Home

Friday, December 15, 2023

ഗീത മഹാത്മ്യം



കുരുക്ഷേത്ര യുദ്ധഭൂമിയിൽ ഭഗവാൻ, തനിക്കു നൽകിയ ഭഗവദ്ഗീത ഉപദേശങ്ങളെയാണ് അർജുനൻ ഇവിടെ പരാമർശിച്ചിരിക്കുന്നത്. ഭഗവദ്ഗീത, ഭഗവാൻ, അർജുനൻ്റെ മാത്രം ക്ഷേമത്തിനായി നൽകിയ ഉപദേശങ്ങളല്ല; അവ സമസ്ത ദേശങ്ങൾക്കും എല്ലാ കാലത്തേക്കുമായി നിർദേശിക്കപ്പെട്ടവയാണ്. പരമദിവ്യോത്തമപുരുഷനായ ശ്രീകൃഷ്ണ ഭഗവാനാൽ ഉപദേശിക്കപ്പെട്ടവയാകയാൽ അവ സർവ വേദവിവേകങ്ങളുടെയും സാരാംശമാണ്. ഉപനിഷത്തുകൾ, പുരാണങ്ങൾ, വേദാന്തസൂത്രങ്ങൾ പോലുള്ള ബൃഹത്തായ വേദസാഹിത്യങ്ങൾ എന്നിവയൊക്കെ അഭ്യസിക്കുവാൻ വളരെക്കുറച്ച് സമയം മാത്രമുള്ളവർക്കായി ഹൃദ്യമായി ഭഗവാൻ സ്വയം അവതരിപ്പിച്ചിട്ടുള്ളതാകുന്നു ഭഗവദ്ഗീത. വിശേഷിച്ചും, അല്പബുദ്ധികളായ സ്ത്രീജനങ്ങൾ, ശൂദ്രർ, ബ്രാഹ്മണരുടെയും, ക്ഷത്രിയരുടെയും, വൈശ്യവിഭാഗത്തിലെ ഉയർന്നവരുടെയും വിലകെട്ട സന്തതികൾ എന്നിവർക്കായി പ്രത്യേകം രചിക്കപ്പെട്ട മഹാ ഐതിഹാസിക ചരിതമായ മഹാഭാരതത്തിനുള്ളിലാണ് ഭഗവദ്ഗീതാ ഉപദേശങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്. കുരുക്ഷേത്ര യുദ്ധഭൂമിയിൽ വെച്ച് അർജുനന്റെ മനസ്സിലുളവായ എല്ലാ സന്ദേഹങ്ങളും കുഴപ്പങ്ങളും ഭഗവദ്ഗീതാ ഉപദേശങ്ങളിലൂടെ ദൂരീകരിക്കപ്പെട്ടു. ഭഗവാൻ ഭൂലോകവാസികളുടെ ദൃഷ്ടിയിൽനിന്നും അപ്രത്യക്ഷനായശേഷം, താൻ പ്രാപ്ത‌മാക്കിയ ശക്തിയും ഔന്നത്യവും പരാജയപ്പെടുന്നത് മുഖാമുഖം ദർശിച്ച അർജുനൻ ഉത്കണ്ഠാകുലരായ എല്ലാവരെയും അഭ്യസിപ്പിക്കുവാനായി ഭഗവദ്ഗീതോപ ദേശങ്ങളായ മഹാബോധനങ്ങളെ വീണ്ടും സ്‌മരിച്ചു. എല്ലാവിധ മാനസിക വ്യഥകളിൽനിന്നുമുള്ള ആശ്വാസത്തിനു മാത്രമല്ല, ആപത്‌കരമായ സമയങ്ങളിൽ സംഭ്രാന്തനാക്കുന്ന (വിഷമവൃത്തത്തിലാക്കുന്ന) മഹാ കുഴപ്പങ്ങളിൽനിന്ന് ഒരുവന് പുറത്തുവരാനുള്ള മാർഗമാകാനും, ആപത്കരവും ഉൽകണ്ഠാകുലവുമായ ഏതു സാഹചര്യത്തിലും വിദഗ്ദ്ധോപദേശമാകാനും ഭഗവദ്ഗീതയ്ക്കു കഴിയുന്നു.


കരുണാർദ്രനായ ഭഗവാൻ ശ്രേഷ്ഠമായ ഭഗവദ്ഗീതാ ഉപദേശങ്ങൾ പകർന്നുനൽകിയിട്ടാണ് ഇഹലോകലീല അവസാനിപ്പിച്ചത്. ആകയാൽ, ഭൗതികമായ ദൃഷ്ട‌ിക്ക് അദ്ദേഹം അദൃശ്യനെങ്കിൽപ്പോലും, ഒരുവന് ഭഗവദ് നിർദേശങ്ങൾ കൈക്കൊള്ളുവാൻ കഴിയുന്നു. പരമപുരുഷനായ ഭഗവാന്റെ മൂല്യം നിർണയിക്കാൻ ഭൗതിക ഇന്ദ്രിയങ്ങൾക്ക് കഴിവില്ല. എന്നാൽ അദ്ദേഹത്തിൻ്റെ അചിന്ത്യമായ ശക്തിയാൽ ഭൗതിക പദാർത്ഥങ്ങളുടെ കർത്തൃത്വത്തിലൂടെ യഥോചിതമായ രീതിയിൽ, രൂപത്തിൽ ബദ്ധാത്മാക്കളുടെ ഇന്ദ്രിയഗോചരത്തിന് അനുയോജ്യമായവിധം സ്വയം അവതരിക്കുവാൻ ഭഗവാന് കഴിയുന്നു. ഭഗവാൻ്റെ ആവിഷ്കൃത ശക്തിയുടെ മറ്റൊരു രൂപമാണത്. ആകയാൽ ഭഗവദ്ഗീതയും, അല്ലെങ്കിൽ പ്രമാണയുക്തവും വേദവിഹിതവുമായ ഭഗവാൻ്റെ ഏതു ശബ്ദചിത്രീകരണവും, അഥവാ രചനയും ഭഗവദ് അവതാരങ്ങൾ തന്നെയാണ്. ഭഗവാനും, ഭഗവാന്റെ ശബ്ദാവതാരവും; ഭഗവാനും, ഭഗവാനെ സംബന്ധിക്കുന്ന ആധികാരികമായ രചനകളും തമ്മിൽ യാതൊരു വ്യത്യാസവുമില്ല. ശ്രീകൃഷ്ണ ഭഗവാൻ്റെ പ്രത്യക്ഷ സാന്നിധ്യത്തിൽ അർജുനൻ പ്രാപ്തമാക്കിയ അതേ നേട്ടം ഭഗവദ്‌ഗീതയിൽനിന്നും ഒരുവന് പ്രാപ്‌തമാക്കാൻ കഴിയുന്നു.


ഭൗതിക അസ്‌തിത്വത്തിൻ്റെ ബന്ധനത്തിൽനിന്നും സ്വതന്ത്രരാകാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്ന മാനവർക്ക് ഭഗവദ്‌ഗീതയുടെ ആനു കൂല്യം അനായാസേന നേടാവുന്നതാകുന്നു. ഈ വീക്ഷണത്തിലാണ് അർജുനന് അതിൻ്റെ ആവശ്യം അനിവാര്യമായ സമയത്ത് ഭഗവാൻ അത് ഉപദേശിച്ചത്. ഭഗവദ്‌ഗീതയിൽ (1) പരമപുരുഷൻ (2) ജീവാത്മാവ് (3) പ്രകൃതി (4) കാല-ദേശങ്ങൾ (5) കർമനടപടികൾ, അഥവാ പ്രവർത്തന പദ്ധതികൾ എന്നീ, ജ്ഞാനത്തെ സംബന്ധിക്കുന്ന അഞ്ച് പ്രധാന ഘടകങ്ങളെ ആലേഖ്യം ചെയ്‌തിരിക്കുന്നു. ഇവയ്ക്കു പുറമേ, പരമപുരുഷനും ജീവാത്മാവും ഗുണപരമായി ഏകമാകുന്നു. അഥവാ അഭിന്നമാകുന്നു. രണ്ടും തമ്മിലുള്ള വ്യത്യാസം പരിപൂർണവും അവിഭാജ്യ ഘടകവും തമ്മിലുള്ള വ്യത്യാസമായി വിശകലനം ചെയ്‌തിരിക്കുന്നു. വ്യത്യസ്‌തങ്ങളായ ത്രിഗുണങ്ങളുടെ പരസ്‌പര പ്രവർത്തനങ്ങൾ പ്രദർശിപ്പിക്കുന്ന നിഷ്ക്രിയ പദാർത്ഥമാണ് പ്രകൃതി. അനാദ്യന്തമായ കാലവും, അനന്തമായ ആകാശവും ഭൗതികപ്രകൃതിയുടെ അവസ്ഥയ്ക്ക് അതീതമാണ്. ജീവാത്മാക്കളുടെ പ്രവർത്തനങ്ങൾ വ്യത്യസ്‌തങ്ങളായ അഭിരുചികളിലധിഷ്ഠിതമാണ്. ആകയാൽ അതിന് ജീവാത്മാക്കളെ ഭൗതികപ്രകൃതിക്കുള്ളിൽ അകപ്പെടുത്താനും, ഭൗതികപ്രകൃതിക്ക് വെളിയിൽ സ്വതന്ത്രമാക്കാനും കഴിയുന്നു. പ്രസ്‌തുത വിഷയങ്ങളെക്കുറിച്ചെല്ലാം ഭഗവദ്ഗീതയിൽ സംക്ഷേപമായി വിശദീകരിച്ചിരിക്കുന്നു. കൂടുതൽ ജ്ഞാനോദ്ദീപനത്തിനായി പ്രസ്‌തുത വിഷയങ്ങളെക്കുറിച്ചെല്ലാം ശ്രീമദ് ഭാഗവതത്തിൽ സവിസ്തരം പ്രതിപാദിച്ചിരിക്കുന്നു. അഞ്ച് ഘടകങ്ങളിൽ: പരമപുരുഷൻ, ജീവസത്ത, പ്രകൃതി, കാലദേശങ്ങൾ എന്നിവ ശാശ്വതമായി നിലനിൽക്കുന്നവയാകുന്നു. എന്നാൽ ജീവസത്ത, പ്രകൃതി, കാലം എന്നിവ നിരപേക്ഷനും, സർവസ്വതന്ത്രനുമായ പരമദിവ്യോത്തമപുരുഷൻ്റെ നിയന്ത്രണത്തിൻ കീഴിലാണ്. പരമപുരുഷൻ പരമനിയന്താവാകുന്നു. ജീവാത്മാക്കളുടെ ഭൗതികപ്രവർത്തനങ്ങൾക്ക് ആരംഭമില്ല. എന്നാൽ അവയെ ആത്മീയ ഗുണത്തിലേക്ക് പരിവർത്തിപ്പിച്ച് ശുദ്ധി ചെയ്യാവുന്നതാകുന്നു. അപ്രകാരം, ഭൗതികമായ കർമങ്ങളുടെ പ്രത്യാഘാതങ്ങളെ നിരോധിക്കുവാൻ കഴിയുന്നു. ഭഗവാനും ജീവാത്മാവും അഭിജ്ഞാനമുള്ളവരാണ്. ജീവചൈതന്യം, അഥവാ ജീവശക്തിയെന്ന നിലയിൽ സചേതനങ്ങളായാൽ ഇരുവർക്കും താദാത്മ്യബോധമുണ്ട്. എന്നാൽ "മഹത്-തത്ത്വ'മെന്ന്വിശേഷിപ്പിക്കുന്ന ഭൗതികപ്രകൃതിക്ക് വിധേയമായ ജീവസത്ത, ഭഗവാനിൽനിന്നും വിഭിന്നനാണ് താനെന്ന് തെറ്റിദ്ധരിക്കുന്നു. അത്തരം തെറ്റിദ്ധാരണകളെ ഇല്ലാതാക്കി, ഭൗതികതാദാത്മ്യത്തിന്റെ മായയിൽനിന്നും ജീവാത്മാക്കളെ സ്വതന്ത്രരാക്കുകയാണ് സമഗ്ര വേദവിവേകപദ്ധതികളുടെയും മുഖ്യ ലക്ഷ്യം. ജ്ഞാനത്തിലൂടെയും പരിത്യാഗത്തിലൂടെയും അത്തരം മിഥ്യ ദൂരീകരിക്കപ്പെടുമ്പോൾ ജീവാത്മാക്കൾ ഉത്തരവാദിത്വ ബോധത്താൽ നയിക്കപ്പെടുന്ന കർമികളും ആസ്വാദകരുമായിത്തീരുന്നു. ഭഗവാനിൽ ആനന്ദം കണ്ടെത്തുന്നത് സത്യവും, അതേസമയം, അത്തരം ആനന്ദം ജീവാത്മാക്കളിൽ കണ്ടെത്തുന്നത് അഭിലാഷപൂർണമായ വെറും മനോരഥം, അഥവാ കാമം മാത്രവുമാകുന്നു. ഭഗവാനും, ജീവസത്തയും തമ്മിലുള്ള അന്തരം അവബോധത്തിലുള്ള ഈ ഭേദമാകുന്നു. അല്ലാത്ത പക്ഷം ഭഗവാനും, ജീവാത്മാവും തമ്മിൽ യതൊരു വ്യത്യാസവുമില്ല. ആകയാൽ ജീവാത്മാവ് ഒരേ സമയത്ത് അഭിന്നനും, വിഭിന്നനുമാകുന്നു. ഭഗവദ്ഗീതയിലെ എല്ലാ നിർദേശങ്ങളും ഈ തത്ത്വത്തിലധിഷ്ഠിതമാണ്. ഭഗവദ്ഗീതയിൽ, ഭഗവാനെയും ജീവാത്മാക്കളെയും 'സനാതനർ', അഥവാ ശാശ്വതരെന്ന് വിവരിച്ചിരിക്കുന്നു. ആത്മീയാകാശത്തിനും അതിവിദൂരമായി നിലകൊള്ളുന്ന ഭഗവദ്ധാമവും സനാതനമാകുന്നു. ഭഗവാന്റെ സനാതനമായ അസ്‌തിത്വത്തിൽ വസിക്കുവാൻ ജീവാത്മാവിനെ ക്ഷണിക്കുന്നു. ആത്മാവിൻ്റെ സ്വതന്ത്രമായ പ്രവർത്തനം പ്രകാശിപ്പിക്കപ്പെടുന്ന ഭഗവദ്ധാമത്തെ സമീപിക്കാൻ, അഥവാ ഭഗവദ്ധാമത്തിൽ എത്തിച്ചേരാൻ ജീവാത്മാവിനെ സഹായിക്കുന്ന പ്രവർത്തനപദ്ധതിയെ 'സനാതന ധർമ'മെന്ന് വിശേഷിപ്പിക്കുന്നു. എങ്കിലും, ഭൗതിക വ്യക്തിത്വത്തിന്റെ തെറ്റിദ്ധാരണയിൽനിന്നും സ്വതന്ത്രമാകാതെ ഭഗവദ്‌ധാമത്തിൽ എത്തിച്ചേരാൻ ഒരുവന് കഴിയുകയില്ല. ഈ പരിപൂർണാവസ്ഥയെ പ്രാപ്‌തമാക്കേണ്ടത് എപ്രകാരമാണെന്നതിനെക്കുറിച്ചുള്ള വ്യക്തമായ സൂചന ഭഗവദ്ഗീത നമുക്ക് നൽകുന്നു. ഭൗതിക വ്യക്തിത്വത്തിൻ്റെ തെറ്റിദ്ധാരണയിൽനിന്നും സ്വതന്ത്രമാകുന്ന പ്രവർത്തനപദ്ധതിയുടെ വ്യത്യസ്ത‌ ഘട്ടങ്ങളെ: അഭികാമ്യ കർമം, പ്രായോഗിക ദർശനം (വിജ്ഞാനാന്വേഷണം), അതീന്ദ്രിയ സാക്ഷാത്കാരം വരെയുള്ള ഭക്തിയുതസേവനം എന്നിങ്ങനെ വിശേഷിപ്പിക്കുന്നു. മുകളിൽ പ്രസ്‌താവിച്ച എല്ലാ വിഷയങ്ങളും ഭഗവാനുമായി ബന്ധപ്പെടുത്തി നിർവഹിക്കപ്പെടുന്നതാകയാൽ അത്തരം അതീന്ദ്രിയ സാക്ഷാത്ക്കാരം സാധ്യമായേക്കാവുന്നതാണ്. വേദങ്ങളിൽ അനുശാസിച്ചിരിക്കുന്ന നിർദിഷ്‌ട കർമങ്ങൾ അനുഷ്‌ഠിച്ച് ബദ്ധാത്മാവിന്റെ പാപനിർഭരമായ മനസ്സിനെ ക്രമേണ പരിശുദ്ധമാക്കാനും, അപ്രകാരം ജ്ഞാനാവസ്ഥയിലേക്ക് ഉയരാനും മനുഷ്യർക്ക് സാധ്യമാകുന്നു. ജ്ഞാനാർജനത്തിനായുള്ള ഈ പരിശുദ്ധാവസ്ഥ ഭക്തിയുതസേവനത്തിന് അടിസ്ഥാനമായിത്തീരുന്നു. ജീവിതത്തിൻ്റെ പ്രശ്‌നങ്ങൾക്ക് പരിഹാരം അന്വേഷിക്കുന്നതിൽ പ്രതിജ്ഞാബദ്ധരായിരിക്കുന്നിടത്തോളം ഒരുവൻ്റെ അറിവ് 'ജ്ഞാനം', അഥവാ പരിശുദ്ധ ജ്ഞാനം എന്നുവിളിക്കപ്പെടുന്നു. പക്ഷേ, ജീവിതത്തിൻ്റെ യഥാർത്ഥ പരിഹാരം ബോധ്യമാകുമ്പോൾ ഒരുവൻ ഭക്തിയുതസേവനത്തിൽ അവസ്ഥിതനായിത്തീരുന്നു. ആത്മാവിനെ ഭൗതിക ഘടകങ്ങളിൽനിന്നും വിവേചിച്ചുകൊണ്ട് ജീവിതപ്രശ്നങ്ങളെ സംബന്ധിക്കുന്നവയിൽനിന്നും ആരംഭിക്കുന്ന ഭഗവദ്ഗീത എല്ലാ കാര്യകാരണങ്ങളോടെയും, യുക്തിയുക്തതയോടെയും ഏതു പരിതഃസ്ഥിതിയിലും ആത്മാവ് നശിപ്പിക്കാൻ സാധ്യമല്ലാത്തതാണെന്നും, ഭൗതിക വസ്‌തുവിൻ്റെ ബാഹ്യാവരണമായ മനസ്സും ശരീരവും ഒരു നിശ്ചിത കാലയളവിലേക്കായി ദുരിതസമ്പൂർണമായ മറ്റൊരു ഭൗതികാസ്തിത്വത്തിലേക്ക് മാറുന്നുവെന്നും (ആത്മാവ് ഒരു ഭൗതിക ശരീരത്തിൽനിന്നും മറ്റൊരു ഭൗതിക ശരീരത്തിലേക്ക് പരിവർത്തനം ചെയ്യപ്പെടുന്നു.) തെളിയിക്കുന്നു. വ്യത്യസ്‌തങ്ങളായ എല്ലാവിധ ക്ലേശങ്ങളെയും ഇല്ലാതാക്കുന്നതിനായാണ് ഭഗവദ്ഗീത നിർദേശിക്കപ്പെട്ടിരിക്കുന്നത്. ആകയാൽ, കുരുക്ഷേത്ര യുദ്ധഭൂമിയിൽ തനിക്കു ഭഗവാൻ പകർന്നുതന്ന ഈ മഹത് വിജ്ഞാനത്തെ അർജുനൻ അഭയം പ്രാപിച്ചു.


(ശ്രീമദ് ഭാഗവതം 1/15/27/ഭാവാർത്ഥം)


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ് 



No comments:

Post a Comment