പുരുഷോത്തമ മാസത്തിന്റെ മാഹാത്മ്യം
പത്മപുരാണത്തിൽ നിന്ന് ഉദ്ധൃതം
**********************************************************
പണ്ടൊരിക്കൽ
ആയിരക്കണക്കിന് മഹർഷിമാർ, നൈമിഷാരണ്യം എന്ന പുണ്യ സ്ഥലത്ത് ഒരു യാഗം നടത്തുവാനായി
ഒത്തുചേർന്നു. അവരുടെ ഭാഗ്യാതിരേകത്താൽ മഹാ ഭക്തനായ സൂത ഗോസ്വാമി, തൻറെ
ശിഷ്യന്മാരോടൊപ്പം അവിടെ വരാൻ ഇടയായി. അദ്ദേഹത്തെ ദർശിച്ച മാത്രയിൽ തന്നെ എല്ലാ
മഹർഷിവര്യന്മാരും ആനന്ദ ചിത്തരായി . അദ്ദേഹത്തെ ആദരപൂർവ്വം സ്വീകരിച്ച്
ആസനസ്ഥനാക്കി.അതിനുശേഷം കൂപ്പുകൈകളോടെ അവർ ഇപ്രകാരം പറഞ്ഞു . "അല്ലയോ സൂത
ഗോസ്വാമി, ദയവായി ഞങ്ങൾക്ക് പരമദിവ്യോത്തമ പുരുഷനായ ഭഗവാന്റെ അനിതരസാധാരണമായ
ലീലകളെക്കുറിച്ച് വർണ്ണിച്ചാലും. അങ്ങയെപ്പോലെ പരിപൂർണ്ണനായ ഒരു വ്യക്തിയിൽ നിന്ന്
ഇത് ശ്രവിക്കുവാൻ ഭാഗ്യമുണ്ടായാൽ ഞങ്ങൾക്ക് പരമപദപ്രാപ്തി ഉണ്ടാകുമെന്നതിൽ
സംശയമില്ല."
ശൗനക ഋഷിയുടെ
നേതൃത്വത്തിലുള്ള ആ മഹർഷിമാരുടെ അപേക്ഷ ശ്രവിച്ചപ്പോൾ, സൂത ഗോസ്വാമി മറുപടി
പറയാനാരംഭിച്ചു. " അല്ലയോ മഹർഷിമാരെ, ശ്രദ്ധിച്ചു കേൾക്കുക. പ്രഥമമായി
പുഷ്കരതീർത്ഥം സന്ദർശിച്ചതിനു ശേഷം, ഞാൻ ഹസ്തിനാപുരത്തിൽ എത്തി . അവിടെ
ഗംഗാനദിക്കരയിൽ , പരീക്ഷിത്ത് മഹാരാജാവിനോടൊപ്പം ആയിരക്കണക്കിന് പുണ്യാത്മാക്കൾ
ഉപവിഷ്ടരായിട്ടുണ്ടായിരുന്നു . അപ്പോൾ , മഹാഭാഗവതനായ ശുകദേവ ഗോസ്വാമി അവിടെ പ്രത്യക്ഷപ്പെടുകയും
, സകല ജനങ്ങളാലും ആദരിക്കപ്പെട്ട അദ്ദേഹം, പത്മ സമാനമായ വ്യാസാസനത്തിൽ
ഉപവിഷ്ടനാവുകയും ചെയ്തു. പിന്നീടദ്ദേഹം അമൃത തുല്യവും, അത്ഭുതകരവുമായ കൃഷ്ണകഥ
ശ്രീമദ് ഭാഗവതത്തിന്റെ രൂപത്തിൽ വർണ്ണിക്കുവാൻ ആരംഭിച്ചു."
"അല്ലയോ
മുനിശ്രേഷ്ഠരെ, ഇപ്രകാരം ശുകദേവ ഗോസ്വാമിയുടെ മുഖാരവിന്ദത്തിൽ നിന്ന്
ബഹിർഗമിക്കുന്ന ശ്രീമദ് ഭാഗവതം ശ്രവിക്കുന്നതിനുള്ള ഭാഗ്യം എനിക്കുണ്ടായി .
അങ്ങിനെ ഹസ്തിനപുരത്തിൽ നിന്ന് യാത്രയായ ഞാൻ ഇവിടെ എത്തിച്ചേർന്നു . ഇനി, ഞാൻ
ശ്രവിച്ച ഭഗവാന്റെ അത്യാകർഷകങ്ങളായ ലീലകളെ വിവരിക്കാം. ഒരിക്കൽ ശ്രീ നാരദ മുനി
ഭഗവാൻ നാരായണ ഋഷിയുടെ വാസസ്ഥാനമായ ബദരികാശ്രമത്തിലേക്ക് ആഗതനായി . അളകനന്ദ നദി
അദ്ദേഹത്തിൻറെ പാദപങ്കജങ്ങളിൽ നിന്ന് ഒഴുകിക്കൊണ്ടിരുന്നു . നാരദമുനി അദ്ദേഹത്തിന്
പ്രണാമങ്ങൾ അർപ്പിച്ചു. അതിനുശേഷം ഇപ്രകാരം പ്രാർത്ഥിച്ചു. "അല്ലയോ
ദേവാധിദേവാ , അല്ലയോ കരുണാസമുദ്രമേ , സകല സൃഷ്ടികളുടെയും നാഥനായിട്ടുള്ളവനെ ,
അങ്ങാണ് പരമസത്യം , സകല സത്യങ്ങളുടെയും അന്തസത്ത . ഞാൻ അങ്ങേയ്ക്ക് എന്റെ
പ്രണാമങ്ങൾ അർപ്പിക്കുന്നു . എന്റെ ഭഗവാനെ, ഈ ഭൗതിക ലോകത്തിലെ സർവ്വ
ജീവാത്മാക്കളും ഇന്ദ്രിയ ആസ്വാദനത്തിൽ മുഴുകിയിരിക്കുകയാണ് . അവർ തങ്ങളുടെ ആത്യന്തിക
ലക്ഷ്യത്തെക്കുറിച്ച് വിസ്മരിച്ചിരിക്കുന്നു . ആയതിനാൽ കുടുംബ ജീവിതം
നയിക്കുന്നവർക്കും , എന്നെപ്പോലെ പരിത്യാഗജീവിതം സ്വീകരിച്ചവർക്കും, മുനിമാർക്കും
ഭഗവത് സന്നിധിയിലേക്ക് മടങ്ങി പോകുവാനുതകുന്ന എന്തെങ്കിലും മാർഗ്ഗ നിർദ്ദേശങ്ങൾ
നൽകിയാലും .
നാരദമുനിയുടെ
മധുരതരമായ വാക്കുകൾ ശ്രവിച്ച് നാരായണ ഋഷി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു ." ഓ
നാരദ , പരമദിവ്യോത്തമ പുരുഷനായ ശ്രീകൃഷ്ണഭഗവാന്റെ അതീവ പുണ്യകരമായ ലീലകൾ
ശ്രവിച്ചാലും . എന്തുകൊണ്ടെന്നാൽ , എല്ലാതരം പാപ പ്രതികരണങ്ങളെയും അത്
ഇല്ലാതാക്കുന്നു . പ്രിയ നാരദാ അങ്ങേയ്ക്ക് ഇതെല്ലാം അറിയുന്നതാണെങ്കിലും,
മറ്റുള്ളവരുടെ നന്മയ്ക്കായാണ് അങ്ങ് ഇത് വീണ്ടും ചോദിക്കുന്നതെന്ന് ഞാൻ
മനസ്സിലാക്കുന്നു . ആയതിനാൽ ഇപ്പോൾ, ഞാൻ അതിപാവനമായ പുരുഷോത്തമ മാസത്തിന്റെ
മാഹാത്മ്യങ്ങളെ പറ്റി പറയാം . ഈ മാസം ഭൗതികാനന്ദനം പ്രദാനം ചെയ്യുന്നതിനു പുറമേ
ജീവിതാന്ത്യത്തിൽ ഭഗവദ് സന്നിധിയിലേക്ക് തിരികെ കൊണ്ടുപോകാനുള്ള
ശക്തിയുള്ളതുമാകുന്നു .
നാരദമുനി ആരാഞ്ഞു."
അല്ലയോ കാരുണ്യ സാഗരമേ, ചൈത്രം, കാർത്തിക മുതലായ മാസങ്ങളുടെ മാഹാത്മ്യത്തെ പറ്റി
ഞാൻ ശ്രവിച്ചിട്ടുണ്ട് . ഈ പുരുഷോത്തമ മാസം ഏതാണ് ? എപ്രകാരമാണ് ഈ മാസത്തെ
പുകഴ്ത്തുവാൻ കഴിയുക . ഈ മാസത്തിൽ ഞാൻ എന്തൊക്കെ വ്രതാനുഷ്ഠാനങ്ങളാണ് ചെയ്യേണ്ടത്
? ദയവായി എല്ലാം വിശദമായി പറഞ്ഞു തന്നാലും .
സൂത ഗോസ്വാമി പറഞ്ഞു
. "നാരദമുനിയുടെ ചോദ്യങ്ങൾ ശ്രവിച്ച ഭഗവാൻ നാരായണ ഋഷി തന്റെ പൂർണേന്ദു
സദൃശ്യമായ വദനത്തിലുദിച്ച മന്ദസ്മിതത്തോടെ ഇപ്രകാരം പറയുവാൻ ആരംഭിച്ചു.
"പ്രിയ നാരദാ , ഭഗവാൻ ശ്രീകൃഷ്ണൻ യുധിഷ്ഠിര മഹാരാജാവിനോട് വിശദീകരിച്ചതായ ചില
വസ്തുതകളാണ് ഞാനിപ്പോൾ അങ്ങയോട് പറയാൻ പോകുന്നത്."
"ദുര്യോധനന്റെ
ഗൂഢതന്ത്രങ്ങൾ നിമിത്തം, ചൂതുകളിയിൽ യുധിഷ്ഠിരന് എല്ലാം നഷ്ടമായി . തൻറെ
സാമ്രാജ്യം, രാജകൊട്ടാരം , എന്തിന് പതിവ്രതയായ പത്നി ദ്രൗപതിയെ പോലും. ആ സമയത്ത്
ദ്രൗപതി നിറഞ്ഞ രാജ്യസഭയിൽ വച്ച് ദുശാസനനാൽ അപമാനിതയായി . എന്നാൽ ദ്രൗപതിയെ
വസ്ത്രഹീനയാക്കാനായി ദുശാസനൻ ശ്രമിച്ചപ്പോൾ, ഭഗവാൻ കൃഷ്ണനാൽ ആപൽക്കരമായ ആ
സാഹചര്യത്തിൽ നിന്നും അവൾ സംരക്ഷിക്കപ്പെട്ടു . ഈ സംഭവത്തിനുശേഷം യുധിഷ്ഠിര
മഹാരാജാവ് തന്റെ സഹോദരങ്ങളോടും പത്നിയോടുമൊപ്പം, തൻറെ സാമ്രാജ്യം ഉപേക്ഷിച്ച്
കാമ്യക വനത്തിൽ വസിക്കുവാനാരംഭിച്ചു. . ഒരിക്കൽ ഭഗവാൻ ശ്രീകൃഷ്ണൻ , പാണ്ഡവരെയും
ദ്രൗപതിയേയും സന്ദർശിച്ചു . ഭഗവാനെ ദർശിച്ച മാത്രയിൽ തന്നെ അവർ ആനന്ദഭരിതരായി.
തങ്ങളുടെ യാതനാപൂർണമായ ആ വന വാസത്തെക്കുറിച്ച് അവർ പാടെ മറന്നു പോയി . കൃഷ്ണന്റെ
ദർശനത്താൽ തന്നെ നവജീവൻ ലഭിച്ചതായി അവർക്ക് അനുഭവപ്പെട്ടു . അവരേവരും ഭഗവാന്
പ്രണാമങ്ങൾ അർപ്പിച്ചു . പാണ്ഡവരുടെ ഈ ദുരവസ്ഥ ദർശിച്ച ഭഗവാൻ അങ്ങേയറ്റം
കോപാകുലനായി. അഖില പ്രപഞ്ചവും ഭഗവാൻറെ കോപാഗ്നിയാൽ ഭസ്മമാകുമെന്ന്
പ്രതീതിയുളവായതിനാൽ പാണ്ഡവർ വിനീതമായി അദ്ദേഹത്തിന് പ്രാർഥനകൾ അർപ്പിച്ചു . അർജുനന്റെ
പ്രാർത്ഥനകൾ ശ്രവിച്ച ഭഗവാൻ ശാന്തനായിത്തീർന്ന് ഇപ്രകാരം അരുളി ചെയ്തു."
അല്ലയോ അർജ്ജുന നിങ്ങളേവരിലും പ്രസന്നനായതിനാലും , നിങ്ങളുടെ ഭക്തിയാലും
സൗഹൃദത്തിനാലും നിയന്ത്രിക്കപ്പെട്ടിരിക്കുന്നതിനാലും , ഞാൻ പുരുഷോത്തമ
മാസത്തിന്റെ അത്ഭുതകരമായ ആ ചരിത്രത്തെപ്പറ്റി ഇപ്പോൾ പറയാം.
"പ്രിയ അർജുനാ
ഒരിക്കൽ വിധിവശാൽ അധികമായി ഒരു മാസം ഈ ലോകത്തിലേക്ക് ആഗതമായി . എല്ലാവരും ഈ
മാസത്തെ അത്യധികം അമംഗളകരമായി കണക്കാക്കി , മലത്തിന് തുല്യമായി അതിനെ കാണുവാൻ
തുടങ്ങി . ഒരുവൻ എപ്രകാരമാണോ മലത്തെ തൊട്ടുകൂടാൻ പാടില്ലാത്തത്. , അപ്രകാരം തന്നെ
ഈ മാസത്തേയും അസ്പർശ്യമായി കണക്കാക്കുവാൻ തുടങ്ങി . ഏവരാലും നിന്ദിക്കപ്പെട്ടതും ,
മംഗളകരമായ കർമ്മങ്ങൾ നടത്താനായി അനുചിതമെന്ന് നിഷേധിക്കപ്പെട്ടതുമായ ഈ മാസത്തെ
സംരക്ഷിക്കുവാനായി ആരുമുണ്ടായിരുന്നില്ല .
മനുഷ്യരാൽ
തിരസ്കരിക്കപ്പെട്ടതിനാലും , തുടർച്ചയായി മോശമായ വാക്കുകളാൽ
നിന്ദിക്കപ്പെട്ടതിനാലും ഈ അധിക മാസം അതീവ ദുഃഖിതരായി തീർന്നു . അവൾ
വൈകുണ്ഠത്തിലേക്ക് പോയി , വിഷ്ണു ഭഗവാനെ കണ്ടു തൻറെ സങ്കടമുണർത്തിച്ചു . ഭഗവാന്റെ
പാദപത്മങ്ങളിൽ വീണ് പ്രണമിച്ചു. അവളുടെ നയനങ്ങളിൽ നിന്ന് അശ്രുക്കൾ ധാരധാരയായി
ഒഴുകാൻ തുടങ്ങി . അവൾ ഇപ്രകാരം പ്രാർത്ഥിക്കുവാൻ തുടങ്ങി .
" അല്ലയോ
കരുണാസമുദ്രമേ , ഞാൻ നിസ്സഹായയായി അങ്ങയുടെ സമീപം ആഗതയായിരിക്കുകയാണ്. അഖിലം
മുഴുവനും, എന്നെ നിന്ദിക്കുകയും ,തിരസ്കരിക്കുകയും ചെയ്യുന്നു . ദയവായി എന്നെ
സംരക്ഷിച്ചാലും.അങ്ങയുടെ കാരുണ്യം എന്നിൽ ചൊരിഞ്ഞാലും .എന്നിൽ ഉദാസീനനാകരുതേ
..." ഇപ്രകാരം മൊഴിഞ്ഞു കൊണ്ട് അധിക മാസം വിഷ്ണുഭഗവാന് മുന്നിൽ ഇരുന്നു
കൊണ്ട് വാടിയ മുഖത്തോടെ അശ്രുക്കൾ പൊഴിക്കുവാൻ തുടങ്ങി . അധിക മാസത്തിന്റ
വിനയാന്വിതവും ദുഃഖകരവുമായ അവസ്ഥയെ കണ്ട ഭഗവാൻ കാരുണ്യപൂർവ്വം അവളോട് ഇപ്രകാരം
അരുളിച്ചെയ്തു .
"സങ്കടപ്പെടേണ്ട
. എല്ലാവിധ ദുഃഖങ്ങളിൽ നിന്നും ഞാൻ നിന്നെ സംരക്ഷിക്കുന്നതാണ്. ദയവായി വിലാപം
നിർത്തുക. എന്റെ പാദങ്ങളിൽ ശരണമടഞ്ഞതിനുശേഷം വിലപിക്കുന്നത് അനുചിതമാണ് ."
ഭഗവാനാൽ ആശ്വസിപ്പിക്കപ്പെട്ട അധിക മാസം , ഹൃദയത്തിന്റെ ഭാഷയിൽ ഇപ്രകാരം മൊഴിയുവാൻ
തുടങ്ങി . എന്റെ ഭഗവാനെ, അങ്ങേയ്ക്ക് എൻറെ യാതനാപൂർണമായ അവസ്ഥ അറിയാവുന്നതാണ് .
ത്രിലോകങ്ങളിലും എന്നെക്കാളും ദുഃഖിതമായ അവസ്ഥയിൽ ആരുമില്ല. മറ്റെല്ലാ മാസങ്ങളും ,
വർഷങ്ങളും , ദിവസങ്ങളും അങ്ങയാൽ സംരക്ഷിതരാണ് . അതിനാൽ തന്നെ അവർ നിർഭയരായി
തങ്ങളുടേതായ ആകർഷകമായ ഭാവത്തിൽ ചരിച്ചുകൊണ്ടിരിക്കുന്നു . എന്നാൽ എനിക്ക്
അഭയമരുളുന്നതിനായി ഒരു നാമമോ , സംരക്ഷകനോ , ഭർത്താവോ ഇല്ല . ദേവകളും , മനുഷ്യരും
മംഗളകരമായ പ്രവർത്തികളിൽ നിന്ന് എന്നെ തിരസ്കരിച്ചിരിക്കുന്നു . ഇക്കാരണത്താൽ
തന്നെ അല്ലയോ ഭഗവാനേ... ഞാൻ ഉടൻ തന്നെ മൃത്യു വരിക്കുവാനാഗ്രഹിക്കുന്നു ."
"അല്ലയോ നാരദാ
, ഈ അധിക മാസം ഇപ്രകാരം ഉരുവിട്ടുകൊണ്ടിരുന്നു."
"ഞാൻ മരണത്തെ
ഇച്ഛിക്കുന്നു , ഞാൻ മരണത്തെ ഇച്ഛിക്കുന്നു , ഞാൻ മരണത്തെ ഇച്ഛിക്കുന്നു .
ഇപ്രകാരം വിലപിച്ചു കൊണ്ട് ഭഗവദ് പാദങ്ങളിൽ അവൾ ബോധമറ്റ് നിലംപതിച്ചു .
വിഷ്ണു ഭഗവാന്റെ
ആജ്ഞയനുസരിച്ച് ഗരുഡൻ , അധിക മാസത്തെ തൻറെ ചിറകിനാൽ വീശി തണുപ്പിക്കുവാൻ തുടങ്ങി .
അല്പസമയത്തിനു ശേഷം ബോധം വീണ്ടു കിട്ടിയപ്പോൾ, അവൾ വീണ്ടും കേഴുവാൻ തുടങ്ങി
." അല്ലയോ ജഗന്നാഥ , ഞാൻ അങ്ങയുടെ സംരക്ഷണത്തിന് ആവശ്യമുള്ളവളാണ് . ദയവായി
എന്നെ സംരക്ഷിച്ചാലും . വിഷ്ണുഭഗവാൻ അധിക മാസത്തോട് ഇപ്രകാരം അരുളിച്ചെയ്തു.
" എന്റെ പ്രിയ പുത്രി , സങ്കടപ്പെടാതിരുന്നാലും. നിൻറെ എല്ലാവിധ ദുഃഖങ്ങളും
അതിശീഘ്രം തന്നെ അവസാനിക്കുന്നതാണ്. എഴുന്നേൽക്കൂ. മഹാന്മാരായ യോഗികൾക്ക് പോലും അപ്രാപ്യമായ
ആ ഗോലോക വൃന്ദാവനത്തിലേക്ക് എൻറെ ഒപ്പം വരിക. ഈ ഗോലോകം ഭഗവാൻ ശ്രീകൃഷ്ണൻ
വാസസ്ഥാനമാണ് .അവിടെ അദ്ദേഹം തന്റെ ശാശ്വതമായ ദ്വിഭുജരൂപത്തിൽ ഗോപികമാരാൽ
ചുറ്റപ്പെട്ട് തന്റെ ശാശ്വതമായ ലീലകൾ ആസ്വദിക്കുന്നു. പരമദിവ്യോത്തമ പുരുഷനായ
ഭഗവാൻ ശ്രീകൃഷ്ണൻ നിന്നെ എല്ലാവിധ ക്ലേശങ്ങളിൽ നിന്നും മുക്തമാക്കും. ഇപ്രകാരം
പറഞ്ഞു കൊണ്ട് വിഷ്ണുഭഗവാൻ മല മാസത്തെ (അധികം മാസത്തെ) തൻറെ കൈപിടിച്ചുകൊണ്ട്
ഗോലോക വൃന്ദാവനത്തിലേക്ക് കൊണ്ടുപോയി.
"വളരെ ദൂരത്തു
നിന്ന് തന്നെ വിഷ്ണുഭഗവാനും അധിക മാസവും ഗോലോകത്തിന്റെ അത്യുജ്ജ്വലമായ പ്രഭാപൂരം
ദർശിച്ചു. കണ്ണഞ്ചിപ്പിക്കുന്ന ആ പ്രകാശത്താൽ, മല മാസം തൻറെ മിഴികൾ പൂട്ടുവാൻ
നിർബന്ധിതയായി. അതിനാൽ മല മാസത്തെ പുറകിൽ നിർത്തി വിഷ്ണുഭഗവാൻ മുന്നിലേക്ക്
നീങ്ങി. അങ്ങനെ അവർ പ്രഥമ പ്രവേശന കവാടത്തിനു മുന്നിൽ എത്തി. ദ്വാരപാലകർ
വിഷ്ണുഭഗവാന് ആദരവറിയിച്ചു. പരമമായ വാസസ്ഥാനത്തെത്തിച്ചേർന്ന വിഷ്ണുഭഗവാൻ, ഉന്നത
ഭക്തരായ ഗോപാംഗനകളാൽ ചുറ്റപ്പെട്ട ഭഗവാൻ ശ്രീകൃഷ്ണനെ മുഖാമുഖം ദർശിച്ചു. ലക്ഷ്മി
പതിയായ ഭഗവാൻ വിഷ്ണു , ഭഗവാൻ കൃഷ്ണന് പ്രണാമങ്ങളർപ്പിച്ചു . അതിനുശേഷം ഉച്ചത്തിൽ
കരഞ്ഞുകൊണ്ടിരുന്ന മല മാസവും ഭഗവാനു മുന്നിൽ പ്രണമിച്ചു. ഉടൻ തന്നെ ശ്രീകൃഷ്ണഭഗവാൻ
ആരാഞ്ഞു "എന്തുകൊണ്ടാണിവൾ വിലപിക്കുന്നത്? ഗോലോക വൃന്ദാവനത്തിലിരിക്കേ
എന്തിനാണിവൾ അശ്രധാരയൊഴുക്കുന്നത് ?" ശ്രീകൃഷ്ണ ഭഗവാന്റെ വാക്കുകൾ ശ്രവിച്ച
വിഷ്ണുഭഗവാൻ , തന്റെ ആസനത്തിൽ നിന്നും എഴുന്നേറ്റ് , അധികമാസത്തിന്റെ ക്ലേശകരമായ
അവസ്ഥയെപ്പറ്റി വിശദീകരിക്കുവാൻ തുടങ്ങി . ഈ മാസത്തെ സംരക്ഷിക്കുവാൻ അദ്ദേഹം
ശ്രീകൃഷ്ണഭഗവാനോട് യാചിച്ചു. "അങ്ങേയ്ക്കല്ലാതെ ആർക്കും ഈ അധിക മാസത്തെ
അവളുടെ നരകീയമായ അവസ്ഥയിൽ നിന്ന് രക്ഷിക്കാനും സംരക്ഷണമരുളുവാനും
സാധിക്കുകയില്ല." ഇപ്രകാരം പറഞ്ഞുകൊണ്ട് അദ്ദേഹം കൂപ്പുകൈകളോടെ നിലകൊണ്ടു.
സൂത ഗോസ്വാമി
തുടർന്നു .."അല്ലയോ മുനിശ്രേഷ്ഠരേ വിഷ്ണുഭഗവാൻ സ്വസ്ഥാനത്തിൽ ഉപവിഷ്ടനാവുകയും
ശ്രീകൃഷ്ണഭഗവാൻ അതീവരഹസ്യമായ ആ വാക്കുകൾ അദ്ദേഹത്തോടരുളുകയും ചെയ്തു.
"ശ്രദ്ധിച്ചുകേൾക്കുക . എന്തെന്നാൽ ഞാൻ എല്ലാവർക്കുമായി ഇക്കാര്യം
പങ്കുവയ്ക്കാൻ പോവുകയാണ് ."
പുരുഷോത്തമനായ
ശ്രീകൃഷ്ണഭഗവാൻ പറഞ്ഞു. " ഓ വിഷ്ണു , ഈ അധിക മാസത്തെ എന്റെ അടുത്തേക്ക്
ആനയിക്കുക വഴി വളരെ മഹത്തായ ഒരു കൃത്യമാണ് അങ്ങ് ചെയ്തത് . ഈ പ്രവൃത്തിയിലൂടെ
അങ്ങ് ഇനിയും കീർത്തിമാനായിത്തീരുന്നതാണ് . എന്തുകൊണ്ടെന്നാൽ അങ്ങാണ് ഈ മല മാസത്തെ
സ്വീകരിച്ചത്. ഞാനും ഇവളെ സ്വീകരിക്കുന്നു . ഈ സാധുവായ അധികമാസത്തെ ഗുണത്തിലും ,
കീർത്തിയിലും , ഐശ്വര്യത്തിലും , സാക്ഷാത്കാരത്തിലും , വിജയത്തിലും , ഭക്തർക്ക്
അനുഗ്രഹം നൽകുന്നതിലും എന്നോട് സദൃശമാക്കി തീർക്കുന്നതാണ്. ഈ മാസം എനിക്ക് തുല്യം
ശക്തിയുള്ളതായിരിക്കും . ഞാൻ ഈ നിന്ദിക്കപ്പെട്ട മാസത്തിന് എൻറെ ദൈവീകമായ എല്ലാ
ഗുണങ്ങളും പ്രദാനം ചെയ്യുന്നു . എന്റെ നാമത്തിനു ശേഷം അറിയപ്പെടുന്ന ഇവൾ
'പുരുഷോത്തമ മാസം' എന്ന പേരിൽ പ്രശസ്തി ആർജ്ജിക്കുന്നതാണ് ."
" അല്ലയോ
ജനാർദ്ദനാ , ഇപ്പോൾ എൻറെ ഗുണങ്ങളാൽ പൂരിതമായ ഇവളുടെ ഭർത്താവും സംരക്ഷകനും
ഞാനാകുന്നതാണ് . എന്നോട് തുല്യമാകയാൽ ഈ മാസം മറ്റെല്ലാ മാസങ്ങൾക്കും
അധിപയാകുന്നതാണ് . ഇപ്പോൾ ഈ മാസം ഏവരുടെയും ആരാധനാപാത്രമാകുന്നതാണ് .ഏവരും ഇവളെ
പ്രണമിക്കേണ്ടതാണ് . ഏവരും ഇവളെ ആരാധിക്കേണ്ടതാണ് . ഏതുതരം അനുഗ്രഹം നൽകുന്നതിനും
ഈ മാസം , എനിക്ക് തുല്യം ശക്തിയുള്ളതാകുന്നു. ഒന്നോ അതിലധികമോ ആശകളാൽ പൂരിതമായ
മറ്റു മാസങ്ങളിൽ നിന്നു വ്യത്യസ്തമായി ഞാനിവളെ അഭിനിവേശരഹിതമാക്കുന്നു . ഈ മാസത്തെ
ആരാധിക്കുന്നവർ തന്റെ പൂർവ പാപകർമ്മങ്ങൾ ഭസ്മമാക്കുകയും , ഈ ഭൗതിക മണ്ഡലത്തിൽ
ആനന്ദകരമായ ജീവിതം ആസ്വദിച്ചതിനുശേഷം ജീവിതാന്ത്യത്തിൽ ഭഗവദ് ധാമത്തിലേക്ക് തിരിച്ചു
പോകുകയും ചെയ്യുന്നു . "
"ഓ ഗരുഡധ്വജാ
.." കൃഷ്ണ ഭഗവാൻ തുടർന്നു ."തപശ്ചര്യകൾ അനുഷ്ഠിക്കുന്നവർക്കും
പുണ്യപ്രവർത്തികളിൽ ഏർപ്പെടുന്ന മഹാത്മാക്കൾക്കും , ബ്രഹ്മചര്യം
അനുഷ്ഠിക്കുന്നവർക്കും , ജീവിതകാലം മുഴുവനും ഉപവാസം അനുഷ്ഠിക്കുന്നവർക്കും എൻറെ
ഗോലോകം അപ്രാപ്യമാണ് . എന്നാൽ , പുരുഷോത്തമാസത്തിൽ വ്രതമനുഷ്ഠിക്കുന്നത് കൊണ്ട്
മാത്രം ഒരുവന് ഈ സംസാരസാഗരത്തെ തരണം ചെയ്തു എന്റെ ധാമത്തിൽ എത്തിച്ചേരാനാകും .
പുരുഷോത്തമാസത്തിൽ വ്രതമനുഷ്ഠിക്കുന്നത് എല്ലാതരം തപശ്ചര്യകളെക്കാളും ഉന്നതമാണ് .
ഒരു കർഷകൻ നന്നായി ഉഴുതുമറിച്ച് ഒരുക്കിയ പാടത്തിൽ വിത്തുകൾ വിതച്ച് നല്ല
വിളവെടുപ്പ് നടത്തുന്നത് പോലെ , ഈ പുരുഷോത്തമ മാസത്തിൽ ഭക്തിയുത സേവനത്തിന്റെ
പരിശീലനം നടത്തുന്ന ബുദ്ധിമാനായ മനുഷ്യൻ ഈ ലോകത്തിൽ ഇരിക്കുമ്പോൾ തന്നെ
ആനന്ദപ്രദമായ ജീവിതം ആസ്വദിക്കുകയും , ഈ ദേഹം വെടിഞ്ഞതിനുശേഷം ഭഗവദ്ധാമത്തിലേക്ക് മടങ്ങുകയും
ചെയ്യുന്നു . "
" ഈ പുരുഷോത്തമ
മാസത്തിൽ നാമജപം ചെയ്യാതിരിക്കുകയോ, ദാനധർമ്മങ്ങൾ അനുഷ്ഠിക്കാതിരിക്കുകയോ, ഭഗവാൻ
കൃഷ്ണനും അദ്ദേഹത്തിൻറെ ഭക്തർക്കും ആദരവ് നൽകാതിരിക്കുകയോ, ബ്രാഹ്മണരോട് ശരിയായ
വിധത്തിൽ പെരുമാറാതിരിക്കുകയോ , മറ്റുള്ളവരുമായി ശത്രുത വച്ചുപുലർത്തുകയോ ,
പുരുഷോത്തമ മാസത്തെ നിന്ദിക്കുകയോ ചെയ്യുന്ന ദൗർഭാഗ്യവാനും , അജ്ഞനുമായ ഒരുവൻ
അപരിമിതമായ കാലത്തേക്കു നരകത്തിൽ പോകേണ്ടിവരും . "
ശ്രീകൃഷ്ണ ഭഗവാൻ
തുടർന്നു . "പുരുഷോത്തമ മാസത്തിൽ ഭക്തിയുതസേവനം അനുഷ്ഠിക്കാത്ത ഒരുവന്റെ
ജീവിതം എപ്രകാരമാണ് വിജയപ്രദമാകുക ? പൂർണമായും ഇന്ദ്രിയ സന്ദർപണത്തിൽ
ഏർപ്പെടുന്നവനും , ഈ പാവനമായ മാസത്തിന് പ്രാധാന്യം കൊടുക്കാത്തവനുമായ ഒരുവൻ
നരകത്തിലേക്ക് പോകാൻ എന്തുകൊണ്ടും അനുയോജ്യനായവനാണ് . എല്ലാ മനുഷ്യരും ഈ
പുരുഷോത്തമ മാസത്തിൽ എന്തെങ്കിലും ഭക്തിയുത സേവനം അനുഷ്ഠിക്കേണ്ടതാണ്.
1. പുണ്യ തീർത്ഥങ്ങളിൽ
നീരാടുന്നതു വഴിയോ
2. എൻറെ നാമം
ജപിക്കുന്നതിലൂടെ എന്നെ ആരാധിക്കുന്നത് വഴിയോ
3. ദാനധർമ്മങ്ങൾ
നടത്തുന്നത് വഴിയോ ഇത് ചെയ്യാവുന്നതാണ് . "
" എന്റെ
നിർദ്ദേശങ്ങളെ പിന്തുടർന്നുകൊണ്ട് പുരുഷോത്തമ മാസത്തിലെ വ്രതം വിശ്വസ്തതയോടെ ,
ഉചിതമായ രീതിയിൽ അനുഷ്ഠിക്കുന്ന ഒരുവൻ കീർത്തി , ഐശ്വര്യം എന്നിവ ഈ ജന്മത്തിൽ
തന്നെ നേടുകയും ആനന്ദപ്രദമായ ജീവിതം ആസ്വദിച്ചതിനു ശേഷം ഗോലോകത്തിലേക്ക്
തിരിച്ചുപോവുകയും ചെയ്യുന്നു . എന്റെ നിർദ്ദേശങ്ങളെ പിന്തുടർന്നുകൊണ്ട് ഏവരും ഈ
പുണ്യ മാസത്തെ ആരാധിക്കണം."
"അല്ലയോ രമാ
പതി , മാസങ്ങളിൽ വെച്ച് ഉത്തമമായ മാസമായി ഞാനിവളെ മാറ്റിയിരിക്കുന്നു . ഈ
അധികമാസത്തെ കുറിച്ചുള്ള എല്ലാ ആകുലതകളും, ഊഹാപോഹങ്ങളും നിർത്തിയാലും . ഈ
പുരുഷോത്തമ മാസത്തെ അങ്ങയുടെ വൈകുണ്ഠ ധാമത്തിലേക്ക് കൂട്ടി കൊണ്ട് പോയാലും.."
പുരുഷോത്തമ
മാസത്തിന്റെ ഈ ചരിത്രം ചുരുക്കി പറഞ്ഞതിനുശേഷം ശ്രീകൃഷ്ണഭഗവാൻ കാരുണ്യപൂർവ്വം
യുധിഷ്ഠിരനേയും ദ്രൗപതിയേയും കടാക്ഷിച്ചു . ഭഗവാൻ അർജ്ജുനനോട് ഇപ്രകാരം പറഞ്ഞു.
"അല്ലയോ
പുരുഷകേസരി , പാണ്ഡവന്മാർ എന്തുകൊണ്ടാണ് ക്ലേശങ്ങൾ അനുഭവിക്കുന്നത് എന്ന്
മനസ്സിലാക്കാൻ സാധിക്കുന്നുണ്ടോ ? നിങ്ങൾ അടുത്തകാലത്ത് കടന്നുപോയ പുരുഷോത്തമ
മാസത്തെ അംഗീകരിക്കുകയോ , അവളുടെ സാമീപ്യം ആദരിക്കുകയോ ചെയ്തില്ല . വൃന്ദാവന
ചന്ദ്രന് അത്യധികം പ്രിയങ്കരമായ ആ മാസം കടന്നു പോയി . എന്നാൽ നിങ്ങൾ പുരുഷോത്തമ
മാസത്തെ ആരാധിച്ചില്ല . അതിനാൽ നിങ്ങൾ ഇപ്പോൾ ക്ലേശങ്ങൾ അനുഭവിക്കുന്നു . വ്യാസ
ദേവൻ നൽകിയ അനുഷ്ഠാന തത്വങ്ങളാണ് നിങ്ങൾ ഇപ്പോൾ പിന്തുടരുന്നത് . എന്നാൽ
പുരുഷോത്തമ മാസത്തെ ആരാധിക്കാത്തതു വരേക്കും നിങ്ങൾക്ക് എന്നോടുള്ള ശുദ്ധ ഭക്തിയുത
സേവനം അനുഷ്ഠിക്കാനാവില്ല."
ശ്രീകൃഷ്ണ ഭഗവാൻ
തുടർന്നു." ഇനി ഞാൻ ദ്രൗപതിയുടെ കഴിഞ്ഞ ജന്മത്തിലെ ചരിത്രപരമായ ഒരു സംഭവത്തെ
കുറിച്ച് വിവരിക്കാം . ദ്രൗപതി തന്റെ കഴിഞ്ഞ ജന്മത്തിൽ മേധവി എന്ന മഹർഷിയുടെ
പുത്രിയായിരുന്നു . ചെറിയ കുട്ടിയായിരിക്കുമ്പോൾ തന്നെ അവളുടെ അമ്മ അകാല മൃത്യുവരിച്ചു
. കാലം അതിന്റെ യാത്ര തുടരവേ യൗവനമുറ്റിനിൽക്കുന്ന അതിസുന്ദരിയായ ഒരു പെൺകിടാവായി
അവൾ മാറി . എന്നാൽ അവളുടെ വിവാഹം നടത്തി കൊടുക്കുവാനായി , പിതാവ് അധികം താല്പര്യം
കാണിച്ചില്ല . തന്റെ സഖികളെ ഭർത്താക്കന്മാരോടും കുട്ടികളോപ്പം കൂടി കണ്ട്, അവൾ
ദുഃഖിതയായി കാലം കഴിച്ചുകൂട്ടി . അധികം താമസിയാതെ അവളുടെ പിതാവ് ,
ഹരിനാമമുരുവിട്ടു കൊണ്ട് ദേഹം വെടിയുകയും ചെയ്തു . ഇത് അവളുടെ ജീവിതം കൂടുതൽ
ക്ലേശകരമായ അവസ്ഥയിലാക്കി .
ഭാഗ്യവശാൽ
ദുർവാസമുനി അവളുടെ ആശ്രമം സന്ദർശിക്കാൻ ഇടയായി. അദ്ദേഹത്തിന് എല്ലാ വിധ
ഉപചാരങ്ങളും ചെയ്തതിനുശേഷം അവൾ തന്റെ ദുഃഖങ്ങളെല്ലാം ദുർവാസ മുനിയെ അറിയിച്ചു .
"അല്ലയോ
മഹാത്മാവേ, അങ്ങ് ഭൂതവും , വർത്തമാനവും , ഭാവിയും അറിയുന്നവനാണ് . എനിക്ക് ഈ
ലോകത്തിൽ ആരും അഭയമേകാനായിട്ടില്ല . ഞാൻ ബന്ധുക്കൾ
നഷ്ടപ്പെട്ടവളായിത്തീർന്നിരിക്കുന്നു .ഇപ്പോഴിതാ എന്റെ പിതാവും
ദിവംഗതനായിരിക്കുന്നു . എനിക്ക് മുതിർന്ന സഹോദരനുമില്ല . അവിവാഹിതയായതിനാൽ എന്നെ
സംരക്ഷിക്കാൻ ഭർത്താവുമില്ല . അല്ലയോ മഹാത്മാവേ , ദയവുചെയ്ത് എന്നെ ഈ ക്ലേശങ്ങളിൽ
നിന്നും സംരക്ഷിക്കാൻ എന്തെങ്കിലും ചെയ്യുക... എന്തെങ്കിലും ഉപായം എനിക്ക്
പറഞ്ഞുതരിക..."
തന്നെ ഈ ക്ലേശകരമായ
ഈ അവസ്ഥയിൽ നിന്നും മോചിപ്പിക്കാനായി അവൾ യാചിച്ചു . അവളുടെ പ്രാർത്ഥന ശ്രവിച്ച
ദുർവാസമുനി , അവളുടെ ദൗർഭാഗ്യകരമായ ഈ അവസ്ഥയെപ്പറ്റി ഗൗരവമായി ചിന്തിക്കുകയും
തന്റെ കാരുണ്യം അവൾക്കേകുവാനായി തീരുമാനിക്കുകയും ചെയ്തു .
ദുർവാസാവ് മഹർഷി
ഇപ്രകാരം അരുളിച്ചെയ്തു . " അല്ലയോ കോമളാംഗി , ഇന്നേക്ക് മൂന്നുമാസത്തിനുശേഷം
ഏറ്റവും പരിപാവനമായ പുരുഷോത്തമ മാസം ആരംഭിക്കും . ഈ പവിത്രമായ മാസം ഭഗവാൻ കൃഷ്ണന്
അത്യന്തം പ്രിയങ്കരമാണ് . ഈ മാസത്തിൽ പുണ്യതീർത്ഥ സ്നാനത്തിലൂടെ മാത്രം ഒരുവൻ
പൂർണമായും പാപ മുക്തനായിത്തീരുന്നു . ഈ പുരുഷോത്തമ മാസം മറ്റേതു മാസങ്ങളേക്കാളും
മഹത്തായതാണ് . മറ്റു മാസങ്ങളുടെ മഹത്വം നോക്കിയാൽ ഈ മാസത്തിന്റെ പതിനാറിലൊരംശം
പോലും വരില്ല . ഈ മാസത്തിൽ ഒരു തവണയെങ്കിലും തീർത്ഥസ്നാനം ചെയ്താൽ അത്
പന്ത്രണ്ടായിരം വർഷങ്ങളോളം ഗംഗയിലും ഗോദാവരിയിലും സ്നാനം ചെയ്ത ഫലം ലഭ്യമാക്കുന്നു
. ഈ മാസത്തിൽ കൃഷ്ണന്റെ ദിവ്യ നാമങ്ങളെ ഭക്തിപൂർവ്വം ജപിക്കുകയും , ദാനധർമ്മങ്ങൾ
നടത്തുകയും ചെയ്യുന്ന ഒരുവന്റെ എല്ലാ ദുഃഖങ്ങളും അകന്നുപോകുന്നു . എന്റെ ഈ
നിർദ്ദേശങ്ങൾ ദയവുചെയ്ത് പാലിക്കുക. വരുവാൻ പോകുന്ന പുരുഷോത്തമ മാസത്തിൽ
ആത്മാർത്ഥമായി വ്രതമനുഷ്ഠിക്കുക." ഇത്രയും പറഞ്ഞതിനുശേഷം ദുർവാസാവ് മഹർഷി
നിശബ്ദനായി .
നിർഭാഗ്യവശാൽ ആ
ബ്രാഹ്മണ കുമാരി , മഹർഷിയുടെ വാക്കുകളെ വിശ്വസിച്ചില്ല . മറിച്ച് കോപാകുലയായി അദ്ദേഹത്തെ
നിന്ദിക്കുകയും ചെയ്തു . "അല്ലയോ മഹർഷേ , അങ്ങ് കള്ളം പറയുകയാണ് . 'മല മാസം'
എന്നും അറിയപ്പെടുന്ന ഈ അധിക മാസം എപ്രകാരമാണ് മാഘം, കാർത്തിക , വൈശാഖം തുടങ്ങിയ
മാസങ്ങളേക്കാളും ഉന്നതമാകുക ? എനിക്കത് വിശ്വസിക്കാൻ സാധിക്കുകയില്ല . അധിക മാസം
പുണ്യ പ്രവർത്തികൾ ചെയ്യുന്നതിന് ഏറ്റവും ഗർഹണീയമായ മാസമാണ് ."
ദുർവാസാ മഹർഷി
കോപാകുലനായി. "അദ്ദേഹത്തിൻറെ ശരീരം മുഴുവനും കോപത്താൽ ജ്വലിക്കുവാൻ തുടങ്ങി
കണ്ണുകൾ രക്തവർണ്ണമാർന്നതായിത്തീർന്നു. എന്നാൽ ആ പെൺകുട്ടിയുടെ നിസ്സഹായാവസ്ഥ
മനസ്സിലോർത്ത് അദ്ദേഹം സ്വയം നിയന്ത്രിച്ചു . ദുർവാസാവ് മഹർഷി പറഞ്ഞു .
"വിഡ്ഢിയായ
പെൺകുട്ടി , നിന്റെ പിതാവ് എൻറെ സുഹൃത്തായതിനാലും നീ അശരണയായതിനാലും ,
അറിവില്ലാത്തവൾ, എന്ന നിലയ്ക്ക് ഞാൻ നിന്നെ ശപിക്കുന്നില്ല. നീ എന്നോടു ചെയ്ത ഈ
അപരാധം ഞാൻ കാര്യമായിട്ടെടുക്കുന്നില്ല . എന്നാൽ പുരുഷോത്തമ മാസത്തിനെതിരെ നീ ചെയ്ത
അപരാധം , എനിക്ക് പൊറുക്കുവാനാകില്ല . അടുത്ത ജന്മത്തിൽ ഇതിനുള്ള ഭവിഷ്യത്തുകൾ നീ
അനുഭവിക്കേണ്ടിവരും.."
മുനിശ്രേഷ്ഠൻ
ധൃതിയിൽ ആ സ്ഥലത്തുനിന്ന് ഭഗവാൻ നാരായണനെ സേവിക്കുവാനായി നടകൊണ്ടു .
ശ്രീകൃഷ്ണഭഗവാൻ
അർജ്ജുനനോട് പറഞ്ഞു ." അല്ലയോ പാപരഹിതനായ അർജുനാ, ദുർവാസ മഹർഷി ആ സ്ഥലം
പരിത്യജിച്ചതിനുശേഷം ബ്രാഹ്മണ യുവതി (ദ്രൗപതിയുടെ കഴിഞ്ഞ ജന്മം)ആ നിമിഷത്തിൽ തന്നെ
തൻറെ എല്ലാ ഐശ്വര്യങ്ങളും നഷ്ടപ്പെട്ടവളായിത്തീർന്നു . പുരുഷോത്തമ മാസത്തെ
നിന്ദിക്കുകയാൽ അവൾ നാൾതോറും ദേഹകാന്തി നഷ്ടപ്പെട്ട് വിരൂപയായിത്തീർന്നു .
പിന്നീടവൾ ആശുതോഷ് അഥവാ വളരെയെളുപ്പത്തിൽ പ്രസാദിക്കുന്നവൻ എന്നറിയപ്പെടുന്ന
മഹാദേവനെ തപസ്സു ചെയ്യാൻ തീരുമാനിച്ചു . ആ ബ്രാഹ്മണ യുവതി അതി കഠിനമായ തപശ്ചര്യകളിലൂടെ
മഹാദേവനെ പ്രസാദിപ്പിക്കാനായി ശ്രമിച്ചു . ചുട്ടുപൊള്ളുന്ന വേനൽക്കാലത്ത്
അഗ്നിയുടെ മധ്യത്തിൽ അവൾ തപസ്സ് ചെയ്തു . മരംകോച്ചുന്ന തണുപ്പുകാലത്ത് ,
തണുത്തുറഞ്ഞ ജല മധ്യത്തിൽ തപസ്സുചെയ്തു .അവളുടെ അതികഠിനമായ തപസ്യ കണ്ടു ദേവകൾ
പോലും പരിഭ്രമിച്ചു പോയി. അപ്പോൾ ആർദ്രചിത്തനായ മഹാദേവൻ അവൾക്കു മുന്നിൽ
പ്രത്യക്ഷനായി .മഹാദേവന്റെ സാമീപ്യത്താൽ അവൾക്കു നവോന്മേഷം ലഭിച്ചു.തപസ്സു കൊണ്ട്
ദുർബലമായി തീർന്ന ആ ശരീരം വീണ്ടും ആരോഗ്യവും പുഷ്ടിയുള്ളതുമായി തീർന്നു . അവൾക്ക്
തന്റെ ദേഹകാന്തി തിരിച്ചു കിട്ടുകയും അതീവ മനോഹരിയായിത്തീരുകയും ചെയ്തു . മഹാദേവനെ
മനസ്സിലാരാധിച്ചു കൊണ്ട് അതിമനോഹരങ്ങളായ പ്രാർത്ഥനകൾ അവൾ അർപ്പിച്ചു. "അല്ലയോ
ദീനബന്ധോ , അങ്ങ് എന്നിൽ സംപ്രീതനായെങ്കിൽ എനിക്ക് ഒരു പതിയെ തരൂ " അഞ്ച്
പ്രാവശ്യം തുടർച്ചയായി 'എനിക്ക് ഒരു പതിയെ തരൂ ' എന്ന് ആവശ്യപ്പെട്ടതിനുശേഷം ആ
പെൺകുട്ടി നിശബ്ദയായി. അപ്പോൾ മഹാദേവൻ പറഞ്ഞു "അപ്രകാരം തന്നെ ഭവിക്കട്ടെ. നീ
ഭർത്താവിനു വേണ്ടി അഞ്ച് പ്രാവശ്യം ആവശ്യപ്പെട്ടതിനാൽ നിനക്ക് അഞ്ച്
ഭർത്താക്കന്മാർ ലഭിക്കും."
മഹാദേവന്റെ വാക്കുകൾ
കേട്ട് ആ പെൺകുട്ടി വളരെ ലജ്ജിതയായി . അവൾ പറഞ്ഞു . " അല്ലയോ ദേവാ ഒരു
പെൺകുട്ടിക്ക് അഞ്ച് ഭർത്താക്കന്മാർ ഉണ്ടാകുന്നത് ഗർഹണീയമാണ് . ദയവുചെയ്ത്
അങ്ങയുടെ വരം തിരിച്ചെടുത്താലും." മഹാദേവൻ ഗൗരവ ഭാവത്തിൽ പറഞ്ഞു ." അത്
അസാധ്യമാണ് . നീ എന്ത് ആവശ്യപ്പെട്ടോ അത് ലഭിക്കുന്നതാണ് . അടുത്ത ജന്മത്തിൽ
നിനക്ക് അഞ്ച് ഭർത്താക്കന്മാരെ ലഭിക്കുന്നതായിരിക്കും . മുൻപ് നീ ദുർവാസ മഹർഷിയുടെ
കാരുണ്യമാർന്ന നിർദ്ദേശങ്ങളെ നിരാകരിച്ചുകൊണ്ട് പുരുഷോത്തമ മാസത്തെ നിന്ദിച്ചു .
ദുർവാസാ മഹർഷിയുടെയും എന്റേയും ദേഹങ്ങൾ തമ്മിൽ യാതൊരു അന്തരവുമില്ല . ഞാനും
ബ്രഹ്മദേവനടക്കമുള്ള സകല ദേവഗണങ്ങളും , നാരദ മഹർഷിയെ പോലുള്ള മഹാ ഭക്തന്മാരും
പുരുഷോത്തമ മാസത്തെ ആരാധിക്കുന്നു . പുരുഷോത്തമ മാസത്തെ ആരാധിക്കുന്ന ഒരാൾക്ക് ഈ
ജന്മത്തിൽ എല്ലാവിധ സൗഭാഗ്യങ്ങളും ലഭിക്കുകയും, അടുത്ത ജന്മത്തിൽ ഭഗവദ് ധാമമായ
ഗോലോക വൃന്ദാവനം പൂകുകയും ചെയ്യുന്നു. പുരുഷോത്തമ മാസത്തെ അധിക്ഷേപിച്ചതിനാൽ
നിനക്ക് അഞ്ച് ഭർത്താക്കന്മാരെ ലഭിക്കും."
ആ പെൺകൊടി
പശ്ചാത്താപവിവശനായ തീർന്നു .എന്നാൽ മഹാദേവൻ ഉടനടി തന്നെ അപ്രത്യക്ഷനായി. ബ്രാഹ്മണ
കന്യക തന്റെ ഭാവിയെപ്പറ്റി ഉത്കണ്ഠയും ഭയവുമുള്ളവളായത്തീർന്നു. ഇപ്രകാരം, വിധിവശാൽ
കുറച്ചു നാളുകൾക്കകം തന്നെ അവൾ തന്റെ ദേഹം വെടിഞ്ഞു . "
ശ്രീകൃഷ്ണ ഭഗവാൻ അരുളി ചെയ്തു "അല്ലയോ
അർജ്ജുനാ, ഇതേസമയം മഹാനായ ദ്രുപദ രാജാവ് ബൃഹത്തായ ഒരു യാഗം
നടത്തുന്നുണ്ടായിരുന്നു. യാഗാഗ്നിയിൽ നിന്നും ആ ബ്രാഹ്മണ കന്യക ജന്മമെടുത്തു . അവൾ
ദ്രുപദ മഹാരാജാവിന്റെ പുത്രിയായി പ്രത്യക്ഷപ്പെട്ടു . അല്ലയോ അർജ്ജുനാ , മേധവി
ഋഷിയുടെ ആ പുത്രി തന്നെയാണ് ഇപ്പോൾ ദ്രൗപതി എന്ന പേരിൽ പ്രശസ്തയായി തീർന്നത് . അവൾ
തന്നെയാണ് അങ്ങയുടെ പത്നിയും . പുരുഷോത്തമ മാസത്തെ നിന്ദിച്ചതിനാൽ അവൾ ദുശാസനനാൽ ,
നിറഞ്ഞ കുരുവംശ രാജസഭയിൽ , തന്റെ അഞ്ച് ഭർത്താക്കന്മാരുടെ മുന്നിൽവച്ച്
അപമാനിക്കപ്പെട്ടു . ഭാഗ്യവശാൽ അവൾ എന്നെ (ശ്രീകൃഷ്ണനെ) സ്മരിക്കുകയും, എന്നെ ശരണം
പ്രാപിക്കുകയും ചെയ്തു .അവളുടെ എല്ലാ അപരാധങ്ങളും പൊറുത്ത് , ഏറ്റവും ഹീനവും
ഗർഹണീയവുമായ ആ സാഹചര്യത്തിൽ നിന്നും , ദുശാസനന്റെ കരങ്ങളിൽ നിന്നും ഞാൻ അവളെ
രക്ഷിച്ചു .പ്രിയ പാണ്ഡവരെ , വരാൻപോകുന്ന പുരുഷോത്തമ മാസത്തെ ആരാധിക്കുവാൻ
മറക്കരുത് . പുരുഷോത്തമ മാസത്തെ നിന്ദിക്കുകയും , അവളെ ആരാധിക്കാതിരിക്കുകയും ,
എന്നെ ആരാധിക്കാതിരിക്കുകയും ചെയ്യുന്ന ഒരുവൻ ഒരിക്കലും ഭാഗ്യശാലിയാവുകയില്ല . ഈ
പുരുഷോത്തമ മാസം നിങ്ങളുടെ സകല കാമനകളേയും പൂർത്തീകരിക്കാനും, എല്ലാ ദുഃഖങ്ങളെയും
അകറ്റുവാനും തക്ക ശക്തിയുള്ളതാകുന്നു . ഇപ്പോൾ നിങ്ങളുടെ 13 വർഷത്തെ വനവാസം
അവസാനിക്കാൻ പോവുകയാണ് . ദയവായി ഈ പുരുഷോത്തമ മാസത്തെ ആത്മാർത്ഥമായി ആരാധിക്കുക.
എന്തുകൊണ്ടെന്നാൽ അത് എല്ലാവിധ നന്മകളും നിങ്ങൾകേകുന്നതാണ്." ഇപ്രകാരം
പാണ്ഡവരെ ആശ്വസിപ്പിച്ചതിനുശേഷം, ഭഗവാൻ ദ്വാരകയിലേക്ക് മടങ്ങി. കുറച്ചു നാളുകൾക്കു
ശേഷം പുരുഷോത്തമ മാസം വന്നെത്തിയപ്പോൾ , യുധിഷ്ഠിര മഹാരാജാവ്, സഹോദരങ്ങൾക്കും
ദ്രൗപതിക്കുമൊപ്പം കൃഷ്ണൻറെ വാക്കുകളെ പിന്തുടർന്നു. ഏവരും അദ്ദേഹം തന്ന
നിർദ്ദേശങ്ങളെ പാലിച്ചു. ഈ പരിപാവനമായ മാസത്തിൽ പുരുഷോത്തമനായ ശ്രീകൃഷ്ണനെ
വിവിധങ്ങളായ രീതിയിൽ ആരാധിക്കുകയും ചെയ്തു . അപ്രകാരം അവർ തങ്ങളുടെ നഷ്ടപ്പെട്ട
സാമ്രാജ്യം വീണ്ടെടുക്കുകയും, ആനന്ദകരമായ ജീവിതം ആസ്വദിക്കുകയും, അന്ത്യത്തിൽ ഭഗവാൻറെ
കാരുണ്യത്താൽ ഗോലോക വൃന്ദാവനമെന്ന പരമമായ ആ ധാമത്തെ പ്രാപ്തമാക്കുകയും ചെയ്തു.
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .