അധ്യായം 02
ക്ഷീരസാഗര മധ്യത്തിൽ, പതിനായിരം യോജന, അഥവാ എൺപതിനായിരം മൈൽ ഉയരമുളള അതിമനോഹരമായ ഒരു പർവതമുണ്ട്. ഈ പർവതം ത്രികൂടം എന്ന പേരിൽ അറിയപ്പെടുന്നു. ത്രികൂടത്തിന്റെ ഒരു താഴ് വരയിൽ വരുണനാൽ നിർമിക്കപ്പെട്ട ഋതുമത് എന്ന അതിമനോഹരമായ ഒരുദ്യാനവും, ആ പ്രദേശത്തായി അത്യന്തം സുന്ദരമായ ഒരു തടാകവുമുണ്ട്. ഒരിക്കൽ ഗജേന്ദ്രൻ പിടിയാനകളുമൊത്ത് ഈ തടാകത്തിൽ സ്നാനം ചെയ്യാനിറങ്ങി. നീരാട്ടിനിടയിൽ അവ തടാകത്തിലെ ജലജീവികൾക്ക് ഉപദ്രവമുണ്ടാക്കി. അതുമൂലം, ആ തടാകത്തിലെ മുഖ്യജീവിയും അതിശക്തനുമായിരുന്ന ഒരു മുതല പെട്ടെന്ന് ഗജേന്ദ്രന്റെ കാലിൽ ആക്രമിച്ചു. അങ്ങനെ അവിടെ ആനയും, മുതലയും തമ്മിൽ അതിഘോരമായ പോരാട്ടം നടന്നു. പോരാട്ടം ആയിരം വർഷം നീണ്ടിട്ടും ആനയോ മുതലയോ ചത്തില്ല. എങ്കിലും ഏറ്റുമുട്ടൽ ജലത്തിലായതിനാൽ, ആനയുടെ ശക്തി ക്രമേണ കുറഞ്ഞു വരികയും മുതലയുടെ ശക്തി കൂടുതൽ കൂടുതൽ വർദ്ധിച്ചു വരികയും ചെയ്തു. അങ്ങനെ മുതല കൂടുതൽ കൂടുതൽ ഉത്തേജിതനായി. രക്ഷപ്പെടാൻ മറ്റൊരു മാർഗവുമില്ലെന്നു കണ്ട് നിസ്സഹായനായ ആന ഒടുവിൽ സംരക്ഷണത്തിനു വേണ്ടി പരമദിവ്യോത്തമപുരുഷനായ ഭഗവാന്റെ പാദപങ്കജങ്ങളിൽ ശരണം പ്രാപിച്ചു.
ഗജേന്ദ്രശരണാഗതി / അധ്യായം 03
ഈ അധ്യായത്തിൽ ആനകളുടെ രാജാവായ, ഗജേന്ദ്രന്റെ പ്രാർത്ഥനകൾ വിവരിച്ചിരിക്കുന്നു. ഗജേന്ദ്രൻ മുമ്പ് ഇന്ദ്രദ്യുമ്നൻ എന്ന മനുഷ്യനായിരുന്നുവെന്നും, അവൻ പരമോന്നതനായ ഭഗവാനോടുളള ഒരു പ്രാർത്ഥന പഠിച്ചിരുന്നുവെന്നും കാണപ്പെടുന്നു. ഭാഗ്യത്തിന് അവനാ പ്രാർത്ഥന സ്മരിക്കുകയും അത് സ്വയം ജപിക്കാൻ ആരംഭിക്കുകയും ചെയ്തു. അവൻ ആദ്യം തന്നെ പരമദിവ്യോത്തമപുരുഷനായ ഭഗവാന് തന്റെ സാദരപ്രണാമങ്ങൾ അർപ്പിക്കുകയും, മുതലയാൽ പിടികൂടപ്പെട്ടിരിക്കുന്ന വിഷമാവസ്ഥ മൂലം പ്രാർത്ഥന ഉചിതമായി ചൊല്ലാനുളള കഴിവില്ലായ്മ പ്രകടിപ്പിക്കുകയും ചെയ്തു. എന്നിരുന്നാലും, താഴെ പറയും വിധം അവനാ മന്ത്രം ജപിക്കുവാൻ ശ്രമിക്കുകയും, ഉചിതമായ വാക്കുകളാൽ സ്വയം പ്രകടിപ്പിക്കുകയും ചെയ്തു.
"എല്ലാം ഏതു ആദിമ വ്യക്തിയിൽ നിന്നാണോ ഉത്ഭവിച്ചത്, ആ പരമദിവ്യോത്തമപുരുഷൻ ഭഗവാൻ സർവ കാരണങ്ങളുടെയും കാരണമാകുന്നു. അവിടന്നാണ് ഈ പ്രത്യക്ഷ പ്രപഞ്ചത്തിന്റെ മൂല കാരണം. പ്രപഞ്ചം മുഴുവൻ വിശ്രമിക്കുന്നതും അദ്ദേഹത്തിലാണ് എങ്കിലും, ഭൗതിക ലോകവുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളും ഭഗവാൻ തന്റെ ബാഹ്യശക്തിയാൽ നിർവഹിക്കുന്നതിനാൽ അദ്ദേഹം അതീന്ദ്രിയനാണ്. അവിടന്ന് ആദ്ധ്യാത്മികലോകത്തിൽ ശാശ്വതമായി സ്ഥിതിചെയ്യുന്നു - വൈകുണ്ഠത്തിൽ, അഥവാ ഗോലോക വൃന്ദാവനത്തിൽ. അവിടെ അദ്ദേഹം സദാ തന്റെ ശാശ്വതമായ ലീലകളിൽ മുഴുകിയിരിക്കുന്നു. ഭൗതികലോകം, ഭഗവാന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന അദ്ദേഹത്തിന്റെ ബാഹ്യശക്തിയുടെ, അഥവാ ഭൗതികപ്രകൃതിയുടെ ഒരുൽപന്നമാണ്. അപ്രകാരമാണ് സൃഷ്ടി, സ്ഥിതി, സംഹാരങ്ങൾ നടക്കുന്നത്. ഭഗവാൻ എല്ലായ്പ്പോഴും നിലനിൽക്കുന്നു. ഒരഭക്തന് ഇത് ഗ്രഹിക്കുക അത്യന്തം ദുഷ്കരമാണ്. അതീന്ദ്രിയനായ പരമദിവ്യോത്തമപുരുഷൻ ഭഗവാൻ എല്ലാവർക്കും ഇന്ദ്രിയഗോചരനാണെങ്കിലും നിർമലരായ ഭക്തന്മാർക്കു മാത്രമേ അദ്ദേഹത്തിന്റെ സാന്നിദ്ധ്യവും കർമങ്ങളും അനുഭവവേദ്യമാവുകയുളളൂ. പരമ ദിവ്യോത്തമപുരുഷനായ ഭഗവാൻ ഭൗതികമായ ജനനം, മരണം, വാർദ്ധക്യം, രോഗം ഇവകളിൽ നിന്ന് സമ്പൂർണമായും മുക്തനാണ്. തീർച്ചയായും, ഈ ഭൗതികലോകത്തിൽ ഒരുവൻ അദ്ദേഹത്തെ ശരണം പ്രാപിക്കുന്നപക്ഷം അവനും അതേ അതീന്ദ്രിയ തലത്തിൽ സ്ഥിതിചെയ്യുന്നു. ഭക്തന്മാരുടെ സംതൃപ്തിക്കു വേണ്ടി (പരിത്രാണായ സാധൂനാം) ഭഗവാൻ പ്രത്യക്ഷനാവുകയും തന്റെ കർമങ്ങൾ പ്രകടിപ്പിക്കുകയും ചെയ്യുന്നു. അദ്ദേഹത്തിന്റെ ആവിർഭാവവും തിരോഭാവവും ഇതര ലീലകളും ഒട്ടും തന്നെ ഭൗതികമല്ല. ഈ രഹസ്യമറിയുന്ന ഒരാൾക്ക് ഭഗവദ് സാമ്രാജ്യത്തിൽ പ്രവേശിക്കുവാൻ കഴിയും. ഭഗവാനിൽ എല്ലാ വിപരീത ഘടകങ്ങളും ക്രമപ്പെടുത്തിയിരിക്കുന്നു. ഭഗവാൻ എല്ലാവരുടെയും ഹൃദയത്തിൽ സ്ഥിതി ചെയ്യുന്നു. അവിടന്ന് എല്ലാത്തിന്റെയും നിയന്താവാണ്, എല്ലാ കർമങ്ങളുടെയും സാക്ഷിയാണ്, എല്ലാ ജീവസത്തകളുടെയും യഥാർത്ഥ പ്രഭവവുമാണ്. തീർച്ചയായും എല്ലാ ജീവസത്തകളും അവിടത്തെ അംശമാണ്, കാരണം, അവിടന്ന് ഈ ഭൗതികലോകത്തിലെ എല്ലാ ജീവസത്തകളുടെയും സ്രോതസ്സായ മഹാവിഷ്ണുവിന്റെ മൂലമാണ്. ഭഗവാന് അവിടത്തെ കാരുണ്യത്താൽ പ്രവർത്തിക്കുവാനും ഭൗതിക ഫലങ്ങൾ ഉണ്ടാക്കുവാനും കഴിയുന്ന നമ്മുടെ ഇന്ദ്രിയങ്ങളുടെ കർമങ്ങൾ നിരീക്ഷിക്കുവാൻ സാധിക്കും. ഭഗവാൻ എല്ലാത്തിന്റെയും മൂല സ്രോതസ്സാണെങ്കിലും അദ്ദേഹത്തിന്റെ ഉപോല്പന്നങ്ങളൊന്നും അദ്ദേഹത്തെ സ്പർശിക്കുന്നില്ല. അപ്രകാരം, ആഭരണങ്ങളിലുളള സ്വർണത്തിന്റെ സ്രോതസ്സാണെങ്കിലും ആഭരണങ്ങളിൽ നിന്ന് വിഭിന്നമായിരിക്കുന്ന ഒരു സ്വർണഖനിയെപ്പോലെയാണ് അദ്ദേഹം. ഭഗവാൻ, പഞ്ചരാത്രങ്ങളിൽ വിവരിച്ചിട്ടുളള സമ്പ്രദായമനുസരിച്ച് ആരാധിക്കപ്പെടുന്നു. നമ്മുടെ ജ്ഞാനത്തിന്റെ പ്രഭവമായ അദ്ദേഹത്തിന് നമുക്ക് മോചനം നൽകാൻ കഴിയും. ആയതിനാൽ ഭക്തന്മാരുടെ, പ്രത്യേകിച്ച് ആദ്ധ്യാത്മികഗുരുവിന്റെ ഉപദേശങ്ങളനുസരിച്ച് ഭഗവാനെ അറിയുകയെന്നത് നമ്മുടെ ചുമതലയാണ്. നമ്മളെ സംബന്ധിച്ച്, സത്ത്വഗുണം മറയ്ക്കപ്പെട്ടാൽപോലും സാധുക്കളുടേയും ആദ്ധ്യാത്മികഗുരുവിന്റെയും ഉപദേശങ്ങൾ പിന്തുടരുന്നതിലൂടെ നമുക്ക് ഭൗതിക കുരുക്കുകളിൽ നിന്ന് മോചിതരാകാൻ കഴിയും.
“പരമദിവോത്തമപുരുഷനായ ഭഗവാന്റെ സ്വയം പ്രകാശിത ഭൗതികരൂപം അഭക്തരാൽ ആരാധിക്കപ്പെടുന്നു, ആദ്ധ്യാത്മിക ജ്ഞാനത്തിൽ ഔന്നത്യമാർജിച്ചവർ അദ്ദേഹത്തിന്റെ അവ്യക്തിഗത രൂപത്തെ ആരാധിക്കുന്നു, യോഗികൾ അദ്ദേഹത്തിന്റെ പ്രാന്തീയമായ പരമാത്മഭാവത്തെ മതിക്കുന്നു. പക്ഷേ ഒരു വ്യക്തിയെന്ന നിലയിലുളള അദ്ദേഹത്തിന്റെ യഥാർത്ഥ രൂപം ഭക്തന്മാർ മാത്രം അറിയുന്നു. ആ പരമദിവ്യോത്തമപുരുഷനായ ഭഗവാൻ അദ്ദേഹത്തിന്റെ ഭഗവദ്ഗീതോപദേശങ്ങളിലൂടെ ബദ്ധാത്മാവിന്റെ അന്ധകാരത്തെ തുരത്താൻ പ്രാപ്തനാണ്. അദ്ദേഹം അതീന്ദ്രിയ ഗുണങ്ങളുടെ സമുദ്രവും, ജീവിതത്തിന്റെ ശാരീരിക സങ്കൽപത്തിൽ നിന്ന് സ്വതന്ത്രരായ, മുക്തരായ വ്യക്തികൾക്കു മാത്രം അറിയാൻ കഴിയുന്നവനുമാണ്. ഭഗവാന്, അദ്ദേഹത്തിന്റെ അഹൈതുകമായ കാരുണ്യത്താൽ ബദ്ധാത്മാവിനെ ഭൗതിക ബന്ധനങ്ങളിൽ നിന്ന് രക്ഷിക്കുവാനും, തന്റെ സഹചാരിയായി സ്വഗൃഹത്തിലേക്ക്, ഭഗവദ് ധാമത്തിലേക്ക് തിരികെ കൂട്ടിക്കൊണ്ട് പോകുവാനും സാധിക്കും. എന്നിരുന്നാലും ഒരു പരിശുദ്ധ ഭക്തൻ ഭഗവത് ധാമത്തിലേക്ക് മടങ്ങിപ്പോകാൻ ആഗ്രഹിക്കുന്നില്ല; അവൻ ഭൗതിക ലോകത്തിലെ അവന്റെ സേവന നിർവഹണം കൊണ്ടു മാത്രം സംതൃപ്തനാകുന്നു. ഒരു പരിശുദ്ധ ഭക്തൻ പരമദിവ്യോത്തമപുരുഷനായ ഭഗവാനോട് ഒന്നും തന്നെ ആവശ്യപ്പെടുകയില്ല. ജീവിതത്തിന്റെ ഭൗതിക സങ്കൽപത്തിൽ നിന്ന് മുക്തനാക്കണമെന്നും, ഭഗവാന്റെ അതീന്ദ്രിയ പ്രേമസേവനത്തിൽ മുഴുകാൻ കഴിയണമെന്നും മാത്രമാണ് അവന്റെ പ്രാർത്ഥന."
ഈ രീതിയിൽ, ഗജേന്ദ്രൻ അദ്ദേഹത്തെ ഏതെങ്കിലുമൊരു ദേവനെന്ന് തെറ്റിദ്ധരിക്കാതെ പരമദിവ്യോത്തമപുരുഷനായ ഭഗവാന് നേരിൽ പ്രാർത്ഥനകളർപ്പിച്ചു. ഒരു ദേവനും അവനെ കാണാൻ വന്നില്ല, ബ്രഹ്മാവോ ശിവനോ പോലും. മറിച്ച്, പരമദിവ്യോത്തമപുരുഷനായ ഭഗവാൻ നാരായണൻ ഗരുഡന്റെ മുകളിലേറി നേരിൽ അവന്റെ മുന്നിലെത്തി. ഗജേന്ദ്രൻ തുമ്പിക്കൈ ഉയർത്തി ഭഗവാന് പ്രണാമങ്ങളർപ്പിച്ചു. ഭഗവാൻ ഉടൻ തന്നെ അവന്റെ കാലിൽ പിടികൂടിയിരുന്ന മുതലയോടൊപ്പം അവനെ ജലത്തിൽ നിന്നു വലിച്ചു കയറ്റി മുതലയെ വധിച്ച് അവനെ രക്ഷിച്ചു.
ഗജേന്ദ്രൻ ആദ്ധ്യാത്മിക ലോകത്തിലേക്ക് മടങ്ങുന്നു
/ അധ്യായം 4
ഈ നാലാം അധ്യായം, ഗജേന്ദ്രന്റെയും മുതലയുടെയും പൂർവജന്മങ്ങൾ വിസ്തരിക്കുന്നു. മുതല ഒരു ഗന്ധർവൻ ആയിത്തീർന്നതും, ഗജേന്ദ്രൻ പരമദിവ്യോത്തമപുരുഷൻ ഭഗവാന്റെ സഹവാസിയായിത്തീർന്നതും എങ്ങനെയെന്ന് ഇവിടെ പറയുന്നു.
ഗന്ധർവലോകത്തിൽ ഹൂഹൂ എന്നുപേരുളള ഒരു രാജാവുണ്ടായിരുന്നു. ഒരിക്കൽ ഈ രാജാവ് സ്ത്രീകളുമൊത്ത് ജലക്രീഡ നടത്തുമ്പോൾ, അതേ നദിയിൽ സ്നാനം ചെയ്തുകൊണ്ടിരുന്ന ദേവല മഹർഷിയുടെ കാലിൽ പിടിച്ചു വലിക്കാനിടയായി. ഇതിൽ വളരെ കുപിതനായ മഹർഷി, ഉടൻ തന്നെ നീയൊരു മുതലയായിത്തീരട്ടെന്ന് അവനെ ശപിച്ചു. ശാപഗസ്തനായ ഹൂഹൂ രാജാവ് അതീവ ദുഃഖിതനായിത്തീരുകയും മുനിയോട് ക്ഷമ യാചിക്കുകയും ചെയ്തു. അനുകമ്പ തോന്നിയ മഹർഷി, പരമദിവ്യോത്തമപുരുഷൻ ഭഗവാനാൽ ഗജേന്ദ്രൻ മോചിപ്പിക്കപ്പെടുമ്പോൾ അവനും ശാപമോചനം ലഭിക്കുമെന്ന് അനുഗ്രഹം നൽകി. അപ്രകാരം, നാരായണനാൽ വധിക്കപ്പെട്ട മുതലയ്ക്ക് ശാപമോചനം ലഭിച്ചു.
ഭഗവാന്റെ കാരുണ്യത്താൽ വൈകുണ്ഠത്തിൽ അദ്ദേഹത്തിന്റെ സഹചരന്മാരിലൊരാളായിത്തീർന്ന ഗജേന്ദ്രൻ ചതുർഭുജനായിത്തീർന്നു. ഈ നേട്ടത്തെ സാരൂപ്യമുക്തി, അഥവാ, ശരിക്കും നാരായണന്റേതുപോലുളള "ആദ്ധ്യാത്മികശരീരം ലഭിക്കുന്ന മോക്ഷം' എന്നു വിളിക്കുന്നു. ഗജേന്ദ്രൻ അവന്റെ പൂർവ ജന്മത്തിൽ വിഷ്ണുഭഗവാന്റെ ഒരു മഹാഭക്തനായിരുന്നു. ഇന്ദ്രദ്യുമ്നനെന്നുപേരുള്ള അദ്ദേഹം താമിലരാജ്യത്തെ രാജാവായിരുന്നു. വൈദികതത്ത്വങ്ങൾ പിന്തുടർന്ന് ഗൃഹസ്ഥജീവിതത്തിൽ നിന്നു വിരമിച്ച രാജാവ്, മലയപർവ്വതത്തിന്റെ താഴ് വരയിൽ ഒരു പർണശാല നിർമിച്ച് അതിൽ, സദാ പരമദിവ്യോത്തമപുരുഷനായ ഭഗവാനെ നിശ്ശബ്ദം ആരാധിച്ച് കഴിഞ്ഞുവന്നു. ഒരിക്കൽ അഗസ്ത്യമുനി തന്റെ ശിഷ്യന്മാരുമൊത്ത് ഇന്ദ്രദ്യുമ്നന്റെ ആശ്രമം സന്ദർശിച്ചു. പരമദിവ്യോത്തമപുരുഷൻ ഭഗവാനെ ധ്യാനിക്കുകയായിരുന്നതിനാൽ രാജാവിന് മഹർഷിയെ യഥാ ചിതം സ്വീകരിക്കുവാൻ സാധിച്ചില്ല. അതിൽ അത്യധികം കുപിതനായ ഋഷി, ഇന്ദ്രദ്യുമ്നൻ മന്ദനായ ഒരാന ആയിത്തീരട്ടെയെന്ന് ശപിച്ചു. ഈശാപമനുസരിച്ച് രാജാവ് ഒരാനയായി ജനിക്കുകയും, തന്റെ കഴിഞ്ഞകാല ഭക്തിയുതസേവനകർമങ്ങൾ പൂർണമായി മറന്നുപോവുകയും ചെയ്തു. എന്നിരുന്നാലും, ആനയായുളള ജന്മത്തിൽ മുതലയാൽ ആപൽകരമായി ആക്രമിക്കപ്പെട്ടപ്പോൾ അവൻ തന്റെ ഭക്തിയുതസേവനത്തിലുള്ള പൂർവ ജന്മം സ്മരിക്കുകയും, ആ ജീവിതത്തിൽ ഹൃദിസ്ഥമാക്കിയിരുന്ന ഒരു പ്രാർത്ഥന ഓർമിക്കുകയും ചെയ്തു. ഈ പ്രാർത്ഥനയാൽ അവന് വീണ്ടും, ഭഗവാന്റെ കാരുണ്യം ലഭ്യമായി. അങ്ങനെ അവൻ തൽക്ഷണം മോചിപ്പിക്കപ്പെടുകയും, ഭഗവാന്റെ ചതുർഭുജനായ സഹചരരിലൊരാളായിത്തീരുകയും ചെയ്തു.
ആനയുടെ സൗഭാഗ്യം വർണിച്ചുകൊണ്ടാണ് ശുകദേവഗോസ്വാമി ഈ അധ്യായം അവസാനിപ്പിക്കുന്നത്. ഗജേന്ദ്രന്റെ മോക്ഷത്തിന്റെ വർണന ശ്രവിക്കുന്ന ഏതൊരാൾക്കും ഗജേന്ദ്രനു ലഭിച്ചതുപോലെ മോക്ഷത്തിനുള്ള അവസരം ലഭിക്കുമെന്ന് ശുകദേവഗോസ്വാമി പറയുന്നു. ശുകദേവ ഗോസ്വാമി ഇത് വിശദമായി വിസ്തരിക്കുന്നുണ്ട്. അപ്രകാരം അധ്യായം അവസാനിക്കുന്നു.
ഉപസംഹാരം
ഇത്തരം സ്മരണയെക്കുറിച്ച് ഭഗവദ്ഗീത(6.43-44)യിൽ ഇങ്ങനെ വിവരിച്ചിരിക്കുന്നു;
തത്ര തം ബുദ്ധി - സംയോഗം ലഭതേ പൗർവ-ദേഹികം
യതതേ ച തതോ ഭൂയഃ സംസിദ്ധൗ കുരു-നന്ദന
പൂർവാഭ്യാസേന തേനൈവ ഹ്രിയതേ ഹി അവശോfപി സഃ
ഭക്തിയുതസേവനത്തിൽ മുഴുകുന്ന ഒരു വ്യക്തിക്ക് പതനം സംഭവിച്ചാലും അവൻ തരം താഴ്ത്തപ്പെടുകയില്ലെന്നും, പകരം, കാലക്രമേണ അവന് പരമദിവ്യോത്തമപുരുഷനായ ഭഗവാനെ സ്മരിക്കുവാൻ സാധിക്കുന്ന ഒരു സ്ഥാനം ലഭിക്കുമെന്നും ഈ ശ്ലോകങ്ങൾ ഉറപ്പു നൽകുന്നു. ഇനി വിവരിക്കാനിരിക്കുന്നതുപോലെ പൂർവജന്മത്തിൽ ഇന്ദ്രദ്യുമ്നൻ എന്ന രാജാവായിരുന്ന ഗജേന്ദ്രൻ എങ്ങനെയോ തന്റെ അടുത്ത ജന്മത്തിൽ ആനകളുടെ രാജാവായിത്തീരുകയായിരുന്നു. ഗജേന്ദ്രൻ അപകടാവസ്ഥയിലായപ്പോൾ, മനുഷ്യന്റേതല്ലാത്ത ഒരു ശരീരത്തിലായിരുന്നെങ്കിലും, അവനപ്പോൾ പൂർവജീവിതത്തിൽ ജപിച്ചിരുന്ന ഒരു സ്തോത്രം ഓർമിച്ചു. യതതേ ച തതോ ഭൂയഃ സംസിദ്ധൗ കുരു-നന്ദന. ഒരുവനെ പരിപൂർണനാക്കുന്നതിന്, കൃഷ്ണൻ അവന് വീണ്ടും തന്നെ സ്മരിക്കുവാനുളള സന്ദർഭം നൽകുന്നു. ഇത് ഇവിടെ തെളിയിക്കപ്പെട്ടിരിക്കുന്നു. ആനകളുടെ രാജാവ്, ഗജേന്ദ്രൻ, ആപത്തിൽപ്പെട്ടുവെങ്കിലും, അതവന് അവന്റെ പൂർവജന്മത്തിലെ ഭക്തിയുതസേവന കർമങ്ങൾ സ്മരിക്കുവാനുളള അവസരമായി.
അതുമൂലം അവൻ പരമദിവ്യോത്തമപുരുഷനായ ഭഗവാനാൽ വളരെപ്പെട്ടെന്ന് രക്ഷിക്കപ്പെട്ടു. അതിനാൽ, കൃഷ്ണാവബോധത്തിലുളള എല്ലാ ഭക്തന്മാരും ചില മന്ത്രങ്ങൾ ജപിക്കാൻ പരിശീലിക്കണമെന്നത് അനിവാര്യമാണ്. തീർച്ചയായും ഒരുവൻ മഹാമന്ത്രമായ ഹരേ കൃഷ്ണ മന്ത്രം ജപിക്കണം. ഒപ്പം, ചിന്താമണി പകര-സദ്മസു, അല്ലെങ്കിൽ നൃസിംഹ സ്തോത്രവും (ഇതോ നൃസിംഹം പരതോ നൃസിംഹോ യതോ യതോ യാമി തതോ നൃസിംഹഃ) പരിശീലിക്കണം. ഓരോ ഭക്തനും ചില മന്ത്രങ്ങൾ തെറ്റു കൂടാതെ പരിപൂർണതയോടെ ജപിക്കാൻ അഭ്യസിക്കണം. അതുമൂലം, അവൻ ഈ ജീവിതത്തിൽ ആത്മാവബോധത്തിൽ അപൂർണനാണെങ്കിലും, അടുത്ത ജീവിതത്തിൽ ഒരു മൃഗമാണെങ്കിൽപോലും കൃഷ്ണാവബോധം വിസ്മരിക്കുകയില്ല. തീർച്ചയായും, ഒരു ഭക്തൻ ഈ ജീവിതത്തിൽത്തന്നെ കൃഷ്ണാവബോധത്തിൽ പരിപൂർണനാകാൻ പരിശ്രമിക്കണം, എന്തുകൊണ്ടന്നാൽ, കൃഷ്ണനെയും അദ്ദേഹത്തിന്റെ ഉപദേശങ്ങളെയും അറിയുന്നതുകൊണ്ട് മാത്രം ഒരുവന് ഈ ശരീരം ത്യജിച്ചതിനു ശേഷം ഭഗവദ് ധാമത്തിലേക്ക് തിരിച്ചു പോകാൻ കഴിയും. ഏതെങ്കിലും വിധത്തിലുളള പതനം സംഭവിച്ചാൽപോലും കൃഷ്ണാവബോധ പരിശീലനം വൃഥാവിലാകില്ല. ഉദാഹരണത്തിന്, അജാമിളൻ അവന്റെ ബാല്യകാലത്ത് അവന്റെ പിതാവിന്റെ മേൽനോട്ടത്തിൽ നാരായണ നാമം ജപിക്കാൻ പരിശീലിച്ചു. പക്ഷേ പിന്നീട്, അവന്റെ യൗവന കാലത്ത് അവൻ മദ്യപാനിയും, സ്ത്രീലമ്പടനും, തെമ്മാടിയും, മോഷ്ടാവുമായി അധഃപതിച്ചു. എന്നിരുന്നാലും, താൻ നാരായണനെന്നു പേരിട്ട പുത്രനെ വിളിക്കുന്നതിന് നാരായണ നാമം ഉച്ചരിച്ചതിലൂടെ, പാപകർമങ്ങളിൽ മുഴുകിയിരുന്നവനായിട്ടുപോലും അവന് പതനത്തിൽ നിന്ന് വീണ്ടും ഉന്നതിയുണ്ടായി. അതുകൊണ്ട് ഏതു പരിതസ്ഥിതിയിലും ഹരേ കൃഷ്ണ മന്ത്രം ജപിക്കാൻ നാം മറക്കരുത്. അത്, ഗജേന്ദ്രന്റെ ജീവിതത്തിൽ കണ്ടതുപോലെ ഏത് മഹാവിപത്തിലും നമുക്ക് തുണയേകും.
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .
ടെലഗ്രാം
🔆🔆🔆🔆🔆🔆🔆🔆
https://t.me/suddhabhaktimalayalam
വെബ്സൈറ്റ്
🔆🔆🔆🔆🔆🔆🔆🔆
No comments:
Post a Comment