ചൈതന്യമഹാപ്രഭു രൂപഗോസ്വാമിയെ പഠിപ്പിക്കുവാൻ തുടങ്ങിയപ്പോൾ ആദ്യമായി അദ്ദേഹത്തോടു പറഞ്ഞു: “എൻ്റെ പ്രിയപ്പെട്ട രൂപാ ഭക്തിയുതസേവനത്തിന്റെ ശാസ്ത്രം മഹാസമുദ്രം പോലെയാണ്. അതിൻ്റെ മുഴുവൻ വിസ്തൃതിയും നിനക്കു കാട്ടിത്തരുവാൻ സാധ്യമല്ല. എന്തായാലും ഞാൻ അതിൽനിന്ന് ഒരു തുള്ളിമാത്രം എടുത്തുകാട്ടി ആ സമുദ്രത്തിന്റെ സ്വഭാവം നിനക്കു വിശദീകരിച്ചു തരുവാൻ ശ്രമിക്കാം. ഈ വിധത്തിൽ നിനക്കതിന്റെ രൂചി അറിയുവാനും ഭക്തിയുത സേവനമാകുന്ന സാഗരം വാസ്തവത്തിൽ എന്താണെന്നു മനസ്സിലാക്കുവാനും കഴിയും". തുടർന്ന്, മഹാപ്രഭു ഈ ബ്രഹ്മാണ്ഡത്തിൽ, അഥവാ പ്രപഞ്ചത്തിൽ അസംഖ്യം ജീവസത്തകളുണ്ടെന്നും അവയൊക്കെ തങ്ങളുടെ സ്വന്തം ഫലോദ്ദിഷ്ടകർമങ്ങൾക്കനുസൃതമായി ഒരു ജീവവർഗത്തിൽനിന്നു മറ്റൊന്നിലേക്കും ഒരു ഗ്രഹത്തിൽ നിന്നു മറ്റൊന്നിലേക്കും പുനർജന്മം കൈക്കൊള്ളുകയാണെന്നും വിശദീകരിച്ചു. ഇപ്രകാരം ഭൗതികജീവിതത്തിലുള്ള അവരുടെ പഞ്ജര ബന്ധം സ്‌മരണാതീതകാലം മുതൽ തുടർന്നു വരുന്നു. വാസ്‌തവത്തിൽ ഈ ജീവസത്തകൾ പരമാത്മാവിന്റെ അതിസൂക്ഷ്മങ്ങളായ വിഭിന്നാംശങ്ങളത്രെ. ജീവാത്മാവിന്റെ ആയതി വിസ്‌താരങ്ങൾ ഒരു രോമാഗ്രത്തിൻ്റെ 1/10,000 അംശത്തോളമാണെന്നു ശ്രീമദ്ഭാഗവതത്തിൽ പറഞ്ഞിരിക്കുന്നു. മറ്റുവിധത്തിൽ പറഞ്ഞാൽ, അതു ദൃശ്യമല്ലാത്തവിധം തുലോം ചെറുതാകുന്നു. ശ്വേതാശ്വതരോപനിഷത്തിലും ഈ കാര്യം സ്ഥിരീകരിച്ചിരിക്കുന്നു. ശ്രീമദ്ഭാഗവത്തിൻ്റെ ദശമസ്‌കന്ധത്തിൽ, ചതുഷ്‌കുമാരന്മാരിൽ ഒരുവനായ സനന്ദനൻ ഒരു മഹായജ്ഞം നടത്തവേ താഴെപ്പറയുന്ന പ്രഭാഷണം നടത്തിയതായി രേഖപ്പെടുത്തിയിരിക്കുന്നു. “ഹേ പരമതത്വമേ! ജീവസത്തകൾ പരമാല്‌പങ്ങളായ സ്‌ഫുലിംഗങ്ങളല്ലായിരുന്നുവെങ്കിൽ ഓരോ സൂക്ഷ്മ സ്‌ഫുലിംഗവും സർവവ്യാപകമായതും ഒരു പരമശക്തിയാൽ നിയന്ത്രിക്കപ്പെടുവാൻ കഴിയാത്തതുമാകുമായിരുന്നു. എന്നാൽ ഒരു ജീവസത്തയെ പരമപ്രഭുവിൻ്റെ ഒരു പരമാണു മാത്രമായ വിഭിന്നാംശമായി അംഗീകരിക്കുന്നപക്ഷം അവൻ സ്വയം ഒരു പരമശക്തിയാൽ നിയന്ത്രിതനായി ഭവിക്കും. ഈ ഒടുവിൽ പറഞ്ഞതാണ് അവൻ്റെ യഥാർത്ഥത്തിലുള്ള മൂലസ്വരൂപം. അത് ഈ നിലയിൽ വർത്തിക്കുന്നതായാൽ അവനു പൂർണമുക്തി നേടുകയും ചെയ്യാം. (ഭാഗ 10.87.30) ഒരുവൻ തൻ്റെ സ്ഥാനം പരമദിവ്യോത്തമപുരുഷന്റേതിനു തുല്യമാണെന്നു തെറ്റായി പരിഗണിക്കുന്നതായാൽ അയാൾ അദ്വൈതസിദ്ധാന്തത്താൽ ദൂഷിതനായിത്തീരുകയും ആധ്യാത്മിക ജീവിതത്തിനായുള്ള അയാളുടെ പ്രയത്‌നങ്ങൾ ഫലപ്രദമാകാതെ പോകുകയും ചെയ്യും.
ചൈതന്യമഹാപ്രഭു, രണ്ടു തരം ജീവസത്തകൾ- ശാശ്വതമുക്തിനേടിയവയും ശാശ്വതബദ്ധങ്ങളും ഉണ്ടെന്നു ചൂണ്ടിക്കാട്ടിക്കൊണ്ട് ശ്രീമദ് ഭാഗവതത്തിലെ ഈ ഉപദേശങ്ങൾ സവിസ്‌തരം പ്രതിപാദിച്ചു. നിത്യബദ്ധങ്ങളായ ജീവസത്തകളെത്തന്നെ രണ്ടുവിഭാഗങ്ങളായി- ജംഗമങ്ങളെന്നും സ്ഥാവരങ്ങളെന്നും - തരംതിരിക്കാം. ചലിക്കാൻ കഴിയാത്ത സത്തകൾ- ഉദാഹരണത്തിന് മരങ്ങൾപോലെയുള്ളവ- ഒരു സ്ഥലത്തു സ്ഥിതിചെയ്യുകയും അവ സ്ഥാവരങ്ങൾ എന്നു വർഗീകരിക്കപ്പെടുകയും ചെയ്യുന്നു. ചലിക്കുന്നവ- പക്ഷികൾ, മൃഗങ്ങൾ എന്നിവയെപ്പോലെ- ജംഗമങ്ങൾ (ചലിക്കുന്ന സത്തകൾ) എന്നുവിളിക്കപ്പെടുന്നു. അവയെ വീണ്ടും മൂന്നിനങ്ങളായി വിഭജിക്കുന്നു. ആകാശത്തുപറക്കുന്നവ, വെള്ളത്തിൽ നീന്തുന്നവ, ഭൂമിയിൽ നടക്കുന്നവ. കരയിൽ ജീവിക്കുന്ന ലക്ഷോപലക്ഷം ജീവസത്തകളിൽ, മനുഷ്യർ ഒരു ചെറിയ അംശം മാത്രമാണ്. എണ്ണത്തിൽ കുറവായ ആ മനുഷ്യജീവികളിൽ ഭൂരിഭാഗവും ആധ്യാത്മികജീവിതത്തെപ്പറ്റി തികച്ചും അജ്ഞരും തങ്ങളുടെ ശീലങ്ങളിൽ ശുദ്ധിയില്ലാത്തവരും പരമദിവ്യോത്തമപുരുഷൻ്റെ അസ്തിത്വത്തിൽ വിശ്വാസമില്ലാത്തവരുമാണ്. ചുരുക്കത്തിൽ, മനുഷ്യജീവികളിൽ ഭൂരിഭാഗവും മൃഗങ്ങളെപോലെ ജീവിക്കുന്നു. അവരെ യഥാർത്ഥത്തിൽ മനുഷ്യത്വമുള്ള അഥവാ പരിഷ്‌കൃതരായ ജീവിസമൂഹത്തിൽപ്പെട്ട മനുഷ്യജീവികളുടെ എണ്ണത്തിൽ ഉൾപ്പെടുത്താതെ വിട്ടുകളയാവുന്നതാണ്. ധർമശാസ്ത്രങ്ങളിലും ദൈവാസ്തിത്വത്തിലും വിശ്വസിക്കുന്ന, അഥവാ ശരിയായ പെരുമാറ്റത്തിൽ വിശ്വസിക്കുന്ന, ഏതാനും ആളുകളെ കണ്ടെത്തുക തുലോം ദുഷ്‌കരമാകുന്നു. ഈ കാര്യങ്ങളുടെ മൂല്യത്തിൽ ഉറച്ചു വിശ്വസിക്കുന്നവർ ആര്യന്മാർ- ആധ്യാത്മിക ജീവിതത്തിൽ മുന്നേറുന്നവരെ കുറിക്കുന്ന ഒരു വാക്ക്- എന്നറിയപ്പെടുന്നു. ധർമശാസ്ത്രങ്ങളുടെ മൂല്യത്തിലും മാനുഷിക പരിഷ്കൃതിയുടെ പുരോഗമനത്തിലും വിശ്വസിക്കുന്ന കൂട്ടരിൽ രണ്ടുവിഭാഗങ്ങളുണ്ട് - ധാർമിക ബോധമുള്ളവരും ധാർമിക ബോധമില്ലാത്തവരും. ധാർമിക ബോധമുള്ളവർ പൊതുവേ ഇന്ദ്രിയ തർപണത്തിന് ചില സത്‌ഫലങ്ങൾ നേടുവാൻ വേണ്ടി ഫലോദ്ദിഷ്ടകർമങ്ങൾ ചെയ്യുന്നു. ഇന്ദ്രീയ പ്രീണനത്തിനായി സത്‌കർമങ്ങൾ ചെയ്യുന്ന ഒട്ടേറെ ആളുകളിൽ ഒരു ചെറിയ എണ്ണം മാത്രമേ നിരപേക്ഷതത്വത്തെപ്പറ്റി അറിയുന്നുള്ളു. ഇവരെയാണു ജ്‌ഞാനികൾ എന്നു വിളിക്കുന്നത്. ശതക്കണക്കും സഹസ്രക്കണക്കുമായ അത്തരം ജ്‌ഞാനികളിൽതന്നെ ചുരുക്കം പേരേ യഥാർഥത്തിൽ മോക്ഷം പ്രാപിക്കുന്നുള്ളൂ. ഒരാൾ മുക്തനാകുമ്പോൾ ജീവസത്ത ഭൗതിക മൂലകങ്ങൾ അടങ്ങിയതല്ലെന്നും മറിച്ച്, ഭൗതിക വസ്‌തുവിൽ നിന്നു വ്യതിരിക്തമായ ജീവാത്മാവാണെന്നും അയാൾ താത്വികമായി മനസ്സിലാക്കുന്നു. ഈ തത്വം സൈദ്ധാന്തികമായി മാത്രം അറിയുന്നതുകൊണ്ട് ഒരാളെ മുക്തൻ എന്നു പറയാമെങ്കിലും, യഥാർത്ഥത്തിലുള്ള ഒരു മുക്തൻ അഥവാ മുക്താത്മാവ് പരമപ്രഭുവിൻ്റെ നിത്യസേവകൻ എന്ന നിലയിലുള്ള തൻ്റെ മൂലസ്വരൂപം മനസ്സിലാക്കുന്നവനാണ്. അങ്ങനെയുള്ള മുക്താത്മാക്കൾ ഭക്തിവിശ്വാസങ്ങളോടെ ഭഗവത് സേവനത്തിൽ വ്യാപൃതരാകുന്നു. അവരെ കൃഷ്ണഭക്തന്മാർ, അഥവാ കൃഷ്ണാവബോധവാന്മാർ എന്നുവിളിക്കുന്നു.
( ചൈതന്യശിക്ഷാമൃതം / അധ്യായം ഒന്ന് / രൂപഗോസ്വാമിക്കു നൽകിയ ഉപദേശങ്ങൾ )
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .
No comments:
Post a Comment