സ സർവ്വധീവൃത്ത്യനുഭൂതസർവ്വ
ആത്മായഥാ സ്വപ്നജനേക്ഷിതൈകഃ
തം സത്യമാനന്ദനിധിം ഭജേത
നാത്യത്ര സജ്ജേദ് യത ആത്മപാതഃ
വിവർത്തനം
സാധാരണ മനുഷ്യർ സ്വപ്നങ്ങളിൽ നിരവധി രൂപങ്ങളിൽ സ്വയം ആവിഷ്കരിക്കുന്നതുപോലെ, ഭഗവാൻ ഏകനായി അസംഖ്യം രൂപങ്ങളിൽ സ്വയം അവതരിക്കുന്നു; അഥവാ വെളിപ്പെടുത്തുന്നു. ആ പരമദിവ്യോത്തമപുരുഷനായ ഭഗവാനിൽ ഒരുവൻ മനസ്സ് ഏകത്ര കേന്ദ്രീകരിക്കണം. ശ്രേഷ്ഠവും, സർവാഹ്ലാദദായകവും, സർവം ജയവും, സർവവ്യാപിയും,സർവശക്തനും, വിശ്വാത്മാവും, പരമാത്മാവും, നിരതിശയാനന്ദസാഗരവും, ഗണനാർഹമായി വേറൊന്നില്ലാത്ത ഒരേ ഒരു സർവം പരമാനന്ദമയമായ പരിപൂർണസത്യത്തിൽ - പരമസത്യത്തിൽ ഒരുവൻ നിശ്ചയമായും മനസ്സിനെ ഏകാഗ്രമാക്കണം. അല്ലാത്തപക്ഷം, ഒരുവൻ തെറ്റായിനയിക്കപ്പെടുകയും, അത് അവന്റെ അധഃപതനത്തിന് കാരണമാകുകയും ചെയ്യും.
ഭാവാർഥം
ഈ ശ്ലോകത്തിൽ ഭക്തിയുതസേവനപ്രക്രിയ ശ്രീ ശുകദേവ ഗോസ്വാമിനിർദേശിക്കുന്നു. ആത്മസാക്ഷാത്കാരത്തെ സംബന്ധിക്കുന്ന പലതിലേക്ക് നമ്മുടെ ശ്രദ്ധതിരിക്കുന്നതിനു പകരം, സാക്ഷാത്കാരത്തിനും, ആരാധനയ്ക്കും, ഭക്തിക്കുമുള്ള പരംപൊരുൾ എന്ന നിലയ്ക്ക് നാം പരമദിവ്യോത്തമപുരുഷനിലേക്ക് മനസ്സിനെ കേന്ദ്രീകരിക്കണം. ഈ വസ്തുത നമ്മുടെ മനസ്സിൽ പതിപ്പിക്കാൻ അദ്ദേഹം ഈ ശ്ലോകത്തിൽ പരിശ്രമിക്കുന്നു. ആത്മസാക്ഷാത്കാരമെന്നത് നിലനിൽപ്പിനായുള്ള ഭൗതിക പോരാട്ടത്തിനെതിരെ ശാശ്വത ജീവിതത്തിനു വേണ്ടി നിർവഹിക്കപ്പെടുന്ന യുദ്ധം പോലെയാണ്. ആകയാൽ, ബാഹ്യശക്തിയുടെ മായികമായ അനുഗ്രഹങ്ങളാൽ വീണ്ടും ഭൗതിക ബന്ധനത്തിന്റെ കുരുക്കിൽ അകപ്പെടുത്തുന്ന നിരവധി പ്രലോഭനങ്ങളെ യോഗിക്ക്, അഥവാ ഭക്തന് അഭിമുഖീകരിക്കേ ണ്ടിവരുന്നു. അണുവിനേക്കാൾ ചെറുതാകാനും, തൂവലിനേക്കാൾ ഭാരം കുറയ്ക്കാനും കഴിയുന്ന അണിമാ, ലഘിമാ തുടങ്ങിയ ഭൗതിക സിദ്ധികളിൽ അവിശ്വസനീയവും, അത്ഭുതകരവുമായ വിജയം പ്രാപ്തമാക്കാൻ ഒരു യോഗിക്ക് കഴിയും. അല്ലെങ്കിൽ, സാധാരണഗതിയിൽ, ധനത്തിന്റെയോ, സ്ത്രീകളുടെയോ രൂപത്തിൽ ഒരുവന് ഭൗതിക നേട്ടങ്ങൾ പ്രാപ്തമായേക്കാം. എന്നാൽ, അത്തരം പ്രലോഭനങ്ങൾക്കെതിരെ ഒരുവന് മുന്നറിയിപ്പു നൽകിയിരിക്കുന്നു. എന്തുകൊണ്ടെന്നാൽ, അത്തരം മായിക വിഷയസുഖങ്ങളിൽ വീണ്ടും കെട്ടുപിണയുന്നത് സ്വന്തം അധപതനത്തിനും, വീണ്ടും ഭൗതിക ലോകത്തിലെ കാരാഗൃഹവാസത്തിനും ഇടയാക്കും. ഈ താക്കീതു പ്രകാരം, ഒരുവൻ തീർച്ചയായും ജാഗ്രത്തായ സ്വന്തം ബുദ്ധിയെ മാത്രമേ അനുസരിക്കാവൂ.
പരമപുരുഷനായ ഭഗവാൻ ഏകവും, അദ്ദേഹത്തിന്റെ വിസ്തരങ്ങൾ അസംഖ്യവുമാണ്. അതിനാൽ അദ്ദേഹം സകലതിന്റെയും പരമാത്മാവാണ്. ഒരാൾ എന്തെങ്കിലുമൊന്നു കാണുമ്പോൾ, അത് ആദ്യം കാണുന്നത് ഭഗവാനാണെന്നും, അതിനുശേഷം രണ്ടാമതായി മാത്രമേ താൻ അത് കാണുന്നുള്ളൂവെന്നുമുള്ള തിരിച്ചറിവ് നിശ്ചയമായും ഉണ്ടാവണം. എന്തുതന്നെയായാലും, അത് ആദ്യം ഭഗവാൻ ദർശിക്കാതെ ഒരാൾക്കും കാണാൻ കഴിയുകയില്ല. വേദങ്ങളുടെയും, ഉപനിഷത്തുക്കളുടെയും ചൂണ്ടിക്കാട്ടലാണത്. അതിനാൽ, നാം എന്തുതന്നെ കാണുകയോ, കേൾക്കുകയോ ചെയ്താലും, ആ കാഴ്ചകളുടെയും പ്രവൃത്തികളുടെയും പരമാത്മാവ് ഭഗവാനാകുന്നു. പരമാത്മാവും വ്യക്തിഗത ആത്മാവും തമ്മിലുള്ള ഏകകാലികമായ ഏകത്വത്തെയും ഭേദത്തെയും സംബന്ധിച്ചുള്ള ഈ സിദ്ധാന്തത്തെ അചിന്ത്യ-ഭേദാഭേദ - തത്ത്വമെന്ന തത്ത്വശാസ്ത്രമായിശ്രീ ചൈതന്യമഹാപ്രഭു ഉപന്യസിച്ചിരിക്കുന്നു. ഭൗതികമായി പ്രകടമായ സകലതും വിരാട് രൂപത്തിൽ, അല്ലെങ്കിൽ പരമപുരുഷനായ ഭഗവാന്റെ മാകാരമായ അതിമാനുഷികഭാവത്തിൽ ഉൾക്കൊണ്ടിരിക്കുന്നതിനാൽ, ഭഗവാന്റെ വിരാട് രൂപം, അഥവാ അതിബൃഹത്തായ ഭാവം സകല ചരാചരങ്ങളുടെയും പരമാത്മാവാകുന്നു. വിരാട് രൂപം, നാരായണന്റെയും, അല്ലെങ്കിൽ വിഷ്ണുവിന്റെയും ആവിഷ്കൃത രൂപമാകുന്നു. ഇത്രയുമല്ലാതെ, വീണ്ടും ഉള്ളിലേക്ക് കടന്നുചെന്ന് വീക്ഷിക്കുന്നപക്ഷം, സ്പഷ്ടമായ സർവതിന്റെയും നിയാമകമായ പരമാത്മാവ് ഭഗവാൻ ശ്രീകഷ്ണനാണെന്ന് ഒരുവൻ തിരിച്ചറിയും; ഒരുവൻ യാതൊരു മടിയും കൂടാതെ, നിസ്സന്ദേഹം ഭഗവാൻ ശ്രീകൃഷ്ണന്റെ, അല്ലെങ്കിൽ അദ്ദേഹധാരാളം ഘത്തിന്റെ പൂർണ വിസ്തരണമായ നാരായണന്റെ ആരാധകനായിത്തീരണം. മറ്റാരുടെയും അരുത്. ദ്രവ്യത്തിന്റെ മേൽ നാരായണ ഭഗവാന്റെ ഏകമാത്ര കടാക്ഷത്താലാണ് സൃഷ്ടി സാധ്യമായതെന്ന് വേദശ്ലോകങ്ങളിൽ സുവ്യക്തമായി സ്ഥാപിച്ചിരിക്കുന്നു. സൃഷ്ടിക്ക് മുമ്പ് ബ്രഹ്മാവാ, ശിവനോ ഉണ്ടായിരുന്നില്ല. എങ്കിൽപ്പിന്നെ മറ്റുള്ളവരുടെ കാര്യം പറയേണ്ടതില്ലല്ലോ. നാരായണൻ ഈ ഭൗതിക സൃഷ്ടിക്ക് അതീതനാണെന്നും, മറ്റുള്ളവരെല്ലാം ഭൗതിക സൃഷ്ടിക്കുള്ളിലാണെന്നും ശ്രീപാദ ശങ്കരാചാര്യർ നിയതമായി അംഗീകരിച്ചിരിക്കുന്നു. ആകയാൽ, സമ്പൂർണ ഭൗതിക സൃഷ്ടിയും ഏകകാലത്ത് നാരായണനിൽനിന്നും ഏകവും ഭിന്നവുമാണ്. ഇത് ശ്രീചൈതന്യ മഹാപ്രഭുവിന്റെ അചിന്ത്യ ഭേദാഭേദ തത്ത്വദർശനത്തെ ശക്തിപ്പെടുത്തുന്നു. നാരായണന്റെ വീക്ഷണശക്തിയിൽനിന്നും ഉത്ഭവിച്ചതാകയാൽ, സമ്പൂർണ ഭൗതിക സൃഷ്ടിയും അദ്ദേഹത്തിൽനിന്നും അഭിന്നമാകുന്നു. എന്നാൽ, ഇത് അദ്ദേഹത്തിന്റെ ബാഹ്യശക്തിയുടെ ഫലവും, അന്തരംഗശക്തിയിൽ (ആത്മ-മായ) നിന്നും ഒഴിഞ്ഞും നിൽക്കുകയാൽ, സമ്പൂർണ ഭൗതിക സൃഷ്ടിയും അദ്ദേഹത്തിൽനിന്നും ഭിന്നമാണ്. അതായത്, ഭൗതിക സൃഷ്ടി ഏകകാലത്ത് ഭഗവാനിൽനിന്നും ഭിന്നവും അഭിന്നവുമാണ്. കിനാവു കണ്ടുകൊണ്ടിരിക്കുന്ന ഒരുവനോട് സാമ്യപ്പെടുത്തി ഈ ശ്ലോകത്തിൽ നൽകിയിരിക്കുന്ന ദൃഷ്ടാന്തം അത്യന്തം ഹൃദ്യമാണ്. സ്വപ്നം കണ്ടുകൊണ്ടിരിക്കുന്ന ഒരുവൻ, അവന്റെ സ്വപ്നത്തിൽ നിരവധി അവസ്ഥകൾ സ്വയം സൃഷ്ടിക്കുകയും, അവയിൽ അകപ്പെട്ട് അവയുടെ പരിണതഫലങ്ങളിൽ എരിപിരികൊള്ളുകയും ചെയ്യുന്നു. തികച്ചും സ്വപ്നം പോലെയുള്ള ഒരു ഭഗവദ്സൃഷ്ടിയാണ് ഈ ഭൗതിക സൃഷ്ടിയും, എന്നാൽ, അതീന്ദ്രിയനായ പരമാത്മാവാകയാൽ അദ്ദേഹം അത്തരം സൃഷ്ടികളുടെ പ്രത്യാഘാതങ്ങളുടെ കുരുക്കിൽ അകപ്പെടുകയോ, അവയാൽ ബാധിക്കപ്പെടുകയോ ചെയ്യുന്നില്ല. അദ്ദേഹം സർവദാ അദ്ദേഹത്തിന്റെ അതീന്ദ്രിയ പദവിയിലാകുന്നു. എന്നുവരികിലും, ഒഴിച്ചുകൂടാൻ പറ്റാത്തവിധം പരമവും പ്രഥമവും പ്രധാനവുമായി സകലതും അദ്ദേഹമാകുന്നു. കൂടാതെ, യാതൊന്നും അദ്ദേഹത്തിൽനിന്നും സ്വതന്ത്രമല്ല. അദ്ദേഹത്തിന്റെത്തന്നെ ഒരു ഭാഗമായതിനാൽ, ഒരുവൻ ഒട്ടും വ്യതിചലിക്കാതെ അദ്ദേഹത്തിൽ മാത്രം ഏകാഗ്രനാകണം, അല്ലാത്തപക്ഷം, ഒന്നിനു പിറകേ മറ്റൊന്നായി ഭൗതിക സൃഷ്ടിയുടെ ശക്തികൾ ഒരുവനെ നിശ്ചയമായും കീഴ്പ്പെടുത്തും. ഈ വസ്തുത ഭഗവദ്ഗീത(9.7)യിൽ ഇപ്രകാരം സ്ഥിരീകരിച്ചിരിക്കുന്നു.
സർവഭൂതാനി കൗന്തേയ
പ്രകൃതിം യാന്തി മാമികാം
കല്പക്ഷയേ പുനസ്താനി
കല്പാദൗ വിസൃജാമ്യഹം
“ഹേ കുന്തീപുത്രാ, ഓരോ കൽപ്പത്തിന്റെയും അവസാനത്തിൽ ഈ ഭൗതികാവിർഭാവങ്ങളെല്ലാം എന്നിൽ പ്രവേശിക്കുന്നു. അടുത്ത കൽപ്പം ആരംഭിക്കുമ്പോൾ ഞാനവയെ വീണ്ടും എന്റെ ശക്തിയാൽ സൃഷ്ടിക്കു കയും ചെയ്യുന്നു.
എങ്കിലും, സൃഷ്ടി-സംഹാരങ്ങളുടെ ഈ ആവർത്തനചക്രത്തിൽ നിന്നും പുറത്തുവരാനുള്ള ഒരവസരമാണ് മനുഷ്യജന്മം. ഭഗവാന്റെ ബഹിരംഗശക്തിയിൽനിന്നും രക്ഷപ്പെട്ട്, അദ്ദേഹത്തിന്റെ അന്തരംഗശക്തിയിൽ പ്രവേശിക്കാനുള്ള ഉപായമാകുന്നു മനുഷ്യജന്മം.
(ശ്രീമദ് ഭാഗവതം 2/1/39 )
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .