Home

Wednesday, May 24, 2023

അർച്ചാവിഗ്രഹ അവതാരം



ഭക്തിയോഗി കൃഷ്ണവിഗ്രഹത്തെ ആരാധ്യമായി കരുതുന്നു. പരമദിവ്യോത്തമപുരുഷനെ ഭഗവദ് രൂപത്തിൽ ക്ഷേത്രത്തിൽവെച്ച് ആരാധിക്കുന്നത് തീർച്ചയായും പ്രതിമാപൂജയല്ല. പരമപുരുഷനെ സഗുണനായും നിർഗുണനായും (ഗുണങ്ങളോടുകൂടിയും അല്ലാതേയും) സങ്കല്പിച്ചുപാസിക്കാമെന്ന് വൈദികസാഹിത്യങ്ങളിൽ തെളിവുകളുണ്ട്. അമ്പലത്തിൽവെച്ചചെയ്യുന്നത് സഗുണാരാധനയാണ്, എന്തുകൊണ്ടെന്നാൽ അവിടെ ഭഗവാൻ ഭൗതികങ്ങളായ ഗുണങ്ങളാൽ പ്രതിനിധീകരിക്കപ്പെടുന്നു. പക്ഷേ ഭൗതികദ്രവ്യങ്ങളായ കല്ലോ മരമോ ചായമോ ഉപയോഗിച്ച് നിർമ്മിക്കുന്ന ഭഗവദ് രൂപം വാസ്തവത്തിൽ ഭൗതികമല്ല. പരമപുരുഷന്റെ നിരപേക്ഷഭാവമാണിത്.

സാമാന്യമായൊരുദാഹരണം പറയാം, തെരുവിൽ പലേടത്തും തപാൽപ്പെട്ടികൾ കാണാം. ഇവയിൽ നമ്മൾ കൊണ്ടുപോയിടുന്ന കത്തുകൾ സ്വാഭാവികമായി നിഷ്പ്രയാസം ഉദ്ദിഷ്ട സ്ഥാനങ്ങളിലെത്തുന്നു. എന്നാൽ തപാൽപ്പെട്ടികളെന്ന് ആധികാരികമായി പ്രഖ്യാപിക്കാത്ത ഏതെങ്കിലും പഴയ പെട്ടികളിലൂടെ ഈ പ്രക്രിയ നടത്താനാവില്ല. അങ്ങനെ അംഗീകൃതമായ പ്രാതിനിധ്യമുള്ള ഒരു വിഗ്രഹരൂപം ഈശ്വരനുമുണ്ട്. അതിനെ അർച്ചാവിഗ്രഹമെന്ന് പറയുന്നു. ഈ അർച്ചാവിഗ്രഹം പരമ പുരുഷന്റെ അവതാരമാണ്. ഈശ്വരൻ അതിലൂടെ സേവനത്തെ സ്വീകരിക്കും. ഭഗവാൻ സർവ്വശക്തനാണ്. അതുകൊണ്ട് ബദ്ധജീവാത്മാക്കൾക്ക് സൗകര്യപ്പെടുമാറ് അർച്ചാവിഗ്രഹമെന്ന തന്റെ അവതാരത്തിലൂടെ അദ്ദേഹത്തിന് ഭക്തന്റെ സേവനങ്ങൾ സ്വീകരിക്കാൻ കഴിയും.

അങ്ങനെ താമസംവിനാ പരംപുരുഷനെ നേരിട്ട് സമീപിക്കാൻ ഭക്തന് പ്രയാസമില്ല. അവ്യക്തിഗത മാർഗ്ഗത്തിലൂടെ ആത്മസാക്ഷാത്കാരം നേടാൻ ഉദ്യമിക്കുന്നവരുടെ വഴി ദുർഘടങ്ങൾ നിറഞ്ഞതാണ്. അവർ അവ്യക്തമായ പരമതത്ത്വത്തിന്റെ പ്രാതിനിധ്യത്തെ ഉപനിഷത്തുകൾ മുതലായ വൈദികസാഹിത്യങ്ങളിൽ നിന്ന് പഠിച്ചറിയണം; ആ ഭാഷ പഠിക്കുകയും അതീന്ദ്രിയങ്ങളായ ഭാവങ്ങളെ ഗ്രഹിക്കുകയും ഈ പ്രകിയകളെയെല്ലാം സാക്ഷാത്കരിക്കുകയും വേണം. സാധാരണ മനുഷ്യന് ഒട്ടും എളുപ്പമല്ല ഇത്. കൃഷ്ണാവബോധമുൾക്കൊണ്ട് ഭക്തിയുതസേവനത്തിലേർപ്പെടുന്നവർക്കാകട്ടെ; ഭഗവദ്വൈഭവങ്ങൾ കേൾക്കുകയും വിശ്വാസ്യനായ ഒരു ആദ്ധ്യാത്മികാചാര്യന്റെ ഉപദേശങ്ങളനുസരിക്കുകയും കൃഷ്ണവിഗ്രഹത്തിനു മുമ്പിൽ പതിവായി പൂജാപ്രണാമങ്ങൾ നടത്തുകയും ഭഗവാന് നിവേദിച്ചതിന്റെ ഉച്ചിഷ്ടം ഭക്ഷിക്കുകയും ചെയ്യുന്നതുകൊണ്ട് മാത്രം നിഷ്പ്രയാസം ഭഗവത്സാക്ഷാത്കാരം നേടാം. വ്യക്തിശുന്യവാദികൾ അതിവിഷമമായൊരു വഴിയാണ് ആവശ്യമില്ലാതെ സ്വീകരിക്കുന്നത് എന്നതിൽ സംശയമില്ല. എന്നിട്ടും അവസാനം നിരപേക്ഷതത്ത്വത്തിന്റെ സാക്ഷാത്കാരം അവർക്ക് സാദ്ധ്യമായില്ലെന്നു വരാം. എന്നാൽ സഗുണോപാസകർക്ക് അത്തരം ക്ലേശങ്ങളൊന്നും കൂടാതെ ഭഗവാനെ സമീപിക്കാം. ഭഗവാന് സ്വയം സമർപ്പിക്കലാണ് മനുഷ്യന്റെ ആത്യന്തികലക്ഷ്യം (ഈ സമർപ്പണത്തിന്റെ പ്രക്രിയയെയാണ് 'ഭക്തി' എന്ന് വിളിക്കുന്നത്).

(ഭാവാർത്ഥം / ഭഗവദ് ഗീതാ യഥാരൂപം / അദ്ധ്യായം പന്ത്രണ്ട് / ശ്ലോകം 5. )


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆



വാട്സ്ആപ്പ്

🔆🔆🔆🔆🔆🔆🔆🔆

 

https://chat.whatsapp.com/GJ8jXFWd7PMHAnWkwb3CjF



വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆


No comments:

Post a Comment