ഭഗവദ്ഗീതയും ശുഭാപ്‌തിവിശ്വാസവും
ചോദ്യം: ഈ ലോകത്ത് സന്തോഷവും ദുഃഖവുമുണ്ട്. എന്നിട്ടും ഭഗവദ്ഗീത ഈ ലോകത്തെ ദുഃഖാലയമെന്ന് വിശേഷിപ്പിക്കുന്നു. എന്തുകൊണ്ടാണ് ഭഗവദ്ഗീത ശുഭാപ്തിവിശ്വാസം തകർക്കുന്ന രീതിയിലുള്ള പരാമർശങ്ങൾ നടത്തുന്നത്?
ഉത്തരം:
1. ഭഗവദ്ഗീത അശുഭാപ്‌തിവിശ്വാസം പ്രകടിപ്പിക്കുന്നില്ല, മറിച്ച് യാഥാർത്ഥ്യത്തെ ചൂണ്ടിക്കാണിക്കുകയാണ് ചെയ്യുന്നത്. ഇഹലോകത്തിലെ സുഖദുഃഖങ്ങളുടെ സന്തുലിതാവസ്ഥ പരിശോധിച്ചാൽ ദുഃഖത്തിൻ്റെ ഭാഗം വളരെ ഭാരിച്ചതാണെന്ന് കാണാം.
2. ഗീതാസിദ്ധാന്തം തുടക്കത്തിൽ അശുഭചിന്താപ്രധാനിയാണെന്ന് തോന്നിയാലും ആത്യന്തികമായി ശുഭപര്യവസായിയാണെന്ന് മനസ്സിലാക്കാം. ഗീതയുടെ അന്ത്യത്തിൽ ലഭിക്കുന്ന സന്ദേശം അത്യന്തം ശുഭോദർക്കമാണ്.
3. ലോകത്തിൽ ലഭ്യമായ ഏറ്റവും വലിയ ശുഭചിന്തകൾ പോലും ഹൃദയാഭിലാഷങ്ങളുടെ മുന്നിൽ മുട്ടുകുത്തും. പക്ഷേ ഹൃദയാഭിലാഷങ്ങളുടെ പരിപൂർണത ഗീതാസന്ദേശം പ്രാവർത്തികമാക്കുന്നതിലൂടെ മാത്രമേ സാധ്യമാവുകയുള്ളൂ.
4. ഇഹലോകം ത്യജിച്ച് പരലോകം സ്വീകരിക്കണമെന്ന് ഗീത പറയുന്നില്ല. മറിച്ച് ഇഹലോകത്തിൽ നിന്ന് കൊണ്ടെങ്ങനെ പരലോകവുമായി പൊരുത്തപ്പെടാമെന്നാണ് ഗീത പഠിപ്പിക്കുന്നത്.
1. സുഖദുഃഖസമ്മിശ്രം - ദുഃഖം ധാരാളം, സുഖം അൽപ്പം മാത്രം
നമ്മുടെ ശരീരമാകുന്ന മാധ്യമത്തിലൂടെയാണല്ലോ നാം ഈ ലോകത്തിലെ എല്ലാം അനുഭവിക്കുന്നത് അതു സുഖമായാലും ദുഃഖമായാലും
ശരീരം അനുഭവിക്കുന്ന സുഖങ്ങളുടെ ദൈർഘ്യം അവലോകനം ചെയ്‌താൽ അവ വളരെ ക്ഷണികമാണെന്ന് മനസ്സിലാക്കാം - ഉദാഹരണത്തിന്, ആഹാരം, മൈഥുനം എന്നിവ നൽകുന്ന സുഖാനുഭവം ഏതാനും നിമിഷങ്ങൾ മാത്രമേ നീണ്ടു നിൽക്കുന്നുള്ളൂ. പക്ഷേ ശരീരമനുഭവിക്കുന്ന വേദനകളെയെടുത്താൽ അവ മണിക്കൂറുകളല്ല, ദിവസങ്ങളോളം അല്ലെങ്കിൽ മാസങ്ങളോളം അല്ലെങ്കിൽ വർഷങ്ങൾ നീണ്ടു നിൽക്കുന്നവയാണ് - നടുവേദന, തലവേദന എന്നിവ തന്നെ ഉദാഹരണം. ക്യാൻസർ പോലെയുള്ള രോഗങ്ങളാലുണ്ടാകുന്ന വേദനയാകട്ടെ മരണംവരെ തുടരുന്നു. ആകയാൽ സുഖത്തിൻ്റെ ദൈർഘ്യം പൊതുവേ ക്ഷണികവും വേദനയുടെ ദൈർഘ്യം വളരെ കൂടുതൂലുമാണെന്ന് കാണാം.
ഇനി, തീവ്രതയെടുത്താലും ഇതുതന്നെയവസ്ഥ. പട്ടുമെത്തയിൽ നമ്മെ കിടത്തി ആരെങ്കിലും ശരീരം ഉഴിഞ്ഞു തരികയാണെന്നിരിക്കട്ടെ, അപ്പോൾ അനുഭവവേദ്യമാകുന്ന സുഖം അതെത്രയായാലും, അതിനിടയിൽ ഒരു മൊട്ടുസൂചി കൊണ്ടു ശരീരത്തിൻ്റെ ഏതെങ്കിലും ഒരു ഭാഗത്ത് ഒന്ന് കുത്തിയാൽ, സുഖമെല്ലാം ക്ഷണനേരം കൊണ്ടുമറക്കും. വേദനകളുടെ അനുഭവത്തിന് തീവ്രതകൂടും.
ഇനി സുഖം, ദുഃഖം എന്നിവയുടെ വ്യത്യസ്തതകളെടുത്താലും സുഖം വരുന്നവഴികൾ വളരെ പരിമിതമാണ്, പക്ഷേ വേദനകൾ വരാൻ ആയിരം വഴികളുണ്ട്. കണ്ണുകൾക്ക് സൗന്ദര്യമുള്ള വസ്‌തുക്കൾ കാണുമാറാകുമ്പോൾ സന്തോഷം ലഭിക്കുന്നു, പക്ഷേ അതേ കണ്ണുകളെ വിഷമിപ്പിക്കാൻ എന്തെല്ലാം വഴികൾ ! നേരത്തേ പറഞ്ഞ ഉദാഹരണത്തിലെ ഒരു ചെറിയ മൊട്ടു"സൂചിമതി. അല്ലെങ്കിൽ കഠിനമായി ഒരു പ്രഹരം, അല്ലെങ്കിൽ തീപ്പൊള്ളലേൽക്കാം. ഇതൊന്നുമില്ലെങ്കിൽ കണ്ണുകളുടെ കാഴ്ച നഷ്ടപ്പെടുന്ന അനവധി രോഗളിൽ ഏതെങ്കിലുമൊന്ന് ഗ്രസിച്ചാലും മതി. കണ്ണുകളാൽ അനുഭവപ്പെടുന്ന സന്തോഷങ്ങൾ ഇല്ലാതാകാൻ
ഇനി ശരീരം മൂലം ലഭിക്കുന്ന സുഖത്തിൻ്റെയും ദുഃഖത്തിൻ്റേയും വ്യാപ്‌തി ഒന്നു പരിശോധിക്കാം. ഇന്ദ്രീയങ്ങളിലൂടെ മാത്രമേ സന്തോഷം അല്ലെങ്കിൽ സൗഖ്യം അനുഭവിക്കാൻ കഴിയുകയുള്ളൂ - അതായത് കണ്ണുകൾ കൊണ്ടു കാണുമ്പോൾ കാതുകൾ കൊണ്ടു കേൾക്കുമ്പോൾ, ത്വക്കിലൂടെ സ്‌പർശനം അനുഭവവേദ്യമാകുമ്പോൾ എന്നിങ്ങനെ. പക്ഷേ വേദനയുടെ കാര്യമെടുത്താൽ ശരീരത്തിൻ്റെ ഏതു ഭാഗത്തിനും വേദനയുണ്ടാകാം. ആന്തരികാവയവങ്ങൾ ഒന്നും തന്നെ നേരിട്ടൊരു സന്തോഷവും പ്രദാനം ചെയ്യുന്നില്ല, പക്ഷേ അവയേതെങ്കിലും രോഗഗ്രസ്ഥമാകുമ്പോൾ ശരീരത്തിന് മുഴുവനും ആ വേദനയുടെ അനുഭവമുണ്ടാകും.
ഈ വിശദമായ വിശകലനത്തിലൂടെ ഭഗവദ്ഗീതാ വചനമായ ദുഃഖാലയം അശാശ്വതം എന്നതിൻ്റെ പൊരുൾ ലളിതമായ രീതിയിൽ മനസ്സിലാക്കാൻ കഴിയും.
2. ആത്യന്തികമായ സന്ദേശം ശുഭോദർക്കമാണ്
ഭഗവദ്ഗീതയുടെ കാതലായ സന്ദേശം തികച്ചും ശുഭാപ്‌തിവിശ്വാസം പകരുന്നതുതന്നെയാണ്. നാം ശാശ്വതരായ ജീവസത്തകളാണെന്നും നമ്മുടെ സ്വഭവനം ആദ്ധ്യാത്മികലോകമാണെന്നും ഭഗവദ്ഗീത നമ്മെ പഠിപ്പിക്കുക മാത്രമല്ല, അവിടേയ്ക്കുള്ള വഴി കാട്ടിത്തരികയും ചെയ്യുന്നു. അവിടെയെത്തിച്ചേർന്നാൽ ശാശ്വതമായ ആനന്ദം ലഭ്യമാകുമെന്നും ഭഗവദ്ഗീത പഠിപ്പിക്കുന്നു. ആ ആനന്ദം നമുക്ക് നഷ്ടപ്പെടരുതെന്ന സദുദ്ദേശ്യത്തോടെയാണ് ഭഗവദ്ഗീത ഇഹലോകത്തെ ദുഃഖാലയമെന്ന് വിശേഷിപ്പിക്കുന്നത്.
നമ്മുടെ ശാശ്വതസ്വഭാവം മറന്നുപോയ അവസ്ഥയിലാണ് നാമിപ്പോഴുള്ളത്. ഒരിക്കലും ക്ഷയിക്കാത്ത ആനന്ദം അനുഭവിക്കാനുള്ള അവകാശം നമുക്കെല്ലാവർക്കുമുണ്ട്. പക്ഷേ നാം നമ്മുടെ അസ്‌തിത്വത്തെക്കുറിച്ചും അവകാശങ്ങളെക്കുറിച്ചും അജ്ഞരായതിനാൽ, ഭഗവദ്ഗീത നമ്മെ ഓർമപ്പെടുത്തുകയാണ്. തുടർച്ചയായി വന്നുകൊണ്ടിരിക്കുന്ന ജന്മമൃത്യുജരാവ്യാധികൾ മാത്രമല്ല നമ്മുടെ സ്വത്ത്. അതിനുമപ്പുറത്തുള്ള ശാശ്വതാവസ്ഥയെ പ്രാപിക്കാനുള്ള സന്ദേശമാണ് ഭഗവദ്ഗീതയിൽ അടങ്ങിയിരിക്കുന്നത്.
പക്ഷേ ഭൗതികതയുടെ അന്ധകാരത്തിൽ നിൽക്കുന്ന നാം ഭഗവദ്ഗീത വീശുന്ന വെളിച്ചത്തിന് നേരെ ഒരു കണ്ണടയ്ക്കുക്കുന്നതുകൊണ്ടാണ് ഭഗവദ്ഗീതയുടെ സന്ദേശം അശുഭാപ്‌തിവിശ്വാസം വളർത്തുന്നതാണെന്ന് നമുക്ക് തോന്നാൻ കാരണം.
വൈദികജ്ഞാനം അല്ലെങ്കിൽ ഗീതാവാക്യങ്ങൾ വെറും വൈകാരികമായ പ്രകടനങ്ങളോ മുതിവനെ പ്രയോഗങ്ങളോ അല്ല, മറിച്ച് ഈ ലോകത്തിൽ മനുഷ്യനങ്ങനെ ഭഗവാനെ സേവിച്ചുകൊണ്ട് സുഖം അനുഭവിക്കാം എന്ന് പടിപ്പിക്കുന്ന ഉത്തമ ശിക്ഷണങ്ങളാണ്.
3. വെറും ശുഭാപ്തിവിശ്വാസമുള്ളതുകൊണ്ടു മാത്രം ഒന്നും നേടാൻ കഴിയുകയില്ല
എല്ലാം തികഞ്ഞ ഒരു ലോകത്തിലെത്തിച്ചേരാം എന്ന ശുഭാപ്തിവിശ്വാസമാണ് ഭഗവദ്ഗീത നൽകുന്നതെങ്കിലും, അതിനെക്കുറിച്ചും ചിലർ ചർച്ചകൾ നടത്തുന്നുണ്ട്. ആത്മീയജീവിതം തന്നെ ഒളിച്ചോട്ടമല്ലേ എന്നതാണ് അവരുടെ വളരെ പ്രസക്തമായ ചോദ്യം. അതേ, സത്യത്തിലേയ്ക്കുള്ള ഒളിച്ചോട്ടമാണ് ആദ്ധ്യാത്മികജീവിതം.
ശുഭാപ്തിവിശ്വാസമുണ്ടെങ്കിലും ഒന്നും നിങ്ങൾക്ക് നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥയാണ്. ജോലി ലഭിക്കണമെങ്കിൽ ലക്ഷക്കണക്കിന് വ്യക്തികളിൽ ഒരാളായി നിന്ന് പൊരുതണം. എങ്കിലും അതു ലഭിച്ചു
കൊള്ളണമെന്നില്ല. വീട്ടിലെ വഴക്കുകളിൽ ന്യായം പറയുന്ന ന്യായാധിപനാകേണ്ടി വരും അതിന് ശേഷം ആരോഗ്യം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഈ ബദ്ധപ്പാടുകൾക്കിടയിലും നാം ശുഭാപ്‌തിവിശ്വാസം കൈവെടിയുന്നില്ല. പക്ഷേ അതുമാത്രം ഉണ്ടായതുകൊണ്ടെന്തുകാര്യം ? കാര്യങ്ങൾ ശുഭമായി അവസാനിക്കുമോ? ആർക്കുമറിയില്ല.
4. ഇഹലോകത്തിൽ പരലോകത്തെ കൊണ്ടുവരണം
ഇഹലോകത്തിൽ ജീവിക്കുമ്പോൾ തന്നെ ആദ്ധ്യാത്മികലോകത്തെക്കുറിച്ചു പഠിക്കാനും, അങ്ങോട്ടു മടങ്ങാനുമുള്ള തയ്യാറെടുപ്പിനായാണ് അന്താരാഷ്ട്ര കൃഷ്‌ണാവബോധ സമിതിയാകുന്ന വിദ്യാലയം സ്ഥാപിക്കപ്പെട്ടത്. ആത്മീയലോകത്തിൻ്റെ സൗന്ദര്യവും യശസ്സും ശാശ്വതസ്വഭാവവും എപ്പോഴും ഓർത്തിരുന്നാൽ പിന്നീടൊരിക്കലും മായ വച്ചുനീട്ടുന്ന അൽപ സുഖങ്ങൾക്ക് മുന്നിൽ വീണുപോവുകയില്ല. ഈ ലോകത്തിൽ ഉത്തരവാദിത്വത്തോടെ ഭഗവദ് സേവനത്തിലേർപ്പെട്ടുകൊണ്ട് അടുത്ത ജന്മത്തിൽ ആത്മീയലോകം ലഭിക്കണമേയെന്ന് പ്രാർത്ഥിക്കാം.
അല്ലാത്ത പക്ഷം ഈ ലോകത്തിൽ തന്നെ മോഹിതരായി, ബുദ്ധി നഷ്ടപ്പെട്ട് ഇവിടെ തന്നെ ബന്ധിക്കപ്പെട്ട് ജീവിക്കാൻ മറക്കരുത് ! ഹരേ കൃഷ്‌ണ !!!
നന്ദി ;- ഭഗവദ് ദർശനം
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .
No comments:
Post a Comment