നിശ്രേയസ എന്നാൽ "ആത്യന്തികമായ വിധി എന്നാണർത്ഥം. സ്വ-സംസ്ഥാന എന്ന പദം ഇത് നിർവ്യക്തികവാദികൾക്ക് തങ്ങാൻ പ്രത്യേകമായൊരു സ്ഥാനമില്ലെന്ന് സൂചിപ്പിക്കുന്നു. നിർവ്യക്തികവാദികൾ അവരുടെ വ്യക്തിത്വം ത്യജിക്കുന്നതിനാൽ ജീവസ്ഫുലിംഗം ഭഗവാന്റെ അതീന്ദ്രിയ ശരീരത്തിൽ നിന്നുത്ഭവിക്കുന്ന വ്യക്തിരഹിത തേജസിൽ വിലയം പ്രാപിക്കുന്നു. പക്ഷേ ഭക്തന് പ്രത്യേകമായൊരു ഭവനമുണ്ട്. ഗ്രഹങ്ങൾ സൂര്യപ്രകാശത്തിൽ സ്ഥിതി ചെയ്യുന്നു. പക്ഷേ സൂര്യപ്രകാശത്തിന് സ്ഥിതി ചെയ്യാൻ പ്രത്യേകമായൊരു സ്ഥലമില്ല. ഒരുവൻ ഒരു പ്രത്യേക ഗ്രഹത്തിലെത്തിയാൽ അവിടെ അവന് വിശ്രമിക്കാൻ സ്ഥലമുണ്ടാകും. കൈവല്യമെന്നപേരിൽ അറിയപ്പെടുന്ന, നാനാദിക്കിലും പരമാനന്ദകരമായ പ്രകാശം പരത്തുന്ന ആത്മീയാകാശമുണ്ട്. പരമദിവ്യോത്തമപുരുഷൻ ഭഗവാന്റെ സംരക്ഷണത്തിലാണത്. ഭഗവദ്ഗീത (14.27) പ്രസ്താവിച്ചിട്ടുള്ളതുപോലെ ബ്രഹ്മണോ ഹി പ്രതിഷ്ഠാഹം: നിർവ്യക്തിക ബ്രഹ്മതേജസ് പരമദിവ്യോത്തമപുരുഷൻ ഭഗവാന്റെ ശരീരത്തലാണ് വിശ്രമിക്കുന്നത്. മറ്റു വാക്കുകളിൽ, പരമദിവ്യോത്തമപുരുഷൻ ഭഗവാന്റെ ശരീരതേജസാണ് കൈവല്യം, അഥവാ നിർവ്യക്തിക ബ്രഹ്മം. ആ നിർവ്യക്തിക തേജസിൽ വൈകുണ്ഠങ്ങളെന്ന് അറിയപ്പെടുന്ന ആത്മീയ ഗ്രഹങ്ങളുണ്ട്. കൃഷ്ണലോകമാണ് അവയിൽ പ്രധാനം. ചില ഭക്തന്മാർ വൈകുണ്ഠ ഗ്രഹങ്ങളിലേക്കും, ചിലർ കൃഷ്ണലോക ഗ്രഹത്തിലേക്കും ഉയർത്തപ്പെടും. ഒരു പ്രത്യേക ഭക്തന്റെ ഇച്ഛപ്രകാരം അവന് സ്വ-സംസ്ഥാനം എന്നപേരിൽ അറിയപ്പെടുന്ന പ്രത്യേക ഭവനം നൽകപ്പെടും. അവൻ ആഗ്രഹിച്ചതുപോലുള്ള വിധിയാണത്. ഭക്തിയുതസേവനത്തിൽ മുഴുകുന്ന ഭക്തന്, ഭൗതിക ശരീരത്തിലായിരിക്കുമ്പോൾത്തന്നെ അവന്റെ വിധിയന്തെന്ന് അറിയാൻ സാധിക്കും, ആകയാൽ അവൻ ഇളക്കമില്ലാതെ, സംശയമില്ലാതെ ഭക്തിയുത സേവനത്തിൽ മുഴുകുകയും, ശരീരം വെടിഞ്ഞാലുടൻ, അവൻ ചെന്നെത്താൻ സ്വയം തയ്യാറെടുത്തിരുന്ന അവന്റെ വിധിയിൽ ചെന്നെത്തുകയും ചെയ്യും. ആ ഭവനത്തിൽ എത്തിക്കഴിഞ്ഞാൽ അവൻ പിന്നീട് ഭൗതികലോകത്തിലേക്ക് മടങ്ങിവരില്ല.
ഇവിടെ ഉപയോഗിച്ചിട്ടുള്ള ലിംഗാത് വിനിർഗമേ എന്ന വാക്ക്, “സ്ഥൂലവും സൂക്ഷ്മവുമായ രണ്ടു തരം ഭൗതിക ശരീരങ്ങളിൽ നിന്നും സ്വതന്ത്രനായ ശേഷം" എന്നർത്ഥമാക്കുന്നു. സൂക്ഷ്മ ശരീരം മനസ്, ബുദ്ധി, മിത്ഥ്യാഹങ്കാരം, മലിനീകരിക്കപ്പെട്ട അവബോധം എന്നിവയാലും, സ്ഥൂലശരീരം ഭൂമി, ജലം, അഗ്നി, വായു, സൂക്ഷ്മാകാശം എന്നിവയാലും നിർമിതമാണ്. ആത്മീയ ലോകത്തിലേക്ക് മാറ്റപ്പെടുമ്പോൾ ഒരുവൻ ഈ ഭൗതിക ലോകത്തിലെ അവന്റെ സൂക്ഷ്മവും സ്ഥൂലവുമായ രണ്ട് ശരീരങ്ങളും ഉപേക്ഷിക്കുന്നു. ആത്മീയാകാശത്തിലേക്ക് തന്റെ പരിശുദ്ധമായ ആത്മീയ ശരീരത്തിൽ പ്രവേശിക്കുന്ന അവൻ ഏതെങ്കിലുമൊരു ആത്മീയ ഗ്രഹത്തിൽ തങ്ങുന്നു. നിർവ്യക്തികവാദികളും സൂക്ഷ്മവും സ്ഥൂലവുമായ ഭൗതിക ശരീരങ്ങളുപേക്ഷിച്ച് ആ ആദ്ധ്യാത്മികാകാശത്തിൽ എത്തിപ്പെടുമെങ്കിലും, അവർ ആദ്ധ്യാത്മിക ഗ്രഹങ്ങളിൽ സ്ഥിതരാക്കപ്പെടാതെ അവരാഗ്രഹിച്ചതുപോലെ ഭഗവാന്റെ അതീന്ദ്രിയ ശരീരത്തിൽ നിന്നുത്ഭവിക്കുന്ന ആദ്ധ്യാത്മികതേജസിൽ അലിഞ്ഞുചേരാൻ അനുവദിക്കപ്പെടും. സ്വ-സംസ്ഥാനം എന്നവാക്കും വളരെ അർത്ഥവത്താണ്. ഒരു ജീവസത്ത സ്വയം തയ്യാറെടുക്കുന്നതുപോലെ അവന്റെ ഭവനം നേടുന്നു. നിർവ്യക്തിക ബ്രഹ്മജേതസ് നിർവ്യക്തികവാദികൾക്ക് വാഗ്ദാനം ചെയ്യപ്പട്ടിട്ടുള്ളതാണ്. പരമദിവ്യോത്തമപുരുഷനായ ഭഗവാനുമായി വൈകുണ്ഠത്തിലെ അദ്ദേഹത്തിന്റെ നാരായണരൂപത്തോടോ, കൃഷ്ണലോകത്തിലെ കൃഷ്ണനോടോ സഹവസിക്കണമെന്നാഗ്രഹിക്കുന്നവർ ആ ഭവനങ്ങളിൽ എത്തിച്ചേരും. ആ ഭവനങ്ങളിൽ നിന്ന് പിന്നീടൊരിക്കലും അവർ തിരികെ പോരുകയുമില്ല,
(ശ്രീമദ് ഭാഗവതം 3/27/28-29/ഭാവാർത്ഥം )