Home

Tuesday, November 14, 2023

ഗോലോക ധാമത്തിൽ ഗോവര്‍ദ്ധന പർവതത്തിന്റെ ആവിർഭാവം



ഗർഗ്ഗ സംഹിത മൂന്നാം സ്കന്ധം(ഗിരിരാജ കാണ്ഡം) ഒൻപതാം അധ്യായത്തിൽ, ശ്രീ നാരദ മുനി ഗോലോക ധാമത്തിൽ ശ്രീ ഗിരിരാജ ഗോവര്‍ദ്ധനത്തിന്റെ ആവിർഭാവത്തെ കുറിച്ചു വിവരിക്കുന്നു.

ശ്രീ ഗോലോക ധാമം പരമദിവ്യോത്തമ പുരുഷനായ ശ്രീ കൃഷ്ണ ഭഗവാനിൽ നിന്നും അവിർഭവിച്ചു.

മൂന്ന് ഭൗതിക ലോകങ്ങളിൽ കൂടി ഒഴുകുന്ന ഗംഗ ശ്രീ കൃഷ്ണ ഭഗവാന്റെ പാദ പദ്മങ്ങളിൽ നിന്നും അവിർഭവിച്ചു. ശിരോവസ്ത്രവും അനേകം ആഭരണങ്ങളും അണിഞ്ഞിട്ടുള്ള നദികളിൽ ശ്രേഷ്ഠയായ യമുന ഭഗവാന്റെ ഇടത്തേ തോളിൽ നിന്നും ഉത്ഭവിച്ചു.

സ്വർണവും രത്നങ്ങളാലും നിർമിക്കപ്പെട്ടതും, ആഭരണങ്ങളാൽ അലങ്കരിക്കപ്പെടുകയും ചെയ്ത രാസ നൃത്ത വൃത്തം ഭഗവാന്റെ കണങ്കാലിൽ നിന്നും ഉൽഭവിച്ചു. 

വനങ്ങളിൽ വച്ചു ഏറ്റവും ശ്രേഷ്ഠമായ വൃന്ദാവനം ഭഗവാന്റെ കാൽമുട്ടിൽ നിന്നും ആവിർഭവിച്ചു. ലീലാ സരോവര തടാകം അദ്ദേഹത്തിന്റെ തുടയിൽ നിന്നും.

ഭഗവാന്റെ പദ്മനാഭിയിൽ നിന്നും ആയിരക്കണക്കിന് താമരകൾ ആവിർഭവിച്ചു. അവ ഭഗവാന്റെ അതീന്ദ്രിയ ധാമത്തിലെ തടാകങ്ങളിൽ ദീപ്തിമത്തായി തിളങ്ങി.

അതുപോലെ ഭഗവാന്റെ വിവിധ ഭാഗങ്ങൾ രാസ ലീലയ്ക്ക് ആവശ്യമായ വസ്തുക്കളായി മാറി. 

തന്റെ ധാമം ആവിർഭവിച്ചതിനു ശേഷം, എണ്ണമറ്റ പ്രപഞ്ചങ്ങളുടെ നാഥനായ ശ്രീ കൃഷ്ണ ഭഗവാൻ ശ്രീമതി രാധാറാണിയുടെ കൂടെ വിളങ്ങി.

ഒരു ദിവസം, ശ്രീമതി രാധിക കാൽത്തളകളുടെ തിളക്കങ്ങളും, മുത്തുകളാലും, മാലതീ പുഷ്പങ്ങളാൽ നിർമിച്ച പന്തലും, തേൻ ഗന്ധമുള്ള ലതകളാലും, ഓടക്കുഴലും, മൃദംഗവും മനോഹരമായ കണ്ഠങ്ങളിൽ നിന്നും വരുന്ന മനോഹരമായ കീർത്തനങ്ങളാലും, അനേകം സുന്ദരികളായ പെൺകുട്ടികളാലും നിറഞ്ഞ രാസ നൃത്ത വേദിയിൽ വച്ചു, ദശലക്ഷക്കണക്കിന് കാമദേവന്മാരെക്കാൾ മോഹനീയമായ, ഉദാരമായി കാരുണ്യം നൽകുന്ന ആ ശ്രീ കൃഷ്ണ ഭഗവാനെ ഇടങ്കണ്ണാൽ വീക്ഷിച്ചു. രാധാറാണി ഈ വിധത്തിൽ ഭഗവാനോട് പറഞ്ഞു.

ശ്രീമതി രാധിക പറഞ്ഞു ഹേ പ്രപഞ്ചനാഥാ രാസ നൃത്തത്തിലെ എന്റെ പ്രേമ സേവനത്തിൽ അങ്ങ് സംപ്രീതനായെങ്കിൽ എനിക്ക് അങ്ങയോട് ഒരു ആഗ്രഹമുണർത്തുവാനുണ്ട്. പരമദിവ്യോത്തമ പുരുഷൻ പറഞ്ഞു, ഹേ ദേവീ അങ്ങയുടെ ഹൃദയത്തിലെ ഏത് ആവശ്യവും എന്നോട് ചോദിക്കാം.

ശ്രീമതി രാധിക പറഞ്ഞു: ഈ മനോഹരമായ വൃന്ദാവനത്തിലെ, യമുനാ തീരത്തിൽ രാസ നൃത്തതിനായി ഒരു അരങ്ങ് നിർമിച്ചാലും. ഹേ നാഥാ, ഇതാണ് എന്റെ ആഗ്രഹം.

നാരദ മുനി തുടർന്നു: ഭഗവാൻ പറഞ്ഞു, അങ്ങനെ ആകട്ടെ, ശേഷം ഭഗവാൻ ധ്യാന നിരതനായി അദ്ദേഹത്തിന്റെ ഹൃദയത്തിലേക്ക് നോക്കി.

ഗോപികൾ കാൺകെ, ഭഗവാന്റെ പ്രേമം, അഗ്നിയുടെയും ജലത്തിന്റെയും രൂപത്തിൽ ഹൃദയത്തിൽ നിന്നും പുറത്തേക്ക് വന്നു, ഭൂമിയിൽ ഒരു ചെടി തളിർക്കുന്നത് പോലെ. അത്

രാസ നൃത്ത വേദിയിൽ വീഴുകയും, ആ പ്രേമം കുറേ ഗുഹകളും, കദമ്പം, ബകുള,  അശോക വൃക്ഷങ്ങളാലും, ലതകളാലും, മന്ദാരവും, കുന്ദ പുഷ്പങ്ങളാലും, പക്ഷികളാലും, അരുവികൾ നിറഞ്ഞതുമായ ഒരു പർവതമായി മാറി.

ഓ വിദേഹ രാജൻ, ഒരു നിമിഷത്തിൽ അത് എട്ടു ലക്ഷം മൈൽ വീതിയും, എണ്ണൂറ് കോടി മൈൽ നീളവും, നാന്നൂറ് കോടി മൈൽ ഉയരവും ഉള്ളതായി മാറി. അത് ശാശ്വതമായി നാന്നൂറ് കോടി മൈൽ ഉയരമുള്ളതാകുന്നു. അത് മറ്റൊരു അനന്ത ശേഷനെ പോലെയും, ഭീമാകാരനായ ആനയെ പോലെയും ആയിരുന്നു.

അതിൽ പതിനെട്ട് കോടി മൈൽ നീളമുള്ള കൊടുമുടികൾ ഉണ്ടായിരുന്നു. ഹേ മിഥിലാ രാജൻ, ആ പർവതം സ്വർണ ഗോപുരങ്ങൾ ഉള്ള ഒരു കൊട്ടാരമായി തോന്നി. 

ചിലർ ആ പർവതത്തെ ഗോവര്‍ദ്ധന എന്നും മറ്റു ചിലർ ശതശ്രിങ്കം എന്നും വിളിച്ചു. ആ പർവതം തന്റെ ഇച്ഛയ്ക്ക് അനുസരിച്ചു വികസിച്ചു. 

പർവതം വികസിച്ചപ്പോൾ, ഗോലോകത്തിൽ ഭയം നിറഞ്ഞു. ശ്രീ കൃഷ്ണ ഭഗവാൻ ഉടനെ ആ പർവതത്തിന്  തന്റെ കൈ കൊണ്ട് ഒരു പ്രഹരം നൽകി.

ഭഗവാൻ പറഞ്ഞു, "നീ എന്തുകൊണ്ടാണ് ഇത്രയും വികസിച്ചത്? നീ ഈ മണ്ഡലം മുഴുവൻ വികസിച്ചിരിക്കുന്നു! ഈ വിധത്തിൽ കൃഷ്ണൻ ആ പർവതം കൂടുതൽ വളരുന്നതിൽ തടയിട്ടു.

ഈ ശ്രേഷ്ഠമായ പർവതത്തെ ദർശിച്ച ശ്രീ കൃഷ്ണ ഭഗവാന്റെ പ്രിയപ്പെട്ട ശ്രീമതി രാധാ റാണി അങ്ങേയറ്റം സംപ്രീതയായി. ഹേ രാജൻ, രാധാ റാണി ഭഗവാന്റെ കൂടെ ആ പർവതത്തിൽ ലീലകൾ ആസ്വദിച്ചു.

ഈ വിധത്തിൽ ഭഗവാന് പ്രിയപ്പെട്ട, പർവതങ്ങളിൽ ശ്രേഷ്ഠമായ, കാർമേഘത്തെ പോലെ ഇരുണ്ട നിറമുള്ള, എല്ലാ തീർത്ത സ്ഥലങ്ങളും ഉൾക്കൊള്ളുന്ന  ഗോവര്‍ദ്ധന പർവതം ഭഗവാനാൽ ആവിർഭവിച്ചു.


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ് 


No comments:

Post a Comment