മൂടൽ മഞ്ഞിനെ ഇല്ലാതാക്കാൻ കഴിയുമോ?
ശ്രീല പ്രഭുപാദർ : ഇവിടെ അചിന്ത്യശക്തിയാണ് പ്രവർത്തിക്കുന്നത്, ഈ മൂടൽമഞ്ഞ്, ഇതിനെ തുടച്ചു നീക്കാൻ നിങ്ങൾക്ക് കഴിയില്ല. അതു നിങ്ങളുടെ ശക്തിക്കതീതമാണ്. വാഗ്‌ധോരണികൾ കൊണ്ട് വിശദീകരിക്കാൻ നിങ്ങൾ ശ്രമിച്ചേക്കാം...."ചില രാസപദാർത്ഥങ്ങൾ. ചില തന്മാത്രകൾ, അത്, ഇത് എന്നെല്ലാം. അങ്ങനെയെത്രയോ കാര്യങ്ങളുണ്ട്. (ചിരിച്ചുകൊണ്ട്) പക്ഷേ അതിനെയൊന്നും തുടച്ചു നീക്കാൻ നിങ്ങൾക്ക് കഴിയുകയില്ല.
സ്വരൂപദാമോദരൻ : അതെ,
മൂടൽമഞ്ഞ് എങ്ങനെ ഉണ്ടാകുന്നു എന്ന്പറയാൻ അവർക്ക് കഴിയുകയില്ല. അവരതിനെ വിളിക്കുന്നത്...
ശ്രീല പ്രഭുപാദർ : അതു നിങ്ങൾക്ക് ചെയ്യാം, അതിനെനീക്കം ചെയ്യാം. അതുവലിയ കാര്യമല്ല. പക്ഷേ അതെങ്ങനെയാണ് ഉണ്ടാകുന്നതെന്നറിഞ്ഞാൽ അതിനെ പ്രതിരോധിക്കാൻ കഴിയും.
സ്വരൂപദാമോദരൻ : അതെങ്ങനെയുണ്ടാകുന്നുവെന്ന് നമുക്കറിയാം.
ശ്രീല പ്രഭുപാദർ : അതേ. നിങ്ങൾക്കറിയാവുന്നതുകൊണ്ട് നിങ്ങൾക്കതിന്റെ പ്രതിപ്രവർത്തനവും കണ്ടുപിടിക്കാം.
സ്വരൂപദാമോദരൻ: അതു പാലു പോലെയാണ്. പാലിന് വെളുത്ത നിറമാണെങ്കിലും, അതു വെള്ളം മാത്രമാണ്. അതിനെ 'കൊളോയ്‌ഡൽ സസ്പെൻഷൻ ഓഫ് പ്രോട്ടീൻസ്' എന്ന് പറയുന്നു - ജലത്തിൽ. അതുപോലെ തന്നെ മൂടൽ മഞ്ഞും വായുവിലുള്ള ജലം മാത്രമാണ്.
ശ്രീല പ്രഭുപാദർ : അതേ. അതിന് നിങ്ങൾ തീയിടുക. അപ്പോൾ മൂടൽ മഞ്ഞ് ഉടൻ തന്നെ തുടച്ചു നീക്കപ്പെടും. വെള്ളത്തെ ഇല്ലായ്‌മ ചെയ്യാൻ അഗ്നിക്ക് കഴി
യും. അപ്പോൾ അഗ്നി ഉല്പാദിപ്പിക്കണം. അതു നിങ്ങൾക്ക് കഴിയില്ല. ഒരു വലിയ ബോംബിടുക. അതിൽ നിന്ന് ഊഷ്‌മാവുണ്ടാകും, മൂടൽ മഞ്ഞ് ഇല്ലാതാകും. ചെയ്യും.
ശിഷ്യൻ : അതുഭൂമിയെ തന്നെ നാമാവശേഷമാക്കും. (എല്ലാവരുംചിരിക്കുന്നു)
ശ്രീല പ്രഭുപാദർ : ഹരേ കൃഷ്‌ണ. ജലത്തെ പ്രതിരോധിക്കാൻ അഗ്നിക്കും വായുവിനും കഴിയും. ഇതെല്ലാവർക്കുമറിയാം. അതുകൊണ്ടു നിങ്ങൾ ചെയ്യുക.
ഇതാണ് അചിന്ത്യശക്തി. നിങ്ങൾക്കെന്ത് അസംബന്ധം വേണമെങ്കിലും പറയാം, പക്ഷേ അതിനെതിരെ(മൂടൽമഞ്ഞ്) ഒന്നും ചെയ്യാൻ കഴിയില്ല. അതുകൊണ്ടതിനെ അചിന്തശക്തിയെന്ന് പറയുന്നു. നിങ്ങൾക്ക് ചിന്തിക്കാൻ പോലും കഴിയില്ല. പക്ഷേ പ്രകൃതിയുടെ ക്രമീകരണമനുസരിച്ച് സൂര്യനുദിക്കുമ്പോൾ മൂടൽ മഞ്ഞ് അകലുന്നു. പൂർണമായും തീരുന്നു. സൂര്യനുദിക്കുമ്പോൾ അല്പം ചൂടുകൂടുന്നു. ഉടൻ തന്നെ എല്ലാം തീരുന്നു. നീഹാരം ഇവ ഭാസ്‌കരം (ശ്രീമദ് ഭാഗവതം 6.118) ഈ ഉദാഹരണം ഭാഗവതത്തിൽ നൽകിയിട്ടുള്ളതാണ് മൂടൽമഞ്ഞിനെ നീഹാരമെന്ന് പറയുന്നു. നീഹാരം ഭാസ്കരനാൽ (സൂര്യനാൽ) ഇല്ലാതാകുന്നു. അതു പോലെ തന്നെ സുപ്‌താവസ്ഥയിലുള്ള ഭക്തിയെ ഉണർത്തിയാൽ ഈ പാപപ്രതികരണങ്ങൾ എല്ലാം ഇല്ലാതാകുന്നു.
നിങ്ങൾ വെറുതെ പറയും. സൂര്യൻ ഈ രാസപദാർത്ഥവും ആ രാസപദാർത്ഥവും കൊണ്ടു നിർമ്മിക്ക പ്പെട്ടിരിക്കുന്നു എന്ന്. അങ്ങനെയെങ്കിൽ ഒരു സൂര്യനെ ഉൽപാദിപ്പിച്ച് എറിഞ്ഞു തരൂ. എന്തിനാണ് വെറുതെ താത്ത്വികമായ ഈ ഊഹാപോഹങ്ങളും, കബളിപ്പിക്കലും, വാക്കുകൾ കൊണ്ടുള്ള കസർത്തുകളും ? അതു നല്ലതല്ല.
സ്വരൂപദാമോദരൻ : അതാണ് ഗവേഷണത്തിന്റെ അർഥം. ഇത്രയുംനാൾ അറിയാതിരുന്നവയെ മനസ്സിലാക്കുക.
ശ്രീല പ്രഭുപാദർ : അതെ. ഗവേഷണമെന്നാൽ നിങ്ങൾ മൂഢന്മാരും ദുഷ്കൃതികളുമാണെന്ന് സ്വയം സമ്മതിക്കലാണ്. ഗവേഷണം ആർക്ക് വേണ്ടി ? ആർക്കാണ് അറിയാത്തത്? നിങ്ങൾക്കാണ് അറിവില്ലാത്തത്. അതു നിങ്ങൾ സമ്മതിക്കുന്നുമുണ്ട്. എത്രയോ അചിന്ത്യ ശക്തികളുണ്ട്. അവയെങ്ങനെ സംഭവിക്കുന്നുവെന്ന് നിങ്ങൾക്കറിയില്ല. അതുകൊണ്ട് നിങ്ങൾ അചിന്ത്യശക്തിയെ അംഗീകരിച്ചേ മതിയാകൂ. ഈ അചിന്ത്യശക്തിയെ അംഗീകരിക്കാത്ത പക്ഷം ദൈവത്തിന് അർത്ഥമില്ല. ദൈവം അങ്ങനെ (ദൈവമായി) ആയിത്തീർന്നതാണ് എന്ന്പറയുന്നത് ശരിയല്ല. കപടദൈവങ്ങൾ ദുഷ്‌കൃതികളാണ്, മൂഢന്മാരാണ്. പക്ഷേ ബുദ്ധിമതി കൾ അചിന്ത്യശക്തിയുടെ സാന്നിധ്യത്തിന് ഊന്നൽ നൽകും
നാം കൃഷ്ണനെ ദൈവമായി അംഗീകരിക്കുന്നതുപോലെ - അചിന്ത്യശക്തി ശ്രീരാമൻ്റെ അചിന്ത്യശക്തിയെ നാം അംഗീകരിക്കണം. അതിനെ വിലകുറച്ചു കാണരുത്. ഒരു ദുഷ്കൃതി വന്നിട്ടുപറയുന്നു, "ഞാൻ ദൈവത്തിന്റെ അവതാരമാണ്." മറ്റൊരു ദുഷ്കൃതി അതംഗീകരിക്കുന്നു. അതു ശരിയല്ല. " വ്യക്തി ദൈവമാണ്" എന്ന് പറയുന്നത് ഞങ്ങൾ അംഗീകരിക്കുന്നില്ല. അചിന്ത്യശക്തിയുടെ പ്രകടഭാവമുണ്ടായിരിക്കണം. ബാലനായിരുന്നപ്പോൾ കൃഷ്‌ണൻ പർവതത്തെ ഉയർത്തിയതു പോലെ. അത് അചിന്ത്യമായ ശക്തിയുടെ പ്രകടനമാണ്. രാമചന്ദ്രഭഗവാൻ തൂണുകളില്ലാതെ കല്ലുകൾ കൊണ്ടു പാലം പണികഴിപ്പിച്ചു. കല്ലുകൾ വെള്ളത്തിൽ പൊങ്ങിക്കിടന്നു. അത് അചിന്ത്യശക്തിയാണ്.
നിങ്ങൾക്ക് അചിന്ത്യശക്തിയെ അംഗീകരിക്കാൻ കഴിയില്ല എന്നതിനാൽ, അവയെക്കുറിച്ചു വിശദീകരിക്കുമ്പോൾ അവ വെറും കഥകൾ മാത്രമാണെന്ന് നിങ്ങൾ പറയും. എന്താണതിന് പറയുന്നത് ? “മിത്തോളജി''. പക്ഷേ മഹാത്മാക്കളായ വാത്മീകിയും, വ്യാസദേവനും മറ്റാചാര്യന്മാരും തങ്ങളുടെ സമയം പാഴാക്കിയത് കെട്ടുകഥകൾ (മിത്തോളജി) മെനയാനാണെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ? അത്രയധികം പാണ്ഡിത്യമുള്ളവർ ? അതുകെട്ടുകഥകളാണെന്ന് അവർ വ്യാഖ്യാനിക്കുന്നില്ല. അവരതിനെ യാഥാർത്ഥ്യമായി കാണുന്നു.
വലിയ കാട്ടുതീയുണ്ടായി. സഖാക്കളും ഗോപബാലന്മാരും വളരെ ചിന്തിതരായി. അവർ കൃഷ്ണന്റെ നേർക്ക് നോക്കി. "കൃഷ്‌ണാ, എന്തു ചെയ്യണം ?" കൃഷ്ണൻ പറഞ്ഞു, "വിഷമിക്കണ്ട." അദ്ദേഹം കാട്ടുതീ വിഴുങ്ങി. അത്ര തന്നെ. അതാണ് അചിന്ത്യമായ ശക്തി. അതാണ് ദൈവം.
ഐശ്വര്യ-വൈരാഗ്യ-യശോfവബോധ-വീര്യ-ശ്രി യഃ. ഈ ആറൈശ്വര്യങ്ങളും പരിപൂർണമായും പ്രകടമാണ്. അതാണ് ദൈവം. അതേ അചിന്ത്യമായ ശക്തി, അഥവാ ഊർജം നമുക്കുമുണ്ട്. പക്ഷേ വളരെ കുറഞ്ഞയളവിൽ മാത്രം. നമ്മുടെ ശരീരത്തിൽ എന്തൊക്കെയോ സംഭവിക്കുന്നു. നമുക്ക് വിശദീകരിക്കാൻ കഴിയുകയില്ല. അതേ ഉദാഹരണം. എൻ്റെ നഖം വളരുന്നു. അതിനസുഖം വന്ന് ജീർണിച്ചാലും പിന്നേയും അതേപോലെ വളരുന്നു. എന്തു യന്ത്രപ്രവർത്തനമാണ് നടക്കുന്നതെന്ന് നാമറിയുന്നില്ല. പക്ഷേ അതേ സ്ഥാനത്ത്, അതേയളവിൽ വീണ്ടും വളരുന്നു.അതെന്റെ ശരീരത്തിൽ നിന്നാണ് വളരുന്നത്. അതാണ് അചിന്ത്യശക്തി. ഇത് എനിക്കും, ഡോക്ടർമാർക്കും ഒരേപോലെ അചിന്ത്യമാണ്, അവർക്കും വിശദീകരിക്കാൻ കഴിയുകയില്ല.
ശിഷ്യൻ : ഡോക്ടർമാർ മനുഷ്യൻ്റെ തലച്ചോറിലെ സങ്കീർണതകൾ കണ്ട് അമ്പരുന്നു നിൽക്കുകയാണ്.
ശ്രീല പ്രഭുപാദർ : അതെ. അതെ, പക്ഷേ അവർ ദുർബുദ്ധികളാണ്. തലച്ചോറ് പ്രവർത്തിക്കുന്നതല്ല. ആത്മാവാണ് പ്രവർത്തിക്കുന്നത്. കമ്പ്യൂട്ടർ പ്രവർത്തിക്കുന്നു എന്നുപറയുന്നതുപോലെ. ദുർബുദ്ധിപറയും കമ്പ്യൂട്ടറാണ് പ്രവർത്തിക്കുന്നതെന്ന്. അല്ല. മനുഷ്യനാണ് പ്രവർത്തിക്കുന്നത്. അയാൾ ബട്ടൺ അമർത്തുന്നു, അപ്പോൾ അതു പ്രവർത്തിക്കുന്നു. അതില്ലെങ്കിൽ പിന്നെ ആ യന്ത്രത്തിൻ്റെ പ്രയോജനമെന്താണ്? നിങ്ങൾ യന്ത്രത്തെ വെറുതെ വച്ചിരുന്നാൽ, ആയിരം വർഷങ്ങൾ കഴിഞ്ഞാലും അതു പ്രവർത്തിക്കുകയില്ല. പിന്നെ ഒരാൾ വരും, ബട്ടൺ അമർത്തും, അതു പ്രവർ ൺത്തിച്ചു തുടങ്ങും. അപ്പോൾ ആരാണ് പ്രവർത്തിക്കുന്നത്? യന്ത്രം പ്രവർത്തിക്കുന്നുവോ അതോ മനുഷ്യൻ പ്രവർത്തിക്കുന്നുവോ ? മനുഷ്യനും ഒരു യന്ത്രം തന്നെയാണ്. അതു പ്രവർത്തിക്കുന്നതിൻ്റെ കാരണം പരമാത്മാവിന്റെ അഥവാ ദൈവത്തിൻ്റെ സാന്നിദ്ധ്യമാണ്. ആകയാൽ, ആത്യന്തികമായി ദൈവമാണ് പ്രവർത്തിക്കുന്നത്. മരിച്ച വ്യക്തിക്ക് പ്രവർത്തിക്കാൻ കഴിയില്ല. ഒരാൾ എത്ര കാലം ജീവനോടേയിരിക്കുന്നു ? പരമാത്മാവും ആത്മാവും ഉള്ളിടത്തോളം. ആത്മാവുണ്ടെങ്കിലും, പരമാത്മാവ് ബുദ്ധി നൽകിയില്ലെങ്കിൽ ആത്മാവിന് പ്രവർത്തിക്കാൻ കഴിയില്ല. മത്തഃ സ്തിർ ജ്ഞാനം അപോഹനം ച (ഭഗവദ് ഗീത 15.15) ദൈവമാണ് ബുദ്ധി തരുന്നത്. “നീ ഈ ബട്ടൺ അമർത്തുക." അപ്പോൾ ഞാൻ ബട്ടൺ അമർത്തുന്നു. അതായത് ആത്യന്തികമായി പ്രവർത്തിക്കുന്നത് കൃഷ്‌ണനാണ്.
നിങ്ങൾ ഗവേഷണം ചെയ്യുന്നതും സംസാരിക്കുന്നതുമെല്ലാം കൃഷ്ണൻ തന്നെയാണ് ചെയ്യുന്നത്. കൃഷ്ണനാണ് നിങ്ങൾക്ക് ബുദ്ധി നൽകുന്നത്. നിങ്ങൾ, ഈ സൗകര്യം വേണമെന്ന് കൃഷ്‌ണനോടു പ്രാർത്ഥിച്ചു. കൃഷ്ണൻ അതു നിങ്ങൾക്ക് നൽകുന്നു. ചിലപ്പോൾ ആകസ്‌മികമായി ചില പരീക്ഷണങ്ങൾ വിജയിക്കുന്നു. അതായത് പരീക്ഷണം നടത്തി നിങ്ങൾ വലയുമ്പോൾ കൃഷ്ണൻ പറയും, “ശരി, നടത്തിക്കൊള്ളുക" എന്ന്. യശോദ മാതാവിനെപ്പോലെ. അവർ കൃഷ്
ണനെ ബന്ധിക്കാൻ ശ്രമിക്കുകയായിരുന്നു. പക്ഷേ കഴിഞ്ഞില്ല. പിന്നീട് കൃഷ്‌ണൻ സമ്മതിച്ചു, അപ്പോൾ അതു സാധ്യമായി. അതുപോലെ തന്നെ ഈ ആകസ്മികതയിലും കൃഷ്‌ണൻ നിങ്ങളെ സഹായിക്കുകയാണ്: "ശരി, നിങ്ങൾ വളരെ കഠിനമായി അദ്ധ്വാനിച്ചു. ഇതാ പ്രതിഫലം". എല്ലാം കൃഷ്ണനാണ്. മത്തഃ സ്മൃതിർ ജ്ഞാനം അപോഹനം ച. എല്ലാം കൃഷ്ണനിൽ നിന്നാണ് ഉത്ഭവിക്കുന്നത്.
സ്വരൂപദാമോദരൻ : കൃഷ്‌ണൻ ഗവേഷണം നടത്താനുള്ള ശരിയായ മാർഗദർശനം നൽകിയില്ലെന്ന് അവർ പറയും.
ശ്രീല പ്രഭുപാദർ : അതെ, അദ്ദേഹം നൽകുന്നുണ്ട്. അല്ലെങ്കിൽ എങ്ങനെ നിങ്ങൾക്ക് ചെയ്യുവാൻ കഴിയും? നിങ്ങൾ ചെയ്യുന്നതെല്ലാം കൃഷ്ണന്റെ കാരുണ്യം കൊണ്ടു മാത്രമാണ്. നിങ്ങൾ അനുകൂലമായി പ്രവർത്തിച്ചാൽ കൃഷ്‌ണൻ നിങ്ങൾക്ക് കൂടുതൽ സൗകര്യങ്ങൾ നൽകും. കൃഷ്ണൻ സൗകര്യങ്ങൾ നൽകും, നിങ്ങളെ അനകൂലിക്കും, നിങ്ങൾ ആഗ്രഹിക്കുന്നത്ര മാത്രം, അതിനപ്പുറമില്ല. നിങ്ങൾ കൃഷ്ണനെ ശരണം പ്രാപിക്കുന്നതിന് ആനുപാതികമായി ബുദ്ധി ഉണ്ടാകും. നിങ്ങൾ പൂർണമായി ശരണം പ്രാപിച്ചാൽ പരിപൂർണബുദ്ധി ഉണ്ടാകും. അതു ഭഗവദ് ഗീതയിൽ പറയുന്നു: യേ യഥാ മാം പ്രപദ്യന്തേ താംസ്തഥൈവ ഭജാമ്യഹം. (ഭഗവദ് ഗീത 4.11) "നിങ്ങൾ പൂർണമായും ശരണം പ്രാപിച്ചാൽ ഞാൻ പൂർണമായ സംരക്ഷണം നൽകും" എന്നാണ് കൃഷ്‌ണൻ പറയുന്നത്. അഹം ത്വാം സർവപാപേഭ്യോ മോക്ഷയിഷ്യാമി (ഭഗവദ് ഗീത 18.66) അദ്ദേഹം നിങ്ങൾക്ക് പൂർണമായ ബുദ്ധി പ്രദാനം ചെയ്യും.
ശാസ്ത്രസമൂഹം ഇത് അംഗീരിക്കുന്നതാണ് നമ്മുടെ മഹത്തായ വിജയം. അവർ സമ്മതിക്കട്ടെ. അപ്പോൾ നമ്മുടെ കൃഷ്‌ണാവബോധപ്രസ്ഥാനം ഒരു വമ്പിച്ച വിജയമാകും. നിങ്ങൾ സമ്മതിക്കുക,"ദൈവമുണ്ട്, അചിന്ത്യശക്തിയുണ്ട്." അപ്പോൾ നമ്മുടെ പ്രസ്ഥാനം വിജയിക്കും.
- ദിവ്യ പൂജ്യ ശ്രീ ശ്രീമദ് എ.സി.ഭക്തിവേദാന്തസ്വാമി ശ്രീല പ്രഭുപാദരും ശിഷ്യന്മാരും തമ്മിൽ 1973 മേയ് മാസം ലോസ് ആഞ്ചല്‌സിൽ വച്ചു നടന്ന സംഭാഷണത്തിൽ നിന്ന്.
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .
No comments:
Post a Comment