നിങ്ങളുടെ പ്രശ്നങ്ങൾക്ക്
ഭഗവദ്ഗീതയിൽ നിന്ന്
ശാശ്വതമായ പരിഹാരം
പാപിയാണെന്ന ചിന്ത
യോ മാമജമനാദിം ച വേത്തി ലോകമഹേശ്വരം
അസംമൂഢ സ മര്‍ത്യേഷു സർവപാപൈഃ പ്രമുച്യതേ
ജനനമില്ലാത്തവനും തുടക്കമില്ലാത്തവനും സർവ്വലോകേശ്വരനുമാണ് ഞാനെന്നറിയുന്നവൻ മാത്രം വ്യാമോഹംതീർന്ന് പാപമുക്തനാകുന്നു.
ഏഴാമദ്ധ്യായത്തിൽ പറയുന്നുണ്ട് ( 7.3), മനുഷ്യാണാം സഹസ്രേഷു കശ്ചിദ് യതതി സിദ്ധയേ എന്ന്. അങ്ങനെ ആത്മസാക്ഷാത്കാരത്തിന്റെ തലത്തിലേയ്ക്കുയരാൻ ശ്രമിക്കുന്നവർ സാമാന്യരല്ല. ആത്മസാക്ഷാത്കാരത്തെക്കുറിച്ച് അറിഞ്ഞുകൂടാത്ത കോടാനുകോടി ജനങ്ങളേക്കാൾ സമുത്കൃഷ്ടരാണവർ. എന്നാൽ തങ്ങളുടെ ആദ്ധ്യാത്മികസ്ഥിതിയെ മനസ്സിലാക്കാൻ പ്രയത്നിക്കുന്ന അക്കൂട്ടരിൽവെച്ച് പരമപുരുഷനും, ജനനമില്ലാത്തവനും, സർവ്വേശ്വരനും എന്ന നിലയിൽ കൃഷ്ണനെ കാണാൻ കഴിയുന്ന വ്യക്തിയാണ് ആത്മസാക്ഷാത്കാര യത്നത്തിൽ വിജയിച്ച ആൾ. കൃഷ്ണന്റെ ഈ പരമോന്നത ഭാവത്തെ പൂർണ്ണമായറിഞ്ഞവന്നേ എല്ലാ പാപ്രപതികരണങ്ങളിൽ നിന്നും മോചനം ലഭിക്കുകയുള്ളൂ.
ഇവിടെ ഭഗവാനെ 'അജൻ' എന്ന് പറയുന്നുണ്ട്, ജനനമില്ലാത്തവനെന്നർത്ഥം. രണ്ടാമദ്ധ്യായത്തിൽ അജനെന്ന് നിർവ്വചിക്കപ്പെട്ട ജീവാത്മാക്കളിൽ നിന്ന് ഭഗവാൻ വ്യത്യസ്തനാണ്. ഭൗതികമായ കെട്ടുപാടുകളാൽ ജനിക്കുകയും മരിക്കുകയും, ചെയ്തതുപോരുന്ന ജീവസത്തകളിൽ നിന്ന് ഭിന്നനാണ്, ഭഗവാൻ. ബദ്ധരായ ജീവാത്മാക്കൾ ശരീരങ്ങൾ മാറിമാറിയെടുക്കുന്നു. ഭഗവാന്റെ ശരീരമാകട്ടെ, മാറ്റമില്ലാത്തതാണ്. ഈ ഭൗതിക ലോകത്തിലവതരിക്കുമ്പോൾ പ്പോലും അദ്ദേഹം അജനായിത്തന്നെയിരിക്കും. അതുകൊണ്ടാണ് ഭഗവാൻ അധമമായ ഭൗതികശക്തിക്കധീനനില്ലെന്നും തന്റെ അന്തരംഗശക്തിയാൽ സദാ ഉത്കൃഷ്ട ശക്തിയിലാണെന്നും നാലാമദ്ധ്യായത്തിൽ പറഞ്ഞിട്ടുള്ളത്.
‘വേത്തി ലോകമഹേശ്വരം’ എന്നീ വാക്കുകൾ സൂചിപ്പിക്കുന്നതിതാണ്. പ്രപഞ്ചത്തിലെ സർവ്വഗ്രഹവ്യൂഹങ്ങൾക്കും പരമാധികാരി ശ്രീകൃഷ്ണ ഭഗവാൻതന്നെയാണ്. സൃഷ്ടിക്ക് മുമ്പ് അദ്ദേഹമുണ്ടായിരുന്നു; സ്വസ്യഷ്ടികളിൽ നിന്നും വ്യത്യസ്തനുമാണദ്ദേഹം. ഭൗതികലോകത്തിലെ സൃഷ്ടികളാണ്, എല്ലാ ദേവഗണങ്ങളും. കൃഷ്ണനെ സംബന്ധിച്ചാകട്ടെ, അദ്ദേഹത്തെ സൃഷ്ടിച്ചതായി കേട്ടിട്ടില്ല. ബ്രഹ്മാവ്, ശിവൻ, മറ്റു ദേവന്മാർ എന്നിവരുടേയും സ്രഷ്ടാവാകയാൽ അവിടുന്ന് എല്ലാ ഗ്രഹങ്ങളുടേയും പരമാധികാരിയാണ്.
ശ്രീകൃഷ്ണൻ സ്യഷ്ടിജാലങ്ങളിൽ നിന്ന് വിഭിന്നനാണെന്ന് അറിയുന്നവർക്ക് വേഗത്തിൽ പാപഫലങ്ങളിൽ നിന്നെല്ലാം മോചനം കിട്ടും. ഭഗവാനെ അറിയണമെങ്കിൽ ഒരാൾ പാപകർമ്മ മോചിതനായിരിക്കണം. ഭഗവദ്ഗീതയിൽ പ്രസ്താവിച്ച പ്രകാരം ഭക്തിപൂർവ്വം ചെയ്യുന്ന സേവനംകൊണ്ട് മാത്രമേ അദ്ദേഹത്തെ അറിയാൻ കഴിയുകയുള്ളൂ. മറ്റ് വഴികളിലൂടെ അത് സാദ്ധ്യമല്ല.
കൃഷ്ണനെ ഒരു മനുഷ്യന്നെ നിലയിൽ കാണാൻ ശ്രമിച്ചു കൂടാ. മുമ്പ് പറഞ്ഞതുപോലെ അദ്ദേഹമൊരു മനുഷ്യനാണെന്ന് ഒരു ഭോഷൻ മാത്രമേ വിചാരിക്കുകയുള്ള. മൂഢനല്ലാത്ത, ഭഗവാന്റെ സ്വാഭാവികാവസ്ഥ മനസ്സിലാക്കാൻ കഴിവുള്ള ഒരാൾ, എല്ലാ പാപപ്രതികരണങ്ങളിൽ നിന്നും വിമുക്തനായിരിക്കും.
കൃഷ്ണൻ ദേവകീപുത്രനാണല്ലോ. എങ്ങനെ അദ്ദേഹം അജനാവും ? ഭാഗവതം ഈ ചോദ്യത്തിന് ഉത്തരം നല്കുന്നുണ്ട്. അതു തന്നെ മറ്റൊരുതരത്തിൽ ഇവിടെ വീണ്ടും പറയുന്നുണ്ട്. ദേവകീവസുദേവന്മാർക്ക് പ്രത്യക്ഷനായപ്പോൾ കൃഷ്ണൻ ഒരു സാധാരണ ശിശുവായല്ല ജനിച്ചത്; തന്റെ ആദിമരൂപത്തിലായിരുന്നു ഭഗവാൻ അവർക്ക് പ്രത്യക്ഷീഭവിച്ചത്. പിന്നീട് സാധാരണമായ ശിശുരൂപം കൈക്കൊള്ളുകയാണ്.ചെയ്തത്.
ഭഗവന്നിർദ്ദേശപ്രകാരം ചെയ്യപ്പെടുന്നതെന്തും ആദ്ധ്യാത്മികമാണ്. അതിനെ ശുഭാശുഭങ്ങളായ ഭൗതികപ്രതികരണങ്ങൾ മലിനീകരിക്കുകയില്ല. ഭൗതികലോകത്തിൽ ശുഭങ്ങളും അശുഭങ്ങളുമെന്നത് കേവലം മനോഭാവനയത്രേ. ശുഭങ്ങളായിട്ട് ഇവിടെ ഒന്നുമില്ല. ഭൗതികപ്രകൃതി തന്നെ അശുഭമാകയാൽ, ഇവിടെയുള്ളതെന്തും അശുഭമാകുന്നു. നമ്മൾ അതെല്ലാം ശുഭങ്ങളാണെന്ന് കല്പിക്കുന്നുവെന്നുമാത്രം. വാസ്തവത്തിൽ കൃഷ്ണാവബോധത്തോടെ ഭക്തിപൂർവ്വം ചെയ്യുന്ന കർമ്മങ്ങളിലേ യഥാർത്ഥ ശുഭത്വമുള്ള. അതുകൊണ്ട് നമ്മുടെ പ്രവൃത്തികൾ ശുഭങ്ങളാകണമെന്നുണ്ടെങ്കിൽ നാം ഭഗവാന്റെ നിർദ്ദേശങ്ങളനുസരിച്ച് പ്രവർത്തിക്കണം. ഭഗവദ്ഗീതയും ശ്രീമദ് ഭാഗവതവുംപോലുള്ള ആധികാരികഗ്രന്ഥങ്ങൾ ആ നിർദ്ദേശങ്ങളടങ്ങിയതാണ്. വിശ്വാസ്യനായൊരു ആദ്ധ്യാത്മികാചാര്യനിൽ നിന്നും ആ ഉപദേശങ്ങൾ ലഭിക്കും. ഭഗവാന്റെ പ്രതിനിധിയാണ് അത്തരമൊരാചാര്യൻ, അദ്ദേഹത്തിന്റെ നിർദ്ദേശം ഭഗവാനിൽ നിന്ന് നേരിട്ടു കിട്ടുന്നതുതന്നെ. ഗുരു, സാധു, ശാസ്ത്രം, ഇവർ നിർദ്ദേശിക്കുന്ന വഴി ഒന്നുമാത്രം; ഈ പ്രമാണങ്ങൾക്ക് പരസ്പര വൈരുദ്ധ്യമില്ല. അവയുടെ അനുശാസനങ്ങൾക്കു വഴങ്ങി ചെയ്യപ്പെടുന്ന, ഭൗതികലോകത്തിലെ പാപപുണ്യകർമ്മങ്ങൾക്ക് പ്രതികരണങ്ങളുണ്ടാവാറുമില്ല. ഭക്തന് കർമ്മാനുഷ്ഠാനങ്ങളിലുള്ള ഈ മനോഭാവം പരിത്യാഗത്തിന്റേതാണ്. സംന്യാസമെന്ന് പറയുന്നതും അതുതന്നെ. ആറാമദ്ധ്യായത്തിലെ ആദ്യശ്ശോകത്തിൽ പറഞ്ഞിട്ടുള്ളതുപോലെ, ഭഗവന്നിർദ്ദേശമനുസരിച്ച് തന്റെ കർത്തവ്യമെന്ന നിലയിൽ കർമ്മംചെയ്യുകയും അതിന്റെ ഫലങ്ങൾ പ്രതീക്ഷിക്കാതിരിക്കുകയും ചെയ്യുന്നവനാണ് യഥാർത്ഥ ത്യാഗി (അനാശ്രിതഃ കർമ്മഫലം). ഭഗവദാജ്ഞയ്ക്കു വഴങ്ങി പ്രവർത്തിക്കുന്നവനാണ് വാസ്തവത്തിൽ യോഗി; സംന്യാസിയും അദ്ദേഹം തന്നെ; അല്ലാതെ കപടയോഗിയോ, സംന്യാസിയുടെ ഉടുപ്പ ധരിച്ചു നടക്കുന്നവനോ അല്ല.
( ശ്രീമദ് ഭഗവദ് ഗീതാ യഥാരൂപം 10.3 )
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .
No comments:
Post a Comment