Home

Tuesday, November 14, 2023

സത്യ യുഗത്തിൽ ഗോവർദ്ധന പർവതത്തിന്റെ ആവിർഭാവം

 


ശ്രീകൃഷ്ണ ഭഗവാന്റെ അവതാരത്തിന് മുൻപ് സമാലി ദ്വീപിൽ, ദ്രോണാചലൻ എന്ന മഹാ പർവതത്തിന്റെ ഭാര്യ ഗോവർദ്ധനം എന്ന നാമത്തോട്‌ കൂടിയ മകന് ജന്മം നൽകി. ആ സമയം എല്ലാ ദേവന്മാരും പുഷ്പ വൃഷ്ടി നടത്തി. മഹാ പർവതങ്ങളായ ഹിമാലയവും സുമേരുവും പ്രണാമങ്ങൾ അർപ്പിക്കുവാനായി അവിടെ എത്തി. അവർ ഗോവർദ്ധനത്തെ പരിക്രമം ചെയ്യുകയും തങ്ങളുടെ രാജാവായി അംഗീകരിക്കുകയും ചെയ്തു. ഗോലോക വൃന്ദാവനത്തിൽ നിന്നും അവതരിച്ച ഗോവർദ്ധനത്തെ വാഴ്ത്തിക്കൊണ്ട് പ്രാർത്ഥനകൾ അർപ്പിക്കുകയും ചെയ്തു.


സത്യ യുഗത്തിന്റെ ആരംഭത്തിൽ മഹാ മുനി പുലസ്ത്യർ സമാലി ദ്വീപ് സന്ദർശിച്ചു. അദ്ദേഹം ലതകളും, ഫലവൃക്ഷങ്ങളും, മനോഹര പുഷ്പങ്ങളും, തപസ്യകൾ അനുഷ്ഠിക്കാൻ സാധിക്കും വിധമുള്ളതും, അരുവികളും, തടാകങ്ങൾ, അമൃത വൃക്ഷങ്ങൾ, മയിൽ നാദവും, പക്ഷികളുടെ ശബ്ദങ്ങളാലും മുഖരിതമായ ഗോവർദ്ധന പർവതത്തിന്റെ സൗന്ദര്യത്തിൽ മതിമറന്നു. ഈ പർവതത്തിന് മുക്തി നൽകുവാനുള്ള ശക്തി ഉണ്ടെന്ന് അദ്ദേഹം മനസ്സിലാക്കി. പുലസ്ത്യ മുനി ഗോവർദ്ധനത്തിന്റെ പിതാവായ ദ്രോണാചലനെ സന്ദർശിച്ചു. അദ്ദേഹം പുലസ്ത്യ മുനിയെ ആദരവോടെ സ്വീകരിക്കുകയും അദ്ദേഹത്തിന് നൽകേണ്ട സേവനങ്ങളെ കുറിച്ചു ചോദിക്കുകയും ചെയ്തു. 

പുലസ്ത്യ മുനി ദ്രോണാചലനോട് പറഞ്ഞു. "ഹേ ദ്രോണാ, അങ്ങ് പർവതങ്ങളുടെ രാജാവാണ്. മനുഷ്യരുടെ ജീവൻ സംരക്ഷിക്കുന്ന അതീന്ദ്രിയ ഔഷധ സസ്യങ്ങൾ നിറഞ്ഞ അങ്ങയെ ദേവന്മാർ പോലും ആരാധിക്കുന്നു. ഞാൻ കാശിയിൽ നിന്നും വരുന്നു. എനിക്ക് ഒരു അപേക്ഷയാണ് ഉള്ളത്. ദയവായി അങ്ങയുടെ മകനെ എനിക്ക് നൽകിയാലും. എനിക്ക് മറ്റൊന്നും വേണ്ട.

ഗോവർദ്ധനത്തെ കാശിയിൽ കൊണ്ടുപോകണം എന്ന് പുലസ്ത്യ മുനി ആഗ്രഹിക്കുവാൻ കാരണം, കാശി ഗംഗാ നദിയുടെ തീരത്തിലാണെങ്കിലും അവിടെ മനോഹരമായ പർവതങ്ങളുണ്ടായിരുന്നില്ല. ഗോവർദ്ധനത്തെ കാശിയിലേക്ക് സ്വീകരിക്കുന്നത് വഴി അദ്ദേഹത്തിന് മലമുകളിൽ തപസ്സ് അനുഷ്ഠിക്കുവാൻ വേണ്ടി ആയിരുന്നു.

പുലസ്ത്യ മുനിയുടെ ഈ അഭ്യർത്ഥന കേട്ട ഉടനെ തന്റെ മകനിൽ നിന്നും വേർപെട്ടുപോകും എന്ന ദുഃഖത്താൽ ദ്രോണാചലൻ ദുഃഖിതനാവുകയും അദ്ദേഹം ഗോവർദ്ധനത്തിൽ നിന്ന് വേർപെട്ടുനിൽക്കുവാൻ വിമുഖത കാണിക്കുകയും ചെയ്തു. എന്നാൽ പുലസ്ത്യ മുനിയുടെ ക്രോധത്തിൽ നിന്നും തന്റെ പിതാവായ ദ്രോണാചലനെ രക്ഷിക്കുവാനായി ഗോവർദ്ധനം പുലസ്ത്യ മുനിയുടെ അഭ്യർത്ഥന സ്വീകരിച്ചു. എന്നാൽ തന്നെ എങ്ങനെ കാശി വരെ വഹിച്ചു കൊണ്ടുപോകും എന്ന് പുലസ്ത്യ മുനിയോട് ആരാഞ്ഞു. തന്റെ വലതു കൈയിൽ ഗോവർദ്ധനത്തെ വഹിച്ചുകൊണ്ടുപോകാം എന്ന് പുലസ്ത്യ മുനി മറുപടി പറഞ്ഞു. ഗോവർദ്ധനം അത് സമ്മതിക്കുകയും എന്നാൽ തന്നെ കൊണ്ടു പോകുന്നതിനിടയിൽ എവിടെയെങ്കിലും ഇറക്കി വയ്ക്കുകയാണെങ്കിൽ പിന്നീട് തന്നെ വഹിക്കുവാൻ സാധിക്കില്ല എന്ന വ്യവസ്ഥയും വച്ചു. ഇത് സമ്മതിച്ച പുലസ്ത്യ മുനി കാശി വരെ എവിടെയും താഴ്ത്തി വയ്ക്കില്ല എന്ന വാക്കും നൽകി. ശേഷം മുനി ഗോവർദ്ധനത്തെയും വലതു കൈയിൽ വഹിച്ചു  കൊണ്ട് കാശിയിലേക്ക് പുറപ്പെട്ടു.


ഭഗവദ് ഇച്ഛയാൽ പുലസ്ത്യ മുനി വ്രജധാമത്തിന്റെ മുകളിലൂടെ കാശിയിലേക്ക് യാത്ര ചെയ്യുകയുണ്ടായി. വ്രജത്തിന് മുകളിൽ എത്തിയപ്പോൾ ഗോവർദ്ധനത്തിന് തന്റെ പൂർവ്വജന്മം ഓർമ്മ വരികയും, അദ്ദേഹം ആത്മഗതം പറയുകയും ചെയ്തു: "സർവ്വ പ്രപഞ്ചങ്ങളുടെയും നാഥനായ ശ്രീ കൃഷ്ണ ഭഗവാൻ ഈ വ്രജ ഭൂമിയിൽ അവതരിക്കുകയും ബാല്യ ലീലകൾ ആസ്വദിക്കുകയും ചെയ്യും, യമുന ഒഴുകുന്ന ഈ സ്ഥലം വിട്ട് ഞാൻ എവിടെയും പോയിക്കൂടാ, വ്രജമാണ് തന്റെ യഥാർത്ഥ തീർത്തസ്ഥാനം എന്ന് ഗോവർദ്ധനത്തിന് മനസ്സിലായി. ഈ ചിന്തകൾ മനസ്സിൽ വച്ചുകൊണ്ട് ഗോവർദ്ധനം തന്റെ ഭാരം കൂട്ടുകയും ചെയ്തു. ഇതു കാരണം തളർന്നു പോയ പുലസ്ത്യ മുനി തന്റെ വാഗ്ദാനം മറക്കുകയും  അമിത ഭാരതത്താൽ തളർന്നുപോയ അദ്ദേഹം വ്രജ മണ്ഡലത്തിൽ ആ പർവ്വതത്തെ വയ്ക്കുകയും ചെയ്തു. ശേഷം സ്നാനം ചെയ്ത അദ്ദേഹം തിരിച്ചെത്തി ഗോവർദ്ധനത്തോട് തന്റെ കയ്യിലേക്ക് ഉയർന്നുവരാൻ പറയുകയും ചെയ്തു. എന്നാൽ ഗോവർദ്ധനം ഒരു ശകലം പോലും നീങ്ങിയില്ല.  പുലസ്ത്യ മുനി തന്റെ എല്ലാ തപശക്തിയും ഉപയോഗിച്ചുകൊണ്ട് ഗോവർദ്ധനത്തെ വഹിക്കുവാൻ ശ്രമിച്ചു. എന്നാൽ ഈ ശ്രമങ്ങളെല്ലാം പരാജയപ്പെട്ട പുലസ്ത്യ മുനി ഗോവർദ്ധനത്തെ ഇങ്ങനെ ശപിച്ചു, ദിവസവും നീ കടുകു മണിയുടെ വലിപ്പത്തിൽ ഭൂമിയിലേക്ക് താഴ്ന്നു പോകട്ടെ എന്ന്.

സത്യയുഗത്തിന്റെ തുടക്കത്തിൽ, ഗോവർദ്ധനം അവതരിച്ചപ്പോൾ എട്ട് യോജന നീളവും(64 മൈൽ), അഞ്ച് യോജന(40 മൈൽ) വീതിയും, രണ്ട് യോജന(16 മൈൽ) ഉയരവും ഉണ്ടായിരുന്നു. കലിയുഗത്തിന്റെ പതിനായിരം വർഷങ്ങൾക്ക് ശേഷം ഗോവർദ്ധനം പൂർണമായും അപ്രത്യക്ഷമാവും എന്ന് പറയപ്പെടുന്നു. ഗോവർദ്ധനത്തിന്റെ ഈ മനോഹര കഥ വിവരിച്ച ശേഷം സനന്ദൻ നന്ദ മഹാരാജിനോട് പറഞ്ഞു, ഗോവർദ്ധനവും, യമുനാ നദിയും നിലനിൽക്കുന്നിടത്തോളം കാലം കലിയുഗം തന്റെ പൂർണരൂപം കൈക്കൊള്ളില്ല. സനന്ദൻ പറഞ്ഞു, ആരൊക്കെ ഗോവർദ്ധന പർവതത്തിന്റെ അവിർഭാവത്തെ കുറിച്ചള്ള ഈ വിവരണം ശ്രവിക്കുന്നു, അവരുടെ എല്ലാ പാപ പ്രതികരണങ്ങളും ഇല്ലാതാകുന്നു.


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ് 


No comments:

Post a Comment