Home

Monday, July 31, 2023

പാപിയാണെന്ന ചിന്ത (ഭ.ഗീ.9.30)



  നിങ്ങളുടെ പ്രശ്നങ്ങൾക്ക് 

ഭഗവദ്ഗീതയിൽ നിന്ന്

 ശാശ്വതമായ പരിഹാരം

 

പാപിയാണെന്ന ചിന്ത



അപിചേത് സുദുരാചാരോ ഭജതേ മാമനന്യഭാക്

സാധുരേവ സ മന്തവ്യഃ സമ്യഗ് വ്യവസിതോ ഹി സഃ


    ഒരാൾ അത്യന്തം ഹീനമായൊരു ദുഷ്കർമ്മംചെയ്താൽപ്പോലും ഭക്തിപൂർവ്വം ഭഗവത്സേവനത്തിലേർപ്പെടുന്നപക്ഷം, അയാളെ സാധു എന്ന് കരുതണം. കാരണം തന്റെ ദൃഢവിശ്വാസത്തിൽ അദ്ദേഹം ശരിയായി വർത്തിക്കുന്നു.


   സുദുരാചാരഃ എന്ന വാക്ക് അർത്ഥഗർഭമാണിവിടെ. അത് വേണ്ടുന്നവിധത്തിൽത്തന്നെ മനസ്സിലാക്കണം. ബദ്ധനായ ജീവാത്മാവിന്റെ പ്രവർത്തനം രണ്ട് വിധത്തിലാണ് : ഒന്ന് ബദ്ധാവസ്ഥാസഹജം, മറ്റേത് മൗലികം. ദേഹരക്ഷയ്ക്കും സാമൂഹ്യരാഷ്ട്രീയ നിയമങ്ങൾ അനുസരിക്കുന്നതിനുമായി ഏതു ഭക്തനും ബദ്ധജീവിതത്തോടനുബന്ധിച്ച് സ്വജീവിതത്തിൽ ചില പ്രവൃത്തികൾ ചെയ്യേണ്ടി വരും. അവയെ ബദ്ധാവസ്ഥാസഹജങ്ങൾ എന്ന് പറയുന്നു. ഇവയ്ക്ക് പുറമേ തന്റെ ആദ്ധ്യാത്മിക പ്രകൃതിയെപ്പറ്റി പൂർണ്ണബോധമുള്ള, കൃഷ്ണാവബോധസ്ഥനായ അഥവാ ഭക്തിയുത ഭഗവത്സേവന നിരതനായ ഒരു ജീവന് ആദ്ധ്യാത്മികങ്ങളായ പ്രവൃത്തികളുമുണ്ട്. ഇവ തന്റെ സ്വരൂപാവസ്ഥയിൽ ചെയ്യുന്നവയാണ്. ഭക്തിപൂർവ്വമുള്ള സേവനമെന്ന് ഇതിനെ പറയുന്നു. ബദ്ധാവസ്ഥയിൽ ചിലപ്പോൾ ഈ സേവനകർമ്മവും, ശരീര സംബന്ധിയും ബദ്ധാവസ്ഥാജന്യവുമായ പ്രവൃത്തിയും സമാന്തര രേഖകൾപോലെ ഒത്തുനീങ്ങാറുണ്ട്. മറ്റു ചിലപ്പോഴൊക്കെ ഇവ ഒന്നിനൊന്ന് വിപരീതമായും വരാം. ഒരു ഭക്തൻ തന്റെ സമഗ്രാവസ്ഥയ്ക്ക് തകരാറ് വരുത്താവുന്നതൊന്നും ചെയ്യാതിരിക്കാൻ ആവുന്നത്ര ശ്രദ്ധിക്കുക പതിവാണ്. തന്റെ പ്രവൃത്തികളുടെ അന്യൂനത കൃഷ്ണാവബോധത്തിന്റെ ക്രമികമായ സാക്ഷാത്കാരത്തെ ആശ്രയിച്ചിരിക്കുന്നുവെന്ന് അയാൾക്കറിയാം. എന്നിരിക്കിലും ചിലപ്പോൾ കൃഷ്ണാവബോധസ്ഥനായ ഒരു മനുഷ്യൻ സാമൂഹ്യമായോ രാഷ്ട്രീയമായോ ഹീനമായി ഗണിക്കപ്പെടുന്ന ഒരു പ്രവൃത്തിചെയ്തതെന്നു വരാം. ആ ക്ഷണികമായ പതനം അയാളെ അനർഹനാക്കിക്കളയില്ല. ഒരു വ്യക്തി പതിതനായിപ്പോയാലും ഉള്ളഴിഞ്ഞ് ഭഗവത്സേവനത്തിലേർപ്പെടുന്ന പക്ഷം ഹൃദയസ്ഥനായ ഭഗവാൻ അയാളെ വിശുദ്ധീകരിച്ച് മാപ്പുകൊടുക്കുമെന്ന് ഭാഗവതം പറയുന്നു. പൂർണ്ണമായി ഭഗവത്സേവനത്തിലേർപ്പെട്ടിരിക്കുന്ന ഒരു യോഗിയെപ്പോലും ബാധിച്ചേക്കാവുന്ന വിധം കരുത്തുറ്റതാണ് ഭൗതികതയുടെ മാലിന്യം. എന്നാൽ സന്ദർഭവശാൽ സംഭവിക്കുന്ന അത്തരമൊരു വീഴ്ചയേയും ഉടനെത്തന്നെ പരിഹരിക്കാൻ കഴിവുണ്ട്, കൃഷണാവബോധത്തിന്. ഭക്തിയുതസേവന പ്രക്രിയയ്ക്ക് ഒരിക്കലും പരാജയമില്ല. ആദർശ മാർഗ്ഗത്തിൽ നിന്ന് ഇങ്ങനെ നൈമിഷികമായൊരു പതനം വല്ലപ്പോഴും ഉണ്ടായതിന് ഒരു ഭക്തന്നെ ആരും നിന്ദിക്കരുത്. അടുത്ത പദ്യത്തിൽ പ്രസ്താവിക്കുന്നതുപോലെ കൃഷ്ണാവബോധത്തിന്റെ പാരമ്യത്തിൽ ക്രമേണ ഇത്തരം വീഴ്ചകളില്ലാതാകും.


   അതുകൊണ്ട് കൃഷ്ണാവബോധസ്ഥനായി സ്ഥിരനിശ്ചയത്തോടെ "ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ, ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ" എന്ന മന്ത്രോച്ചാരണമനുഷ്ഠിച്ചുപ്പോരുന്ന ഒരാളെ, സന്ദർഭവശാൽ ഒരിക്കൽ അടിതെറ്റിപ്പോയാലും ആദ്ധ്യാത്മികമായി ഉത്കൃഷ്ടമായ നിലയിൽ സ്ഥിതി ചെയ്യുന്നുവെന്ന് തന്നെ കരുതണം. സാധുരേവ - 'സാധു തന്നെ‘- എന്ന പദത്തിലാണിവിടെ ഊന്നൽ. യാദൃശ്ചികമായൊരു മാർഗ്ഗഭ്രംശം പറ്റിപ്പോയെന്നു വെച്ച് ഭക്തൻ അപഹസിക്കപ്പെട്ടുകൂടാ എന്ന് ഭക്തന്മാരല്ലാത്തവർക്ക് ഒരു താക്കീതു നൽകലാണ് ഈ പദം ചെയ്യുന്നത്. പതിതന്നെങ്കിലും അയാളെ സാധുവെന്നുതന്നെ കരുതണം. മന്തവ്യഃ  എന്ന വാക്ക് കൂടുതൽ ശ്രദ്ധേയമാണ്. ഈ നിയമമനുസരിക്കാതെ യാദൃശ്ചിക പതനത്തിൽ ഒരാൾ ഭക്തന്നെ നിന്ദിക്കുന്നുവെങ്കിൽ അയാൾ സർവ്വേശ്വരന്റെ ആജ്ഞകളെ അനാദരിക്കുന്നുവെന്നർത്ഥം. ഭക്തന്റെ മുഖ്യലക്ഷണം ഒന്നു മാത്രം; ഇടവിടാതെ അചഞ്ചലമായി ഭഗവത് സേവനത്തിൽ മാത്രമേർപ്പെട്ടുകൊണ്ടേയിരിക്കൽ.


നരസിംഹ പുരാണം പ്രസ്താവിക്കുന്നു,


നരസിംഹ പുരാണം പ്രസ്താവിക്കുന്നു,

ഭഗവതി ച ഹരാവനന്യചേതാ

ഭൃശമലിനോ ഽപി വിരാജതേ മനുഷ്യഃ 

ന ഹി ശശകലുഷച്ഛബിഃ കദാചിത്

തിമിരപരാഭവതാമുചൈതി ചന്ദ്രഃ 


   ഭക്തിപൂർവ്വം സദാ ഭഗവത്സേവനത്തിലേർപ്പെട്ടിരിക്കുന്ന ഒരാൾ ചില ഹീനകൃത്യങ്ങൾചെയ്തുപോയാലും അവയെ ചന്ദ്രനിൽ കാണാവുന്ന കളങ്കംപോലെ മാത്രമേ കരുതേണ്ടതുള്ള. അവ ചന്ദ്രപ്രകാശത്തിന്റെ പ്രസരണത്തിന് തടസ്സമാകാറില്ലല്ലോ. അങ്ങനെത്തന്നെ സാധു ജനോചിതമായ മാർഗ്ഗത്തിൽ നിന്ന് തെല്ലൊന്ന് കാൽ തെറ്റിപ്പോയെന്നു വെച്ച് ഭക്തൻ നിന്ദാർഹനല്ല.


   മറിച്ച്, ഭഗവതിസേവനത്തിൽ നിരതനായ ഒരാൾക്ക് ഏത് ഹീനകൃത്യവുംചെയ്യാമെന്ന് ആരും തെറ്റിദ്ധരിക്കയുമരുത്. ഭൗതികബന്ധങ്ങളുടെ താങ്ങാനാവാത്ത സമ്മർദ്ദത്താൽ സംഭവിക്കാവുന്ന യാദൃശ്ചികമായ ഒരു മാർഗ്ഗ ഭ്രംശത്തെയാണ് ഈ ശ്ലോകം സൂചിപ്പിക്കുന്നത്. ഭക്തിഭരിതമായ ഭഗവത്സേവനമെന്നത് ഒരു വിധത്തിൽ മായാശക്തിയോടുള്ള സമരപ്രഖ്യാപനമത്രേ. ആ സമരത്തിന്നാവശ്യമായ കരുത്തില്ലാത്ത കാലത്തോളം ഇങ്ങനെ ചില യാദൃശ്ചിക വീഴ്ചകൾ സംഭവിക്കാം. വേണ്ടുന്ന കരുത്താർജ്ജിച്ചു കഴിഞ്ഞാലാകട്ടെ, മുമ്പ് പ്രഖ്യാപിച്ചതുപോലെ പതനസാദ്ധ്യതയില്ലതാനും. ഈ ശ്ലോകത്തെ മുൻനിർത്തിക്കൊണ്ട് ആരും ഹീനകൃത്യങ്ങൾ തുടരുകയോ, എന്നിട്ടും താൻ ഭക്തനാണെന്നഭിമാനിക്കുകയോ ചെയ്തുകൂടാ. ഭഗവത് സേവനംകൊണ്ട് സ്വഭാവോത്കർഷം വളർത്തിയെടുക്കാൻ സാധിക്കാത്ത ഒരാൾ ഉന്നതഭക്തനല്ല എന്ന് മനസ്സിലാക്കാം.



( ശ്രീമദ് ഭഗവദ് ഗീതാ യഥാരൂപം  9.30 )


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ് 



No comments:

Post a Comment