Home

Monday, July 31, 2023

പാപിയാണെന്ന ചിന്ത (ഭ.ഗീ.18.66)


   

നിങ്ങളുടെ പ്രശ്നങ്ങൾക്ക് 

ഭഗവദ്ഗീതയിൽ നിന്ന്

 ശാശ്വതമായ പരിഹാരം

 

പാപിയാണെന്ന ചിന്ത



സർവധർമാൻ പരിത്യജ്യ മാമേകം ശരണം വ്രജ

അഹം ത്വാം സർവപാപേഭ്യോ മോക്ഷയിഷ്യാമി മാ ശുചഃ


    സർവ്വധർമ്മങ്ങളേയും ത്യജിച്ച് എന്നിൽ ശരണം തേടുക, ഞാൻ നിന്നെ സകല പാപപ്രതികരണങ്ങളിൽ നിന്നും മോചിപ്പിക്കാം, ഭയപ്പെടേണ്ട.


    പരബ്രഹ്മത്തെക്കുറിച്ചുള്ള ജ്ഞാനം, പരമാത്മ ജ്ഞാനം, സാമൂഹികമായ വർണ്ണാശ്രമ വിഭാഗത്തെക്കുറിച്ചുള്ള ജ്ഞാനം, സന്ന്യാസത്തെപ്പറ്റിയുള്ള ജ്ഞാനം, അനാസക്തിയെക്കുറിച്ചുള്ള ജ്ഞാനം, ഇന്ദ്രിയനിയന്ത്രണം, മനോനിയന്ത്രണം, ധ്യാനം തുടങ്ങിയ ധർമ്മജ്ഞാനത്തിന്റേയും ധർമ്മചര്യയുടേയും വിവിധ ഇനങ്ങളെപ്പറ്റി ഭഗവാൻ വിവരിച്ചിരിക്കുന്നു. അനേകം രീതികളിൽ പല തരം ധർമ്മങ്ങളെപ്പറ്റി ഭഗവാൻ വിവരിച്ചിട്ടുണ്ട്. ഇവിടെ ഗീതോപദേശത്തെ സംഗ്രഹിച്ചുകൊണ്ട് കൃഷ്ണൻ പറയുന്നു, താൻ ഉപദേശിച്ചിട്ടുള്ള പ്രക്രിയകളെല്ലാം ഉപേക്ഷിച്ച് അർജുനൻ തനിക്ക് ആത്മാർപ്പണംചെയ്താൽ മതിയെന്ന്. ഈ ആത്മാർപ്പണം അർജുനനെ ഏതു വിധം പാപപ്രതികരണങ്ങളിൽ നിന്നും മോചിപ്പിച്ച് രക്ഷിക്കുമെന്ന് കൃഷ്ണൻ നേരിട്ട ഉറപ്പുകൊടുക്കുന്നു.


     എല്ലാ പാപഫലങ്ങളിൽ നിന്നും മുക്തനായവനേ ശ്രീകൃഷ്ണ ഭഗവാനെ സേവിക്കാൻ കഴിയൂ എന്ന് ഏഴാമദ്ധ്യായത്തിൽ പറഞ്ഞിട്ടുണ്ട്. അപ്പോൾ അങ്ങനെ പാപപ്രതികരണങ്ങളിൽനിന്ന് മുക്തി നേടുന്നതിന് മുമ്പ് കൃഷ്ണന് ആത്മാർപ്പണംചെയ്യുന്ന പ്രകിയ സാദ്ധ്യമല്ല എന്നൊരാൾ കരുതിയേക്കാം . ഈ സംശയത്തിന് ഇവിടെ ഉത്തരം നൽകുന്നു. എല്ലാ പാപപ്രതികരണങ്ങളിൽ നിന്നും മോചനം ലഭിച്ചില്ലെങ്കിലും ഭഗവാന് സ്വാത്മാർപ്പണം ചെയ്യുന്നതോടെ ക്ഷണേന ഒരാൾ മുക്തനായിത്തീരും. അതിനുവേണ്ടി അമിത പ്രയത്നമൊന്നും വേണ്ടിവരില്ല. സർവ്വജീവജാലങ്ങളുടേയും സംരക്ഷകനാണ് കൃഷ്ണൻ എന്ന സത്യം നിസ്സങ്കോചം ഉൾക്കൊള്ളുകയേ വേണ്ടു. വിശ്വാസത്തോടും പ്രേമത്തോടുംകൂടി അദ്ദേഹത്തിന് സ്വയം സമർപ്പിക്കണം.


ഈ കൃഷ്ണാർപ്പണവിധിയെപ്പറ്റി ഹരിഭക്തി വിലാസത്തിൽ (11.6.76) പറയുന്നു


ആനുകുല്യസ്യ സങ്കല്പ പ്രാതികൂല്യസ്യ വർജനം

രക്ഷിഷ്യതീതി വിശ്വാസോ ഗോപ്തൃത്വേ വരണം തഥാ

ആത്മനിക്ഷേപ കാർപണ്യേ ഷഡ്വിധാ ശരണാഗതി


    ഭക്തിഭരിതമായ ഭഗവത് സേവനത്തിലെത്തിക്കുന്ന ഏതാനും ധാർമ്മിക നിയമങ്ങളെ അംഗീകരിക്കുക മാത്രമാണ് ഭക്തിപ്രക്രിയ. തന്റെ സാമൂഹ്യനിലയ്ക്കനുസൃതമായൊരു പ്രവൃത്തി ഏതൊരാൾക്കും നിർവ്വഹിക്കാനുണ്ടാവും. അത് നടത്തുന്നതോടൊപ്പം തന്നെ അയാൾ കൃഷ്ണാവബോധത്തിലേയ്ക്ക് ഉയരുന്നില്ലെങ്കിൽ ആ പ്രവൃത്തികളെല്ലാം നിഷ്ഫലം തന്നെ. കൃഷ്ണാവബോധത്തിന്റെ ഉച്ചകോടിയിലേയ്ക്ക് നയിക്കാത്തതെന്തും ത്യാജ്യമാണ്. ഏതൊരു ചുറ്റുപാടിലും കൃഷ്ണൻ തന്നെ എല്ലാ ക്ലേശങ്ങളിൽ നിന്നും രക്ഷിക്കുമെന്ന് ഭക്തൻ വിശ്വസിക്കണം. ശരീരത്തിൽ ജീവനെ പുലർത്തേണ്ടതെങ്ങനെയെന്ന് ആകുലചിന്ത ആവശ്യമേയില്ല. കൃഷ്ണൻ അക്കാര്യം നിറവേറ്റും. താൻ അശരണനാണെന്നും തന്റെ ജീവിതോത്കർഷത്തിന്റെ നിദാനം കൃഷ്ണൻ മാത്രമാണെന്നും  എപ്പോഴും ഓർമ്മിക്കണം. തികഞ്ഞ കൃഷ്ണാവബോധത്തോടെ ഭഗവത് സേവനത്തിൽ മുഴുകുന്ന ഒരാളിൽ നിന്ന് ഭൗതിക കർമ്മങ്ങളെല്ലാം ഒഴിഞ്ഞു പോയ്ക്കക്കൊള്ളും. ജ്ഞാനാർജ്ജനം, യോഗ ശാസ്ത്രാനുസൃതമായ ധ്യാനം എന്നിങ്ങനെ മതപരങ്ങളായ ശുദ്ധീകരണപ്രകിയകൾ പല വിധമുണ്ട്. കൃഷ്ണന് പൂർണ്ണമായി ആത്മാർപ്പണം ചെയ്യുന്ന ഒരാൾക്ക് അത്തരം അനുഷ്ഠാനങ്ങളൊന്നും ആവശ്യമില്ല. തന്മൂലം ഒട്ടേറെ സമയം പാഴാക്കേണ്ടതുമില്ല. അയാൾക്ക് വേഗത്തിൽ മുന്നോട്ടു നീങ്ങാം. എല്ലാ പാപ്രപതികരണങ്ങളിൽ നിന്നും മുക്തനാവാം.


    ഒരാൾ കൃഷ്ണന്റെ പരമസുന്ദരമായ രൂപത്തിൽ ആകൃഷ്ടനായിരിക്കണം. ഏവരേയും ആകർഷിക്കുന്നതുകൊണ്ടാണ് കൃഷ്ണനെന്ന് പേര് വന്നത്. സുന്ദരവും സർവ്വവിഭൂതിപൂർണ്ണവുമായ കൃഷ്ണന്റെ ആകാരത്താൽ ആകൃഷ്ടനായ ഒരുവ്യക്തി സൗഭാഗ്യവാനാണ്. ആദ്ധ്യാത്മികചിന്തകർ പല വിധമുണ്ട്. ചിലർ വ്യക്തിശുന്യബഹ്മസങ്കല്പത്തെ ഇഷ്ടപ്പെടുന്നു. മറ്റു ചിലർ പരമാത്മഭാവത്തെ ഉപാസിക്കുന്നവരാണ്. എന്നാൽ പരമപുരുഷന്റെ വ്യക്തിഭാവത്തിൽ, അതിലേറെ ശ്രീകൃഷ്ണഭഗവാന്റെ സുന്ദര രൂപത്തിൽ മനസ്സുറച്ചവൻ തന്നെ തികഞ്ഞ ആദ്ധ്യാത്മികവാദി. പൂർണ്ണബോധത്തോടെ കൃഷ്ണന് ചെയ്യപ്പെടുന്ന സേവനം തന്നെ ജ്ഞാനത്തിന്റെ അതിഗോപ്യമായ അംശം. ഇതാണ് ഭഗവദ്ഗീതയുടെ കാതൽ. കർമ്മയോഗികൾ, ഭൗതിക തത്ത്വചിന്തകർ, ധ്യാനയോഗികൾ, ഭക്തന്മാർ ഇവരെയെല്ലാം ആദ്ധ്യാത്മികചിന്തകരെന്ന് വിളിച്ചു വരുന്നു. എന്നാൽ ഇവരിൽ വെച്ച് ശ്രേഷ്ഠനാണ് ഒരു ശുദ്ധഭക്തൻ. ‘മാശുചഃ’ എന്ന പദപ്രയോഗം ഇവിടെ ശ്രദ്ധേയമാണ്. ഭയപ്പെടേണ്ട, ശങ്കിക്കേണ്ട, വിഷാദിക്കേണ്ട എന്നെല്ലാം ധ്വനിപ്പിക്കുന്നു ആ വാക്കുകൾ. എല്ലാ ധർമ്മാനുഷ്ഠാനങ്ങളേയും ത്യജിച്ച് സ്വയം കൃഷ്ണന് സമർപ്പിക്കുന്നതെങ്ങനെയാണ് എന്ന വ്യാകുലപ്പെടുന്നവരുണ്ടാവാം. വെറുതെയാണ് ആ മനസ്താപം.



( ശ്രീമദ് ഭഗവദ് ഗീതാ യഥാരൂപം  18.66 )


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ് 



No comments:

Post a Comment