Home

Monday, July 31, 2023

പരിപൂർണനായ യോഗി



ഭൗതികവേദനകൾ സഹിക്കേണ്ടിവരുന്ന അനേകം കയ്പുള്ള  അനുഭവങ്ങൾ അവർക്കുള്ളതുകൊണ്ടാണ് യോഗികളും ജ്ഞാനികളും പരമചൈതന്യത്തിൽ ഐക്യം കാംക്ഷിക്കുന്നത്. വേർപാടിന്റെ വേദന അനുഭവിക്കുന്നതിനാലാണ് അവർ ഭഗവാനുമായി ഒന്നു ചേരാൻ ഇച്ഛിക്കുന്നത്. ഒരു ശുദ്ധഭക്തന് ഈ അനുഭവം ഉണ്ടാകുന്നില്ല. ഭഗവാനിൽ നിന്ന് വേർപെട്ടിട്ടാണെങ്കിലും, വേർപെട്ടു നിന്നുകൊണ്ട് ഭഗവാനെ സേവിക്കുന്നത് ഭക്തൻ തികച്ചും ആസ്വദിക്കുന്നു. അവ്യക്തിഗത ബ്രഹ്മത്തിൽ ഐക്യം പ്രാപിക്കാനുള്ള-  അതായത് ഈശ്വരിനിൽ ലയിക്കുവാനുള്ള- ഈ ആഗ്രഹം മറ്റുള്ള ഏതു ഭൗതിക ആഗ്രഹത്തെക്കാളും ശ്രേഷ്ഠം തന്നെ;



എന്നാൽ ഇതിൽ സ്വാർത്ഥതാൽപര്യം ഇല്ലാതില്ല. അതുപോലെതന്നെ എല്ലാ ഭൗതികകർമങ്ങളും ത്യജിച്ച് അർധനിമീലിത നേത്രങ്ങളോടെ യോഗചര്യ അനുഷ്ഠിക്കുന്ന സിദ്ധയോഗി കാംക്ഷിക്കുന്നത് തനിക്കു തന്നെയുള്ള അല്പം സംതൃപ്തിയാണ്. അത്തരം യോഗികൾ ഭൗതികശക്തി ഇച്ഛിക്കുന്നവരാണ്. യോഗത്തിന്റെ പരിപൂർണ്ണതയെ കുറിച്ച് അവർക്കുള്ള സങ്കല്പവും അതുതന്നെയാണ്. വാസ്തവത്തിൽ ഇത് ഒരു ഭൗതിക പ്രക്രിയയാണെന്നല്ലാതെ, യോഗത്തിന്റെ പരി പൂർണതയാകുന്നില്ല.


യോഗത്തിന്റെ നിബന്ധനകൾ പാലിക്കുന്ന ഒരുവന് എട്ടുതരം പരിപൂർണതകൾ നേടാൻ കഴിയും. അയാൾക്ക് പഞ്ഞിയെക്കാൾ ഭാരക്കുറവു കൈവരിക്കാം. ഒരു വൻപാറയെക്കാൾ ഭാരക്കൂടുതലും കൈവരിക്കാം. ഇച്ഛിക്കുന്നതെന്തും തൽക്ഷണം അയാൾക്കു നേടാം. ചിലപ്പോൾ ഒരു ഗ്രഹത്തെപ്പോലും സൃഷ്ടിക്കാനും അയാൾക്കു കഴിഞ്ഞേക്കാം. സിദ്ധൻമാരായ ഇത്തരം യോഗികൾ വിരളമായിട്ടെങ്കിലും കാണപ്പെടുന്നുണ്ട്. തെങ്ങിൽ നിന്ന് മനുഷ്യജീവിയെ സൃഷ്ടിക്കാൻ വിശ്വാമിത്രമുനി ആഗ്രഹിച്ചു. അദ്ദേഹം ചിന്തിച്ചത് ഇപ്രകാരമായിരുന്നു. "ഒരു മനുഷ്യൻ മാതാവിന്റെ ഗർഭപാത്രത്തിൽ എന്തിന് അനേകം മാസങ്ങൾ കഴിച്ചു കൂട്ടണം? വൃക്ഷത്തിൽ നിന്ന് പഴം ഉണ്ടാകുന്നതുപോലെ അവനെ എന്തിന് ഉണ്ടാക്കിക്കൂടാ?” ഇങ്ങനെ ചിന്തിച്ചു കൊണ്ട് വിശ്വാമിത്രയോഗി നാളികേരം എന്നപോലെ മനുഷ്യ ഒരു സൃഷ്ടിച്ചു. ഇതുപോലുള്ള അത്ഭുതങ്ങൾ നടത്തുവാൻ തക്കവണ്ണം സിദ്ധികളുള്ള യോഗികൾ ചിലരുണ്ട്. പക്ഷേ ഇതെല്ലാം ഭൗതിക സിദ്ധികളാണ്. കാലാന്തരത്തിൽ ഇത്തരം യോഗികൾ പരാജിതരാകും; കാരണം ഭൗതിക സിദ്ധികൾ എക്കാലവും നിലനിർത്താൻ അവർക്കു കഴിയുകയില്ല. ഭക്തയോഗികൾക്ക് അത്തരം സിദ്ധികളിൽ താൽപര്യം ഇല്ല.


കൃഷ്ണാവബോധത്തിൽ പ്രവർത്തിക്കുന്ന ഭക്തിയോഗി സ്വാർഥതാല്പര്യം ഇല്ലാതെ, ഏവരുടെയും സംതൃപ്തിക്കായി പ്രവർത്തിക്കുന്നു. കൃഷ്ണാവബോധമുള്ള ഒരുവൻ സ്വാർത്ഥ സംതൃപ്തി ആഗ്രഹിക്കുന്നില്ല. സഫലതയ്ക്കുള്ള അയാളുടെ മാനദണ്ഡം കൃഷ്ണന്റെ പ്രീതിയാണ്; അതുകൊണ്ടാണ് അയാളെ പരിപൂർണനായ സംന്യാസിയായും പരിപൂർണനായ യോഗിയായും കരുതുന്നത്.


(അതീന്ദ്രിയം / അധ്യായം ഒന്ന് / യോഗപദ്ധതി )

No comments:

Post a Comment