നിങ്ങളുടെ പ്രശ്നങ്ങൾക്ക്
ഭഗവദ്ഗീതയിൽ നിന്ന്
ശാശ്വതമായ പരിഹാരം
പാപിയാണെന്ന ചിന്ത
തത്ര സത്ത്വം നിർമലത്വാത് പ്രകാശകമനാമയം
സുഖസങ്ഗേന ബാധ്നാതി ജ്ഞാനസങ്ഗേനചാനഘ
ഹേ പുണ്യാത്മാവേ, മറ്റുള്ളവയെ അപേക്ഷിച്ച് വിശുദ്ധമാകയാൽ സത്ത്വഗുണം പ്രകാശമാനവും എല്ലാ പാപങ്ങളിൽ നിന്നും മോചിപ്പിക്കുന്നതുമാണ്. ആ ഗുണത്തിൽ സ്ഥിതിചെയ്യുന്നവർ സുഖത്താലും ജ്ഞാനത്താലും ബദ്ധരാക്കപ്പെടും.
ഭൗതികപ്രകൃതിയാൽ ബദ്ധരായ ജീവസത്തകൾ പല വിധമുണ്ട്. ഒരാൾ സന്തുഷ്ടനായിരിക്കും, മറ്റൊരാൾ കർമ്മനിരതനും, ഇനിയൊരാൾ നിസ്സഹായനുമായിരിക്കും. ഇത്തരം മാനസികാവസ്ഥാ ഭേദങ്ങളാണ് ജീവസത്തകളുടെ പ്രകൃതിയിലെ ബദ്ധാവസ്ഥയ്ക്ക് കാരണം. എങ്ങനെയാണവർ പല വിധത്തിലും ബദ്ധരായിരിക്കുന്നതെന്ന് ഭഗവദ്ഗീതയിലെ ഈ ഭാഗത്തിൽ വിവരിക്കുന്നു. ആദ്യമായി സത്ത്വ ഗുണത്തെ എടുത്തു നോക്കാം. ഭൗതികലോകത്തിൽ സത്ത്വഗുണം വളർത്തിയെടുക്കുന്നതിന്റെ ഫലമെന്തെന്നാൽ അങ്ങനെ ചെയ്യുന്ന വ്യക്തി മറ്റു വിധത്തിൽ ബദ്ധരായവരേക്കാൾ ബുദ്ധിമാനാണ്. സത്ത്വഗുണത്തിലുള്ള ഒരാളെ ഭൗതികദുഃഖങ്ങൾ അധികം ബാധിക്കാറില്ല. ഭൗതിക ജ്ഞാനത്തിൽ താൻ പുരോഗമിക്കുകയാണെന്ന ബോധവും അയാൾക്കുണ്ടാവും. സത്ത്വഗുണാവസ്ഥയിലായിരിക്കേണ്ട ബ്രാഹ്മണനാണ് ഇതിനൊരു മാതൃക. സത്ത്വഗുണ പ്രഭാവം പാപ്രപ്രതികരണങ്ങളിൽ നിന്ന് ഏറെക്കുറെ മോചിപ്പിക്കുന്നു എന്ന അറിവാണ് സാത്ത്വികരുടെ സന്തുഷ്ടിക്ക് കാരണം. സത്ത്വഗുണം കൂടുതൽ ജ്ഞാനത്തേയും സന്തോഷത്തേയും ഉളവാക്കുന്നുവെന്ന് വൈദികകൃതികളിൽ പ്രസ്താവിച്ചിട്ടുണ്ട്.
ഇതിലുള്ള കുഴപ്പമെന്തെന്നാൽ ഒരു ജീവസത്ത സത്ത്വഗുണാവസ്ഥയിലാകുമ്പോൾ താൻ മറ്റുള്ളവരേക്കാൾ ജ്ഞാനത്തിൽ മുന്നേറിയെന്നും അങ്ങനെ അവരേക്കാൾ ഉത്കൃഷ്ടനായിരിക്കുന്നു എന്നുമുള്ള അഹങ്കാരം അയാളെ ബാധിച്ചേയ്ക്കാം, അങ്ങനെ അയാൾ ബദ്ധനാകുന്നു. ഇതിനുള്ള ഉത്തമോദാഹരണങ്ങളാണ് ശാസ്ത്രകാരന്മാരും തത്ത്വചിന്തകരും. ഇരുകൂട്ടരും തങ്ങളുടെ അറിവിനെപ്പറ്റി അഹങ്കരിക്കുന്നു; ജീവിത ചുറ്റുപാടുകൾ സ്വാഭാവികമായി മെച്ചപ്പെടുന്നതു കൊണ്ട് ഭൗതികമായി കൂടുതൽ സന്തുഷ്ടരാവുകയുംചെയ്യുന്നു. ബദ്ധമായ ജീവിതത്തിലെ ഈ ഉയർന്ന സന്തുഷ്ടതാബോധം ഭൗതിക പ്രകൃതിയുടെ സത്ത്വഗുണത്താൽ അവരെ ബന്ധിക്കുകയാണ്. അങ്ങനെ സത്ത്വഗുണത്തിൽ പ്രവർത്തിക്കുന്നതിലേയ്ക്ക് അവർ ആകൃഷ്ടരായിത്തീരുന്നു; അങ്ങനെ പ്രവർത്തിക്കുന്നതിൽ ആകൃഷ്ടരായിരിക്കുന്നിടത്തോളം കാലം ഏതെങ്കിലും വിധത്തിൽ, പ്രകൃതിഗുണാധീനമായ ഒരു ശരീരം അവർക്ക് കൈക്കൊളേളണ്ടിവരും, മോചനത്തിന് വഴിയില്ലെന്നാകും. ആദ്ധ്യാത്മികലോകത്തിലേയ്ക്ക് ഉയരാൻ സാധിക്കില്ല. വീണ്ടും വീണ്ടും തത്ത്വചിന്തകനായോ ശാസ്ത്രജ്ഞനായോ കവിയായോ പിറവിയെടുത്ത് ജനനമരണ ക്ലേശങ്ങളിൽ അകപ്പെടുകയാവും ഫലം. എന്നിട്ടും ഭൗതികശക്തിയുടെ മോഹവലയത്താൽ അത്തരമൊരു ജീവിതം സുഖകരമെന്ന് അവർ വിചാരിച്ചുപ്പോകുന്നു.
( ശ്രീമദ് ഭഗവദ് ഗീതാ യഥാരൂപം 14.6)
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .
No comments:
Post a Comment