അത്ര മാം മൃഗയന്ത്യദ്ധാ യുക്താ ഹേതുഭിരീശ്വരം
ഗുഹ്യമാണൈർഗുണൈർലിംഗൈരഗ്രാഹ്യമനുമാതഃ
വിവർത്തനം
എന്നെ, സാധാരണ ഇന്ദ്രിയ സംവേദനത്തിലൂടെ ഒരിക്കലും കണ്ടെത്താനാവുകയില്ലെങ്കിലും, മനുഷ്യജന്മത്തിൽ സ്പഷ്ടമായും പരോക്ഷമായും ഉറപ്പുവരുത്തുന്ന ലക്ഷണങ്ങളിലൂടെ എന്നെ അന്വേഷിക്കുന്നതിന് അവരുടെ ബുദ്ധിയും ഇതര ഇന്ദ്രിയ സംവേദനശേഷികളും ഉപയോഗിക്കണം.
ഭാവാർത്ഥം
ശ്രീല വിശ്വനാഥ ചക്രവർത്തി ഠാക്കൂറിന്റെ അഭിപ്രായത്തിൽ, ഈ ശ്ലോകത്തിലെ യുക്താഃ എന്ന വാക്ക് ഭക്തിയോഗത്തിന്റെ ക്രമീകൃത അനുഷ്ഠാനത്തിൽ മുഴുകുന്നവരെ സൂചിപ്പിക്കുന്നു. ചില വിഡ്ഢികൾ വിചാരിക്കുന്നതുപോലെ, ഭഗവദ് ഭക്തന്മാർ ബുദ്ധിശൂന്യരായ മതഭ്രാന്തന്മാരല്ല. അനുമാനതഃ, ഗുണൈർ ലിംഗൈഃ എന്നീ വാക്കുകളാൽ സൂചിപ്പിക്കുന്നതുപോലെ, ഭക്തി യോഗത്തിൽ മുഴുകിയിട്ടുളള ഒരു ഭക്തൻ മനുഷ്യബുദ്ധിയുടെ എല്ലാ യുക്തിപൂർവമായ ശേഷിയും ഉപയോഗിച്ച് ഭഗവാനെ തീവ്രമായി അന്വേഷിക്കുന്നു. മൃഗയന്തി, അഥവാ “അന്വേഷണം” എന്ന പദം ക്രമീകൃതമല്ലാത്ത, അനധികൃതമായ ഒരു പ്രക്രിയയെ സൂചിപ്പിക്കുന്നില്ല. ഒരു പ്രത്യേക വ്യക്തിയുടെ ടെലിഫോൺ നമ്പർ അന്വേഷിക്കണമെങ്കിൽ നാം ആധികാരികതയുളള ടെലിഫോൺ ഡയറക്ടറിയിൽ നോക്കുന്നു. അതുപോലെ, നാം ഒരു പ്രത്യേക ഉത്പന്നം അന്വേഷിക്കുന്ന പക്ഷം, അത് കണ്ടെത്താൻ സാധ്യതയുളള പ്രത്യേക കടയിലേക്ക് പോകുന്നു. ഭഗവാൻ ഭാവനയുടെ ഒരുത്പന്നമല്ലെന്നും, അതിനാൽ ഭഗവാൻ എന്തായിരിക്കുമെന്ന് നമുക്ക് നമ്മുടെ തന്നിഷ്ടത്തിന് വിഭാവനം ചെയ്യാൻ കഴിയില്ലെന്നും ശ്രീല ജീവഗോസ്വാമി ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ട്, കൃഷ്ണഭഗവാനെക്കുറിച്ചുളള വിവരം ലഭിക്കാൻ നാം ആധികാരിക വൈദികശാസ്ത്രങ്ങളിൽ ചിട്ടയോടെ അന്വേഷണം നടത്തണം. ആർക്കും സാധാരണ ഊഹാപോഹങ്ങളിലൂടെയോ, അല്ലെങ്കിൽ ഇന്ദ്രിയ പ്രവർത്തനങ്ങളിലൂടെയോ കൃഷ്ണഭഗവാനെ നേടാൻ, അഥവാ മനസ്സിലാക്കാൻ കഴിയില്ലെന്ന് ഈ ശ്ലോകത്തിലെ അഗ്രാഹ്യം എന്ന വാക്ക് സൂചിപ്പിക്കുന്നു. ഇതു സംബന്ധിച്ച് ശ്രീല രൂപഗോസ്വാമി ഭക്തിരസാമൃതസിന്ധു(1,2,234) വിൽ താഴെ കൊടുത്തിട്ടുള്ള ശ്ലോകം പ്രസ്താവിക്കുന്നു;
അതഃ ശ്രീ-കൃഷ്ണ-നാമാദി ന ഭവേദ് ഗ്രാഹ്യം ഇന്ദ്രിയൈഃ
സേവോന്മുഖേ ഹി ജിഹ്വാദൗ സ്വയം ഏവ സ്ഫുരതി അദഃ
“ശ്രീകൃഷ്ണഭഗവാന്റെ നാമം, രൂപം, ഗുണങ്ങൾ ലീലകൾ മുതലായവ മലിനമായ ഭൗതികേന്ദ്രിയങ്ങൾക്ക് വിഷയീഭവിക്കുന്നില്ല. ഭക്തിഭരിത ഭഗവദ് സേവനത്താൽ ആധ്യാത്മികമായി പൂരിതനാകുമ്പോൾ മാത്രമേ അവിടുത്തെ അതീന്ദ്രിയ നാമ, രൂപ, ഗുണങ്ങളും ലീലകളും അവന് വെളിപ്പെടുകയുള്ളൂ.
ഗൃഹ്യമാണൈർ ഗുണൈഃ എന്നീ വാക്കുകൾ മനുഷ്യമസ്തിഷ്കത്തിന്റെ യുക്തിയുക്തവും വിവേകപൂർണവുമായ ശേഷികളെ സൂചിപ്പിക്കുന്നു. പരമപുരുഷനെ പ്രത്യക്ഷമായും പരോക്ഷമായും ഗ്രഹിക്കുന്നതിന് ഇവയെല്ലാം ഉപയോഗിക്കാൻ കഴിയും. പരോക്ഷമായി ഒരുവന് ഭഗവാന്റെ സൃഷ്ടിയിലൂടെ അദ്ദേഹത്തെ പരിചയിക്കാം. നാം ഈ ലോകത്തെ നമ്മുടെ ബുദ്ധിയിലൂടെ (ഇന്ദ്രിയങ്ങളിലൂടെയും) അനുഭവവേദ്യമാക്കുന്നതിനാൽ നമ്മുടെ ബുദ്ധിക്ക് നിശ്ചയമായും ഒരു സ്രഷ്ടാവുണ്ടെന്നും, അതുകൊണ്ട് ആ സ്രഷ്ടാവ് പരമമായ ബുദ്ധിയുളളവനാണെന്നും നമുക്ക് നിർണയിക്കാൻ കഴിയും. അപ്രകാരം, വിവേകിയായ ഏതൊരു വ്യക്തിക്കും എല്ലാത്തിനെയും നിയന്ത്രിക്കുന്ന ഒരു പരമവ്യക്തിയുണ്ടെന്ന് ലളിതമായ യുക്തിയിലൂടെ ഗ്രഹിക്കാനാവും.
ഒരുവന് ഭഗവാന്റെ ദിവ്യനാമങ്ങളുടെയും മഹിമകളുടെയും ശ്രവണ കീർത്തനങ്ങളിലൂടെ ഭഗവാനെ പ്രത്യക്ഷത്തിൽ അറിയാൻ കഴിയും. ശ്രവണം കീർത്തനം വിഷ്ണോഃ എന്നാൽ ഒരുവൻ എല്ലായ്പ്പോഴും ഭഗവദ് മഹിമാനങ്ങൾ ശ്രവിക്കുകയും കീർത്തിക്കുകയും ചെയ്യണമെന്നാണർഥം. പരിപൂർണതയോടെ ശ്രവിക്കുകയും കീർത്തിക്കുകയും ചെയ്യുന്ന ഒരുവൻ നിസ്സംശയം ഭഗവാനെ മുഖാമുഖം ദർശിക്കും. കൃഷ്ണൻ സർവവ്യാപിയാണ്, അതിനാൽ ഒരുവൻ അദ്ദേഹത്തെ എല്ലായിടത്തും അന്വേഷിക്കണം. ഭക്തിയോഗത്താൽ പരിശുദ്ധീകരിക്കപ്പെട്ട ഇന്ദ്രിയങ്ങളാൽ ഭഗവാനെ പ്രത്യക്ഷത്തിൽ ദർശിക്കാൻ കഴിയും. ഈ ശ്ലോകത്തിലെ അദ്ധാ എന്നവാക്കുകൊണ്ട് ധ്വനിപ്പിക്കുന്നതുപോലെ, ഈ ദർശനം പ്രത്യക്ഷത്തിലുളളതാണ്, സാങ്കൽപ്പികമല്ല. ഈ ആശയം ശ്രീല പ്രഭുപാദർ ശ്രീമദ്ഭാഗവത(2.2.35) ത്തിൽ നിന്നുള്ള ശ്ലോകത്തിന്റെ ഭാവാർഥത്തിൽ വിപുലമായി വിശദീകരിച്ചിട്ടുണ്ട്.
ഭഗവാൻ സർവ-ഭൂതേഷു ലക്ഷിതഃ സ്വാത്മനാ ഹരിഃ
ദൃശ്യൈർ ബുദ്ധി-ആദിഭിർ ദ്രഷ്ടാ ലക്ഷണൈർ അനുമാപകൈഃ
“ഭഗവാൻ ഹരി എല്ലാ ജീവജാലങ്ങളിലും വ്യക്തിഗതാത്മാവിനൊപ്പമുണ്ട്, ഈ സത്യം നമ്മുടെ കാഴ്ചയിലൂടെയും ബുദ്ധിയുടെ സഹായത്താലും ഗ്രഹിക്കാനും അനുമാനിക്കാനും കഴിയും."
(ശ്രീമദ്‌ഭാഗവതം 11/7/23 )
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .
No comments:
Post a Comment