Home

Wednesday, November 1, 2023

ശാസ്ത്ര വിധിയുടെ പ്രാധാന്യം

 



യഃ ശാസ്ത്രവിധിമുത്സ്യജ്യ വർതതേ കാമകാരതഃ

ന സ സിദ്ധിമവാപ്നോതി ന സുഖം ന പരാം ഗതിം



വിവർത്തനം


ശാസ്ത്രവിഹിതങ്ങളായ വചനങ്ങളെ കണക്കിലെടുക്കാതെ തന്നിഷ്ടംപോലെ പ്രവർത്തിക്കുന്നവർക്ക് പരിപൂർണ്ണതയോ പരമലക്ഷ്യപ്രാപ്തിയോ സുഖംപോലുമോ നേടാനാവില്ല.


ഭാവാർത്ഥം 


മുമ്പ് പറഞ്ഞതുപോലെ വ്യത്യസ്ത ജാതികൾക്കും വ്യത്യസ്ത ആശ്രമങ്ങൾക്കും അതാതിനു യോജിച്ച ശാസ്ത്രവിധികളുണ്ട്. ഈ നിയമങ്ങളും ക്രമീകരണങ്ങളും എല്ലാവരും അനുസരിക്കേണ്ടവയാണ്. അവ അനുസരിക്കാതെ തന്നിഷ്ടപ്രകാരം കാമക്രോധലോഭങ്ങളാൽ പ്രേരിതനായി പ്രവർത്തിക്കുന്നവൻ ജീവിതത്തിലൊരിക്കലും പരിപൂർണ്ണത നേടുകയില്ല. മറ്റുവിധത്തിൽ പറയുകയാണെങ്കിൽ ഈ സിദ്ധാന്തങ്ങളെല്ലാം അറിഞ്ഞിട്ടും അവയെ സ്വജീവിതത്തിൽ പ്രായോഗികമാക്കാത്തവനെ നരാധമനെന്നു തന്നെ കരുതാം. മനുഷ്യനായി ജനിച്ച ജീവാത്മാവ് ബുദ്ധിയുപയോഗിച്ച് തന്റെ ജീവിതത്തെ സമുത്കൃഷ്ടമാക്കാനുതകുന്ന നിബന്ധനകൾ അനുസരിക്കാൻ ബാധ്യസ്ഥനാണ്. അങ്ങനെ ചെയ്യാത്തവൻ സ്വയം തരംതാഴുന്നു. ഈ നിയമനിബന്ധനകളേയും ധർമ്മാനുഷ്ഠാനങ്ങളേയും എല്ലാം അനുസരിക്കുന്നുവെങ്കിലും അവസാനഘട്ടത്തിൽ ഭഗവാനെക്കുറിച്ച് ബോധമാർജ്ജിക്കാത്തപക്ഷം അയാളുടെ അറിവെല്ലാം പാഴിലാവുകയും ചെയ്യും. ദൈവവിശ്വാസിയാണെങ്കിലും ഭഗവത്സേവനത്തിലേർപ്പെടാത്ത പക്ഷം അയാളുടെ പരിശ്രമങ്ങളെല്ലാം വൃഥാവിലാകും. അതുകൊണ്ട് കൃഷ്ണാവബോധത്തിന്റേയും ഭക്തിയുതസേവനത്തിന്റേയും മേഖലയിലേക്ക് ഒരാൾ ക്രമേണ ഉയരുക തന്നെ വേണം. എങ്കിലേ പരിപൂർണ്ണത കൈവരിക്കാനാവൂ. മറ്റൊരുവിധത്തിലും അത് സാദ്ധ്യമല്ല.


കാമകാരതഃ എന്ന പദം അർത്ഥഗർഭമാണ്.  അറിഞ്ഞുകൊണ്ട് നിയമങ്ങളെ ലംഘിക്കുന്നവൻ കാമപ്രേരിതനത്രേ. നിഷിദ്ധമായത് ചെയ്യുകയാണെന്നറിഞ്ഞിട്ടും അയാൾ പിന്മാറുന്നില്ല. ചെയ്യേണ്ടത് എന്തെന്നറിഞ്ഞിട്ടും അത് ചെയ്യുന്നില്ല. ഇതിനെ തന്നിഷ്ടമെന്ന് പറയുന്നു. ഇത്തരം തന്നിഷ്ടക്കാർ ഭഗവാന്റെ ശാപമേൽക്കാൻ വിധിക്കപ്പെട്ടവരാണ്. മനുഷ്യജീവിതത്തിന് വിധിക്കപ്പെട്ട പരിപൂർണ്ണത അവർക്ക് ലഭ്യമല്ല. ജീവിതപവിത്രീകരണമാണ് മനുഷ്യജീവിതത്തിന്റെ സവിശേഷോദ്ദേശ്യം. നിയമനിബന്ധനകളെ ലംഘിക്കുന്ന ഒരാൾക്ക് സ്വയം ശുദ്ധീകരിക്കാൻ സാധിക്കില്ല. യഥാർത്ഥ സുഖമെന്നത് അയാൾക്ക് അപ്രാപ്യവുമാണ്.



( ശ്രീമദ് ഭഗവദ് ഗീതാ യഥാരൂപം 16.23)



🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ് 



No comments:

Post a Comment