Home

Friday, January 13, 2023

ശ്രദ്ധാലുവായിരിക്കുക, ദുരുപയോഗം ചെയ്യരുത്

 



മുകളിൽ പ്രസ്താവിച്ചപോലെ, വിശ്വസൃഷ്ടി ഭഗവാന്റെ സ്വത്താകുന്നു. ഈശോപനിഷത്തിന്റെ അടിസ്ഥാന തത്ത്വശാസ്ത്രം: സർവതും പരമസത്തയുടെ സ്വത്താകുന്നു. പരമപുരുഷനായ ഭഗവാന്റെ സ്വത്തുവകകളിലൊന്നിലും ആരും അതിക്രമിച്ചു കടക്കരുത്. അദ്ദേഹത്താൽ കൃപാപുരസ്സരം സമ്മാനിക്കപ്പെടുന്നതു മാത്രം സ്വീകരിക്കണം. ഭൂമിയും, മറ്റ് ഗ്രഹങ്ങളും, പ്രപഞ്ചവുമെല്ലാം ഭഗവാന്റെ അവിഭാജ്യ ഘടകങ്ങളാകുന്നു.ഓരോരുത്തർക്കും ഭഗവദ്കൃപയാൽ അവരുടേതായ നിർദിഷ്ട കർമങ്ങൾ അനുഷ്ഠിക്കാനുള്ള അവകാശമുണ്ട്. ആയതിനാൽ ആർക്കും തന്നെ മറ്റൊരാളുടെ, അല്ലെങ്കിൽ മറ്റൊരു മൃഗത്തിന്റെ അവകാശത്തിന്മേൽ, ഭഗവാനാൽ അനുവദിക്കപ്പെടാത്തപക്ഷം കൈകടത്താനുള്ള അവകാശമില്ല. ഭഗവദേച്ഛയാൽ ഭരണത്തിന്റെ മേൽനോട്ടം വഹിക്കുന്നവരാണ് രാജാക്കന്മാർ, ആകയാൽ, അവർ നിശ്ചയമായും മഹാരാജാവ് യുധിഷ്ഠിരനെപ്പോലെയോ, അല്ലെങ്കിൽ പരീക്ഷിത്ത് മഹാരാജാവിനെപ്പോലെയോ ഭഗവദ്പ്രതിനിധികളായിരിക്കണം. അവ്വണ്ണമുള്ള രാജാക്കന്മാർക്ക് പ്രപഞ്ചത്തിന്റെ ഭരണത്തെ സംബന്ധിച്ച പൂർണ ജ്ഞാനവും ഉത്തരവാദിത്വവും പ്രാമാണികന്മാരിൽനിന്നും നിർദേശിക്കപ്പെട്ടിട്ടുണ്ടായിരിക്കും. അത്യന്തം നീച ഭൗതിക ഗുണമായ ഭൗതികപ്രകൃതിയുടെ തമോഗുണത്തിന്റെ സ്വാധീനത്താൽ, കാലാകാലങ്ങളിൽ യാതൊരു ജ്ഞാനവും ഉത്തരവാദിത്വവുമില്ലാത്ത രാജാക്കന്മാരും ഭരണാധിപന്മാരും അധികാരത്തിൽ വരുന്നുവെന്നുമാത്രമല്ല, അത്തരം വിഡ്ഢികളായ രാജാക്കന്മാർ സ്വതാത്പര്യാർത്ഥം മൃഗങ്ങളെപ്പോലെ ജീവിക്കുകയും ചെയ്യുന്നു. തൽഫലമായി രാജ്യത്തിലുടനീളം അരാജകത്വവും ദുരാചാരവും നിറയുന്നു. സ്വജനപക്ഷപാതം, കൈക്കൂലി, വഞ്ചന, അക്രമം, അനന്തരഫലമായുളവാകുന്ന ക്ഷാമം, മഹാമാരി, യുദ്ധം കൂടാതെ അതേപോലുള്ള മറ്റ് സംഭ്രാന്തിജനകമായ അവസ്ഥകൾ മനുഷ്യസമൂഹത്തിൽ പ്രബലമായിത്തീരുന്നു. അനന്തരം, ഭഗവദ്ഭക്തർ, അല്ലെങ്കിൽ ഈശ്വരവിശ്വാസികൾ എല്ലാ തരത്തിലും വധിക്കപ്പെടുന്നു. ഈ ലക്ഷണങ്ങളൊക്കെത്തന്നെ ധർമസംസ്ഥാപനത്തിനും, അധർമവിനാശനത്തിനും, ദുർഭരണത്തെ സമൂലം നശിപ്പിക്കാനുമായുളള ഭഗവദ് അവതാരകാലഘട്ടത്തിന്റെ ലക്ഷണങ്ങളാണെന്ന് ഭഗവദ്ഗീതയിൽ സ്ഥിരീകരിച്ചിരിക്കുന്നു.


ഭൗതിക ഗുണങ്ങളുടെ കലർപ്പില്ലാതെ ഭഗവാൻ അദ്ദേഹത്തിന്റെ അതീന്ദ്രിയ രൂപത്തിൽ അവതരിക്കുന്നു. തന്റെ സൃഷ്ടിയെ സാധാരണനിലയിൽ നിലനിർത്താൻ മാത്രമാണ് ഭഗവാൻ അവതരിക്കുന്നത്. അന്തർജാതമായ എല്ലാ ജീവികൾക്കും ആവശ്യമായ എല്ലാ വിഭവങ്ങളും ഭഗവാൻ ഓരോ ഗ്രഹങ്ങളിലും ഒരുക്കികൊടുത്തിരിക്കുന്നു. ധർമശാസ്ത്രങ്ങളിൽ സൂചിപ്പിച്ചിരിക്കുന്ന നിർദിഷ്ട തത്ത്വങ്ങൾക്ക് വിധേയമായി അവ സന്തോഷപൂർവം ജീവിക്കുകയും, അവരുടെ പൂർവവിധിയനുസരിച്ചുളള നിയത കർമങ്ങളിൽ ഏർപ്പെട്ട് മോക്ഷപ്രാപ്തിക്കായി ശ്രമിക്കുകയാണ് വേണ്ടത്. കുസൃതിക്കുട്ടന്മാർക്ക് ആട്ടുതൊട്ടിൽ ഒരുക്കിക്കൊടുക്കുന്നതുപോലെ, നിത്യ - ബന്ധരുടെ അഥവാ നിത്യബദ്ധാത്മാക്കളുടെ ചാപല്യങ്ങൾ പൂർത്തീകരിക്കാനായിട്ടാണ് ഭൗതിക ലോകം സൃഷ്ടിക്കപ്പെട്ടത്. അല്ലാത്തപക്ഷം, ഭൗതിക ലോകത്തിന്റെ യാതൊരു ആവശ്യവുമില്ല. എന്നാൽ, എപ്പോൾ അവർ ആദിഭൗതികശാസ്ത്രത്തിന്റെ ശക്തിയിൽ മദോന്മത്തരാകുന്നു, അപ്പോൾ അവർ പ്രകൃതിവിഭവങ്ങളെ ഭഗവാന്റെ അനുമതിയില്ലാതെ, നിയമലംഘനം വഴി അതിക്രമിച്ച് ഇന്ദ്രിയാസ്വാദനത്തിനായി മാത്രം ചൂഷണം ചെയ്യുന്നു. ആയതിനാൽ, കലഹമുണ്ടാക്കുന്നവരെ കഠിനമായി ശാസിക്കാനും, ശിക്ഷിക്കാനും, ഭക്തരെ സംരക്ഷിക്കാനും ഭഗവദ് അവതാരം അത്യന്താപേക്ഷിതമാകുന്നു.


ഭഗവാൻ അവതരിക്കുമ്പോൾ, അദ്ദേഹം തന്റെ പരമാധികാരത്തെ പ്രകടമാക്കാനായി അതിമാനുഷിക കൃത്യങ്ങൾ നിർവഹിക്കുകയും, അങ്ങനെ രാവണൻ, ഹിരണ്യകശിപു, കംസൻ തുടങ്ങിയ ഭൗതികവാദികൾ ഉചിതമായി ശിക്ഷിക്കപ്പെടുകയും ചെയ്യുന്നു. ആർക്കും അനുകരിക്കാൻ സാധ്യമല്ലാത്ത വിധത്തിലാണ് അദ്ദേഹം കർമനിർവഹണം നടത്തുന്നത്. ദൃഷ്ടാന്തമായി, ഭഗവാൻ രാമനായി അവതരിച്ചപ്പോൾ ഇന്ത്യൻ മഹാസമുദ്രത്തിനു കുറുകെപാലം പണിതു. അദ്ദേഹം കൃഷ്ണനായി അവതരിച്ചപ്പോൾ പൂതന, അഘാസുരൻ, ശകടാസുരൻ, കാളിയൻ, തുടങ്ങിയവരെ ശിശുവായിരിക്കുമ്പോഴും, ബാലനായിരിക്കുമ്പോഴും വധിച്ച അതിമാനുഷിക കൃത്യങ്ങൾ പ്രദർശിപ്പിച്ചു. അദ്ദേഹം ദ്വാരകയിലായിരുന്നപ്പോൾ 16,108 രാജ്ഞിമാരെ വിവാഹം ചെയ്യുകയും, അവർക്കെല്ലാം മതിയായ പുത്രന്മാരെ നൽകി അനുഗ്രഹിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ സ്വന്തം കുടുംബാംഗങ്ങൾ മാത്രം ഏകദേശം 100,000-ത്തോളം ഉണ്ടായിരുന്നു. അവരെല്ലാവരും “യദുവംശജർ' എന്ന് സാമാന്യേന അറിയപ്പെടുകയും ചെയ്തുവെന്നു മാത്രമല്ല, ഭഗവാന്റെ കാലഘട്ടത്തിൽത്തന്നെ അദ്ദേഹം അവരെയെല്ലാവരെയും വീണ്ടും സമൂലം നശിപ്പിക്കുകയും ചെയ്തു. ഏഴാം വയസ്സിൽ ഗോവർദ്ധന പർവതമെടുത്തുയർത്തുകയാൽ അദ്ദേഹം "ഗോവർദ്ധനധാരി ഹരി' എന്ന നാമധേയത്തിലും പ്രശസ്തനായി. അദ്ദേഹത്തിന്റെ കാലത്ത് ഭഗവാൻ അനേകം അനഭിലഷണീയരായ രാജാക്കന്മാരെ വധിച്ചുവെന്നുമാത്രമല്ല, ഒരു ക്ഷത്രിയനാകയാൽ ധീരോദാത്തമായി പോരാടുകയും ചെയ്തു. 'അസമോർധ്വ' - സമാനതകളില്ലാത്തവൻ എന്ന് പുകഴ്പ്പെറ്റവനാകുന്നു അദ്ദേഹം. അദ്ദേഹത്തിനു തുല്യനായോ, അല്ലെങ്കിൽ അദ്ദേഹത്തിനുപരിയായോ ആരുംതന്നെയില്ല. അതുകൊണ്ട് അദ്ദേഹം 'അസമൗർധൻ' (തുല്യമായി മറ്റാരുമില്ലാത്തവൻ) എന്ന യശസ്സിന് അർഹനായി.


( ശ്രീമദ് ഭാഗവതം 1/10 /25/ഭാവാർത്ഥം )


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ

കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ

രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏


ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆

https://t.me/suddhabhaktimalayalam

വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆

https://www.suddhabhaktimalayalam.com

No comments:

Post a Comment