Home

Tuesday, July 11, 2023

ഭഗവാനുമായി പരിപൂർണ സ്വരൈക്യത്തിലുള്ള ഒരു പരിശുദ്ധ ഭക്തൻ ചിന്താകുഴപ്പങ്ങൾക്ക് ഹേതുവായിരിക്കുകയില്ല. ഭഗവദ് പാദപത്മങ്ങളെ സ്വഹൃദയത്തിനുള്ളിൽ പ്രതിഷ്ഠിച്ചുകൊണ്ട് ഭഗവദ്പാദാംബുജങ്ങളെ ആരാധിക്കുന്നു.

 


പരം പദം വൈഷ്ണവമാമനന്തി തദ്

യന്നേതി നേതീത്യതദുത്സിസൃക്ഷവഃ

വിസൃജ്യ ദൗരാത്മ്യമനന്യസൗഹൃദാ

ഹൃദോപഗുഹ്യാർഹപദം പദേ പദേ


 


വിവർത്തനം


എല്ലാം പരമപുരുഷനായ പരമോന്നത ഭഗവാൻ വിഷ്ണുവുമായി ബന്ധപ്പെട്ട, ആ പരമ അവസ്ഥയെക്കുറിച്ച് ശരിക്കും അറിയാവുന്നവനാകയാൽ, നിരീശ്വരമായ സർവതിനെയും ഒഴിവാക്കാൻ അതീന്ദ്രിയവാദി ആഗ്രഹിക്കുന്നു. ആകയാൽ, ഭഗവാനുമായി പരിപൂർണ സ്വരൈക്യത്തിലുള്ള ഒരു പരിശുദ്ധ ഭക്തൻ ചിന്താകുഴപ്പങ്ങൾക്ക് ഹേതുവായിരിക്കുകയില്ല. ഭഗവദ് പാദപത്മങ്ങളെ സ്വഹൃദയത്തിനുള്ളിൽ പ്രതിഷ്ഠിച്ചുകൊണ്ട്  ഭഗവദ്പാദാംബുജങ്ങളെ ആരാധിക്കുന്നു.


ഭാവാർഥം


ഭഗവദ്ഗീതയിൽ 'മദ്-ധാര' - എന്റെ ധാമം എന്ന് നിരവധി തവണ പ്രസ്താവിച്ചിട്ടുണ്ട്. പരമദിവ്യോത്തമപുരുഷൻ ഭഗവാൻ ശ്രീകൃഷണന്റെ വീക്ഷണത്തിൽ, അനന്തമായ ആത്മീയാകാശം സ്ഥിതിചെയ്യുന്ന അവിടത്തെ ലോകങ്ങളെ വൈകുണ്ഠങ്ങൾ അഥവാ പരമദിവ്യോത്തമപുരുഷന്റെ ധാമമെന്ന് വിശേഷിപ്പിക്കുന്നു. ഭൗതികാകാശത്തിനും, അതിന്റെ ഏഴുവിധ ആവരണങ്ങൾക്കും വളരെയധികം ദൂരെയുള്ള ആ ആകാശത്ത് പ്രകാശത്തിന് സൂര്യന്റെയോ, ചന്ദ്രന്റെയോ, വൈദ്യുതിയുടെയോ ആവശ്യമില്ല. എന്തുകൊണ്ടെന്നാൽ, ഗ്രഹങ്ങളെല്ലാം സ്വയം പ്രകാശിതവും, ഭൗതിക സൂര്യന്മാരേക്കാൾ അത്യന്തം തേജസ്സുള്ളവയുമാകുന്നു. ഭഗവാന്റെ പരിശുദ്ധ ഭക്തർ പരമദിവ്യോത്തമപുരുഷനുമായി സർവഥാ ഐക്യത്തിലാണ്. ഭഗവദ്ഭക്തർ ഭഗവാനെ അവരുടെ ഏക ആശ്രയിക്കുത്തക്ക മിത്രവും, അഭ്യുദയകാംക്ഷിയുമായി സർവഥാ സ്മരിക്കുന്നു. അവർ ഒരു ഐഹിക ജീവസൃഷ്ടിയെക്കുറിച്ചും, പ്രപഞ്ചനാഥനായ ബ്രഹ്മദേവനെപ്പോലും, അല്ലെങ്കിൽ ബ്രഹ്മപദവിയിലുള്ളവരെക്കുറിച്ചു പോലും ചിന്തിക്കുന്നില്ല. (ശ്രദ്ധിക്കുന്നതേയില്ല.) വൈകുണ്ഠ ലോകങ്ങളെ കാണാൻ കഴിയുന്ന അചിന്ത്യമായ ചക്ഷുരിന്ദ്രീയം (കണ്ണ്) പ്രാപ്തമാക്കാൻ അവർക്ക് (ഭഗവദ്ഭക്തർക്ക്) മാത്രമേ കഴിയൂ. അത്തരം പരിശുദ്ധ ഭക്തർ പരമപുരുഷനായ ഭഗവാനാൽ പരിപൂർണമായി നയിക്കപ്പെടുന്നവരാകയാൽ, ബ്രഹ്മമെന്തെന്നും, ബ്രഹ്മമല്ലാത്തതെന്തെന്നുമുള്ള സംവാദത്തിൽ സമയം പാഴാക്കുന്നതിലൂടെയോ, ഭഗവാനുമായി ഏകത്വം പ്രാപിച്ചുവെന്ന് സ്വയം തെറ്റായി ധരിക്കുന്നതിലൂടേയോ, ഭഗവാന് വേറിട്ടൊരു അസ്തിത്വമില്ലെന്ന് വാദിക്കുന്നതിലൂടെയോ, ഈശ്വരനേയില്ലെന്നോ, ജീവസത്തകളെല്ലാം സ്വയം ഭഗവാനാണെന്നോ, ഭഗവാൻ സ്വയം അവതരിക്കുമ്പോൾ അദ്ദേഹം ഒരു ഭൗതിക ശരീരം കൈക്കൊള്ളുന്നുവെന്നോ ഉള്ള ആത്മജ്ഞാനപരമായ ഗ്രഹണശക്തിയെക്കുറിച്ചുള്ള കാര്യങ്ങളിൽ യാതൊരുവിധ ആശയക്കുഴപ്പവും സൃഷ്ടിക്കുന്നില്ല. മാത്രവുമല്ല, പല അവ്യക്തമായ കാൽപ്പനിക സിദ്ധാന്തങ്ങളെയും അവർ സ്വയം ആശ്രയിക്കുകയുമില്ല. യഥാർഥത്തിൽ, അവ്യക്തമായ കാൽപ്പനിക സിദ്ധാന്തങ്ങളൊക്കെയും, അതീന്ദ്രിയ ജ്ഞാനശക്തിയിലേക്കുള്ള പ്രവർത്തനപഥത്തിലെ പലവിധ പ്രതിബന്ധങ്ങളാകുന്നു. അവ്യക്തിഗതവാദികൾ, അല്ലെങ്കിൽ അഭക്തരുടെ സമൂഹംഒഴികെ, സ്വയം തമെന്ന് ഭാവിക്കുന്നവരും, എന്നാൽ നിരാകാരനിൽ വിലയം പ്രാപിച്ച് മുക്തി പ്രാപിക്കാമെന്നുള്ള ആശയം മനസ്സിൽ കാത്തുസൂക്ഷിക്കുന്നവരുമായ മറ്റൊരു ഗണവുമുണ്ട്. തുറന്ന വിഷയാസക്തിയിലൂടെ അവരുടേതായ ഭക്തിയുതസേവനമാർഗം നിയമവിരുദ്ധമായി സൃഷ്ടിക്കുകയും, അവരെപ്പോലെ വിഷയികളായ, അഥവാ ദുഷ്ടചരിതരായ മറ്റുള്ളവരെ തെറ്റായിനയിക്കുകയും ചെയ്യുന്നു. വിശ്വനാഥ ചക്രവർത്തിയുടെ അഭിപ്രായത്തിൽ, ഈ എല്ലാ അഭക്തരും വിഷയികളും (കാമാസക്തരും) ദുരാത്മാക്കളുമാകുന്നു. അത്തരം അഭക്തരെയും, ക്ലിബന്മാരെയും (വിഷയികളെയും) അതീന്ദ്രിയവാദികളുടെ ശ്രേണിയിൽ നിന്നും പൂർണമായും ഒഴിവാക്കേണ്ടതാണെന്ന് ശ്രീ ശുകദേവ ഗോസ്വാമിയുടെ ഈ വിശിഷ്ട ശ്ലോകം പ്രതിപാദിക്കുന്നു. ആകയാൽ, വൈകുണ്ഠ ലോകങ്ങൾ യഥാർഥത്തിൽ, പരംപദം' എന്ന് വിശേഷിപ്പിക്കുന്ന പരമവാസസ്ഥാനമാകുന്നു. സൂര്യരശ്മികൾ സൂര്യന്റെ കിരണങ്ങളെന്നപോലെ, നിരാകാരബ്രഹ്മജ്യോതി വൈകുണ്ഠ ലോകത്തിന്റെ പ്രഭയാകയാൽ അതിനെ 'പരംപദ'മെന്നും വിശേഷിപ്പിക്കുന്നു. ഭഗവദ്ഗീത(14.27)യിൽ ഇപ്രകാരം വ്യക്തമായി പറഞ്ഞിരിക്കുന്നു. “ഭഗവാന്റെ വ്യക്തിഗതഭാവത്തിൽ നിരാകാര ബ്രഹ്മജ്യോതി വിലയിക്കുന്നു. തന്നിമിത്തം പ്രത്യക്ഷമായും പരോക്ഷമായും സർവതും ബാതിയിൽ സംവേശിക്കുന്നു". സകലതും വാനിൽനിന്നും ഉത്ഭവിക്കുന്നു. സർവം അദ്ദേഹത്തിൽ വർത്തിക്കുന്നു. മാത്രവുമല്ല, ഉന്മൂലനത്തിനു ശേഷം സകലതും അദ്ദേഹത്തിൽ മാത്രം വിലയിക്കുകയും ചെയ്യുന്നു. ആകയാൽ, അദ്ദേഹത്തിൽനിന്ന് യാതൊന്നും സ്വതന്ത്രമല്ല. ബ്രഹ്മത്തെ ബ്രഹ്മമല്ലാത്തതിൽ നിന്നും (മായ) വേർത്തിരിക്കുവാൻ ഒരു ശുദ്ധഭക്തൻ, തന്റെ വിലപ്പെട്ട സമയം പാഴാക്കിക്കളയുകയില്ല. എന്തുകൊണ്ടെന്നാൽ, പരബ്രഹ്മമായ ഭഗവാൻ അദ്ദേഹത്തിന്റെ ബ്രഹ്മശക്തി സകലതിലും ഇഴചേർത്തിരിക്കുന്നുവെന്ന് ഭക്തന് നല്ലവണ്ണം അറിയാം. ആകയാൽ, സർവം ഭഗവദ് വിഭവമാണെന്ന്, അഥവാ ഭഗവാന് അധികാരപ്പെട്ടതാണെന്ന് ഭക്തൻ നോക്കിക്കാണുന്നു. എല്ലാം ഭഗവദ്സേവനത്തിൽ നിരതമാക്കാൻ ഭക്തൻ ശ്രമിക്കുന്നു. മാത്രവുമല്ല, ഭഗവദ്സൃഷ്ടിയെ കുടിലമായി അടക്കിഭരിക്കുന്നതിന് യാതൊരു പരിഭ്രമങ്ങളുമുണ്ടാക്കുന്നില്ല. ഭഗവാന്റെ അതീന്ദ്രിയപ്രതസേവനത്തിൽ താൻ സ്വയവും, അതേപോലെ മറ്റുള്ളവരെയും വ്യാപൃതനാക്കുന്നവിധം ഭഗവദ്ഭക്തൻ ശ്രദ്ധാലൂവാണ്. സകലതിലും ഭഗവാനെയും, ഭഗവാനിൽ അഖിലവും ഭക്തൻ ദർശിക്കുന്നു. ഭഗവാന്റെ അതീന്ദ്രിയ രൂപത്തെ ലൗകികമായ ഒന്നായി ധരിക്കുന്നതാണ് ദുരാത്മാക്കളുടെ കുഴപ്പങ്ങൾക്കു കാരണം.


(ശ്രീമദ് ഭാഗവതം 2/2/18 )


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ്



No comments:

Post a Comment