മരണസമയത്ത് ഓരോ ജീവസത്തയും അവന്റെ ഭാര്യയ്ക്കും സന്താനങ്ങൾക്കും എന്തു സംഭവിക്കുമെന്ന് ഉൽകണ്ഠപ്പെടും. അതുപോലെ, ഒരു രാഷ്ട്രീയക്കാരനും അവന്റെ രാജ്യത്തിന്, അല്ലെങ്കിൽ അവന്റെ രാഷ്ട്രീയ പാർട്ടിക്ക് എന്തു സംഭവിക്കുമെന്ന് ഉൽകണ്ഠപ്പെടും. ഒരുവൻ പൂർണമായ കൃഷ്ണാവബോധത്തിൽ അല്ലെങ്കിൽ അവന്റെ അവബോധത്തിന്റെ പ്രത്യേക തലത്തിലുളള ഒരു ശരീരം അടുത്ത ജന്മത്തിൽ സ്വീകരിക്കേണ്ടിവരും. പുരഞ്ജനൻ അവന്റെ ഭാര്യയെയും സന്താനങ്ങളെയും കുറിച്ച് ചിന്തിക്കുന്നതിനാലും, ഭാര്യയെക്കുറിച്ചുളള വിചാരങ്ങളിൽ അമിതമായി മുഴുകിയിരിക്കുന്നതിനാലും അവന് അടുത്ത ജീവിതത്തിൽ ഒരു സ്ത്രീയുടെ ശരീരം സ്വീകരിക്കണം. അതുപോലെ ഒരു രാഷ്ട്രീയക്കാരൻ, അല്ലെങ്കിൽ ദേശീയവാദി എന്നു പറയപ്പെടുന്നവൻ അവന്റെ രാഷ്ട്രീയ ജീവിതത്തിനൊടുവിൽ അവൻ ജീവിച്ചിരുന്ന അതേ നാട്ടിൽ വീണ്ടും ജനിക്കും. ഒരുവന്റെ ഈ ജീവിതത്തിലെ പ്രവൃത്തികൾ അടുത്ത ജീവിതത്തിലും അവനെ ബാധിക്കും. ചിലപ്പോൾ രാഷ്ട്രീയക്കാരുടെ പ്രവൃത്തികൾ അങ്ങേയറ്റം പാപപങ്കിലമായ രീതിയിൽ സ്വന്തം ഇന്ദ്രിയപൂരണത്തിനുവേണ്ടി മാത്രമാകാറുണ്ട്. ഒരു രാഷ്ട്രീയക്കാരൻ അവന്റെ എതിർ പാർട്ടിയെ ഇല്ലാതാക്കുന്നത് അസാധാരണ സംഭവമല്ല. ഒരു രാഷ്ട്രീയക്കാരൻ അവന്റെ മാതൃരാജ്യമെന്നുപറയപ്പെടുന്ന രാജ്യത്തു തന്നെ വീണ്ടും ജനിക്കാൻ അനുവദിക്കപ്പെട്ടിട്ടുണ്ടെങ്കിലും, കഴിഞ്ഞ ജീവിതത്തിലെ പാപകർമങ്ങൾക്കുള്ള ദുരിതങ്ങൾ അടുത്ത ജീവിതത്തിലും അവൻ അനുഭവിക്കണം.
ആധുനിക ശാസ്ത്രകാരന്മാർക്ക് ദേഹാന്തര പ്രാപ്തിയുടെ ശാസ്ത്രം തീരെ അറിയില്ല. ശാസ്ത്രജ്ഞരെന്നു വിളിക്കപ്പെടുന്നവർ ഇത്തരം കാര്യങ്ങളിൽ ഉൽകണ്ഠപ്പെടാൻ ഇഷ്ടപ്പെടുന്നില്ല. ഇത്തരം സൂക്ഷ്മ വിഷയ കാരണങ്ങളും ജീവിത പ്രശ്നങ്ങളും പരിഗണിച്ചാൽ അവരുടെ ഭാവി ഇരുട്ടിലാകുമെന്ന് അവർ കരുതുന്നു. അതിനാൽ അവർ ഭാവിയെ പരിഗണിക്കാനുള്ള ശ്രമം ഉപേക്ഷിക്കുകയും, സാമൂഹിക, രാഷ്ട്രീയ, ദേശീയ ആവശ്യങ്ങളുടെ പേരിൽ എല്ലാത്തരത്തിലുമുള്ള പാപപ്രവൃത്തികൾ തുടരുകയും ചെയ്യുന്നു.
ഓരോ വ്യക്തിഗതാത്മാവിന്റെയും ജീവിതത്തിലെ അവന്റെ സ്വന്തം പ്രവർത്തനങ്ങളുടെയും പ്രതിപ്രവർത്തനങ്ങളുടെയും ഉത്തരവാദി അവൻ തന്നെയാണെന്ന് വിഡ്ഢികളായ ജനങ്ങൾ മനസിലാക്കുന്നില്ല. ഒരു ജീവസത്ത അവന്റെ ശൈശവത്തിലും ബാല്യത്തിലും നിഷ്കളങ്കനായിരിക്കുമെന്നതിനാൽ, ആ പ്രായത്തിൽത്തന്നെ അവനെ ജീവിതത്തിന്റെ മൂല്യൾ മനസിലാക്കാൻ കഴിയും വിധം നയിക്കേണ്ടത് പിതാവിന്റെയും മാതാവിന്റെയും ധർമമാണ്. ഒരു കുട്ടി വളർന്ന് പ്രായപൂർത്തിയായിക്കഴിയുമ്പോൾ അവന്റെ ജീവിത ധർമങ്ങളുടെ നിർവഹണച്ചുമതല അവന് സ്വതന്ത്രമായി വിട്ടുകൊടുക്കണം. രക്ഷാകർത്താവിന് തന്റെ മരണാനന്തരം സന്താനത്തെ സഹായിക്കാൻ സാധിക്കില്ല. ഒരു പിതാവിന് മരിക്കുമ്പോൾ തന്റെ സന്താനങ്ങളുടെ അടിയന്തര സഹായത്തിന് ചില എസ്റ്റേറ്റുകളോ മറ്റോ വിട്ടുകൊടുത്തിട്ടു പോകാൻ കഴിഞ്ഞേക്കാം. എങ്ങനെതന്നെയായാലും, തന്റെ മരണാനന്തരം കുടുംബം എങ്ങനെ നിലനിൽക്കുമെന്ന ആധിയിൽ അവൻ മുഴുകരുത്. ബദ്ധാത്മാവിന്റെ രോഗമാണിത്. അവൻ സ്വന്തം ഇന്ദ്രിയാസ്വാദനത്തിനുവേണ്ടി പാപകർമങ്ങൾ ചെയ്യുന്നു എന്നു മാത്രമല്ല, സന്താനങ്ങൾക്കും ആഢംബരപൂർവം ഇന്ദ്രിയാസ്വാദനം നടത്തുന്നതിന് സ്വത്ത് സമ്പാദിച്ചു കൂട്ടുകയും ചെയ്യുന്നു.
എങ്ങനെയായാലും എല്ലാവരും മരണത്തെ ഭയപ്പെടുന്നു. അതിനാൽ മരണം ഭയമെന്നു വിളിക്കപ്പെടുന്നു. പുരഞ്ജനൻ ഭാര്യയെയും സന്താനങ്ങളെയും കുറിച്ചുളള ചിന്തകളിൽ മുഴുകിയെങ്കിലും മൃത്യു അവനുവേണ്ടി കാത്തുനിന്നില്ല. മൃത്യു ഒരു മനുഷ്യനുവേണ്ടിയും കാത്തുനിൽക്കില്ല. അത് വളരെവേഗം അതിന്റെ ചുമതല നിർവഹിക്കും. മരണം, ജീവസത്തയെ ഒരു ശങ്കയും കൂടാതെ എടുത്തുകൊണ്ടു പോകുന്നതിനാൽരാജ്യത്തെക്കുറിച്ചും സമൂഹത്തെക്കുറിച്ചും, ബന്ധുക്കളെക്കുറിച്ചു. ചിന്തിച്ച് ഈശ്വരാവബോധത്തെ അവഗണിച്ച് ജീവിതം നശിപ്പിക്കുന്ന നിരീശ്വരവാദികളുടെ ആത്യന്തികമായ ദൈവസാക്ഷാൽകാരം മരണമാണ് . ഈ ശ്ലോകത്തിലെ അതദ്- അർഹണം എന്ന വാക്ക് വളരെ അർത്ഥഗർഭമാണ്. ഒരുവൻ അവന്റെ കുടുബാംഗങ്ങളുടെയോ, രാജ്യത്തെ ജനങ്ങളുടെയോ സമൂഹത്തിന്റെയോ, സമുദായത്തിന്റെയോ ക്ഷേമത്തിനുവേണ്ടിയുള്ള പ്രവർത്തനങ്ങളിൽ അമിതമായി മുഴുകരുതെന്നാണ് അതിന്റെ സാരം. ഒരുവന്റെ ആദ്ധ്യാത്മികമായ പുരോഗതിക്ക് ഇവയൊന്നും സഹായകമാകില്ല. ദൗർഭാഗ്യത്തിന് ഇന്നത്തെ സമൂഹത്തിലെ വിദ്യാസമ്പന്നരെന്ന് വിളിക്കപ്പെടുന്നവരുടെ സമൂഹത്തിന് ആദ്ധ്യാത്മിക പുരോഗതി എന്താണെന്ന് ഒരറിവുമില്ല. മനുഷ്യരൂപത്തിലുള്ള ജീവിതത്തിൽ ആദ്ധ്യാത്മികമായി ഉന്നതി നേടാൻ അവസരമുണ്ടായിട്ടും അവർ ലുബ്ധരായി തുടരുന്നു. അവർ അവരുടെ ബന്ധുക്കളുടെയും, രാജ്യത്തെ ജനങ്ങളുടെയും, സമൂഹത്തിന്റെയും മറ്റും ഭൗതിക ക്ഷേമത്തെക്കുറിച്ച് ചിന്തിച്ച് അവരുടെ ജീവിതങ്ങൾ തെറ്റായ രീതിയിൽ പാഴാക്കുന്നു. മരണത്തെ എങ്ങനെ കീഴടക്കാമെന്നു പഠിക്കുകയാണ് ഒരുവന്റെ യഥാർത്ഥ ധർമം. മരണത്തെ അതിജീവിക്കുന്നതിനുള്ള പ്രക്രിയ കൃഷ്ണ ഭഗവാൻ ഭഗവദ്ഗീത(4.9)യിൽ പറഞ്ഞിട്ടുണ്ട്.
ജന്മ കർമ ച മേ ദിവ്യം ഏവം യോ വേത്തി തത്ത്വതഃ
ത്യക്ത്വാ ദേഹം പുനർ ജന്മ നൈതി മാം ഏതി സോ£ർജുന
“അല്ലയോ അർജുനാ, എന്റെ പ്രത്യക്ഷപ്പെടലിന്റെയും പ്രവർത്തനങ്ങളുടെയും അതീന്ദ്രീയ സ്വഭാവം ഗ്രഹിക്കുന്ന ഒരുവൻ തന്റെ ശരീരം ഉപേക്ഷിച്ചതിനുശേഷം ഈ ഭൗതികലോകത്തിൽ വീണ്ടും ജനിക്കുന്നില്ല. അവൻ എന്റെ ശാശ്വത ധാമം പ്രാപിക്കും.
പൂർണമായ കൃഷ്ണാവബോധത്തിലുള്ള ഒരുവൻ ഈ ശരീരം ഉപേക്ഷിച്ചശേഷം മറ്റൊരു ഭൗതിക ശരീരം സ്വീകരിക്കാനിടയാകാതെ ഭഗവദ് ധാമത്തിലേക്ക്, ഭഗവാനിലേക്ക് മടങ്ങിപ്പോകും ഈ പരിപൂർണത പ്രാപ്തമാക്കാൻ ഓരോരുത്തരും പരിശ്രമിക്കണം. ദൗർഭാഗ്യവശാൽ അങ്ങനെ ചെയ്യുന്നതിനുപകരം ജനങ്ങൾ സമൂഹം, സൗഹൃദം, സ്നേഹം, ബന്ധങ്ങൾ തുടങ്ങിയവയെക്കുറിച്ചുള്ള ചിന്തകളിൽ മുഴുകുന്നു. ഈ കൃഷ്ണാവബോധപ്രസ്ഥാനം എങ്ങനെ തന്നെയായാലും ലോകമെമ്പാടുമുളള ജനങ്ങളെ പഠിപ്പിക്കുകയും, മരണത്തെ എങ്ങനെ കീഴടക്കാമെന്ന് അറിയിക്കുകയും ചെയ്യുന്നു. ഹരിം വിനാ ന സൃതിം തരന്തി. പരമദിവ്യോത്തമപുരുഷനായ ഭഗവാനിൽ ശരണം പ്രാപിക്കാതെ ഒരുവനും മരണത്തെ കീഴടക്കാൻ കഴിയില്ല.
(ശ്രീമദ് ഭാഗവതം 4/28/21.22/ഭാവാർത്ഥം )
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .
No comments:
Post a Comment