വയം തു സാക്ഷാദ് ഭഗവൻ ഭവസ്യ
പ്രിയസ്യ സഖ്യുഃ ക്ഷണസംഗമേന ।
സുദുശ്ചികിത്സ്യസ്യ ഭവസ്യ മൃത്യോർ-
ഭിഷക്തമം ത്വാദ്യ ഗതിം ഗതാഃ സ്മ്
വിവർത്തനം
പ്രിയപ്പെട്ട ഭഗവാനേ, അങ്ങേക്ക് വളരെ പ്രിയങ്കരനും അങ്ങയുടെ ഉറ്റ മിത്രവുമായ മഹാദേവനുമായുളള ഒരു നിമിഷത്തെ സമ്പർക്കത്താൽ ഞങ്ങൾക്ക് അങ്ങയെ ലഭിക്കുവാൻ ഭാഗ്യമുണ്ടായി. ഭൗതികാസ്തിത്വത്തിന്റെ മാറാരോഗങ്ങൾ ഭേദപ്പെടുത്തുന്ന വിദഗ്ധ ചികിത്സകനാണ്, അങ്ങ്. ഞങ്ങളുടെ മഹാഭാഗ്യത്താൽ ഞങ്ങൾക്ക് അവിടുത്തെ പാദാരവിന്ദങ്ങളിൽ ശരണം പ്രാപിക്കാൻ കഴിഞ്ഞു.
ഭാവാർത്ഥം
ഹരിം വിനാ ന ശൃതിം തരന്തി. പരമദിവ്യോത്തമപുരുഷനായ ഭഗവാന്റെ പാദാരവിന്ദങ്ങളിൽ ശരണം നേടാതെ ഒരാൾക്കും മായയുടെ കുരുക്കുകളിൽ നിന്നും, ജന്മത്തിന്റെ ആവർത്തനം, വാർദ്ധക്യം, രോഗം, മരണം എന്നിവകളിൽ നിന്നും മോചനം പ്രാപിക്കാൻ കഴിയില്ല. പ്രചേതാക്കൾക്ക് മഹാദേവന്റെ കാരുണ്യത്താൽ പരമദിവ്യോത്തമപുരുഷനായ ഭഗവാന്റെ പങ്കജപാദങ്ങളിൽ ആശ്രയം ലഭിച്ചു. വിഷ്ണുഭഗവാന്റെ, പരമദിവ്യോത്തമപുരുഷനായ ഭഗവാന്റെ പരമോന്നത ഭക്തനാണ് മഹാദേവൻ, വൈഷ്ണവാനാം യഥാ ശംഭുഃ ഏറ്റവും ശ്രേഷ്ഠനായ വൈഷ്ണവൻ മഹാദേവനാണ്. മഹാദേവന്റെ ഭക്തന്മാരായി അദ്ദേത്തിന്റെ ഉപദേശങ്ങൾ പിന്തുടരുന്നവരും യഥാർത്ഥത്തിൽ വിഷ്ണുഭഗവാന്റെ പാദാരവിന്ദങ്ങളിലാണ് ചെന്നു ചേരുന്നത്. ഭൗതികാഭിവൃദ്ധിയുടെ പിന്നാലെ പരക്കം പായുന്ന, ശിവഭക്തരെന്നുപറയപ്പെടുന്നവർ, ഒരു തരത്തിൽ പറഞ്ഞാൽ മഹാദേവനാൽ വ്യാമോഹിപ്പിക്കപ്പെടുകയാണ് ചെയ്യുന്നത്. വാസ്തവത്തിൽ അദ്ദേഹം അവരെ വ്യാമോഹിപ്പിക്കുന്നുവെന്നു പറഞ്ഞുകൂടാ, എന്തുകൊണ്ടന്നാൽ ആരെയും വഞ്ചിക്കുന്ന സ്വഭാവം അദ്ദേഹത്തിനില്ല. പക്ഷേ ശിവ ഭക്തന്മാരെന്നു പറയപ്പെടുന്നവർ, ഭൗതികാഗ്രഹങ്ങൾക്കുവേണ്ടി ക്ഷിപ്രസാദിയും എല്ലാവിധ ഭൗതികാനുഗ്രഹങ്ങളും വാരിച്ചൊരിയുന്നവനുമായ മഹാദേവനിൽ നിന്ന് വരങ്ങൾനേടുന്നു. ഇങ്ങനെ നേടുന്ന വരങ്ങൾ വ്യാജഭക്തന്മാരുടെ വിനാശത്തിൽ കലാശിക്കുന്ന വിപരീത ഫലങ്ങളാണുളവാക്കുക. ഉദാഹരണത്തിന്, മഹാദേവനിൽ നിന്ന് ഭൗതിക വരങ്ങൾ നേടിയ രാവണൻ അവന്റെ കുടുംബത്തോടും രാജ്യത്തോടും മറ്റെല്ലാത്തിനോടുമൊപ്പം നശിപ്പിക്കപ്പെടുകയാണുണ്ടായത്. വരങ്ങൾ ദുരുപയോഗപ്പെടുത്തിയതായിരുന്നു നാശത്തിനു കാരണം. ഭൗതിക ശക്തിയുടെ ആധിക്യം നിമിത്തം അഹങ്കാരിയും ഗർവിഷ്ഠനുമായിത്തീർന്ന അവൻ ഭഗവാൻ ശ്രീരാമചന്ദ്രന്റെ പത്നിയെ തട്ടിക്കൊണ്ടുപോയി. അതാണ് അവന് സർവനാശം സംഭവിപ്പിച്ചത്. അങ്ങനെ, മഹാദേവനിൽ നിന്ന് അനുഗ്രഹങ്ങൾ ലഭിക്കാൻ വലിയ വിഷമമില്ല, പക്ഷേ ആ അനുഗ്രഹങ്ങളൊന്നും ശരിയായ അനുഗ്രഹങ്ങളായിരിക്കില്ല. പ്രചേതാക്കൾക്ക് മഹാദേവന്റെ അനുഗ്രഹം ലഭിച്ചു, അതിന്റെ ഫലമായി അവർക്ക് വിഷ്ണുഭഗവാന്റെ പാദസ രോജങ്ങളിൽ ശരണം പ്രാപിക്കാനും കഴിഞ്ഞു. ഇതാണ് യഥാർത്ഥ അനു ഗ്രഹം. ഗോപികമാരും മഹാദേവനെ വൃന്ദാവനത്തിൽ ആരാധിച്ചു, അദ്ദേഹം ഇപ്പോഴും ഗോപീശ്വരനായി അവിടെ തുടരുകയും ചെയ്യുന്നു. എങ്ങനെതന്നെയായാലും, കൃഷ്ണഭഗവാനെ ഭർത്താവായി ലഭിക്കാൻ അനുഗ്രഹം നൽകാൻ ഗോപികമാർ മഹാദേവനെ പ്രാർത്ഥിച്ചു. ഭഗവദ് ധാമത്തിലേക്ക്, ഭഗവാനിലേക്ക് മടങ്ങുകയാണ് ലക്ഷ്യമെങ്കിൽ ദേവന്മാരെ ആരാധിക്കുന്നതുകൊണ്ട് യാതൊരു ദോഷവുമില്ല. പക്ഷേ ജനങ്ങൾ പൊതുവെ ദേവന്മാരെ സമീപിക്കുന്നത് ഭൗതിക നേട്ടങ്ങൾക്കു വേണ്ടിയാണ്, ഭഗവദ്ഗീത(7.20)യിൽ സൂചിപ്പിച്ചിട്ടുളളതുപോലെ
കാമൈസ് തൈസ് തൈർ ഹൃത-ജ്ഞാനാഃ പ്രപദ്യന്തേ£ ന്യ-ദേവതാഃ
തം തം നിയമം ആസ്തായ പ്രകൃത്യാ നിയതാഃ സ്വയാ
“ഭൗതികേച്ഛകളാൽ വക്രമനസ്കരായർ ദേവന്മാർക്ക് ആത്മസമർപണം ചെയ്യുകയും, അവരുടെ സ്വന്തം സ്വഭാവത്തിനനുസരിച്ചുളള പ്രത്യേക നിയമക്രമങ്ങളിൽ ആരാധന നടത്തുകയും ചെയ്യുന്നു.” ഭൗതികനേട്ടങ്ങളാൽ ഭ്രമിക്കപ്പെട്ട ഒരാളെ ഹൃത-ജ്ഞാന (ബുദ്ധി നഷ്ടപ്പെട്ടവൻ) എന്നുവിളിക്കുന്നു. വെളിപ്പെടുത്തപ്പെട്ട ശാസ്ത്രങ്ങളിൽ, മഹാദേവൻ പരമദിവ്യോത്തമപുരുഷനായ ഭഗവാനിൽ നിന്ന് വിഭിന്നനല്ലെന്ന് ചിലപ്പോഴൊക്കെ പറഞ്ഞിട്ടുളളത് ഇവിടെ ശ്രദ്ധിക്കപ്പെടേണ്ടതാണ്. മഹാദേവനും വിഷ്ണുഭഗവാനും തമ്മിൽ വളരെ അടുത്ത ബന്ധമുളളതിനാൽ അവരുടെ അഭിപ്രായങ്ങൾ വിഭിന്നങ്ങളല്ലെന്നാണ് ഇതിന്റെ സാരം. ഏകലേ ഈശ്വര കൃഷ്ണ ആര സബ ഭൃത്യഃ “കൃഷ്ണൻ മാത്രമാണ് പരമോന്നത യജമാനൻ, മറ്റുളളവരെല്ലാം അദ്ദേഹത്തിന്റെ ഭക്തന്മാർ, അല്ലെങ്കിൽ സേവകന്മാരാണ്” (ച ച.ആദി 5.142) - ഇതാണ് യഥാർത്ഥ സത്യം. ഇതു തന്നെയാണ് യഥാർത്ഥ സത്യം. ഇക്കാര്യത്തിൽ മഹാദേവനും വിഷ്ണുഭഗവാനും തമ്മിൽ അഭിപ്രായ ഭിന്നതയുമില്ല. വെളിപ്പെടുത്തപ്പെട്ട ശാസ്ത്രങ്ങളിൽ ഒരിടത്തും മഹാദേവൻ, താൻ വിഷ്ണു ഭഗവാന് തുല്യനാണെന്ന് അവകാശപ്പെട്ടിട്ടുമില്ല. മഹാദേവനും വിഷ്ണുഭഗവാനും ഒന്നാണെന്ന് അവകാശം, മഹാദേവന്റെ ഭക്തന്മാരെന്നു പറയപ്പെടുന്നവരുടെ വെറും സൃഷ്ടിയാണ്. ഇതിനെ "വൈഷ്ണവ തന്ത്രത്തിൽ കർശനമായി നിഷേധിച്ചിട്ടുണ്ട്. യസ് തു നാരായണം ദേവം. വിഷ്ണുഭഗവാനും, മഹാദേവനും, ബ്രഹ്മദേവനും യജമാനനും സേവകരുമെന്ന നിലയിൽ വളരെ അടുത്ത് ബന്ധപ്പെട്ടിരിക്കുന്നു. ശിവ-വിരിഞ്ചി-നുതം, വിഷ്ണു, മഹാദേവനാലും ബ്രഹ്മദേവനാലും ബഹുമാനിക്കപ്പെടുകയും നമസ്കരിക്കപ്പെടുകയും ചെയ്യുന്നു. അവർ തുല്യരാണെന്നു പരിഗണിക്കുന്നത് മഹാപരാധമാണ്. വിഷ്ണുഭഗവാൻ പരമദിവ്യോത്തമപുരുഷനായ ഭഗവാനും, മറ്റെല്ലാവരും അദ്ദേഹത്തിന്റെ ശാശ്വത സേവകരുമെന്നനിലയിൽ അവരെല്ലാം തുല്യരാണ്.
(ശ്രീമദ് ഭാഗവതം 4 /30/ 38 ഭാവാർത്ഥം )
No comments:
Post a Comment