ഗോവർദ്ധനപൂജ
ഗോപന്മാർ ഇന്ദ്രനുവേണ്ടി തിരക്കിട്ടു ഒരു യാഗത്തിനൊരുങ്ങുന്നതു കണ്ടപ്പോൾ ഗോപന്മാരുടെ രാജാവായ നന്ദനോട് ശ്രീകൃഷ്ണൻ അതിനെക്കുറിച്ചു ചോദിച്ചു. ഇന്ദ്രൻ നൽകുന്ന മഴകാരണമാണ് എല്ലാ ജീവജാലങ്ങൾക്കും ജീവിതം നിലനിർത്തിക്കൊണ്ടുപോകാൻ കഴിയുന്നതെന്നും അതിനാൽ ഇന്ദ്രനെ തൃപ്തിപ്പെടുത്തുവാൻ യാഗം നടത്തേണ്ടതുണ്ടെന്നും നന്ദൻ വിശദീകരിച്ചു. അപ്പോൾ കൃഷ്ണൻ ഇങ്ങനെ പ്രതിവചിച്ചു. “ജീവജാലങ്ങൾ വിവിധ ശരീരങ്ങൾ സ്വീകരിക്കുകയും ആ ശരീരങ്ങളിലിരുന്നുകൊണ്ട് വിവിധ സുഖദുഃഖങ്ങൾ അനുഭവിക്കുകയും ചെയ്യുന്നത് അവരുടെ കർമ്മഫലം മൂലമാണ്. കർമ്മമാണ് നമ്മുടെ ശത്രുവും മിത്രവും ഗുരുവും പ്രഭുവും, എല്ലാവരും കർമ്മഫലത്താൽ ബന്ധിതരാണ്. ഇന്ദ്രന് ആരുടെയും സുഖ ദുഃഖങ്ങളിൽ യാതൊന്നും ചെയ്യാൻ കഴിവില്ല. ഭൗതികപ്രകൃതിയുടെ സത്വ രജസ്തമോഗുണങ്ങളാണ് ലോകത്തിന്റെ സൃഷ്ടിസ്ഥിതിസംഹാരങ്ങൾ നടപ്പിലാക്കുന്നത്. മേഘങ്ങൾ രജോഗുണത്താൽ പ്രേരിതരായി മഴ പെയ്യിക്കുന്നു. ഗോപന്മാർ ഗോസംരക്ഷണത്താൽ അഭിവൃദ്ധി നേടുന്നു. മാത്രമല്ല, ഗോപന്മാരുടെ യഥാർത്ഥ വസതി കാടുകളും കുന്നുകളുമാണ്. അതിനാൽ നിങ്ങൾ പശുക്കൾക്കും ബ്രാഹ്മണർക്കും ഗോവർദ്ധനപർവതത്തിനുമാണ് യഥാർത്ഥത്തിൽ പൂജ നൽകേണ്ടത്.
ഇങ്ങനെ പറഞ്ഞിട്ട് കൃഷ്ണൻ ഇന്ദ്രയാഗത്തിനുവേണ്ടി സമാഹരിച്ചു വെച്ചിരുന്ന സാമഗ്രികൾ ഉപയോഗിച്ച് ഗോവർദ്ധനത്തെ പൂജിക്കാൻ ഗോപന്മാരോട് ഏർപ്പാടു ചെയ്തു. എന്നിട്ട് കൃഷ്ണൻ ഭീമാകാരവും അത്യപൂർവ്വവുമായ ഒരു അതീന്ദ്രിയരൂപം സ്വീകരിച്ച് ഗോവർദ്ധനത്തിന് അർപ്പിച്ച എല്ലാ ഭക്ഷ്യവസ്തുക്കളും മറ്റു നിവേദ്യങ്ങളും വിഴുങ്ങി. ഇങ്ങനെ ചെയ്യവേ അദ്ദേഹം ഗോപസമൂഹത്തോട് അവർ ഇത്രയും കാലം ഇന്ദ്രനെ പൂജിച്ചിട്ടും ഇതുവരെ അദ്ദേഹം നേരിട്ട് പ്രത്യക്ഷപ്പെട്ടിട്ടില്ലെന്നും അതേ സമയം ഗോവർദ്ധനഗിരി അവരുടെ കണ്മുന്നിൽ പ്രത്യക്ഷപ്പെട്ട് അവർ നൽകിയ എല്ലാ നിവേദ്യങ്ങളും ഭക്ഷിച്ചുവെന്നും പ്രഖ്യാപിച്ചു. അതിനാൽ അവർ ഇപ്പോൾ ഗോവർദ്ധനപർവ്വതത്തെ പ്രണമിക്കേണ്ടതാണ്. എന്നിട്ട് തന്റെ പുതിയരൂപത്തെ ഗോപന്മാർക്കൊപ്പം ചേർന്ന് പ്രണമിച്ചു.
ഗോവർദ്ധനോദ്ധാരണം
തനിക്കുള്ള യാഗം വ്രജവാസികൾ മുടക്കിയപ്പോൾ ഇന്ദ്രൻ കോപാവിഷ്ടനാകുന്നതും, വിനാശകാരിയായ അതിവൃഷ്ടികൊണ്ട് അവരെ ശിക്ഷിക്കാൻ ശ്രമിക്കുന്നതും, കൃഷ്ണൻ ഗോവർദ്ധനപർവ്വതമുയർത്തി കുടപോലെ ഏഴുനാൾ പിടിച്ചുനിന്ന് മഴയിൽ നിന്ന് ഗോകുലത്തെ രക്ഷിക്കുന്നതുമാണ് ഈ അദ്ധ്യായത്തിൽ വിവരിക്കുന്നത്.
തനിക്കുള്ള യാഗം തടസ്സപ്പെട്ടതിൽ കോപം മൂത്ത ഇന്ദ്രൻ താനാണ് പരമനിയന്താവെന്ന് തെറ്റിദ്ധരിച്ച് ഇപ്രകാരം പറഞ്ഞു, “ആത്മസാക്ഷാത്കാരത്തിനുള്ള മാർഗമായ ആത്മീയജ്ഞാനാന്വേഷണം വെടിഞ്ഞ് മനുഷ്യർ സംസാരസാഗരം മറികടക്കാൻ ഫലോദ്ദിഷ്ടയാഗങ്ങൾ സഹായിക്കുമെന്നു സങ്കല്പിക്കുന്നു. ഈ ഗോപന്മാരും അഹങ്കാരത്താൽ മത്തുപിടിച്ചവരായി അറിവില്ലാത്ത ഒരു സാധാരണ പയ്യനായ കൃഷ്ണനെ അഭയം പ്രാപിച്ച് എന്നെ ധിക്കരിച്ചിരിക്കുന്നു.
തന്റെ ധാരണയിൽ വൃന്ദാവനവാസികളുടെ അഹങ്കാരം എന്നുതോന്നുന്നതിനെ അകറ്റാനായി പ്രളയം സൃഷ്ടിച്ച് ലോകാവസാനം വരുത്തുന്നവരായ സാംവർത്തകമേഘങ്ങളെ ഇന്ദ്രൻ പറഞ്ഞയച്ചു. മഴയും കൊടുങ്കാറ്റുംകൊണ്ട് വ്രജവാസികളെ പീഡിപ്പിക്കുകയായിരുന്നു ഇന്ദ്രന്റെ ലക്ഷ്യം. ഇതുമൂലം വല്ലാതെ കഷ്ടത്തിലായ വ്രജവാസികൾ അഭയത്തിനായി കൃഷ്ണനെ സമീപിച്ചു. ഇന്ദ്രന്റെ പണിയാണിതെന്നു മനസ്സിലാക്കിയിട്ട്, ഇന്ദ്രന്റെ മിഥ്യാഹാരത്തെ തകർത്തു തരിപ്പണമാക്കാൻ തന്നെ കൃഷ്ണൻ തീരുമാനിച്ചു. ഒറ്റക്കയാൽ അദ്ദേഹം ഗോവർദ്ധനപർവതത്തെ എടുത്തുയർത്തി. എന്നിട്ട് ഗോപജനസമൂഹത്തെ മുഴുവൻ മലയ്ക്കടിയിലെ നനയാത്തിടത്തുവന്നഭയം തേടാൻ ക്ഷണിച്ചു. ഏഴു ദിവസം തുടരെ കൃഷ്ണൻ മലയുയർത്തിപ്പിടിച്ചുനിന്നു. ഒടുവിൽ ഇന്ദ്രന് കൃഷ്ണന്റെ യോഗശക്തി മനസ്സിലാകുകയും മേഘങ്ങളെ തിരിച്ചുവിളിക്കുകയും ചെയ്തു.
ഗോപജനങ്ങൾ മുഴുവൻ പർവ്വതത്തിനടിയിൽ നിന്നു പുറത്തുവന്നു കഴിഞ്ഞപ്പോൾ കൃഷ്ണൻ ഗോവർദ്ധനത്തെ അതിന്റെ യഥാസ്ഥാനത്തു തിരികെ വച്ചു. ഗോപന്മാർ മുഴുവൻ ആനന്ദനിർവൃതിയിലകപ്പെട്ടു. അവരുടെ കണ്ണുകളിൽ നിന്നു കണ്ണുനീരൊഴുകുകയും ശരീരത്തിലെ രോമങ്ങൾ എഴുന്നു നിൽക്കുകയും ചെയ്തു. അവർ കൃഷ്ണനെ ആലിംഗനം ചെകയും അവരവരുടെ സ്ഥാനമനുസരിച്ച് അനുഗ്രഹങ്ങൾ ചൊരിയുക ചെയ്തു. ദേവന്മാരാകട്ടെ പുഷ്പങ്ങൾ മഴയായി പൊഴിയ്ക്കുകയും ഭഗവാന്റെ മഹത്ത്വങ്ങൾ വാഴ്ത്തിപ്പാടുകയും ചെയ്തു.
ഇന്ദ്രന്റെയും സുരഭിമാതാവിന്റെയും പ്രാർത്ഥന
കൃഷ്ണന്റെ അത്ഭുതശക്തി കണ്ടറിഞ്ഞ ദേവേന്ദ്രൻ സുരഭിയെന്ന ഗോമാതാവിനോടൊപ്പം ഭഗവാന് അഭിഷേകം ചെയ്യുന്നതാണ് ഈ അദ്ധ്യായത്തിൽ വർണിച്ചിരിക്കുന്നത്.
കൊടുങ്കാറ്റും മഴയും കൊണ്ട് വൃന്ദാവനത്തെ ആക്രമിച്ചതിൽ ലജ്ജിച്ച് ദേവേന്ദ്രൻ രഹസ്യമായി കൃഷ്ണന്റെ മുന്നിൽ വന്നു പ്രണമിച്ച് സ്തുതിച്ചു. അജ്ഞാനത്തിൽനിന്നു ജനിക്കുന്ന മായയിൽ കൃഷ്ണൻ ഒരിക്കലും കുടുങ്ങുകയില്ലെങ്കിലും മനുഷ്യശരീരം സ്വീകരിച്ചു വന്ന് ധർമ്മതത്ത്വങ്ങൾ പുനഃസ്ഥാപിക്കാനും ദുഷ്ടരെ ശിക്ഷിക്കാനും അദ്ദേഹം പലതും പ്രവർത്തിക്കുന്നുവെന്നും ഇന്ദ്രൻ പ്രസ്താവിക്കുന്നു. തങ്ങളാണ് വലിയ നിയന്താളെന്ന് തെറ്റിദ്ധരിച്ച് പെരുമാറുന്നവരുടെ അഹന്തയെ അദ്ദേഹം അടിച്ചമർത്തുന്നു. കൃഷ്ണനാണ് സകല ചരാചരങ്ങളുടെയും പിതാവും ഗുരുവും പ്രഭുവും. കാലത്തിന്റെ രൂപത്തിൽ വന്ന് അദ്ദേഹം ശിക്ഷകനുമാകുന്നുവെന്ന് ഇന്ദ്രൻ തുടർന്നു പറയുന്നു.
ഇന്ദ്രന്റെ സ്തുതികൾ കേട്ട് കൃഷ്ണൻ സംതൃപ്തനാകുകയും, അഹങ്കാരം മൂത്ത് സ്വയം മറന്ന ഇന്ദ്രൻ ഭഗവാനെ സ്മരിക്കാനാണ് താൻ ഇന്ദ്ര യജ്ഞം നിർത്തിയതെന്ന് പറയുകയും ചെയ്തു. ഭൗതികൈശ്വര്യങ്ങളാൽ ലഹരിയിലായവർ, ഭഗവാൻ ശിക്ഷാദണ്ഡുമായി മുന്നിൽ നിൽക്കുന്നത് കാണുകയേയില്ല. ഒരുവന് ശരിയായ സൗഭാഗ്യം നൽകണമെന്നു ഭഗവാൻ കൃഷ്ണൻ ആഗ്രഹിക്കുന്നുവെന്നു വരികിൽ അയാളുടെ സമ്പന്നാവസ്ഥയിൽ നിന്ന് താഴേക്ക് കൊണ്ടുവരികയാണു ചെയ്യുക.
ഇന്ദ്രനോട് സ്വർഗത്തിലേയ്ക്ക് മടങ്ങിച്ചെല്ലുവാനും അഹങ്കാരമില്ലാതെ തന്റെ പദവി കൈകാര്യം ചെയ്യുവാനും ഭഗവാൻ ആജ്ഞാപിച്ചു. ഇന്ദ്രനും സുരഭിയും ഒന്നിച്ച് സ്വർഗ്ഗഗംഗയിലെ ജലവും സുരഭിയുടെ പാലും കൊണ്ട് ഭഗവാന് അഭിഷേകം നടത്തി. അവർ ഭഗവാന് ഗോവിന്ദനെന്ന് നാമകരണം ചെയ്യുകയും ദേവന്മാർ പുഷ്പവൃഷ്ടി ചൊരിഞ്ഞ് സ്തുതിഗീതങ്ങൾ ആലപിക്കുകയും ചെയ്തു.
( ശ്രീമദ് ഭാഗവതം 10- 24-27 / സംഗ്രഹം)
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .
No comments:
Post a Comment