ആത്മീയ പുരോഗതി കൈവരിക്കുന്നതിന് ഒരുവൻ നിർഭയനായിരിക്കണമെന്ന് ഭഗവദ്ഗീതയിൽ പറയുന്നു. അഭയം സത്ത്വ-സംശുദ്ധിഃ (ഭ.ഗീ.16.1). ഭൗതികതയിൽ നിമഗ്നമാകുന്നതാണ് ഭയത്തിന് നിദാനം. ശ്രീമദ്ഭാഗവത (11.2.37)ത്തിലും പറഞ്ഞിരിക്കുന്നു, ഭയം ദ്വിതീയാഭിനിവേശതഃ സ്യാത്ഃ ജീവിതത്തിന്റെ ശാരീരിക സങ്കൽപത്തിൻ്റെ സൃഷ്‌ടിയാണ്, ഭയം. താൻ ഈ ശരീരമാണെന്ന് വിചാരിക്കുന്നിടത്തോളം അവൻ ഭയമുളളവനായിരിക്കും. എപ്പോൾ ഈ ഭൗതിക സങ്കൽപത്തിൽ നിന്ന് സ്വതന്ത്രനാകുന്നുവോ, അപ്പോൾ അവൻ ബ്രഹ്മഭൂതൻ, ആത്മസാക്ഷാത്കാരം സിദ്ധിച്ചവൻ ആയിത്തീരുകയും ഉടനെ ഭയരഹിതനാവുകയും ചെയ്യും. ബ്രഹ്മ-ഭൂതഃ പ്രസന്നാത്മാ (ഭ.ഗീ.18.54). ഭയമുക്തനാകാതെ ഒരുവന് സന്തോഷവാനാകാൻ കഴിയില്ല. ഭക്തന്മാർ എപ്പോഴും ഭയരഹിതരും സന്തോഷമുളളവരുമാണ്, കാരണം, അവർ നിരന്തരം ഭഗവാന്റെ പങ്കജപാദങ്ങളുടെ സേവനങ്ങളിൽ മുഴുകുന്നു. ശ്രീമദ്ഭാഗവതത്തിൽ ഇതും പറഞ്ഞിരിക്കുന്നുഃ
ഏവം പ്രസന്ന-മനസോ ഭഗവദ്-ഭക്തി-യോഗതഃ
ഭഗവദ്-തത്ത്വ-വിജ്ഞാനം മുക്ത-സംഗസ്യ ജായതേ (ഭാഗ.1.2.20)
ഭഗവദ്-ഭക്തി-യോഗം അനുഷ്ഠിക്കുന്നതിലൂടെ ഒരുവൻ ഭയരഹിതനും സന്തുഷ്ടനുമായിത്തീരും. ഒരുവൻ ഭയമില്ലാത്തവനും സന്തോഷമുളളവനുമാകാത്തപക്ഷം അവന് ദൈവശാസ്ത്രം മനസിലാക്കുവാൻ സാധിക്കില്ല. ഭഗവത്-തത്ത്വ-വിജ്ഞാനം മുക്ത-സംഗസ്യ ജായതേ. ഈ ശ്ലോകം ഭൗതികലോകത്തിൻ്റെ ഭയപൂർണതയിൽ നിന്ന് സമ്പൂർണ സ്വതന്ത്രരായവരെ പരാമർശിക്കുന്നു. ഒരുവൻ സ്വതന്ത്രനായിക്കഴിയുമ്പോൾ അവന് ഭഗവാന്റെ അതീന്ദ്രിയ രൂപത്തിൻ്റെ സവിശേഷതകൾ യഥാർത്ഥത്തിൽ മനസിലാക്കാൻ സാധിക്കും.
(ശ്രീമദ്‌ഭാഗവതം 4/24/52/ഭാവാർത്ഥം)
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .
No comments:
Post a Comment