Home

Monday, July 31, 2023

അത്യാഗ്രഹം (ഭ.ഗീ.14.17)



    നിങ്ങളുടെ പ്രശ്നങ്ങൾക്ക് 

ഭഗവദ്ഗീതയിൽ നിന്ന്

 ശാശ്വതമായ പരിഹാരം

 

അത്യാഗ്രഹം


സത്ത്വാത്സംജായതേ ജ്ഞാനം രജസോ ലോഭ ഏവ ച

പ്രമാദമോഹൗ തമസോ ഭവതോഽജ്ഞാനമേവ ച



    സത്ത്വഗുണത്തിൽ നിന്ന് യഥാർത്ഥമായ ജ്ഞാനവും, രജസ്സിൽ നിന്ന് ലോഭവും, തമസ്സിൽ നിന്ന് പ്രമാദവും മോഹം മൗഢ്യം എന്നിവയും ഉണ്ടാകുന്നു.


   ആധുനികസംസ്കാരം ജീവസത്തകൾക്ക് വേണ്ടത്ര അനുയോജ്യമല്ലാത്തതുകൊണ്ട് അവർ കൃഷ്ണാവബോധം സ്വീകരിക്കേണ്ടതാണ്. കൃഷ്ണാവബോധത്തിലൂടെ സമൂഹത്തിൽ സത്ത്വഗുണം പുഷ്ടിപ്പെടും. സത്ത്വഗുണം പുഷ്ടിപ്പെടുമ്പോൾ ജനങ്ങൾ കാര്യങ്ങളുടെ യഥാർത്ഥ സ്ഥിതി മനസ്സിലാക്കുകയുംചെയ്യും. തമോഗുണത്തിൽ മനുഷ്യർ മൃഗ്രപ്രായരാണ്. അവർക്ക് കാര്യങ്ങൾ സ്പഷ്ടമായി കാണാൻ കഴിയുകയില്ല. ഉദാഹരണമായി, ജന്തുഹിംസ ചെയ്താൽ തങ്ങൾ വരും ജന്മത്തിൽ അതേ ജീവികളാൽ കൊല്ലപ്പെടുമെന്ന സത്യം തമോഗുണബാധിതർ മനസ്സിലാക്കുന്നില്ല. അറിയേണ്ടവയെപ്പറ്റിയുള്ള വിദ്യാഭ്യാസം ജനങ്ങൾക്ക് ലഭിക്കാത്തതുകൊണ്ടാണ് അവർക്ക് ഉത്തരവാദിത്വമില്ലാതെ വരുന്നത്. ഈ ഉത്തരവാദിത്വമില്ലായ്മ നിർത്തുന്നതിന് ഏവരിലും സത്ത്വഗുണം വളർത്താനുതകുന്ന വിദ്യാഭ്യാസം കുടിയേത്തീരു. അത് ലഭിച്ചാൽ ജനങ്ങൾക്ക് കാര്യങ്ങളുടെ യാഥാർത്ഥ്യം സ്പഷ്ടമാവും, അവർ സ്ഥിരചിത്തരായിത്തീരും. ലോകത്തിൽ സമൃദ്ധിയും സന്തുഷ്ടിയും വർദ്ധിക്കും. ജനങ്ങളിൽ ഭൂരിപക്ഷത്തിനും സമൃദ്ധിയും സന്തുഷ്ടിയും വർദ്ധിച്ചില്ലെന്നുവന്നാൽപ്പോലും സമൂഹത്തിൽ ചെറിയൊരു ശതമാനമെങ്കിലും കൃഷ്ണാവബോധം വളർത്തി സത്ത്വഗുണത്തിലായാൽ ലോകത്തിൽ ഒട്ടാകെ ഐശ്വര്യവും സമാധാനവുമുണ്ടാവാൻ സാദ്ധ്യതയുണ്ട്. മറിച്ച്, രജസ്തമോഗുണങ്ങളിലാണ് ജനങ്ങൾ മുഴുകുന്നതെങ്കിൽ ഇവിടെ ഐശ്വര്യമോ സമാധാനമോ ഉണ്ടാവുക സാദ്ധ്യമല്ല. രാജസ സ്വഭാവികൾ ലോഭികളാണ്. അവരുടെ ഭൗതികഭോഗതൃഷ്ണയ്ക്കതിരില്ല. വിഷയ ഭോഗങ്ങൾക്ക് വേണ്ടുന്ന സർവ്വസൗകര്യങ്ങളും വേണ്ടത്ര ധനവും ഉണ്ടായിരുന്നാൽത്തന്നെയും മനസ്സമാധാനമോ സന്തോഷമോ ഇല്ലെന്നു കാണാം. രജോഗുണത്തിൽ സ്ഥിതിചെയ്യുന്നതാണിതിനു കാരണം. ഒരാൾക്ക് സന്തുഷ്ടിയാണ് വേണ്ടതെങ്കിൽ ധനം അതിന് ഒട്ടും സഹായകരമല്ല. അയാൾ കൃഷ്ണാവബോധപരിശീലനംകൊണ്ട് സാത്ത്വികഗുണത്തിലേയ്ക്ക് സ്വയം ഉയരുകതന്നെ വേണം. ഒരാൾ രജോഗുണത്തിൽ മുഴുകുമ്പോൾ അയാളുടെ മനസ്സ് അസന്തുഷ്ടമായിരിക്കുമെന്ന് മാത്രമല്ല, പ്രവൃത്തിയും ക്ലേശബഹുലമായിത്തന്നെയിരിക്കും. തന്റെ പദവി നിലനിർത്താനാവശ്യമായ ധനം നേടുന്നതിനു വേണ്ടി അയാൾക്ക് പല ഉപായങ്ങളും ആസൂത്രണംചെയ്യേണ്ടിവരും. ഏതു വിധത്തിലും ക്ലേശമേയുള്ളൂ. തമോഗുണത്തിൽ ആളുകൾ ഭ്രാന്തന്മാരാകുന്നു. തങ്ങളുടെ പരിതഃ സ്ഥിതികളിൽ വെറുപ്പ് വളർന്ന് അവർ ലഹരിപദാർത്ഥങ്ങളെ അഭയം പ്രാപിക്കുന്നു. അങ്ങനെ കൂടുതൽ അജ്ഞതയിലേയ്ക്കാണ്ടുപ്പോകുന്നു. ഏറ്റവും ഇരുളടഞ്ഞതാണ് ഇവരുടെ ഭാവി.



( ശ്രീമദ് ഭഗവദ് ഗീതാ യഥാരൂപം 14.17)



🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ് 



No comments:

Post a Comment