Home

Friday, July 21, 2023

കൃഷ്ണാർജുനന്മാർ ദ്വാരകയിലെ ദുഃഖിതനായ ബ്രാഹ്മണന്റെ മരിച്ചുപോയ പുത്രന്മാരെ വീണ്ടെടുത്ത ലീല

 


ഒരിക്കൽ ദ്വാരകയിൽ ഒരു ബ്രാഹ്മണന്റെ പത്നി ഒരാൺകുഞ്ഞിനെ പ്രസവിക്കുകയും അതുടനെ മരിച്ചുപോവുകയും ചെയ്തു.  മരിച്ചപുത്രനെയുമെടുത്ത് ഉഗ്രസേനന്റെ സഭയിലേക്കു ചെന്ന ബ്രാഹ്മണൻ രാജാവിനെ അപലപിച്ചു: “ഈ വഞ്ചകനും അത്യാഗ്രഹിയും ബ്രാഹ്മണശത്രുവുമായ രാജാവു കാരണം എന്റെ പുത്രൻ മരിച്ചു. ഇയാൾ തന്റെ ധർമ്മം വേണ്ടവിധം നിർവ്വഹിക്കുന്നില്ല!” അതേ ദൗർഭാഗ്യം പിന്നേയും ബ്രാഹ്മണന് വന്നു ഭവിച്ചു. ഓരോ തവണയും അയാൾ മരിച്ച ശിശുവിനെ രാജസഭയിൽ കൊണ്ടുവരികയും രാജാവിനെ ശകാരിക്കുകയും ചെയ്തു. ഒമ്പതാമത്തെ പുത്രൻ പ്രസവത്തിൽ മരിച്ചപ്പോൾ ബ്രാഹ്മണന്റെ പരാതി അർജുനൻ കേൾക്കാനിടയായി. അദ്ദേഹം പറഞ്ഞു: “സ്വാമിൻ, ഞാനങ്ങയുടെ സന്തതിയെ രക്ഷിക്കാം. പരാജയപ്പെടുകയാണെങ്കിൽ ഞാൻ അഗ്നിയിൽ പ്രവേശിച്ച് പാപപരിഹാരം ചെയ്യും.


കുറച്ചുകാലം കഴിഞ്ഞ് ബ്രാഹ്മണന്റെ ഭാര്യ പത്താമതും പ്രസവിക്കാറായി. ഇതറിഞ്ഞ അർജുനൻ പ്രസവഗൃഹത്തിൽ ചെന്ന് ശരങ്ങൾ കൊണ്ട് അതിനെ പൊതിഞ്ഞ് സുരക്ഷിതമാക്കി. പക്ഷേ ആ ശ്രമമൊക്കെ വിഫല മാവുകയാണുണ്ടായത്. കാരണം കുഞ്ഞ് പിറന്ന് കരയാൻ തുടങ്ങിയതും അത് ആകാശത്തിലേക്ക് മറഞ്ഞു. ബ്രാഹ്മണൻ അർജുനനെ കഠിനമായി ശകാരിക്കവേ, ആ യോദ്ധാവ് മരണദേവനായ യമരാജന്റെ വാസസ്ഥാനത്തേയ്ക്ക് പുറപ്പെട്ടു. പക്ഷേ ബ്രാഹ്മണന്റെ പുത്രനെ അവിടെയോ പതിനാലു ലോകങ്ങളിലെങ്ങുമോ കാണാൻ കഴിഞ്ഞില്ല.


ബ്രാഹ്മണപുത്രനെ രക്ഷിക്കാൻ കഴിയാത്ത അർജുനൻ അഗ്നിയിൽ പ്രവേശിച്ച് മരിക്കാൻ പുറപ്പെട്ടു. പക്ഷേ അതിനുതൊട്ട് മുമ്പ് കൃഷ്ണഭഗവാൻ അർജ്ജുനനെ തടഞ്ഞിട്ട് ഇങ്ങനെ പറഞ്ഞു: “ബ്രാഹ്മണപുത്രന്മാരെ ഞാൻ നിനക്ക് കാണിച്ചുതരാം. അതിനാൽ, ദയവായി ഇങ്ങനെ ആത്മനിന്ദ ചെയ്യേണ്ട.” ഭഗവാൻ കൃഷ്ണൻ അർജുനനെ തന്റെ അതീന്ദ്രിയരഥത്തിൽ കയറ്റി ഇരുവരും സപ്തദ്വീപങ്ങളും സപ്തസമുദ്രങ്ങളും ലോകാലോക പർവതനിരകളും താണ്ടി ഗാഢാന്ധകാരപ്രദേശത്തെത്തി. കുതിരകൾക്ക് വഴി കാണാൻ പറ്റാതെയായി. അന്ധകാരത്തെ തുളയ്ക്കാൻ ഭഗവാൻ തന്റെ ഉജ്ജ്വലമായ സുദർശനചക്രത്തെ മുന്നിൽ വിട്ടു. ക്രമേണ അവർ കാരണ സമുദ്രത്തിന്റെ തീരത്തെത്തി. അവിടെ അവർ മഹാവിഷ്ണുവിന്റെ നഗരം കണ്ടു. ആയിരം ഫണങ്ങളുള്ള അനന്തനെയും അതിനുമേലെ ശയിക്കുന്ന മഹാവിഷ്ണുവിനെയും കണ്ടു. മഹാവിഷ്ണു കൃഷ്ണാർജുനന്മാരെ അഭിവാദ്യം ചെയ്തിട്ട് ഇപ്രകാരം പറഞ്ഞു: “നിങ്ങളെ ഇരുവരെയും ദർശിക്കാൻവേണ്ടിമാത്രമാണ് ഞാൻ ബ്രാഹ്മണസുതന്മാരെ ഇവിടേയ്ക്കു കൊണ്ടുപോന്നത്. നരനാരായണ ഋഷിമാരായി ധാർമികമാർഗങ്ങൾ ആചരിച്ചുകാണിച്ചു കൊടുത്തുകൊണ്ട് സാമാന്യജനങ്ങൾക്ക് ക്ഷേമം നൽകുന്നത് തുടരുക."


ബ്രാഹ്മണപുത്രന്മാരെയും കൊണ്ട് കൃഷ്ണാർജുനന്മാർ ദ്വാരകയ്ക്ക് മടങ്ങുകയും കുഞ്ഞുങ്ങളെ പിതാവിന് തിരിച്ചുനൽകുകയും ചെയ്തു. ശ്രീകൃഷ്ണന്റെ മഹത്വം നേരിട്ടനുഭവിച്ച അർജുനൻ അത്ഭുതപരതന്ത്രനായി. ഭഗവാന്റെ കരുണയുണ്ടെങ്കിൽ മാത്രമേ ഒരു ജീവസത്തയ്ക്ക് കഴിവോ ഐശ്വര്യമോ പ്രകടമാക്കാനാവൂ എന്ന് അർജുനൻ മനസ്സിലാക്കി.


(ശ്രീമദ് ഭാഗവതം 10/89/ആമുഖം)


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ് 





No comments:

Post a Comment