Home

Thursday, November 30, 2023

കൃഷ്ണനെ നിരന്തരം സേവിക്കുന്ന 'ഭാവം'



 കൃഷ്ണ‌നാമ മഹാമന്ത്രേര എയ് ത' സ്വഭാവ 

യെയ് ജപേ, താര കൃഷ്‌ണ ഉപജയേ ഭാവ


വിവർത്തനം


ജപിക്കുന്ന ഏതൊരാളെയും കൃഷ്‌ണപ്രേമത്തിൻ്റെ ആദ്ധ്യാത്മി കോന്മാദത്തിൽ കൊണ്ടെത്തിക്കുക എന്നത് ഹരേ കൃഷ്ണ‌ മഹാമന്ത്രത്തിന്റെ സ്വഭാവവിശേഷമാണ്.


ഭാവാർത്ഥം


ഹരേ കൃഷ്ണ‌ മന്ത്രം ജപിക്കുന്ന ഒരു വ്യക്തിയിൽ ഭാവം അഥവാ ആധ്യാത്മിക ഹർഷോന്മാദം വികസിക്കുന്നുവെന്ന് ഈ ശ്ലോകം വിവരിക്കുന്നു. ഇത് ഭഗവാനിൽനിന്നും നേരിട്ടു ലഭിക്കുന്ന വെളിപ്പാടിൻ്റെ ആദ്യഘട്ടമാണ്. ഒരുവനിലുള്ള മൗലികമായ ഭഗവദ്പ്രേമവികാസത്തിൻ്റെ ആദ്യപടിയാണിത്. ഈ ഭാവാവസ്ഥയെ ശ്രീകൃഷ്‌ണഭഗവാൻ ഭഗവദ്ഗീതയിൽ (10.8) ഇപ്രകാരം വിവരിക്കുന്നു:


അഹം സർവസ്യ പ്രഭവോ മത്ത സർവം പ്രവർതതേ 

ഇതി മത്വാ ഭജന്തേ മാം ബുധാ ഭാവസമന്വിതാഃ


"ഭൗതികാധ്യാത്മിക ലോകങ്ങളുടെ ഉറവിടം ഞാനാണ്. എല്ലാം എന്നിൽ നിന്നാണുദ്ഭവിക്കുന്നത്. ഇത് പൂർണമായി മനസിലാക്കിയ വിവേകശാലികൾ എന്റെ സേവനത്തിലേർപ്പെടുകയും എന്നെ ഉളഴിഞ്ഞാരാധിക്കുകയും ചെയ്യുന്നു." നവാഗതനായ ഒരു ഭക്തൻ ശ്രവണം, കീർത്തനം, സത്സംഗം, യമനിയമങ്ങളുടെ അനുഷ്‌ഠാനം എന്നിവയിൽ തുടങ്ങി തദ്വാരാ അനാവശ്യമായ ദുർവാസനകളെ ഇല്ലാതാക്കുന്നു. ഇപ്രകാരം അവന് കൃഷ്ണനിൽ ആസക്തി വളരുകയും ക്ഷണനേരം പോലും കൃഷ്ണനെ വിസ്മരിക്കാൻ കഴിയാതെ വരികയും ചെയ്യുന്നു. ഈ ഭാവാ വസ്ഥയെ ആധ്യാത്മിക ജീവിതത്തിലെ പൂർണവിജയത്തിന് തൊട്ടുമുൻ പുളള ഘട്ടമെന്ന് പറയാം.


ആത്മാർത്ഥതയുള്ള ഒരു വിദ്യാർത്ഥി ഗുരുമുഖത്തു നിന്ന് ഹരിനാ മവും, പിന്നീട് ദീക്ഷ സ്വീകരിക്കുകയും ഗുരുദത്തമായ യമനിയമങ്ങൾ അനുസരിക്കുകയും ചെയ്യുന്നു. തിരുനാമങ്ങളെ ഇപ്രകാരം ഉചിതമായി സേവിക്കുമ്പോൾ തിരുനാമത്തിൻ്റെ ആധ്യാത്മിക സ്വാഭാവം സ്വയം പ്രകടമായി വ്യാപിക്കുന്നു, മറ്റൊരുവിധത്തിൽ പറഞ്ഞാൽ അപരാധമന്യേ തിരുനാമം ജപിക്കുവാൻ ഭക്തൻ യോഗ്യനായിത്തീരുന്നു. അപരാധമന്യേ തിരുനാമം ജപിക്കുവാൻ പൂർണമായും പ്രാപ്‌തനാകുമ്പോൾ ആ വ്യക്തി ലോകം മുഴുവൻ ശിഷ്യൻമാരുണ്ടാക്കുവാൻ അഥവാ ജഗദ്ഗുരുവാകുവാൻ അർഹനാകുന്നു. ഇത്തരം ഒരു ഭക്തൻ്റെ സ്വാധീനത്താൽ സമസ്ത ലോകവും തിരുനാമങ്ങൾ ജപിക്കുവാൻ തുടങ്ങുന്നു. ഇപ്രകാരം ഇത്തരമൊരു ആത്മീയഗുരുവിൻ്റെ ശിഷ്യൻമാർക്ക് കൃഷ്‌ണനിലുളള ആസക്തി വർദ്ധമാനമാകുകയും തത്‌ഫലമായി ചിലപ്പോൾ കരയുകയും, ചിലപ്പോൾ ചിരിക്കുകയും, ചിലപ്പോൾ പാടുകയും നൃത്തം ചെയ്യുകയും ചെയ്യുന്നു. ഒരു പരിശുദ്ധ ഭക്തനിൽ ഇത്തരം ലക്ഷണങ്ങൾ വ്യക്തമായും പ്രകടമാകുന്നു. ചിലപ്പോൾ നമ്മുടെ കൃഷ്‌ണാവബോധ പ്രസ്ഥാനത്തിലെ വിദ്യാർത്ഥികൾ പാടുകയും ആനന്ദനൃത്തമാടുകയും ചെയ്യുമ്പോൾ, ഈ വിദേശികൾ ഇത് എങ്ങനെ പഠിച്ചുവെന്ന് ഭാരതീയർപോലും വിസ്മയിക്കാറുണ്ട് ശ്രീചൈതന്യമഹാപ്രഭു വിവരിക്കുന്നതനുസരിച്ച് ഇത് യഥാർത്ഥത്തിൽ പരിശീലനം കൊണ്ടല്ല, ആത്മാർത്ഥമായി ഹരേ കൃഷ്‌ണ മഹാമന്ത്രം ജപിക്കുന്ന ഏതൊരു വ്യക്തിയിലും പരിശ്രമം കൂടാതെ ഈ ലക്ഷണങ്ങൾ പ്രകടമാകും എന്നതാണ്.


അല്പ‌ബുദ്ധികളായ ആളുകൾ ഹരേ കൃഷ്‌ണ മഹാമന്ത്രത്തിന്റെ അതീന്ദ്രിയസ്വഭാവം മനസിലാക്കാതെ ചിലപ്പോൾ ഞങ്ങളുടെ ഉച്ചത്തിലുളള സങ്കീർത്തനത്തിന് വിഘാതങ്ങൾ സൃഷ്ടിക്കാറുണ്ട്. എന്നാലും ഹരേകൃഷ്‌ണ മഹാമന്ത്രകീർത്തനത്തിൻ്റെ അനുഭവത്തിൽ യഥാർത്ഥമായ ഉന്നതി നേടിയ ഭക്തന്മാർ സ്വാഭാവികമായി മറ്റുള്ളവരേയും നാമജപത്തിന് പ്രേരിപ്പിക്കുന്നു. കൃഷ്ണദാസ കവിരാജ ഗോസ്വാമി ഇപ്രകാരം വിവരിക്കുന്നു, കൃഷ്ണശക്തി വിനാ നഹേ താര പ്രവർതന: ഭഗവാനാൽ പ്രത്യേകം അധികാരപ്പെടുത്തപ്പെട്ട ഒരു ഭക്തനു മാത്രമേ ഹരേ കൃഷ്ണ മഹാമന്ത്രത്തിൻ്റെ മഹിമാനങ്ങൾ പ്രചരിപ്പിക്കുവാൻ കഴിയുകയുള്ളൂ. ഭക്തൻമാർ 'ഹരേ കൃഷ്‌ണ' മഹാമന്ത്രം പ്രചരിപ്പിക്കവേ, ലോകമാകമാനമുളള പൊതുജനങ്ങൾക്കും തിരുനാമ മഹിമ മനസ്സിലാക്കാനുളള അവസരം സ്വാഭാവികമായി ലഭിക്കുന്നു. തിരുനാമ ജപ-ശ്രവണ-നൃത്താദി കളിലൂടെ ഭഗവാനെ സ്‌മരിക്കുവാനിടവരുന്നു. ഭഗവാനും അവിടുത്തെ തിരുനാമവും അഭിന്നമാകയാൽ ജപിക്കുന്ന വ്യക്തി ഭഗവാനുമായി ഉടനടി ബന്ധപ്പെടുന്നു. ഇപ്രകാരം ബന്ധം സ്ഥാപിച്ചു കഴിഞ്ഞാൽ ഭക്തനിലുളള മൗലികമായ ഭഗവദ്സേവന മനോഭാവം വികസിക്കുന്നു. കൃഷ്ണനെ നിരന്തരം സേവിക്കുന്ന 'ഭാവം' എന്ന ഈ അവസ്ഥയിൽ ഭക്തൻ എല്ലായിപ്പോഴും വിവിധ രീതികളിൽ കൃഷ്‌ണനെ സ്മരിക്കുന്നു. ഈ ഭാവാവസ്ഥയിലെത്തിയ ഒരു ഭക്തൻ മായാശക്തിക്ക് വിധേയനാകുന്നില്ല. ഭാവത്തിൻ്റെ മറ്റ് ആത്മീയ ലക്ഷണങ്ങളായ ശരീരപ്രകമ്പനം, സ്വേദനം (വിയർക്കൽ), അശുക്കൾ എന്നിവയും കൂടിച്ചേരുമ്പോൾ ഒരു ഭക്തന് ക്രമേണ കൃഷ്‌ണ പ്രേമം ലഭ്യമാകുന്നു.


കൃഷ്ണൻ്റെ തിരുനാമത്തെ മഹാമന്ത്രം എന്നു വിളിക്കുന്നു. നാരദ പഞ്ചരാത്രത്തിൽ വിവരിക്കുന്ന മറ്റ് മന്ത്രങ്ങളെ മന്ത്രം എന്ന് മാത്രമാണ് വിളിക്കുന്നത്. എന്നാൽ കൃഷ്‌ണൻ്റെ തിരുനാമജപത്തെ മഹാമന്ത്രമെന്ന് വിളിക്കുന്നു.


(ശ്രീ  ചൈതന്യ ചരിതാമൃതം / ആദി-ലീല 7.83 ഭാവാർത്ഥം)


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ് 


Tuesday, November 28, 2023

കാർത്ത്യായനി വ്രതം

 


കാർത്ത്യായനി വ്രതം

 


ഗോപികമാരുടെ കാർത്ത്യായനി വ്രതം



ദ്രവ്യനിർമ്മിതമായ ഈ ഭൗതികലോകത്തിൻ്റെ മേൽനോട്ടം വഹിക്കുന്ന മൂർത്തി ദുർഗ്ഗാദേവിയാണ്. ദേവന്മാർ വിവിധ വിഭാഗങ്ങളുടെ ചുമതലകൾ നിർവഹിക്കുന്ന വ്യത്യസ്‌തരായ മേധാവികൾ മാത്രമാണ്, അവരും അതേ ഭൗതികശക്തിയുടെ സ്വാധീനത്തിലാണ്. എന്നാൽ കൃഷ്ണന്റെ അന്തരംഗ ശക്തികൾക്ക് ഈ ഭൗതികസൃഷ്ടിയുമായി യാതൊരു ബന്ധവുമില്ല. ആധ്യാത്മികലോകവും എല്ലാ ആധ്യാത്മിക പ്രവർത്തനങ്ങളും അന്തരംഗ ആത്മീയശക്തിയുടെ നിയന്ത്രണത്തിലാണ്, അത്തരം പ്രവർത്തനങ്ങൾ നിർവഹിക്കുന്നത് അന്തരംഗശക്തിയായ യോഗമായയാണ്. യോഗമായ പരമദിവ്യോത്തമപുരുഷ ഭഗവാൻ്റെ ആധ്യാത്മിക അഥവാ അന്തരംഗ ശക്തിയാണ്. ആധ്യാത്മിക ലോകത്തിലേക്ക് ഉയർത്തപ്പെടാനും ഭഗവാന്റെ സേവനത്തിൽ മുഴുകുവാനും താല്‌പര്യമുള്ളവർ യോഗമായയുടെ നിയന്ത്രണത്തിൻ കീഴിൽ ആത്മീയ പരിപൂർണ്ണത നേടുന്നു.  ഭൗതികമായ ഉയർച്ചയിൽ താത്പര്യമുള്ളവർ ആചാരപരമായ ധർമ്മാനുഷ്ഠാനങ്ങളിലും ഇന്ദ്രിയസുഖം വർധിപ്പിക്കുന്നതിനായി സാമ്പത്തികാഭിവൃദ്ധിക്കുവേണ്ടിയുളള പ്രവർത്തനങ്ങളിലും മുഴുകുന്നു. അവർ ആത്യന്തികമായി ഭഗവാന്റെ അവ്യക്തിഗത അസ്‌തിത്വത്തിൽ ലയിക്കാൻ ഉദ്യമിക്കുന്ന അരൂപവാദികളായി തീരുന്നു. അവർ ശിവനെയോ ദുർഗ്ഗാദേവിയെയോ ആരാധിക്കാൻ താത്പര്യപ്പെടുന്നു, പക്ഷേ അവർക്ക് ലഭിക്കുന്ന പ്രതിഫലം നൂറ്ശതമാനം ഭൗതികമാണ്.


ഗോപികമാരുടെ മാതൃക പിന്തുടർന്ന് ഭക്തന്മാർ ചിലപ്പോൾ കാർത്ത്യായനീ ദേവിയെ ആരാധിക്കാറുണ്ട്, കാർത്ത്യായനി യോഗമായയുടെ ഒര വതാരമാണെന്ന് അവർക്കറിയാം. ഗോപികമാർ കൃഷ്‌ണനെ ഭർത്താവായി ലഭിക്കാനാണ് കാർത്ത്യായനിയെ, യോഗമായയെ ആരാധിച്ചത്. നേരേമ റിച്ച്, സുരഥനെന്ന് പേരുള്ള ഒരു ക്ഷത്രിയരാജാവും സമാധിയെന്ന ധനികനായ വൈശ്യനും ഭൗതിക പരിപൂർണ്ണതയ്ക്കുവേണ്ടി ദുർഗ്ഗദേവിയുടെ രൂപത്തിൽ ഭൗതികപ്രകൃതിയെ ആരാധിച്ചതായി സപ്ത‌ശാതീ ശാസ്ത്ര ഗ്രന്ഥത്തിൽ പറഞ്ഞിരിക്കുന്നു. യോഗമായയും മഹാമായയും ഒന്നാ ണെന്ന് കരുതി ഒരുവൻ അവരെ കൂട്ടിക്കലർത്തി ആരാധിക്കുന്നപക്ഷം അയാൾ യഥാർത്ഥത്തിൽ ഉയർന്ന ബുദ്ധിയുള്ളവനല്ല. എല്ലാം ഒന്നാ ണെന്ന ആശയം അൽപ്പബുദ്ധികളുടെ ഒരുതരം വിഡ്ഢിത്തമാണെന്നു ചുരുക്കം. യോഗമായയുടെയും മഹാമായയുടെയും ആരാധന ഒന്നു തന്നെയാണെന്ന് മൂഢന്മാരും തെമ്മാടികളും പറയുന്നു. ഈ നിർണ്ണയം വെറും മാനസികമായ അഭ്യൂഹത്തിൻ്റെ ഫലമാണ്, ഇതിന് പ്രായോഗിക മായ ഫലമില്ല. ഭൗതികലോകത്തിൽ ഒരുവൻ ചിലപ്പോൾ അങ്ങേയറ്റം മൂല്യരഹിതമായ ഒരു വസ്‌തുവിന് വളരെ ശ്രേഷ്‌ഠമായ ഒരു നാമം നൽകുന്നു;


(ശ്രീ  ചൈതന്യ ചരിതാമൃതം / മദ്ധ്യലീല 8.90 ഭാവാർത്ഥം)


ലോകർക്കു മാതൃക കാട്ടുന്നതിന് ശ്രീചൈതന്യമഹാപ്രഭു വിവിധതീർത്ഥസ്ഥലങ്ങളിലെ ക്ഷേത്രങ്ങൾ സന്ദർശിച്ചു. എവിടെയെല്ലാം സന്ദർശനം നടത്തിയോ അവിടെയെല്ലാം മഹാപ്രഭു പരമദിവ്യോത്തമപുരുഷ നായ ഭഗവാനോടുള്ള തൻ്റെ പ്രേമഭക്തി തൽക്ഷണം പ്രദർശിപ്പിക്കുകയുണ്ടായി. ഒരു വൈഷ്‌ണവൻ ഒരു ദേവതയുടെ ക്ഷേത്രം സന്ദർശിക്കു മ്പോൾ ആ ദേവനെക്കുറിച്ചുള്ള അദ്ദേഹത്തിൻ്റെ വീക്ഷണം അവ്യക്തിഗ തവാദികളുടെയും മായാവാദികളുടെയും വീക്ഷണത്തിൽ നിന്ന് വ്യത്യസ്‌തമാണ്. ബ്രഹ്മസംഹിത ഇതിനെ പിന്തുണയ്ക്കുന്നു. ഉദാഹരണമായി പരമശിവൻ്റെ ക്ഷേത്രത്തിലേക്കുള്ള ഒരു വൈഷ്‌ണവൻ്റെ സന്ദർശനമെന്നത് ഒരു അഭക്തൻ്റെ സന്ദർശനത്തിൽ നിന്ന് ഭിന്നമാണ്. അഭക്തൻ ശിവ വിഗ്രഹത്തെ സാങ്കൽപ്പികരൂപമായി കണക്കാക്കുന്നു. എന്തുകൊണ്ട് ന്നാൽ നിരപേക്ഷ സത്യം ശൂന്യമാണെന്ന് അയാൾ കരുതുന്നു. എന്നാൽ ഒരു വൈഷ്ണവൻ ശിവനെ പരമപുരുഷനിൽ നിന്നും ഒരേ സമയം ഭിന്നനായും അഭിന്നനായും കാണുന്നു. ഇക്കാര്യത്തിൽ പാലിൻ്റെയും തൈരിന്റെയും ഉദാഹരണം നൽകിയിരിക്കുന്നു. തൈര് വാസ്ത‌വത്തിൽ പാല ല്ലാതെ മറ്റൊന്നുമല്ല, പക്ഷേ അതേ സമയം അത് പാലല്ലതാനും. അത് ഒരേ സമയം പാലിനു തുല്യവും പാലിൽ നിന്ന് വ്യത്യസ്‌തവുമാണ്. ഇതാണ് ശ്രീചൈതന്യമഹാപ്രഭുവിൻ്റെ തത്ത്വശാസ്ത്രം, ഇത് ഭഗവദ്ഗീതയിൽ (9.4) ഭഗവാൻ കൃഷ്ണനാൽ സ്ഥിരീകരിക്കപ്പെട്ടിട്ടുമുണ്ട്:


മയാ തതം ഇദം സർവം ജഗദ് അവ്യക്തമൂർത്തിനാ 

മത്സ്ഥാനി സർവഭൂതാനി ന ചാഹം തേഷ്വവസ്ഥിതഃ


"അവ്യക്തമായ രൂപത്തിൽ ഞാൻ ഈ പ്രപഞ്ചമെമ്പാടും വ്യാപിച്ചു നിൽക്കുന്നു. സർവഭൂതങ്ങളും എന്നിലാണ്, ഞാൻ അവയിലല്ല സ്ഥിതി ചെയ്യുന്നത്."


പരമസത്യമായ ഭഗവാൻ എല്ലാമാകുന്നു, എന്നാൽ എല്ലാം ഈശ്വരനാ ണെന്ന് അർത്ഥമാക്കുന്നില്ല. ഇക്കാരണത്താൽ ശ്രീചൈതന്യമഹാപ്രഭുവും അനുയായികളും എല്ലാ ദേവന്മാരുടെ ക്ഷേത്രങ്ങളും സന്ദർശിച്ചിരുന്നു. പക്ഷേ അവർ അവ്യക്തിഗതവാദികൾ കാണുന്ന അതേ രീതിയിലല്ല ദേവന്മാരെ കണ്ടത്. എല്ലാവരും ശ്രീചൈതന്യമഹാപ്രഭുവിൻ്റെ കാലടികൾ പിന്തുടർന്നാണ് എല്ലാ ക്ഷേത്രങ്ങളും സന്ദർശിക്കേണ്ടത്. ഗോപികമാർ കാർത്യായനീ ക്ഷേത്രം സന്ദർശിച്ചത് ഭൗതികരായ ആളുകൾ ദേവീ ക്ഷേത്രം സന്ദർശിക്കുന്നതുപോലെയാണെന്ന് ലൗകികരായ ജനങ്ങൾ ചിലപ്പോൾ കരുതാറുണ്ട്. എന്നാൽ അവർ കാർത്യായനീ ദേവിയോട് പ്രാർത്ഥിച്ചത് കൃഷ്ണനെ അവരുടെ ഭർത്താവായി നൽകണമെന്നാണ്. അതേ സമയം സാധാരണ ജനങ്ങൾ ഭൗതികമായ നേട്ടങ്ങൾക്കുവേണ്ടിയാണ് കാർത്യായനീ ക്ഷേത്രം സന്ദർശിക്കുന്നത്. ഒരു വൈഷ്‌ണവൻ്റെ ക്ഷേത്ര സന്ദർശനവും അഭക്തൻ്റെ ക്ഷേത്രസന്ദർശനവും തമ്മിലുളള വ്യത്യാസം അതാണ്.


(ശ്രീ  ചൈതന്യ ചരിതാമൃതം / മദ്ധ്യലീല 9.360 ഭാവാർത്ഥം)


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ് 



Thursday, November 23, 2023

ഗൗര കിശോർ ദാസ് ബാബാജി




നമോ ഗൗര കിശോരായ സാക്ഷാദ് വൈരാഗ്യ മൂർത്തയേ

വിപ്രലംബ-രസംബോധേ പദാംബുജായ തേ നമഃ


 പരിത്യാഗത്തിന്റെ മൂർത്തീഭാവമായ ഗൗര കിശോർ ദാസ് ബാബാജി മഹാരാജിന് എന്റെ സാദര പ്രണാമങ്ങൾ അർപ്പിക്കുന്നു. വിപ്രലംബ ഭാവത്തിൽ ശ്രീ കൃഷ്ണ ഭഗവാനിലുള്ള തീവ്രമായ പ്രേമത്തിൽ അദ്ദേഹം സദാ ലയിച്ചിരിക്കുന്നു.


വൃന്ദാവന യാത്ര


കിഴക്കൻ ബംഗാളിലെ ഒരു വൈശ്യ കുടുംബത്തിലാണ് ഗൗര കിശോർ ദാസ് ബാബാജി ജനിച്ചത്. ഒരു ഗൃഹസ്ഥൻ എന്ന നിലയിൽ അദ്ദേഹം ധാന്യങ്ങൾ വാങ്ങുകയും വിൽക്കുകയും ചെയ്തു. വിദ്യാഭ്യാസം ഒന്നുമില്ലാത്ത, എഴുതാനും വായിക്കാനും പോലും അറിയാത്ത വളരെ ലളിതമായ വ്യക്തിയായിരുന്നു അദ്ദേഹം. ഭാര്യ മരിച്ചപ്പോൾ, തന്റെ ഗ്രാമം വിട്ട് നൂറുകണക്കിന് ദുഷ്കരമായ മൈലുകൾ താണ്ടി വൃന്ദാവനത്തിലേക്ക് നടന്നു. വൃന്ദാവനത്തിൽ, ശ്രീമതി രാധാറാണിയുടെ ജന്മസ്ഥലമായ ബർസാനയിൽ താമസിക്കുന്നതിന് മുമ്പ് അദ്ദേഹം കുറച്ചുകാലം വനങ്ങളിൽ അലഞ്ഞു.


അവിടെ അദ്ദേഹം എല്ലാ ദിവസവും പൂക്കൾ ശേഖരിച്ച് രാധാറാണിക്കും ശ്രീ കൃഷ്ണ ഭഗവാനും മനോഹരമായ മാലകൾ ഉണ്ടാക്കും. ആറുവർഷത്തിനുശേഷം അദ്ദേഹം ബർസാന ഉപേക്ഷിച്ച് വീണ്ടും വൃന്ദാവനത്തിലെ വനങ്ങളിൽ അലഞ്ഞു നടന്നു. ഗൗര കിശോർ ദാസ് ബാബാജി മുപ്പത് വർഷത്തോളം വൃന്ദാവനത്തിൽ താമസിച്ചു.


നവദ്വീപ് പ്രയാണം


ഒരു ദിവസം ശ്രീമതി രാധാറാണിയും ശ്രീ കൃഷ്ണ ഭഗവാനും അദ്ദേഹത്തിന്റെ സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട് നവദ്വീപിലേക്ക് പോകാൻ നിർദ്ദേശിച്ചു. അവിടെ ചെന്ന് ഗംഗയുടെ തീരത്ത് പുല്ലും വാഴയിലയും നിർമിച്ച ഒരു ചെറിയ കുടിലിൽ താമസിച്ചു. പിന്നീട് അതുപോലും ത്യജിച്ച് നദീതീരത്ത് കുറുക്കിട്ട തുണി മാലയിൽ തിരുനാമം ജപിച്ചുകൊണ്ട് ജീവിച്ചു. മഴ പെയ്താൽ മറിഞ്ഞ വള്ളങ്ങളുടെ അടിയിൽ അഭയം പ്രാപിക്കും. ജഗന്നാഥ ദാസ് ബാബാജിയുടെ ശിഷ്യനായ ഭഗവദ് ദാസ് ബാബാജിയിൽ നിന്നാണ് അദ്ദേഹം ദീക്ഷ സ്വീകരിച്ചത്.


അദ്ദേഹത്തിന്റെ പരിത്യാഗം


ഗൗര കിശോർ ദാസ് ബാബാജി അവിശ്വസനീയമാം വിധം ത്യാഗാത്മകമായ ജീവിതം നയിച്ചു. ശ്മശാനത്തിൽ ഉപേക്ഷിച്ചു പോയ വസ്ത്രങ്ങൾ അദ്ദേഹം ഉപയോഗിച്ചു. അദ്ദേഹം ലളിതമായ തുണിയല്ലാതെ മറ്റൊന്നും ധരിച്ചിരുന്നില്ല. ഭക്ഷണത്തിനായി അല്പം അരി യാചിക്കുകയും ഗംഗാജലത്തിൽ മുക്കി വച്ച് തിളപ്പിക്കുക പോലും ചെയ്യാതെ കഴിച്ചു.

ഗൗര കിശോർ ദാസ് ബാബാജിക്ക് ഈ ഭൗതിക ലോകത്തോട് താൽപ്പര്യമില്ലായിരുന്നു, എന്നാൽ ഭഗവദ് പ്രേമത്തിന്റെ ആനന്ദത്തിൽ മുഴുകി, എപ്പോഴും ഭഗവാന്റെ തിരു നാമങ്ങൾ ജപിക്കുന്നതിൽ ഉത്സാഹിയായിരുന്നു. ആനന്ദത്തിൽ അദ്ദേഹം ചിലപ്പോൾ കരഞ്ഞു, ചിലപ്പോൾ ചിരിച്ചു, ചിലപ്പോൾ ഒരു ഭ്രാന്തനെപ്പോലെ നടന്നു. ഗൗര കിശോർ ദാസ് ബാബാജി ഒരു നിമിഷം പോലും കൃഷ്ണനെ മറന്നില്ല, അതിനാൽ ഒരു ഉത്തമ-അധികാരിയായി ബഹുമാനിക്കപ്പെട്ടു, ഭഗവാന്റെ ഏറ്റവും വലിയ ഭക്തൻ.


ധർമ്മ പ്രചരണം


ഗൗര കിശോർ ദാസ് ബാബാജി വളരെ അപൂർവമായി മാത്രമേ പ്രസംഗിച്ചിട്ടുള്ളൂവെങ്കിലും അദ്ദേഹം പ്രസംഗിക്കുമ്പോൾ നിഷ്കപടമായി  സംസാരിച്ചു. ഒരിക്കൽ ധർമ്മിഷ്ഠനും ഉദാരനുമായ ഒരു വൈഷ്ണവ രാജാവ് ഗൗര കിശോർ തന്റെ കൊട്ടാരത്തിൽ വന്ന് താമസിക്കണമെന്ന് ആഗ്രഹിച്ചു. അദ്ദേഹത്തെ ക്ഷണിക്കാൻ ഒരു ദൂതനെ അയച്ചു. രാജാവിന്റെ ക്ഷണം കേട്ട് ഗൗര കിശോർ വികാരാധീനനായി, എന്നിട്ട് ഈ സന്ദേശം അയച്ചു: "എനിക്ക് വരാൻ താത്പര്യമുണ്ട്, എന്നാൽ ഞാൻ കൊട്ടാരത്തിൽ താമസിച്ചാൽ കൂടുതൽ ആഗ്രഹം തോന്നുകയും അസൂയാലുവായി തീരുകയും ചെയ്യും. പകരം അങ്ങ് രാജ്യവും സമ്പത്തും ഉപേക്ഷിച്ച് എന്റെ കൂടെ ഗംഗയുടെ തീരത്ത് വന്നാലും. ഞാൻ അങ്ങേക്ക് എന്റേതു പോലെ നല്ല ഒരു കുടിൽ പണിതു തരാം- നമുക്ക് ഒരുമിച്ച് ഭഗവദ് നാമങ്ങൾ ജപിക്കാം. പ്രതീക്ഷിച്ചതു പോലെ രാജാവിനെ പിന്നെ കണ്ടില്ല.


അദ്ദേഹത്തിന്റെ സത്യസന്ധത


ഗൗര കിശോർ ദാസ് ബാബാജി എപ്പോഴും സത്യം വളരെ നിഷ്കപടമായി സംസാരിച്ചു. ഭൗതികവാദികൾ എന്ത് വിചാരിക്കുന്നു എന്ന് കാര്യമാക്കിയില്ല, കാരണം അദ്ദേഹം അവരുടെ ആശ്രിതനായിരുന്നില്ല. അദ്ദേഹത്തിന്റെ അനുഗ്രഹം വാങ്ങാൻ ധാരാളം ആളുകൾ വരുമെങ്കിലും അദ്ദേഹം സത്യം പറയുമ്പോൾ അസ്വസ്ഥരാകും. അവരിൽ ഭൂരിഭാഗവും ആത്മാർത്ഥതയില്ലാത്തവരാണെന്ന് അദ്ദേഹം കണ്ടു, അനുകമ്പയോടെ അവർക്ക് നല്ല ഉപദേശം നൽകി, പക്ഷേ കുറച്ച് ആളുകൾ അത് സ്വീകരിച്ചു. ബാബാജി അതൊന്നും കാര്യമാക്കിയില്ല. അദ്ദേഹത്തിന് അവരുടെ സംഘത്തിന്റെ  ആവശ്യമില്ല, കാരണം അദ്ദേഹത്തിന് ഏറ്റവും പ്രിയപ്പെട്ട സുഹൃത്ത് ശ്രീകൃഷ്ണനായിരുന്നു, മറ്റാരെയും ആവശ്യമില്ല.


സനാതന ഗോസ്വാമിയുടെ തിരോഭാവ ദിനം


ഗൗര കിശോർ ദാസ് ബാബാജി ഒരിക്കൽ തന്റെ ദാസനോട് പറഞ്ഞു, "നാളെ സനാതന ഗോസ്വാമിയുടെ തിരോഭാവ ദിനമാണ്, അതിനാൽ നമ്മൾ സദ്യ ഉണ്ടാക്കുന്നു." ഞെട്ടിയ ബാലൻ പിന്നെ ചോദിച്ചു: "ഇത്തരം വിരുന്നിന് എങ്ങനെ ധനം ശേഖരിക്കും?" ഗൗര കിശോർ അവനോട് മറുപടി പറഞ്ഞു, " നമ്മളുടേത്  ഒരു സാധാരണ വിരുന്നല്ല, നാം ഉപവസിക്കാൻ പോകുന്നു, ദിവസം മുഴുവൻ ഹരേ കൃഷ്ണ മഹാ മന്ത്രം ജപിക്കുക, നമ്മളെപ്പോലുള്ള പാവപ്പെട്ടവർക്ക് ഇത് ഏറ്റവും നല്ല വിരുന്നാണ്.


പുതിയ താമസ സ്ഥലം 


നവദ്വീപിൽ ഒരു ധർമ്മശീലനായ വ്യക്തിയും അദ്ദേഹത്തിന്റെ ഭാര്യയും താമസിച്ചിരുന്നു. അവർക്ക് ഒരു പ്രശസ്തമായ അതിഥിമന്ദിരം ഉണ്ടായിരുന്നു. അവർ ഗൗര കിശോർ ദാസ് ബാബാജിയെ വളരെ ഇഷ്ടപ്പെട്ടിരുന്നു, ഒരിക്കൽ അദ്ദേഹത്തിന് ഒരു ഭജൻ- കുടീർ, ഒരു ലളിതമായ വാസസ്ഥലം നിർമ്മിക്കാൻ വാഗ്ദാനം ചെയ്തു. അവിടെ, മറ്റുള്ളവരാൽ ശല്യപ്പെടുത്താതെ, ഭഗവാനെ ആരാധിക്കാൻ അദ്ദേഹത്തിന് കഴിയും. അദ്ദേഹം അവരോട് പറഞ്ഞു, "എനിക്ക് അതിൽ ശരിക്കും താൽപ്പര്യമില്ല, പക്ഷേ നിങ്ങൾക്ക് മറ്റൊരു വിധത്തിൽ എന്നെ സഹായിക്കാനാകും." അദ്ദേഹത്തിനുവേണ്ടി എന്തും ചെയ്യുന്ന ദമ്പതികൾ എന്താണ് വേണ്ടത് എന്ന് ചോദിച്ചു.


ഗൗര കിശോർ പ്രതികരിച്ചു, "എനിക്ക് ചുറ്റും നിരന്തരം തൂങ്ങിക്കിടക്കുന്ന ആത്മാർത്ഥതയില്ലാത്ത നിരവധി ഭക്തർ എന്നെ അസ്വസ്ഥനാക്കുന്നു. അവർക്ക് യഥാർത്ഥത്തിൽ ആത്മീയ ജീവിതത്തിൽ താൽപ്പര്യമില്ല, മറിച്ച് ഒരു വലിയ പ്രദർശനം നടത്തി പണം സമ്പാദിക്കുന്നതിലാണ് താല്പര്യം." അദ്ദേഹം തുടർന്നു, "നിങ്ങളുടെ അതിഥിമന്ദിരത്തിലെ ശൗചാലയത്തിൽ താമസിക്കാൻ എന്നെ അനുവദിച്ചാൽ അത് വലിയ സഹായമായിരിക്കും. ആത്മാർത്ഥതയില്ലാത്ത, ഭൗതിക ഭക്തരെ സഹിക്കുന്നതിനേക്കാൾ എനിക്ക് ദുർഗന്ധം സഹിക്കാൻ എളുപ്പമാണ്. തീർച്ചയായും ആ ദുർഗന്ധം അവരെ അകറ്റി നിർത്തും."


അദ്ദേഹത്തിന്റെ അഭ്യർത്ഥനയിൽ ദമ്പതികൾ വളരെ ആശ്ചര്യപ്പെട്ടു, പക്ഷേ  സേവനം ആഗ്രഹിച്ച് അവർ അതിഥിമന്ദിരത്തിലെ ഇടുങ്ങിയ ശൗചാലയം വളരെ നല്ല രീതിയിൽ വൃത്തിയാക്കി, ഗൗര കിശോർ ദാസ് ബാബാജി അവിടേക്ക് താമസം മാറി.


ഭക്തിവിനോദ ഠാക്കൂറുമായുള്ള സൗഹൃദം


ഭക്തിവിനോദ ഠാക്കൂറിന്റെ  വ്യക്തിത്വം വളരെ വ്യത്യസ്തമാണെങ്കിലും ഗൗര കിശോർ ദാസ് ബാബാജിയുടെ മികച്ച സുഹൃത്തായിരുന്നു. ഭക്തിവിനോദ ഠാക്കൂർ ഒരു വലിയ പണ്ഡിതനും സർക്കാരിൽ ഉയർന്ന സ്ഥാനവും വഹിച്ചിരുന്നു. ഗൗര കിശോർ ദാസ് ബാബാജിക്ക് എഴുതാനും വായിക്കാനും അറിയില്ലായിരുന്നു. ഭക്തിവിനോദ ഠാക്കൂറിന്റെ ഗോദ്രുമിലെ ഒരു വലിയ വീട്ടിലും ഗൗര കിശോർ അതിഥിമന്ദിരത്തിലെ പൊതു ശൗചാലയത്തിലുമാണ് താമസിച്ചിരുന്നത്. ഒരു ദിവസം, ഭക്തിവിനോദ താക്കൂർ ഗൗര കിശോർ ദാസ് ബാബാജിയോട് ബാബാജി ദീക്ഷ നൽകാനായി അഭ്യർത്ഥിച്ചു, എന്നാൽ ഗൗര കിശോർ വിസമ്മതിച്ചു. കുറച്ച് സമയത്തിന് ശേഷം, ഭക്തിവിനോദ ഗോദ്രുമിൽ നിന്ന് വീണ്ടും ദീക്ഷ ചോദിക്കാൻ വരുന്നെന്നു ബാബാജി ആത്മ ജ്ഞാനം കൊണ്ട് മനസ്സിലാക്കി. നവദ്വീപിലെ ദുഷ്പേരുള്ള ഒരു സ്ത്രീയുടെ (വേശ്യയുടെ) വീട്ടിലേക്ക് വേഗം ചെന്ന് അവരുടെ വരാന്തയിൽ ഒളിച്ചു.


ഭക്തിവിനോദ ഠാക്കൂറിന് ബാബാജിയെ എവിടെയും കണ്ടെത്താനായില്ല, വീണ്ടും വീട്ടിലേക്ക് മടങ്ങേണ്ടിവന്നു. ഗൗര കിശോർ ഒളിവിൽ നിന്ന് പ്രത്യക്ഷപ്പെട്ടപ്പോൾ, ഭക്തിവിനോദ ഠാക്കൂറിനെ കബളിപ്പിക്കാൻ സാധിച്ചതിൽ അദ്ദേഹം ഉറക്കെ ചിരിച്ചു. ഭക്തിവിനോദ ഠാക്കൂർ മൂന്നാം തവണ ശ്രമിച്ചപ്പോൾ, ഗൗര കിശോർ ദാസ് ബാബാജി 1908-ൽ അദ്ദേഹത്തിന് സമ്മതിക്കുകയും ബാബാജി ദീക്ഷ നൽകുകയും ചെയ്തു. 


ഭക്തിവിനോദ ഠാക്കൂറിന്റെ പുത്രന്റെ ദീക്ഷ


പിന്നീട്, ഠാക്കൂർ തന്റെ മകൻ ബിമൽ പ്രസാദിനെയും ദീക്ഷ സ്വീകരിക്കാൻ അയച്ചു. ഗൗര കിശോർ ദാസ് ബാബാജി വിസമ്മതിച്ചപ്പോൾ ബിമൽ പ്രസാദ് എന്ത്കൊണ്ടെന്ന് ചോദിച്ചു. ഗൗര കിശോർ മറുപടി പറഞ്ഞു, "നിങ്ങൾ ഒരു പണ്ഡിതനാണ്, നിങ്ങൾ ഭക്തിവിനോദ ഠാക്കൂറിന്റെ മകനാണ്. നിങ്ങൾക്ക് ദീക്ഷ നൽകാൻ ഞാൻ ആരാണ്?" എന്നാൽ ബിമൽ പ്രസാദ് ഉറച്ചുനിന്നു. "ദയവായി എനിക്ക് ദീക്ഷ തരൂ," അദ്ദേഹം അപേക്ഷിച്ചു. ഒടുവിൽ ഗൗര കിശോർ അനുതപിച്ചു. "ഞാൻ മഹാപ്രഭുവിനോട് ചോദിക്കട്ടെ. അദ്ദേഹം സമ്മതിച്ചാൽ ഞാൻ ദീക്ഷ തരാം." കുറച്ച് ദിവസങ്ങൾക്ക് ശേഷം ബിമൽ പ്രസാദ് വീണ്ടും വന്ന് ബാബാജിയോട് മഹാപ്രഭുവിനെ സമീപിച്ചിട്ടുണ്ടോ എന്ന് ചോദിച്ചു. "അദ്ദേഹം എനിക്ക് നേരിട്ട് ഉത്തരം നൽകിയില്ല,


" ഗൗര കിശോർ മറുപടി പറഞ്ഞു, "ഭൗതിക വിജ്ഞാനം ആത്മീയ ജീവിതത്തിൽ സഹായിക്കില്ലെന്ന് ലളിതമായി പറഞ്ഞു."


തന്റെ ഭൗതികമായ അറിവിൽ ഒരുപക്ഷെ അഹങ്കാരമുണ്ടെന്ന് ബിമൽ പ്രസാദിന് മനസ്സിലാക്കാൻ കഴിഞ്ഞു. അദ്ദേഹം മറുപടി പറഞ്ഞു: " വാമനൻ ബലി മഹാരാജിനെ കബളിപ്പിച്ച് തന്റെ രാജ്യം വിട്ടുകൊടുക്കാൻ പ്രേരിപ്പിച്ച മഹാനായ വഞ്ചകൻ ശ്രീ കൃഷ്ണ ഭഗവാന്റെ ദാസനായതിനാൽ, അങ്ങ് വഞ്ചനയിൽ വിദഗ്ദനാണ്, പക്ഷേ അങ്ങ് എന്നെ വഞ്ചിക്കാൻ ശ്രമിച്ചാലും ഞാൻ അങ്ങയെ അനുവദിക്കില്ല. അങ്ങ് എനിക്ക് ദീക്ഷ നിരസിച്ചാൽ ഞാൻ എന്റെ ജീവിതം അവസാനിപ്പിക്കും!"


ആ യുവാവിന്റെ വിനയവും ആത്മാർത്ഥമായ നിശ്ചയദാർഢ്യവും ഗൗര കിശോർ ദാസ് ബാബാജിയെ വളരെയധികം സന്തോഷിപ്പിച്ചു. ബിമൽ പ്രസാദിനെ ഏകശിഷ്യനായി സ്വീകരിക്കാൻ അദ്ദേഹം സമ്മതിച്ചു. അദ്ദേഹം ബിമൽ പ്രസാദിന് ശ്രീ വർഷഭാനവി ദേവി ദയിത ദാസ് എന്ന പേര് നൽകി, അതിനർത്ഥം "വൃഷഭാനു രാജാവിന്റെ മകളുടെ കാമുകന്റെ സേവകൻ" എന്നാണ്. ഇതിൽ പരാമർശിക്കുന്ന മകൾ   ശ്രീമതി രാധാറാണിയും അവരുടെ കാമുകൻ ശ്രീകൃഷ്ണ ഭഗവാനുമാണ്. ബിമൽ പ്രസാദിന്റെ മികച്ച പാണ്ഡിത്യം കാരണം അദ്ദേഹത്തെ ഭക്തിസിദ്ധാന്ത സരസ്വതി എന്നും വിളിച്ചിരുന്നു, ഈ പേരിലാണ് അദ്ദേഹം പ്രശസ്തനായത്. 


അന്ധത


പിന്നീടുള്ള ജീവിതത്തിൽ ഗൗര കിശോർ ദാസ് ബാബാജി അന്ധനായി. ഭക്തിവിനോദ താക്കൂറും ഭക്തിസിദ്ധാന്ത സരസ്വതിയും അദ്ദേഹം ചികിത്സയ്ക്കായി കൊൽക്കത്തയിലേക്ക് പോകണമെന്ന് ആഗ്രഹിച്ചു. പക്ഷേ ഗൗര കിശോർ നവദ്വീപിന്റെ പുണ്യഭൂമി വിട്ടുപോകില്ലെന്ന് തീരുമാനിച്ചു. കൊൽക്കത്തയിലായിരിക്കുമ്പോൾ തന്റെ മകൻ തന്നെ പരിപാലിക്കുമെന്ന് ഭക്തിവിനോദ നിർദ്ദേശിച്ചപ്പോൾ, ഗൗര കിശോർ അസ്വസ്ഥനായി, താമസിക്കുന്ന സ്ഥലത്ത് നിന്ന് ഉടൻ ഓടിപ്പോയി.


ഭക്തിസിദ്ധാന്ത സരസ്വതിയിൽ നിന്നുള്ള സേവനം സ്വീകരിക്കാൻ അദ്ദേഹം ഒരു തരത്തിലും ആഗ്രഹിച്ചില്ല - പകരം നദിയിൽ മുങ്ങി മരിക്കുന്നതാണ് നല്ലതെന്ന് അദ്ദേഹം കരുതി. പിന്നീട് നാൽപ്പത്തിയഞ്ച് ദിവസം അദ്ദേഹത്തെ കാണാതായി. എവിടെയാണ് ഒളിച്ചിരിക്കുന്നതെന്ന് ആർക്കും അറിയില്ല. അങ്ങനെയിരിക്കെ ഒരു ദിവസം പെട്ടെന്ന് അദ്ദേഹം വീണ്ടും ഭക്തിവിനോദ ഠാക്കൂറിന്റെ വീട്ടിൽ വന്നു. അദ്ദേഹത്തോട് പറഞ്ഞു, "അങ്ങയുടെ മകൻ എന്നെ സേവിക്കാൻ ആഗ്രഹിച്ചപ്പോൾ ഞാൻ നദിയിൽ മുങ്ങിമരിക്കാൻ തീരുമാനിച്ചു. ആത്മഹത്യ ചെയ്താൽ ഭഗവാനെ സേവിക്കാൻ കഴിയാതെ ഞാൻ ഒരു പ്രേതമായി മാറുമെന്ന് ഞാൻ മനസ്സിലാക്കി. അതിനാൽ ഞാൻ എന്റെ മനസ്സ് മാറ്റി." 


അങ്ങനെ ഗൗര കിശോർ അന്ധനായി തുടർന്നു. ഈ ഭൗതിക ലോകം ഇനി കാണാൻ ആഗ്രഹിച്ചില്ല. ആന്തരികമായി, ശ്രീ ശ്രീ രാധയോടും കൃഷ്ണനോടും അദ്ദേഹത്തിന് വളരെ ആസക്തനായിരുന്നു. അതിനാൽ, അദ്ദേഹം തന്റെ ജീവിതരീതിയിൽ വളരെ ശ്രദ്ധാലുവായിരുന്നു, ഭൗതിക ജീവിതത്തിൽ അകപ്പെടാൻ ആഗ്രഹിക്കാതെ.


അവസാന ലീലകൾ


1915-ൽ ഗൗര കിശോർ ദാസ് ബാബാജി ഇഹലോകം വെടിഞ്ഞു. പിറ്റേന്ന്, അദ്ദേഹത്തിന്റെ ഏക ശിഷ്യയായ ശ്രീല ഭക്തിസിദ്ധാന്ത സരസ്വതി, കൽക്കട്ടയിൽ നിന്ന് വന്നപ്പോൾ, പ്രാദേശിക വൈഷ്ണവർ, കൂടുതലും സഹജിയർ, അല്ലെങ്കിൽ വ്യാജർ, തന്റെ ഗുരു-മഹാരാജിന്റെ മൃതദേഹത്തിന് വേണ്ടി പോരാടുന്നത് കണ്ടു. അവരുടെ പ്രശസ്തിയും സമ്പാദ്യവും വർദ്ധിപ്പിക്കുന്നതിനായി അവരുടെ വീടുകൾക്ക് സമീപം അദ്ദേഹത്തിന്റെ സമാധി നിർമ്മിക്കാൻ എല്ലാവരും ആഗ്രഹിച്ചു. 


ഭക്തിസിദ്ധാന്ത സരസ്വതി അങ്ങേയറ്റം കോപിക്കുകയും അവരെ ഒന്നും ചെയ്യാൻ അനുവദിച്ചില്ല. എന്നിരുന്നാലും, അദ്ദേഹം ഒരു ബ്രഹ്മചാരി മാത്രമാണെന്നും സന്യാസിയല്ലാത്തതിനാൽ സമാധി സ്ഥാപിക്കാൻ കഴിയില്ലെന്നും അവർ ശഠിച്ചു. സിംഹഗുരു എന്നു കൂടി അറിയപ്പെടുന്ന ഭക്തിസിദ്ധാന്ത സരസ്വതി ഠാക്കൂർ സഹജിയരെ വെല്ലുവിളിച്ചു- ഇവരിൽ ആരെങ്കിലും കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ ഏതെങ്കിലും സ്ത്രീയുടെ ശരീരത്തിൽ തെറ്റായി സ്പർശിച്ചിട്ടില്ലെങ്കിൽ, അവർക്ക് മുന്നോട്ട് വന്ന് തന്റെ പ്രിയപ്പെട്ട ആത്മീയ ഗുരുവിന്റെ സമാധി സ്ഥാപിക്കാൻ അവകാശപ്പെടാം. 


ഇതു കേട്ടപ്പോൾ ഒന്നും മിണ്ടാതെ അവർ ഓരോരുത്തരായി പോയി. ബാക്കി വന്ന കുറച്ച് ആളുകൾ ഭക്തിസിദ്ധാന്ത സരസ്വതിഠാക്കൂറിനെ അദ്ദേഹത്തിന്റെ ഗുരു-മഹാരാജിന്റെ അവസാന ആഗ്രഹം ഓർമ്മിപ്പിച്ചു. പരിപാവനമായ ധൂളികളാൽ ശുദ്ധീകരിക്കപ്പെടുന്നതിന് തന്റെ മൃതദേഹം പവിത്ര ധാമത്തിന്റെ തെരുവുകളിലൂടെ വലിച്ചിഴക്കണമെന്ന് അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചിരുന്നു എന്ന് അവർ വാദിച്ചു. ഭക്തിസിദ്ധാന്ത സരസ്വതി തിരിച്ചടിച്ചു, "ആരും അദ്ദേഹത്തിന്റെ ശരീരം എവിടേക്കും വലിച്ചിഴക്കാൻ പോകുന്നില്ല, മഹാപ്രഭു ഹരിദാസ് ഠാക്കൂറിന്റെ മൃതദേഹം വഹിച്ചതുപോലെ ഞാൻ എന്റെ തലയിൽ വഹിക്കും." ഈ വാക്കുകൾ കൊണ്ട് അദ്ദേഹം ഒറ്റയ്ക്ക് തന്റെ പ്രിയപ്പെട്ട ഗുരു-മഹാരാജിന്റെ ശരീരം സുഗന്ധദ്രവ്യങ്ങൾ പൂശി സൂക്ഷിച്ചു.  


ശ്രീല ഭക്തിസിദ്ധാന്ത സരസ്വതി ഠാക്കൂർ ഗംഗയുടെ പടിഞ്ഞാറൻ തീരത്ത് നവദ്വീപിന് സമീപം ശ്രീല ഗൗര കിശോർ ദാസ് ബാബാജിയുടെ സമാധി സ്ഥാപിച്ചു. നദിയുടെ ഗതി മാറിയപ്പോൾ സമാധി മായാപൂരിലെ തന്നെ ചൈതന്യ മഠത്തിലേക്ക് മാറ്റേണ്ടി വന്നു. കൃഷ്ണലീലയിൽ അദ്ദേഹം ഗുണമഞ്ജരിയായി സേവിക്കുന്നു. 


ശ്രീല ഗൗര കിശോർ ദാസ് ബാബാജി കീ ജയ്!


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ് 



Tuesday, November 21, 2023

ഭീഷ്മ പഞ്ചക വ്രതം അവസാനിക്കുന്നതിനുള്ള വിധി

 

ഭീഷ്മ പഞ്ചക വ്രതം അവസാനിക്കുന്നതിനുള്ള വിധി


🍁🍁🍁🍁🍁🍁


 വലതു കരത്തിൽ അല്പം ജലം എടുത്ത് താഴെക്കാണുന്ന മന്ത്രം ജപിച്ചതിനുശേഷം ശിരസ്സിൽ ആ ജലം തളിക്കുക


ഓം അപവിത്രപവിത്രോ വാ സാർവ്വവസ്താം ഗതോപി വാ

യസ്മരേത് പുണ്ഡരീകാക്ഷംസഃ ബാഹ്യാഭ്യന്തര ശുചി

ശ്രീ വിഷ്ണു ശ്രീ വിഷ്ണു ശ്രീ വിഷ്ണു


ഗുരുപ്രണാമം


നമ ഓം വിഷ്ണു പാദായ കൃഷ്ണപ്രഷ്ഠായ ഭൂതലേ

ശ്രീമതേ ഗുരുവിന്റെ പ്രണാമ മന്ത്രം ചൊല്ലുക


ശ്രീകൃഷ്ണ പ്രണാമം


ഹേ കൃഷ്ണ കരുണാസിന്ധോ ദീനബന്ധോ ജഗത്പതേ 

ഗോപേശ ഗോപികാകാന്ത രാധാകാന്ത നമോസ്തുതേ 


ശ്രീ രാധാ പ്രണാമം


തപ്ത കാഞ്ചന ഗൗരാംഗി രാധേ വൃന്ദാവനേശ്വരി 

വൃഷഭാനു സുതേ ദേവി പ്രണമാമി ഹരിപ്രിയേ 


ശ്രീ പഞ്ചതത്ത്വ പ്രണാമം

 

പഞ്ചതത്ത്വാത്മകം കൃഷ്ണം ഭക്ത രൂപ സ്വരൂപകം 

ഭക്താവതാരം ഭക്താഖ്യം നമാമി ഭക്ത ശക്തികം 


നരസിംഹ പ്രണാമം


ശ്രീ നരസിംഹ ജയ നരസിംഹ ജയ ജയ നരസിംഹ

പ്രഹ്ളാദേശ ജയ പത്മ മുഖ പത്മ ഭൃംഗ

ഉഗ്രം വീരം മഹാ വിഷ്ണും ജ്വലന്തം സർവ്വതോ മുഖം

നരസിംഹം ഭീഷണം ഭദ്രം മൃത്യോർമൃത്യും നമാമ്യഹം


വ്രതം അവസാനിപ്പിക്കുന്നതിനുള്ള മന്ത്രം


കാർത്തികവ്രത ഭീഷ്മ പഞ്ചകവ്രത ഏവം വ്രതഫലം

സർവ്വഷാം ശ്രീകൃഷ്ണാർപണമസ്തു

ഇദം വ്രതം മയാ ദേവ കൃതം പ്രിയേ തവ പ്രഭോ

ഹ്നൂയം സംപൂർണ്ണതാ ജാതു തദ് പ്രസാദാദ് ജനാർദ്ദനാ


ശാകം , പട്ടാലം , രാജമാസം , കുഷ്മാണ്ഡം , ആലാബം , വാർതാകം , മൂലാകം , സീമം , തൈലാധികം , യദ് യദ് ദ്രവ്യം വർജയേത് അധുനാ തദ് സർവം ഭോക്ഷാമി.


തവ പ്രസാദ സ്വീകാരാത് കൃതം യ പാരണം മയാ

വ്രത നാനേന സന്തുഷ്ടസ്വസ്തി ഭക്തീം പ്രയശ്ച മേ


ഗുരുവിൽനിന്നും വൈഷ്ണവരിൽ നിന്നും അനുമതി നേടിയതിനുശേഷം  പ്രസാദ സേവ മന്ത്രം ജപിച്ചതിനു ശേഷം പ്രസാദം കഴിക്കാം



🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ് 



Tuesday, November 14, 2023

സത്യ യുഗത്തിൽ ഗോവർദ്ധന പർവതത്തിന്റെ ആവിർഭാവം

 


ശ്രീകൃഷ്ണ ഭഗവാന്റെ അവതാരത്തിന് മുൻപ് സമാലി ദ്വീപിൽ, ദ്രോണാചലൻ എന്ന മഹാ പർവതത്തിന്റെ ഭാര്യ ഗോവർദ്ധനം എന്ന നാമത്തോട്‌ കൂടിയ മകന് ജന്മം നൽകി. ആ സമയം എല്ലാ ദേവന്മാരും പുഷ്പ വൃഷ്ടി നടത്തി. മഹാ പർവതങ്ങളായ ഹിമാലയവും സുമേരുവും പ്രണാമങ്ങൾ അർപ്പിക്കുവാനായി അവിടെ എത്തി. അവർ ഗോവർദ്ധനത്തെ പരിക്രമം ചെയ്യുകയും തങ്ങളുടെ രാജാവായി അംഗീകരിക്കുകയും ചെയ്തു. ഗോലോക വൃന്ദാവനത്തിൽ നിന്നും അവതരിച്ച ഗോവർദ്ധനത്തെ വാഴ്ത്തിക്കൊണ്ട് പ്രാർത്ഥനകൾ അർപ്പിക്കുകയും ചെയ്തു.


സത്യ യുഗത്തിന്റെ ആരംഭത്തിൽ മഹാ മുനി പുലസ്ത്യർ സമാലി ദ്വീപ് സന്ദർശിച്ചു. അദ്ദേഹം ലതകളും, ഫലവൃക്ഷങ്ങളും, മനോഹര പുഷ്പങ്ങളും, തപസ്യകൾ അനുഷ്ഠിക്കാൻ സാധിക്കും വിധമുള്ളതും, അരുവികളും, തടാകങ്ങൾ, അമൃത വൃക്ഷങ്ങൾ, മയിൽ നാദവും, പക്ഷികളുടെ ശബ്ദങ്ങളാലും മുഖരിതമായ ഗോവർദ്ധന പർവതത്തിന്റെ സൗന്ദര്യത്തിൽ മതിമറന്നു. ഈ പർവതത്തിന് മുക്തി നൽകുവാനുള്ള ശക്തി ഉണ്ടെന്ന് അദ്ദേഹം മനസ്സിലാക്കി. പുലസ്ത്യ മുനി ഗോവർദ്ധനത്തിന്റെ പിതാവായ ദ്രോണാചലനെ സന്ദർശിച്ചു. അദ്ദേഹം പുലസ്ത്യ മുനിയെ ആദരവോടെ സ്വീകരിക്കുകയും അദ്ദേഹത്തിന് നൽകേണ്ട സേവനങ്ങളെ കുറിച്ചു ചോദിക്കുകയും ചെയ്തു. 

പുലസ്ത്യ മുനി ദ്രോണാചലനോട് പറഞ്ഞു. "ഹേ ദ്രോണാ, അങ്ങ് പർവതങ്ങളുടെ രാജാവാണ്. മനുഷ്യരുടെ ജീവൻ സംരക്ഷിക്കുന്ന അതീന്ദ്രിയ ഔഷധ സസ്യങ്ങൾ നിറഞ്ഞ അങ്ങയെ ദേവന്മാർ പോലും ആരാധിക്കുന്നു. ഞാൻ കാശിയിൽ നിന്നും വരുന്നു. എനിക്ക് ഒരു അപേക്ഷയാണ് ഉള്ളത്. ദയവായി അങ്ങയുടെ മകനെ എനിക്ക് നൽകിയാലും. എനിക്ക് മറ്റൊന്നും വേണ്ട.

ഗോവർദ്ധനത്തെ കാശിയിൽ കൊണ്ടുപോകണം എന്ന് പുലസ്ത്യ മുനി ആഗ്രഹിക്കുവാൻ കാരണം, കാശി ഗംഗാ നദിയുടെ തീരത്തിലാണെങ്കിലും അവിടെ മനോഹരമായ പർവതങ്ങളുണ്ടായിരുന്നില്ല. ഗോവർദ്ധനത്തെ കാശിയിലേക്ക് സ്വീകരിക്കുന്നത് വഴി അദ്ദേഹത്തിന് മലമുകളിൽ തപസ്സ് അനുഷ്ഠിക്കുവാൻ വേണ്ടി ആയിരുന്നു.

പുലസ്ത്യ മുനിയുടെ ഈ അഭ്യർത്ഥന കേട്ട ഉടനെ തന്റെ മകനിൽ നിന്നും വേർപെട്ടുപോകും എന്ന ദുഃഖത്താൽ ദ്രോണാചലൻ ദുഃഖിതനാവുകയും അദ്ദേഹം ഗോവർദ്ധനത്തിൽ നിന്ന് വേർപെട്ടുനിൽക്കുവാൻ വിമുഖത കാണിക്കുകയും ചെയ്തു. എന്നാൽ പുലസ്ത്യ മുനിയുടെ ക്രോധത്തിൽ നിന്നും തന്റെ പിതാവായ ദ്രോണാചലനെ രക്ഷിക്കുവാനായി ഗോവർദ്ധനം പുലസ്ത്യ മുനിയുടെ അഭ്യർത്ഥന സ്വീകരിച്ചു. എന്നാൽ തന്നെ എങ്ങനെ കാശി വരെ വഹിച്ചു കൊണ്ടുപോകും എന്ന് പുലസ്ത്യ മുനിയോട് ആരാഞ്ഞു. തന്റെ വലതു കൈയിൽ ഗോവർദ്ധനത്തെ വഹിച്ചുകൊണ്ടുപോകാം എന്ന് പുലസ്ത്യ മുനി മറുപടി പറഞ്ഞു. ഗോവർദ്ധനം അത് സമ്മതിക്കുകയും എന്നാൽ തന്നെ കൊണ്ടു പോകുന്നതിനിടയിൽ എവിടെയെങ്കിലും ഇറക്കി വയ്ക്കുകയാണെങ്കിൽ പിന്നീട് തന്നെ വഹിക്കുവാൻ സാധിക്കില്ല എന്ന വ്യവസ്ഥയും വച്ചു. ഇത് സമ്മതിച്ച പുലസ്ത്യ മുനി കാശി വരെ എവിടെയും താഴ്ത്തി വയ്ക്കില്ല എന്ന വാക്കും നൽകി. ശേഷം മുനി ഗോവർദ്ധനത്തെയും വലതു കൈയിൽ വഹിച്ചു  കൊണ്ട് കാശിയിലേക്ക് പുറപ്പെട്ടു.


ഭഗവദ് ഇച്ഛയാൽ പുലസ്ത്യ മുനി വ്രജധാമത്തിന്റെ മുകളിലൂടെ കാശിയിലേക്ക് യാത്ര ചെയ്യുകയുണ്ടായി. വ്രജത്തിന് മുകളിൽ എത്തിയപ്പോൾ ഗോവർദ്ധനത്തിന് തന്റെ പൂർവ്വജന്മം ഓർമ്മ വരികയും, അദ്ദേഹം ആത്മഗതം പറയുകയും ചെയ്തു: "സർവ്വ പ്രപഞ്ചങ്ങളുടെയും നാഥനായ ശ്രീ കൃഷ്ണ ഭഗവാൻ ഈ വ്രജ ഭൂമിയിൽ അവതരിക്കുകയും ബാല്യ ലീലകൾ ആസ്വദിക്കുകയും ചെയ്യും, യമുന ഒഴുകുന്ന ഈ സ്ഥലം വിട്ട് ഞാൻ എവിടെയും പോയിക്കൂടാ, വ്രജമാണ് തന്റെ യഥാർത്ഥ തീർത്തസ്ഥാനം എന്ന് ഗോവർദ്ധനത്തിന് മനസ്സിലായി. ഈ ചിന്തകൾ മനസ്സിൽ വച്ചുകൊണ്ട് ഗോവർദ്ധനം തന്റെ ഭാരം കൂട്ടുകയും ചെയ്തു. ഇതു കാരണം തളർന്നു പോയ പുലസ്ത്യ മുനി തന്റെ വാഗ്ദാനം മറക്കുകയും  അമിത ഭാരതത്താൽ തളർന്നുപോയ അദ്ദേഹം വ്രജ മണ്ഡലത്തിൽ ആ പർവ്വതത്തെ വയ്ക്കുകയും ചെയ്തു. ശേഷം സ്നാനം ചെയ്ത അദ്ദേഹം തിരിച്ചെത്തി ഗോവർദ്ധനത്തോട് തന്റെ കയ്യിലേക്ക് ഉയർന്നുവരാൻ പറയുകയും ചെയ്തു. എന്നാൽ ഗോവർദ്ധനം ഒരു ശകലം പോലും നീങ്ങിയില്ല.  പുലസ്ത്യ മുനി തന്റെ എല്ലാ തപശക്തിയും ഉപയോഗിച്ചുകൊണ്ട് ഗോവർദ്ധനത്തെ വഹിക്കുവാൻ ശ്രമിച്ചു. എന്നാൽ ഈ ശ്രമങ്ങളെല്ലാം പരാജയപ്പെട്ട പുലസ്ത്യ മുനി ഗോവർദ്ധനത്തെ ഇങ്ങനെ ശപിച്ചു, ദിവസവും നീ കടുകു മണിയുടെ വലിപ്പത്തിൽ ഭൂമിയിലേക്ക് താഴ്ന്നു പോകട്ടെ എന്ന്.

സത്യയുഗത്തിന്റെ തുടക്കത്തിൽ, ഗോവർദ്ധനം അവതരിച്ചപ്പോൾ എട്ട് യോജന നീളവും(64 മൈൽ), അഞ്ച് യോജന(40 മൈൽ) വീതിയും, രണ്ട് യോജന(16 മൈൽ) ഉയരവും ഉണ്ടായിരുന്നു. കലിയുഗത്തിന്റെ പതിനായിരം വർഷങ്ങൾക്ക് ശേഷം ഗോവർദ്ധനം പൂർണമായും അപ്രത്യക്ഷമാവും എന്ന് പറയപ്പെടുന്നു. ഗോവർദ്ധനത്തിന്റെ ഈ മനോഹര കഥ വിവരിച്ച ശേഷം സനന്ദൻ നന്ദ മഹാരാജിനോട് പറഞ്ഞു, ഗോവർദ്ധനവും, യമുനാ നദിയും നിലനിൽക്കുന്നിടത്തോളം കാലം കലിയുഗം തന്റെ പൂർണരൂപം കൈക്കൊള്ളില്ല. സനന്ദൻ പറഞ്ഞു, ആരൊക്കെ ഗോവർദ്ധന പർവതത്തിന്റെ അവിർഭാവത്തെ കുറിച്ചള്ള ഈ വിവരണം ശ്രവിക്കുന്നു, അവരുടെ എല്ലാ പാപ പ്രതികരണങ്ങളും ഇല്ലാതാകുന്നു.


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ് 


ശ്രീ ഗോവര്‍ദ്ധനത്തിന്റെ ത്രേതാ യുഗത്തിലെ കഥ




ശ്രീ ഗോവര്‍ദ്ധനം സത്യയുഗത്തിൽ ആവിർഭവിച്ചു. ശേഷം ത്രേതാ യുഗത്തിൽ, ശ്രീരാമചന്ദ്ര ഭഗവാൻ അവതരിക്കുകയും. ശ്രീരാമനും അദ്ദേഹത്തിന്റെ സൈന്യവും സീതാ ദേവിയെ രാവണനിൽ നിന്നും രക്ഷിക്കുവാനായി ലങ്കയിലേക്ക് പാലം പണിയുകയും ചെയ്തു.


രാമ സേതു നിർമിക്കുന്നതിനിടയിൽ. ശ്രീ ഹനുമാൻ ഗിരിരാജ ഗോവര്‍ദ്ധനം സന്ദർശിക്കുകയും രാമ സേതുവിന്റെ ഭാഗമാകുവാൻ അഭ്യർത്ഥിക്കുകയും ചെയ്തു. ശ്രീ ഗോവര്‍ദ്ധനം ഉടനെ തന്നെ ശ്രീ രാമചന്ദ്ര ഭഗവാന്റെ സേവനത്തിന് സമ്മതിക്കുകയും ചെയ്തു. രാമസേതു നിർമാണത്തിന്റെ അഞ്ചാമത്തെ ദിവസം സേതു നിർമാണം പൂർത്തിയായെന്നും, ഇനി പാലത്തിനായി ഇത്രയും വലിയ പർവതത്തിന്റെ ആവശ്യം ഇല്ല എന്ന വാർത്ത വരികയും ചെയ്തു.


ഇതു കേട്ടപ്പോൾ ശ്രീരാമനെ സേവിക്കുവാൻ സാധിക്കാത്തതിൽ ഗോവര്‍ദ്ധനം നിരാശനായി.  ഗോവര്‍ദ്ധനത്തിന്റെ ഈ സേവന മനോഭാവത്തിൽ സംപ്രീതനായ ശ്രീരാമൻ താൻ ഭാവിയിൽ ദ്വാപര യുഗത്തിൽ, തന്റെ ഭക്തരുടെ ആഗ്രഹങ്ങൾ നിറവേറ്റുവാനായി വരുമെന്നും, അപ്പോൾ ഗോവര്‍ദ്ധനത്തിന്റെ ആഗ്രഹം നിറവേറ്റി ഏഴു ദിവസം തന്റെ കൈകൊണ്ട് ഗോവര്‍ദ്ധനം ഉയർത്തും എന്നും പ്രവചിച്ചു. ദ്വാപര യുഗത്തിൽ ശ്രീകൃഷ്ണ ഭഗവാൻ തന്റെ ബാല്യലീലകൾ വൃന്ദാവനത്തിൽ നടത്തുകയും. ഗോവര്‍ദ്ധനം ഉയർത്തുകയും ചെയ്തു.


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ് 


ഗോലോക ധാമത്തിൽ ഗോവര്‍ദ്ധന പർവതത്തിന്റെ ആവിർഭാവം



ഗർഗ്ഗ സംഹിത മൂന്നാം സ്കന്ധം(ഗിരിരാജ കാണ്ഡം) ഒൻപതാം അധ്യായത്തിൽ, ശ്രീ നാരദ മുനി ഗോലോക ധാമത്തിൽ ശ്രീ ഗിരിരാജ ഗോവര്‍ദ്ധനത്തിന്റെ ആവിർഭാവത്തെ കുറിച്ചു വിവരിക്കുന്നു.

ശ്രീ ഗോലോക ധാമം പരമദിവ്യോത്തമ പുരുഷനായ ശ്രീ കൃഷ്ണ ഭഗവാനിൽ നിന്നും അവിർഭവിച്ചു.

മൂന്ന് ഭൗതിക ലോകങ്ങളിൽ കൂടി ഒഴുകുന്ന ഗംഗ ശ്രീ കൃഷ്ണ ഭഗവാന്റെ പാദ പദ്മങ്ങളിൽ നിന്നും അവിർഭവിച്ചു. ശിരോവസ്ത്രവും അനേകം ആഭരണങ്ങളും അണിഞ്ഞിട്ടുള്ള നദികളിൽ ശ്രേഷ്ഠയായ യമുന ഭഗവാന്റെ ഇടത്തേ തോളിൽ നിന്നും ഉത്ഭവിച്ചു.

സ്വർണവും രത്നങ്ങളാലും നിർമിക്കപ്പെട്ടതും, ആഭരണങ്ങളാൽ അലങ്കരിക്കപ്പെടുകയും ചെയ്ത രാസ നൃത്ത വൃത്തം ഭഗവാന്റെ കണങ്കാലിൽ നിന്നും ഉൽഭവിച്ചു. 

വനങ്ങളിൽ വച്ചു ഏറ്റവും ശ്രേഷ്ഠമായ വൃന്ദാവനം ഭഗവാന്റെ കാൽമുട്ടിൽ നിന്നും ആവിർഭവിച്ചു. ലീലാ സരോവര തടാകം അദ്ദേഹത്തിന്റെ തുടയിൽ നിന്നും.

ഭഗവാന്റെ പദ്മനാഭിയിൽ നിന്നും ആയിരക്കണക്കിന് താമരകൾ ആവിർഭവിച്ചു. അവ ഭഗവാന്റെ അതീന്ദ്രിയ ധാമത്തിലെ തടാകങ്ങളിൽ ദീപ്തിമത്തായി തിളങ്ങി.

അതുപോലെ ഭഗവാന്റെ വിവിധ ഭാഗങ്ങൾ രാസ ലീലയ്ക്ക് ആവശ്യമായ വസ്തുക്കളായി മാറി. 

തന്റെ ധാമം ആവിർഭവിച്ചതിനു ശേഷം, എണ്ണമറ്റ പ്രപഞ്ചങ്ങളുടെ നാഥനായ ശ്രീ കൃഷ്ണ ഭഗവാൻ ശ്രീമതി രാധാറാണിയുടെ കൂടെ വിളങ്ങി.

ഒരു ദിവസം, ശ്രീമതി രാധിക കാൽത്തളകളുടെ തിളക്കങ്ങളും, മുത്തുകളാലും, മാലതീ പുഷ്പങ്ങളാൽ നിർമിച്ച പന്തലും, തേൻ ഗന്ധമുള്ള ലതകളാലും, ഓടക്കുഴലും, മൃദംഗവും മനോഹരമായ കണ്ഠങ്ങളിൽ നിന്നും വരുന്ന മനോഹരമായ കീർത്തനങ്ങളാലും, അനേകം സുന്ദരികളായ പെൺകുട്ടികളാലും നിറഞ്ഞ രാസ നൃത്ത വേദിയിൽ വച്ചു, ദശലക്ഷക്കണക്കിന് കാമദേവന്മാരെക്കാൾ മോഹനീയമായ, ഉദാരമായി കാരുണ്യം നൽകുന്ന ആ ശ്രീ കൃഷ്ണ ഭഗവാനെ ഇടങ്കണ്ണാൽ വീക്ഷിച്ചു. രാധാറാണി ഈ വിധത്തിൽ ഭഗവാനോട് പറഞ്ഞു.

ശ്രീമതി രാധിക പറഞ്ഞു ഹേ പ്രപഞ്ചനാഥാ രാസ നൃത്തത്തിലെ എന്റെ പ്രേമ സേവനത്തിൽ അങ്ങ് സംപ്രീതനായെങ്കിൽ എനിക്ക് അങ്ങയോട് ഒരു ആഗ്രഹമുണർത്തുവാനുണ്ട്. പരമദിവ്യോത്തമ പുരുഷൻ പറഞ്ഞു, ഹേ ദേവീ അങ്ങയുടെ ഹൃദയത്തിലെ ഏത് ആവശ്യവും എന്നോട് ചോദിക്കാം.

ശ്രീമതി രാധിക പറഞ്ഞു: ഈ മനോഹരമായ വൃന്ദാവനത്തിലെ, യമുനാ തീരത്തിൽ രാസ നൃത്തതിനായി ഒരു അരങ്ങ് നിർമിച്ചാലും. ഹേ നാഥാ, ഇതാണ് എന്റെ ആഗ്രഹം.

നാരദ മുനി തുടർന്നു: ഭഗവാൻ പറഞ്ഞു, അങ്ങനെ ആകട്ടെ, ശേഷം ഭഗവാൻ ധ്യാന നിരതനായി അദ്ദേഹത്തിന്റെ ഹൃദയത്തിലേക്ക് നോക്കി.

ഗോപികൾ കാൺകെ, ഭഗവാന്റെ പ്രേമം, അഗ്നിയുടെയും ജലത്തിന്റെയും രൂപത്തിൽ ഹൃദയത്തിൽ നിന്നും പുറത്തേക്ക് വന്നു, ഭൂമിയിൽ ഒരു ചെടി തളിർക്കുന്നത് പോലെ. അത്

രാസ നൃത്ത വേദിയിൽ വീഴുകയും, ആ പ്രേമം കുറേ ഗുഹകളും, കദമ്പം, ബകുള,  അശോക വൃക്ഷങ്ങളാലും, ലതകളാലും, മന്ദാരവും, കുന്ദ പുഷ്പങ്ങളാലും, പക്ഷികളാലും, അരുവികൾ നിറഞ്ഞതുമായ ഒരു പർവതമായി മാറി.

ഓ വിദേഹ രാജൻ, ഒരു നിമിഷത്തിൽ അത് എട്ടു ലക്ഷം മൈൽ വീതിയും, എണ്ണൂറ് കോടി മൈൽ നീളവും, നാന്നൂറ് കോടി മൈൽ ഉയരവും ഉള്ളതായി മാറി. അത് ശാശ്വതമായി നാന്നൂറ് കോടി മൈൽ ഉയരമുള്ളതാകുന്നു. അത് മറ്റൊരു അനന്ത ശേഷനെ പോലെയും, ഭീമാകാരനായ ആനയെ പോലെയും ആയിരുന്നു.

അതിൽ പതിനെട്ട് കോടി മൈൽ നീളമുള്ള കൊടുമുടികൾ ഉണ്ടായിരുന്നു. ഹേ മിഥിലാ രാജൻ, ആ പർവതം സ്വർണ ഗോപുരങ്ങൾ ഉള്ള ഒരു കൊട്ടാരമായി തോന്നി. 

ചിലർ ആ പർവതത്തെ ഗോവര്‍ദ്ധന എന്നും മറ്റു ചിലർ ശതശ്രിങ്കം എന്നും വിളിച്ചു. ആ പർവതം തന്റെ ഇച്ഛയ്ക്ക് അനുസരിച്ചു വികസിച്ചു. 

പർവതം വികസിച്ചപ്പോൾ, ഗോലോകത്തിൽ ഭയം നിറഞ്ഞു. ശ്രീ കൃഷ്ണ ഭഗവാൻ ഉടനെ ആ പർവതത്തിന്  തന്റെ കൈ കൊണ്ട് ഒരു പ്രഹരം നൽകി.

ഭഗവാൻ പറഞ്ഞു, "നീ എന്തുകൊണ്ടാണ് ഇത്രയും വികസിച്ചത്? നീ ഈ മണ്ഡലം മുഴുവൻ വികസിച്ചിരിക്കുന്നു! ഈ വിധത്തിൽ കൃഷ്ണൻ ആ പർവതം കൂടുതൽ വളരുന്നതിൽ തടയിട്ടു.

ഈ ശ്രേഷ്ഠമായ പർവതത്തെ ദർശിച്ച ശ്രീ കൃഷ്ണ ഭഗവാന്റെ പ്രിയപ്പെട്ട ശ്രീമതി രാധാ റാണി അങ്ങേയറ്റം സംപ്രീതയായി. ഹേ രാജൻ, രാധാ റാണി ഭഗവാന്റെ കൂടെ ആ പർവതത്തിൽ ലീലകൾ ആസ്വദിച്ചു.

ഈ വിധത്തിൽ ഭഗവാന് പ്രിയപ്പെട്ട, പർവതങ്ങളിൽ ശ്രേഷ്ഠമായ, കാർമേഘത്തെ പോലെ ഇരുണ്ട നിറമുള്ള, എല്ലാ തീർത്ത സ്ഥലങ്ങളും ഉൾക്കൊള്ളുന്ന  ഗോവര്‍ദ്ധന പർവതം ഭഗവാനാൽ ആവിർഭവിച്ചു.


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ്