ബകാസുരൻ കാരണം വിഷമ പ്രതിസന്ധിയിലായ ബ്രാഹ്മണകുടുംബത്തെ രക്ഷിക്കാനായി ബകാസുരനെ വധിക്കാൻ കുന്തി, ഭീമസേനനോട് ആജ്ഞാപിച്ചു. പാഞ്ചാലദേശത്തേക്ക് യാത്രയാവാൻ കുന്തി യുധിഷ്ഠിരനോട് നിർദേശിക്കുകയും, അവിടെവെച്ച് ദ്രൗപദിയെ അർജുനൻ സ്വന്തമാക്കുകയും ചെയ്തു. എന്നാൽ കുന്തിയുടെ ആജ്ഞപ്രകാരം പഞ്ചപാണ്ഡവരും ( തുല്യമായി ) ദ്രൗപദിയുടെ ഭർത്താക്കന്മാരായിത്തീർന്നു. വ്യാസദേവന്റെ സാന്നിധ്യത്തിൽ പാഞ്ചാലി പഞ്ചപാണ്ഡവരെയും വിവാഹം ചെയ്തു. തന്റെ ആദ്യ പുത്രനായ കർണനെ കുന്തി ഒരിക്കലും വിസ്മരിച്ചിരുന്നില്ല. കുരുക്ഷേത്ര യുദ്ധത്തിൽ കർണൻ വധിക്കപ്പെട്ടപ്പോൾ കുന്തീദേവി വിലപിക്കുകയും, മഹാരാജാവ് പാണ്ഡുവിനെ പരിണയിക്കുന്നതിനു മുമ്പ് തനിക്കുണ്ടായ പുത്രനാണ് കർണനെന്ന് പാണ്ഡവരോട് തുറന്നുപറയുകയും ചെയ്തു. കുരുക്ഷേത്ര യുദ്ധത്തിനു ശേഷം ശ്രീകൃഷ്ണ ഭഗവാൻ ദ്വാരകയിലേക്ക് മടങ്ങിപ്പോകുമ്പോൾ, ഭഗവാനോടുള്ള കുന്തീദേവിയുടെ പ്രാർത്ഥനകൾ അതിമനോഹരമായി വിശദീകരിച്ചിട്ടുണ്ട്. അനന്തരം, ഗാന്ധാരിയോടൊപ്പം കഠിന തപശ്ചര്യ അനുഷ്ഠിക്കാൻ കുന്തി വനത്തിലേക്ക് യാത്രയായി. ഓരോ മുപ്പതു ദിവസത്തിനും ശേഷം മാത്രം ഭക്ഷണം കഴിക്കുകയും, ഒടുവിൽ തീവ്രമായ ധ്യാനത്തിൽ ഉപവിഷ്ടയാകുകയും, പിന്നീട് കാട്ടു തീയിൽ വെന്തു വെണ്ണീറാകുകയും ചെയ്തു.


( ശ്രീമദ് ഭാഗവതം 1/13/3-4/ ഭാവാർത്ഥം )


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ

കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ

രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏


ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം


🔆🔆🔆🔆🔆🔆🔆🔆


https://t.me/suddhabhaktimalayalam


വെബ്സൈറ്റ്


🔆🔆🔆🔆🔆🔆🔆🔆


https://suddhabhaktimalayalam.com

ഗാന്ധാരി


ലോകചരിത്രത്തിലെ ഉത്തമ പതിവ്രത. ഗാന്ധാര രാജാവായ സുബലന്റെ പുത്രിയായിരുന്ന ( ഇപ്പോൾ കാബൂളിലെ കാണ്ഡഹാർ ) ഗാന്ധാരി കന്യകാവസ്ഥയിൽ ശിവഭഗവാനെ പൂജിച്ചിരുന്നു. നല്ല ഭർത്താവിനെ ലഭിക്കാനായി ഹിന്ദുക്കളായ കന്യകമാർ സാധാരണയായി ശിവദേവനെ ആരാധിച്ചിരുന്നു. ശിവദേവനെ പ്രസാദിപ്പിച്ച് നൂറു പുത്രന്മാരെ ലഭിക്കാനുള്ള ആശീർവാദം നേടിയ ഗാന്ധാരിയുടെ വിവാഹം അന്ധനായ ധൃതരാഷ്ട്രരോടൊപ്പം നിശ്ചയിക്കപ്പെട്ടിരുന്നു. തന്റെ ഭാവി വരൻ അന്ധനാണെന്ന് അറിഞ്ഞ ഗാന്ധാരി, തന്റെ ജീവിതപങ്കാളിയെ അനുഗമിക്കാൻ സ്വമേധയാ സ്വന്തം കണ്ണുകൾ മൂടിക്കെട്ടി, ശേഷിച്ച ആയുഷ്കാലം മുഴുവൻ അന്ധയായി ജീവിക്കാൻ തീരുമാനിച്ചു. ആകയാൽ, ഗാന്ധാരി പല മടക്കുകളുള്ള ഒരു പട്ടുനൂൽത്തുണികൊണ്ട് സ്വന്തം കണ്ണുകൾ മൂടിക്കെട്ടുകയും, തന്റെ ജ്യേഷ്ഠഭ്രാതാവായ ശകുനിയുടെ നേതൃത്വത്തിൽ ധൃതരാഷ്ട്രരെ വിവാഹം കഴിക്കുകയും ചെയ്തു. ആ കാലഘട്ടത്തിലെ കന്യകമാരിൽ അതിസുന്ദരിയായിരുന്നു ഗാന്ധാരി.  മാത്രവുമല്ല, സ്ത്രൈണഗുണങ്ങളിൽ സർവഗുണസമ്പന്നയുമായിരുന്നു. ആകയാൽ, ഗാന്ധാരി കൗരവ സദസ്സിലെ ഏവരുടെയും പ്രീതിക്ക് പാത്രമാവുമായിരുന്നു. ഗാന്ധാരി സർവവിധ സദ്ഗുണങ്ങളാലും സമ്പന്നയായിരുന്നെങ്കിലും, സ്ത്രീസഹജമായ ചപലതയാൽ കുന്തീദേവി ഒരാൺകുട്ടിയെ പ്രസവിച്ചുവെന്നറിഞ്ഞതു മുതൽ കുന്തീദേവിയോട് അസൂയയുള്ളവളായിത്തീർന്നിരുന്നു. ഇരുവരും ഗർഭിണിയായിരുന്നെങ്കിലും ആദ്യം പ്രസവിച്ചത് കുന്തീദേവിയായിരുന്നു. ആകയാൽ, അപ്രകാരം കോപാകുലയായിത്തീർന്ന ഗാന്ധാരി, സ്വന്തം വയറ്റിൽ മർദിച്ചതിനാൽ ഒരു മാംസ പിണ്ഡത്തെ മാത്രം പ്രസവിക്കാനിടയായി. വ്യാസദേവഭക്തയായ ഗാന്ധാരി, വ്യാസദേവന്റെ നിർദേശമനുസരിച്ച് ആ മാംസപിണ്ഡത്തെ നൂറായി ഛേദിക്കുകയും, ഓരോ ഭാഗവും ക്രമേണ ഓരോ ആൺകുട്ടികളായി വളർച്ച പ്രാപിക്കുകയും ചെയ്തു. അപ്രകാരം നൂറു പുത്രന്മാരുടെ മാതാവാകുകയെന്ന ഗാന്ധാരിയുടെ ആഗ്രഹം സഫലമായിത്തീരുകയും, എല്ലാ പുത്രന്മാരെയും തന്റെ ഉന്നത നിലയ്ക്കനുസരിച്ച് വളർത്തിക്കൊണ്ടുവരുകയും ചെയ്തു. കുരുക്ഷേത്ര യുദ്ധത്തെ സംബന്ധിച്ച ഗൂഢാലോചന പുരോഗമിച്ചുകൊണ്ടിരുന്ന വേളയിൽ പാണ്ഡവരോട് യുദ്ധം ചെയ്യുന്നതിനെ ഗാന്ധാരി അനുകൂലിച്ചിരുന്നില്ലെന്നുമാത്രമല്ല, ഭ്രാതൃഹത്യയ്ക്കു ഹേതുവാകുന്ന അത്തരമൊരു യുദ്ധത്തെ പിന്തുണയ്ക്കുന്നതിൽ തന്റെ പതീദേവനെ കുറ്റപ്പെടുത്തുകയും ചെയ്തു. രാജ്യം രണ്ടായി വിഭജിച്ച്, ഒരു ഭാഗം സ്വപുത്രരായ കൗരവർക്കും, മറ്റേ ഭാഗം പാണ്ഡുപുത്രരായ പാണ്ഡവർക്കും നൽകാൻ ഗാന്ധാരി ആഗ്രഹിച്ചിരുന്നു. കുരുക്ഷേത്ര യുദ്ധത്തിൽ തന്റെ എല്ലാ മക്കളും വധിക്കപ്പെട്ടപ്പോൾ അത്യധികം ബാധിക്കപ്പെട്ട ഗാന്ധാരി ദുഃഖാധിക്യത്താൽ ഭീമസേനനെയും യുധിഷ്ഠിരനെയും ശപിക്കാൻ ഒരുങ്ങിയപ്പോൾ വ്യാസദേവൻ, ഗാന്ധാരിയെ അതിൽനിന്നും തടയുകയും, സാന്ത്വനിപ്പിക്കുകയും ചെയ്തു. ദുര്യോധനന്റെയും ദുശ്ശാസനന്റെയും മൃത്യുവിൽ ശ്രീകൃഷ്ണ സമക്ഷം വിലപിച്ച ഗാന്ധാരിയുടെ അവസ്ഥ അത്യന്തം ദയനീയമായിരുന്നു. ഭഗവാൻ ശ്രീകൃഷ്ണൻ അതീന്ദ്രിയ സന്ദേശങ്ങൾ ഉപദേശിച്ച് ഗാന്ധാരിയെ സാന്ത്വനിപ്പിച്ചു. കർണന്റെ മൃത്യുവിലും ഗാന്ധാരി തുല്യദുഃഖിതയായിരുന്നു. കർണപത്നിയുടെ കർണകഠോരമായ വിലാപത്തെക്കുറിച്ച് ദുഃഖ ഭാരത്തോടെ ഗാന്ധാരി ശ്രീകൃഷ്ണ ഭഗവാന് വിശദമാക്കിക്കൊടുത്തു. പുത്രരുടെ മൃതദേഹം വ്യാസദേവന് വേദനയോടെ കാട്ടിക്കൊടുത്ത ഗാന്ധാരിയെ വ്യാസദേവൻ സാന്ത്വനിപ്പിച്ചു. വ്യാസദേവൻ അവരെ സ്വർഗത്തിലേക്കയക്കുകയും ചെയ്തു. ഗംഗയുടെ ഉത്ഭവസ്ഥാനമായ ഹിമാലയ പർവതത്തിലെ വനത്തിൽ തന്റെ പതീദേവനോടൊപ്പം ഗാന്ധാരി കാട്ടുതീയിൽപ്പെട്ട് മൃത്യു വരിച്ചു. തന്റെ പേരപ്പന്റെയും പേരമ്മയുടെയും മരണാനന്തര സംസ്കാരകർമങ്ങൾ മഹാരാജാവ് യുധിഷ്ഠിരൻ നിർവഹിച്ചു.


( ശ്രീമദ്‌ ഭാഗവതം 1/13/3-4/ഭാവാർത്ഥം )


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ

കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ

രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏


ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം


🔆🔆🔆🔆🔆🔆🔆🔆


https://t.me/suddhabhaktimalayalam


വെബ്സൈറ്റ്


🔆🔆🔆🔆🔆🔆🔆🔆


https://suddhabhaktimalayalam.com

വിദുരർ

 


മഹാഭാരതചരിത്രത്തിലെ ശ്രദ്ധേയരായ വ്യക്തികളിൽ ഒരാൾ. മഹാരാജാവ് പാണ്ഡുവിന്റെ മാതാവായ അംബികയുടെ പരിചാരിക വ്യാസദേവനാൽ വിദുരരെ ഗർഭം ധരിച്ചു. അദ്ദേഹം യമ രാജാവിന്റെ അവതാരമായിരുന്നു. മണ്ഡൂക മുനിയുടെ ശാപത്താൽ അദ്ദേഹത്തിന് ഒരു ശൂദ്രനായി ജന്മമെടുക്കേണ്ടിവന്നു. കഥ ഇപ്രകാരമാണ്. ഒരിക്കൽ രാജഭടന്മാർ മണ്ഡൂക മുനിയുടെ പർണശാലയിൽ ഒളിച്ചിരുന്ന കുറച്ചു കള്ളന്മാരെ പിടികൂടി. പതിവുപോലെ അവർ എല്ലാ കള്ളന്മാരെയും മണ്ഡൂക മുനിയോടൊപ്പം പിടികൂടി ന്യായാധിപന്റെ മുന്നിലെത്തിച്ചു. ന്യായാധിപൻ മുനിയെ കുന്തം കൊണ്ട് കുത്തിക്കൊല്ലാൻ പ്രത്യേക ഉത്തരവിട്ടു. ശിക്ഷ നടപ്പാക്കുന്നതിനു തൊട്ടുമുമ്പ് ഈ വാർത്ത രാജാവിന്റെ കാതുകളിലെത്തുകയും, മഹാനായ മുനിയെന്ന പരിഗണനയാൽ അദ്ദേഹത്തിന്റെ വധശിക്ഷ ഉടനെ റദ്ദാക്കുകയും, തന്റെ ഉദ്യോഗസ്ഥർ ചെയ്ത തെറ്റിന് രാജാവ് സ്വയം മുനിയോട് ക്ഷമ യാചിക്കുകയും ചെയ്തു. മുനി ഉടൻ തന്നെ ജീവാത്മാക്കളുടെ വിധി നിർണയിക്കുന്ന യമരാജാവിന്റെ പക്കൽ പോകുകയും, അപരാധമൊന്നും പ്രവർത്തിക്കാത്ത അദ്ദേഹത്തെ അത്തരമൊരു വിഷമസ്ഥിതിയിൽ അകപ്പെടുത്തിയതിനു കാരണമാരായുകയും ചെയ്തു. മുനിയുടെ ചോദ്യം ശ്രവിച്ച യമരാജൻ, കുട്ടിക്കാലത്ത് മുനി ഒരു ഉറുമ്പിനെ കൂർത്ത വയ്ക്കോൽ കൊണ്ട് നോവിച്ചിരുന്നുവെന്നും, ആയതിനാലാണ് മുനിയെ പ്രയാസങ്ങളിൽ അകപ്പെടുത്തിയതെന്നും പ്രതിവചിച്ചു. തന്റെ കുട്ടിക്കാലത്തെ നിഷ്കപടമായ കുസൃതിക്ക് യമരാജൻ ശിക്ഷിച്ചത്, യമരാജന്റെ ഭാഗത്തു നിന്നുണ്ടായ അവിവേകമാണെന്ന് തെറ്റിദ്ധരിക്കുകയും, ഒരു ശൂദ്രനായി ജനിക്കാൻ ഇടയാവട്ടെയെന്ന് ശപിക്കുകയും ചെയ്തു. യമരാജാവിന്റെ ഈ ശുദ്രാവതാരമാണ് ധൃതരാഷ്ട്രരുടെയും മഹാരാജാവ് പാണ്ഡുവിന്റെയും സഹോദരൻ വിദൂൻ. എന്നാൽ, കുരുവംശത്തിന്റെ ഈ ശൂദ്രപുതനെയും ഭീഷ്മദേവൻ മറ്റ് ഭാഗിനേയന്മാർക്ക് തുല്യനായി കരുതി പെരുമാറിയിരുന്നു. കാലക്രമേണ വിദുരർ ഒരു ബ്രാഹ്മണന് ശൂദ്രാണിയിൽ ജനിച്ച യുവതിയെ വിവാഹം ചെയ്തു. ഭീഷ്മഭ്രാതാവായ സ്വപിതാവിൽനിന്നും അദ്ദേഹത്തിന് അന്തരാവകാശമായി പിതൃസ്വത്തുക്കളൊന്നും ലഭിച്ചില്ല. എന്നിട്ടും, അഗ്രജനായ ധൃതരാഷ്ട്രർ അദ്ദേഹത്തിന് ഭൂമിയും സമ്പത്തും നൽകിയിരുന്നു. രാജാവായ ധൃതരാഷ്ട്രരോട് വിദുരർക്ക് അഗാധമായ സ്നേഹമുണ്ടായിരുന്നു. ജീവിതത്തിലുടനീളം ധൃതരാഷ്ട്രർക്ക് മാർഗനിർദേശം നൽകി നേർവഴിക്ക് നടത്താൻ അദ്ദേഹം പരിശ്രമിച്ചിരുന്നു. ഭ്രാതാക്കൾ തമ്മിലുള്ള കുരുക്ഷേത്ര യുദ്ധ വേളയിൽ പാണ്ഡുപുത്രരോട് നീതി കാണിക്കണമെന്ന് വിദൂരൻ തന്റെ ജ്യേഷ്ഠഭ്രാതാവിനോട് സവിനയം ആവർത്തിച്ച് യാചിച്ചു. എന്നാൽ ദുര്യോധനന് ചിറ്റപ്പന്റെ ഈ അനാവശ്യ ഇടപെടൽ ഇഷ്ടപ്പെട്ടില്ല. ആകയാൽ, ദുര്യോധനൻ പ്രത്യക്ഷത്തിൽത്തന്നെ വിദുരരെ അപമാനിച്ചു. ഇതിന്റെ ഫലമായി വിദുരർ കൊട്ടാരമുപേക്ഷിക്കുകയും, മൈത്രേയമുനിയിൽനിന്നും നിർദേശങ്ങൾ സ്വീകരിച്ച് തീർത്ഥാടനത്തിന് യാത്രയാകുകയും ചെയ്തു.


( ശ്രീമദ് ഭാഗവതം 1/13/1/ഭാവാർത്ഥം )


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ

കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ

രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏


ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം


🔆🔆🔆🔆🔆🔆🔆🔆


https://t.me/suddhabhaktimalayalam


വെബ്സൈറ്റ്


🔆🔆🔆🔆🔆🔆🔆🔆


https://suddhabhaktimalayalam.com