Home

Monday, July 31, 2023

മറവി (ഭ.ഗീ.15.15)


     

നിങ്ങളുടെ പ്രശ്നങ്ങൾക്ക് 

ഭഗവദ്ഗീതയിൽ നിന്ന്

 ശാശ്വതമായ പരിഹാരം

 

മറവി


സർവസ്യ ചാഹം ഹൃദി സന്നിവിഷ്ടോ

മത്തഃ സ്മൃതിർജ്ഞാനമപോഹനം ച

വേദൈശ്ച സർവൈരഹമേവ വേദ്യോ

വേദാന്തകൃദ് വേദവിദേവ ചാഹം.


    

   സർവ്വജീവികളുടേയും ഹൃദയത്തിൽ ഞാൻ വാഴുന്നു. സ്മര ണയും ജ്ഞാനവും മറവിയും എന്നിൽ നിന്നാണുളവാകുന്നത്. എല്ലാ വേദങ്ങളിലൂടേയും അറിയേണ്ടത് എന്നെത്തന്നെ. വേദാന്തമുണ്ടാക്കിയതും വേദങ്ങളെ അറിയുന്നതും ഞാനാണ്.


   ഭഗവാൻ പരമാത്മരൂപേണ സർവ്വഹൃദയങ്ങളിലും സ്ഥിതിചെയ്യുന്നുണ്ട്. എല്ലാ കർമ്മങ്ങളും അദ്ദേഹത്തിൽ നിന്നാണ് ആരംഭിക്കുന്നത്. തന്റെ മുൻജന്മ സംഭവങ്ങളെ ജീവാത്മാവ് മറന്നുപോകുന്നു. എങ്കിലും മുൻ കർമ്മങ്ങൾക്കെല്ലാം സാക്ഷിയായിരുന്ന ഭഗവാൻ നിർദ്ദേശിക്കുന്നതിനനുസരിച്ചു വേണം ജീവാത്മാവ് പ്രവർത്തിക്കാൻ. തന്മമൂലം മുൻജന്മ കർമ്മങ്ങൾക്കനുസരിച്ചാണ് പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. സ്മരണയും വേണ്ടുന്നത്ര അറിവും നൽകപ്പെട്ടിട്ടും കഴിഞ്ഞ ജന്മങ്ങളെപ്പറ്റി ജീവൻ മറന്നുപോവുകയാണ്. പരമപുരുഷൻ സർവ്വ വ്യാപി മാത്രമല്ല ഓരോ വ്യക്തിഹ്യദയത്തിലും സ്ഥിതിചെയ്യുന്നവനുമാണ്. വിവിധ ഫലോദ്ദിഷ്ട കർമ്മങ്ങൾക്ക് ഭഗവാൻ ഫലം നൽകുന്നു. വ്യക്തിശൂന്യബ്രഹ്മമെന്ന നിലയിലോ, പരമപുരുഷനായോ, ഹൃദയസ്ഥനായ പരമാത്മാവെന്ന നിലയിലോ, മാത്രമല്ല വേദാവതാരമൂർത്തിയായും ഭഗവാൻ ആരാധിക്കപ്പെടുന്നു. മനുഷ്യർക്ക് വേണ്ടും വിധം ജീവിതം നയിച്ച് സ്വഭവനമായ ഭഗവദ്ധാമത്തിലേയ്ക്ക് തിരിച്ചെത്താനുതകുന്ന നിർദ്ദേശങ്ങൾ വേദങ്ങളാണ് നൽകുന്നത്. പരമദിവ്യോത്തമപുരുഷനായ കൃഷ്ണനെപ്പറ്റിയുള്ള അറിവ് നമുക്ക് വേദങ്ങളിലൂടെ ഉണ്ടാകുന്നു. വ്യാസദേവനായി അവതരിച്ച ശ്രീകൃഷ്ണ ഭഗവാൻ തന്നെയാണ് വേദാന്തസൂത്രം രചിച്ചത്. ഭാഗവതത്തിൽ ചേർത്തിട്ടുള്ളതും വ്യാസകൃതവുമായ വേദാന്തസൂത്രഭാഷ്യം ആ കൃതിയെപ്പറ്റി ശരിയായ അറിവ് നൽകുന്നു. ബദ്ധനായ ജീവാത്മാവിന്റെ വിമോചനത്തിനുവേണ്ടി ഭക്ഷ്യ വിഭവങ്ങൾ സൃഷ്ടിക്കുകയും അവയെ ഉദരാഗ്നിയാൽ ദഹിപ്പിക്കാൻ സഹായിക്കുകയുംചെയ്യുന്നു. കർമ്മങ്ങൾക്ക് സാക്ഷിയായി നിൽക്കുന്നു. വേദസ്വരൂപിയായും ഗീതോപദേഷ്ടാവായ ശ്രീകൃഷ്ണ ഭഗവാനായും ജ്ഞാനപ്രദാനം തുടർന്നുപോരുന്നു. അത്രയും പരിപൂർണ്ണനാണ് ഭഗവാൻ. ബദ്ധനായ ജീവാത്മാവിന് പരമാരാധ്യൻ തന്നെ, സർവ്വശ്രേഷ്ഠനും കരുണാശാലിയുമായ ആ പരമപുരുഷൻ.


    ‘അന്തഃ(പവിഷ്ടഃ ശാസ്ത്രാ ജനാനാം,’ ദേഹം ത്യജിക്കുമ്പോൾ ജീവന് വിസ്മൃതിയുണ്ടാകുന്നു. എങ്കിലും ഭഗവന്നിയോഗത്താൽ കഴിഞ്ഞ ജന്മം ചെയ്തതു നിർത്തിയ ഘട്ടത്തിൽ നിന്നുതന്നെ ജീവന് തന്റെ പുതിയ പ്രവർത്തനങ്ങൾ തുടരാനാകും. അതിനെക്കുറിച്ച് ജീവൻ മറന്നു പോയാലും അത് മനസ്സിലാക്കുന്നതിനാവശ്യമുള്ള ബുദ്ധിവൈഭവം ഭഗവാൻ നൽകുന്നു. ഹൃദയസ്ഥനായ പരമാത്മാവിന്റെ നിയോഗമനുസരിച്ച് ഈ ലോകത്തിൽ സുഖദുഃഖങ്ങളനുഭവിക്കുക മാത്രമല്ല, ജീവൻ ചെയ്യുന്നത്. ഭഗവാനിൽ നിന്നു തന്നെ വേദവിജ്ഞാനം നേടാനുള്ള അവസരവും അയാൾക്ക് കിട്ടുന്നുണ്ട്. വൈദികജ്ഞാനത്തിൽ താത്പര്യമുള്ള ഒരാത്മാവിന് അതിനുവേണ്ടുന്ന ധിഷണാശക്തി കൃഷ്ണൻ നൽകുന്നു. എന്തിനാണ് ഭഗവാൻ അറിവിനുവേണ്ടി വൈദികജ്ഞാനത്തെ വെളിപ്പെടുത്തിയത്? ഓരോ ജീവാത്മാവിന്റേയും ആവശ്യമാണ് കൃഷ്ണനെക്കുറിച്ചുള്ള അറിവ്, എന്നതാണ് കാരണം. വൈദികസാഹിത്യം ഇതിനെ സ്ഥിരീകരിക്കുന്നു. ‘യോഽസൗ സർവൈർവേദൈഗീയതേ’. നാല് വേദങ്ങളും വേദാന്തസൂത്രവും ഉപനിഷത്തുകളും പുരാണങ്ങളുമുൾപ്പെട്ട വൈദികസാഹിത്യത്തിൽ ഭഗവത് മഹിമകൾ കീർത്തിക്കപ്പെടുന്നു. വേദോക്ത കർമ്മാനുഷ്ഠാനങ്ങളും വൈദികതത്ത്വചിന്തയും ഭക്തി യുക്തമായ ഭഗവത് സേവനവും എത്തിക്കുന്നത് കൃഷണനിൽത്തന്നെ. അതുകൊണ്ട് വേദങ്ങളുടെ ഉദ്ദേശ്യം കൃഷ്ണനെ മനസ്സിലാക്കുക എന്നതാണ്. കൃഷ്ണനെ അറിയാൻ വേണ്ടുന്ന നിർദ്ദേശങ്ങളും ഭഗവത് സാക്ഷാത്കാരത്തിനുതകുന്ന പ്രക്രിയകളും വേദങ്ങളിലുണ്ട്. പരമമായ പ്രാപ്യസ്ഥാനമാണ് പരമദിവ്യോത്തമപുരുഷൻ.

    ‘തത്തു സമന്വയാത്’  എന്ന് വേദാന്തസൂത്രം (1.1.4) ഇക്കാര്യം സ്ഥിരീകരിക്കുന്നു. പരിപൂർണ്ണതയിലേയ്ക്കുള്ള പടവുകൾ മൂന്നത്രേ. വൈദി കസാഹിത്യം പഠിച്ച പരമപുരുഷനും താനുമായുള്ള ബന്ധമെന്തെന്നറിയുക, അടുത്തതായി വിവിധ പ്രക്രിയകളിലൂടെ ഭഗവാനോടടുക്കുക, അവസാനമായി പരമപുരുഷനാകുന്ന ആത്യന്തികലക്ഷ്യത്തെ പ്രാപിക്കുക. വേദങ്ങളുടെ ഉദ്ദേശ്യം, വേദജ്ഞാനം, വേദങ്ങളുടെ പരമലക്ഷ്യം എന്നിവ ഈ ശ്ലോകത്തിൽ വ്യക്തമായി നിർവ്വചിച്ചിരിക്കുന്നു.



( ശ്രീമദ് ഭഗവദ് ഗീതാ യഥാരൂപം 15.15)



🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ് 



No comments:

Post a Comment