ഹിരണ്യകശിപു പറഞ്ഞു: ഹേ അധികപ്രസംഗീ, ബുദ്ധികെട്ട കുടുംബദ്രോഹിയായ ,അധമാ, നിന്നെ ഭരിക്കാനുളള എന്റെ അധികാരം നീ ലംഘിച്ചു, അതിനാൽ അങ്ങേയറ്റം പിടിവാശിയുളള വിഡ്ഢിയാണ് നീ. നിന്നെ ഇന്നു ഞാൻ യമപുരിയിലേക്ക് അയയ്ക്കുന്നുണ്ട്.
( ശ്രീമദ് ഭാഗവതം 7/8/5/വിവർത്തനം )
മൂഢാ, നിനക്കറിയുമോ, ഞാൻ കോപിക്കുമ്പോൾ ത്രിലോകങ്ങളും അവയുടെ നിയന്താക്കൾക്കൊപ്പം പ്രകമ്പനം കൊളളും. അങ്ങനെയുളള എന്റെ ശാസനത്തെ നിരസിച്ച് നിർഭയനായി എന്റെ മുന്നിൽ വരാൻ നിനക്ക് കഴിയുന്നത് ആരുടെ ശക്തിയാലാണ് ?
(ശ്രീമദ് ഭാഗവതം 7/8/6/വിവർത്തനം )
പ്രഹ്ലാദൻ പറഞ്ഞു: രാജാവേ, നിങ്ങൾ ചോദിക്കുന്ന എന്റെ ശക്തിയുടെ പ്രഭവം നിങ്ങളുടേയും ശക്തിയുടെ പ്രഭവമാകുന്നു. വാസ്തവത്തിൽ എല്ലാ ശക്തികളുടെയും പ്രഭവം ഒന്നാകുന്നു. അദ്ദേഹം നിന്റെയും എന്റെയും മാത്രമല്ല, എല്ലാവരുടേയും ഒരേയൊരു ശക്തിയാകുന്നു. അദ്ദേഹമില്ലാതെ ആർക്കും ഒരു ശക്തിയും ലഭിക്കുകയില്ല. ബ്രഹ്മാവുൾപ്പെടെ സർവചരാചരങ്ങളും ആ ഭഗവദ്ശക്തിയാൽ നിയന്ത്രിക്കപ്പെടുന്നു.
(ശ്രീമദ് ഭാഗവതം 7/8/7/വിവർത്തനം)
പരമനിയന്താവും കാലഘടകവുമായ ഭഗവാൻ, ഇന്ദ്രിയങ്ങളുടെയും, മനസ്സിന്റെയും, ശരീരത്തിന്റെയും ശക്തിയും, പ്രാണശക്തിയുമാകുന്നു. അദ്ദേഹത്തിന്റെ സ്വാധീനം അപരിമിതമാണ്. എല്ലാ ജീവസത്തകളിലും വച്ച് ശ്രേഷ്ഠനായ അവിടുന്നാണ് ത്രിഗുണങ്ങളുടെ നിയന്താവ്. സ്വശക്തിയൽ അദ്ദേഹം വിശ്വപ്രപഞ്ചത്തെ സൃഷ്ടിക്കുകയും, സംരക്ഷിക്കുകയും, സംഹരിക്കുകയും ചെയ്യുന്നു.
(ശ്രീമദ് ഭാഗവതം 7/8/8/
വിവർത്തനം)
പ്രഹ്ലാദൻ തുടർന്നു: പിതാവേ, ദയവായി ആസുരീയ മനോഭാവം ഉപേക്ഷിക്കുക. മനസ്സിൽ ശത്രുക്കളെന്നും മിത്രങ്ങളെന്നുമുളള വേർതിരിവ് ഉണ്ടാക്കരുത്; എല്ലാവരോടും സമചിത്തത പുലർത്തുക. അനിയന്ത്രിതവും മാർഗഭ്രംശം സംഭവിച്ചതുമായ മനസ്സൊഴികെ ഇഹ ലോകത്തിൽ മറ്റൊരു ശത്രുവുമില്ല. എല്ലാവരെയും സമഭാവനയോടെ ദർശിക്കുന്ന തലത്തിലെത്തുമ്പോൾ, ഭഗവാനെ പരിപൂർണതയോടെ ആരാധിക്കുന്ന തലം പുൽകും.
(ശ്രീമദ് ഭാഗവതം 7/8/9/വിവർത്തനം)
പുരാതന കാലത്ത്, ശരീരത്തിന്റെ സമ്പത്ത് കൊളളയടിക്കുന്ന ആറ് ശത്രുക്കളെ കീഴടക്കാത്ത, നിന്നെപ്പോലുള്ള ധാരാളം വിഡ്ഢികളുണ്ടായിരുന്നു. ഈ വിഡ്ഢികൾ, “പത്തു ദിക്കിലുമുളള ശത്രുക്കളെയെല്ലാം ഞാൻ ജയിച്ചു കീഴടക്കി" എന്ന് വളരെ അഭിമാനത്തോടെ ചിന്തിക്കുമായിരുന്നു. എന്നാൽ ഒരു വ്യക്തി ഇന്ദ്രിയങ്ങളാകുന്ന ആറു ശത്രുക്കളെയും ജയിക്കുകയും എല്ലാ ജീവസത്തകളോടും സമതുലിതാവസ്ഥ പാലിക്കുകയും ചെയ്യുന്നപക്ഷം അവനു പിന്നീട് ശത്രുക്കളൊന്നുമില്ല. ശത്രുക്കളെന്നത് ഒരുവന്റെ അജ്ഞതയിലുളള ഭാവന മാത്രമാണ്.
( ശ്രീമദ് ഭാഗവതം 7/8/10/വിവർത്തനം )