Home

Monday, July 24, 2023

ഭാവഗാഹി ജനാർദ്ദനൻ



ഭഗവാൻ ചൈതന്യ മഹാപ്രഭു വൃന്ദാവനത്തിലേക്ക് പോകുമെന്നുകേട്ട ശ്രീ നൃസിംഹാനന്ദ ബ്രഹ്മചാരി വളരെ സന്തോഷിക്കുകയും, മനസ്സിൽ അങ്ങോട്ടുളള പാത അലങ്കരിക്കാൻ തുടങ്ങുകയും ചെയ്തു. 

(ശ്രീ ചൈതന്യ ചരിതാമൃതം / മദ്ധ്യ ലീല / 1.155 )


നൃസിംഹാനന്ദ ബ്രഹ്മചാരി ആദ്യം കുലിയാ നഗരത്തിൽ നിന്നാരംഭിക്കുന്ന വിശാലമായ ഒരു പാത സങ്കൽപ്പിച്ചു. അദ്ദേഹം ആ പാത രത്നങ്ങളാൽ അലങ്കരിക്കുകയും, അതിനുമീതെ കാണ്ഡമില്ലാത്ത പുഷ്പങ്ങൾ കൊണ്ടുള്ള ഒരു ശയ്യ തീർക്കുകയും ചെയ്തു. (ശ്രീ ചൈതന്യ ചരിതാമൃതം / മദ്ധ്യ ലീല / 1.156 )



അദ്ദേഹം മനസ്സുകൊണ്ട് പാതയുടെ ഇരുപാർശ്വങ്ങളും ബകുല 10 പുഷ്പ വൃക്ഷങ്ങളാൽ അലങ്കരിക്കുകയും, ഇരുവശങ്ങളിലും ഇടയ്ക്കിടയ്ക്ക് ദിവ്യപ്രകൃതമുളള തടാകങ്ങൾ നിർമിക്കുകയും ചെയ്തു. (ശ്രീ ചൈതന്യ ചരിതാമൃതം / മദ്ധ്യ ലീല / 1.157 )



ഈ തടാകങ്ങളിൽ രത്നങ്ങൾ കൊണ്ട് നിർമിച്ച സ്നാനസ്ഥലങ്ങൾ ഉണ്ടായിരുന്നു, അവ വിടർന്ന താമരമലരുകൾ നിറഞ്ഞവയുമായിരുന്നു. അവിടങ്ങളിൽ ചിലയ്ക്കുന്ന നാനാതരം പക്ഷികളുണ്ടായിരുന്നു, ജലം തികച്ചും അമൃതസമാനമായിരുന്നു. (ശ്രീ ചൈതന്യ ചരിതാമൃതം / മദ്ധ്യ ലീല / 1.158 )



കാനായ് നാടശാല പൂർവ റെയിൽവേയുടെ ലൂപ് ലൈനിൽ കൽക്കത്തയിൽ നിന്ന് ഇരുനൂറ് മൈലോളം ദൂരെയാണ്. അവിടുത്തെ റെയിൽവേ സ്റ്റേഷന്റെ പേര് താലഝാഡി എന്നാണ്. അവിടെയിറങ്ങിയശേഷം ഏകദേശം രണ്ടുമൈൽ സഞ്ചരിച്ചാൽ കാനായ് നാടശാലയിലെത്താം. (ശ്രീ ചൈതന്യ ചരിതാമൃതം / മദ്ധ്യ ലീല / 1.159 )



നൃസിംഹാനന്ദ ബ്രഹ്മചാരിക്ക് മനസ്സിനുളളിൽ കാനായ് നാടശാല യ്ക്കപ്പുറത്തേക്ക് പാത നിർമിക്കാൻ കഴിഞ്ഞില്ല. എന്തുകൊണ്ടാണ് പാത യുടെ നിർമ്മാണം പൂർത്തീകരിക്കാൻ സാധിക്കാഞ്ഞതെന്ന് മനസ്സിലാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല, അതിനാൽ അദ്ദേഹം അമ്പരന്നു. (ശ്രീ ചൈതന്യ ചരിതാമൃതം / മദ്ധ്യ ലീല / 1.160 )



പിന്നീട് ചൈതന്യ മഹാപ്രഭു ഇത്തവണ വൃന്ദാവനത്തിലേക്ക് പോകുകയില്ലെന്ന് അദ്ദേഹം ഭക്തരോട് തീർത്തും ഉറപ്പിച്ച് പറഞ്ഞു.


ഭാവാർത്ഥം


ശ്രീല നൃസിംഹാനന്ദ ബ്രഹ്മചാരി ഭഗവാൻ ചൈതന്യ മഹാപ്രഭുവിന്റെ ഒരു മഹാഭക്തനായിരുന്നു. അതുകൊണ്ട് ശ്രീ ചൈതന്യമഹാപ്രഭു കുലയായിൽ നിന്ന് വൃന്ദാവനത്തിലേക്ക് പോകുന്നുവെന്ന് കേട്ടപ്പോൾ, തനിക്ക് ഭൗതികസമ്പത്തില്ലാതിരുന്നിട്ടും അദ്ദേഹം ചൈതന്യമഹാപ്രഭുവിന് സഞ്ചരിക്കുന്നതിന് തന്റെ മനസ്സിൽ അത്യന്തം ആകർഷകമായ ഒരു പാത നിർമിക്കാൻ ആരംഭിച്ചു. ആ പാതയുടെ ചില വിവരണങ്ങൾ മുകളിൽ നൽകിയിരിക്കുന്നു. പക്ഷേ അദ്ദേഹത്തിന് മാനസികമായി പോലും ആ പാത കാനായ് നാടശാലായിപ്പുറത്തേക്ക് നിർമിക്കാൻ കഴിഞ്ഞില്ല. അതുകൊണ്ട് ചൈതന്യമഹാപ്രഭു അത്തവണ വൃന്ദാവനത്തിലേക്ക് പോകുകയില്ലെന്ന് അദ്ദേഹം ഉറപ്പിച്ചു.


ഒരു പരിശുദ്ധ ഭക്തനെ സംബന്ധിച്ച് അദ്ദേഹം പ്രത്യക്ഷത്തിൽ ഒരു പാത നിർമിച്ചാലും അല്ലെങ്കിൽ മനസ്സിനുള്ളിൽ നിർമിച്ചാലും, രണ്ടും ഒരു പോലെയാണ്. ഭഗവാൻ ജനാർദ്ദനൻ, ഭാവഗ്രാഹി അഥവാ മനോഭാവത്തെ ഗ്രഹിക്കുന്നവൻ ആയതിനാലാണിത്. അവിടുത്തെ സംബന്ധിച്ച് യഥാർത്ഥ രത്നങ്ങൾ കൊണ്ട് നിർമിച്ച പാതയും മാനസിക രത്നങ്ങൾ കൊണ്ട് നിർമിച്ച പാതയും ഒരേപോലെയാണ്. സൂക്ഷ്മമാണെങ്കിലും മനസ്സും ജഡവസ്തുവാണ്, അതുകൊണ്ട് ഇവയിൽ ഏതു പാതയും ഭഗവാൻ തുല്യമായി സ്വീകരിക്കുന്നു എന്നുമാത്രമല്ല, ഭഗവദ്സേവനത്തിനുവേണ്ടിയുള്ളതെന്തും സ്ഥൂലപദാർത്ഥമോ സൂക്ഷ്മപദാർത്ഥമോ കൊണ്ടുള്ളതായാലും ഭഗവാൻ ഒരേപോലെ സ്വീകരിക്കുന്നു. ഭഗവാൻ തന്റെ ഭക്തന്റെ മനോഭാവം സ്വീകരിക്കുകയും, അവൻ തന്നെ സേവിക്കാൻ എത്രമാത്രം തയ്യാറാണെന്ന് കാണുകയും ചെയ്യുന്നു. ഭക്തന് ഭഗവാനെ സ്ഥൂല പദാർത്ഥത്തിന്റയോ, സൂക്ഷ്മ പദാർത്ഥത്തിന്റെയോ മാധ്യമത്തിലൂടെ സേവിക്കാനുളള സ്വാതന്ത്ര്യമുണ്ട്. ഭഗവാനുമായുള്ള ബന്ധത്തിലായിരിക്കണം സേവനം എന്നതാണ് പ്രധാന കാര്യം. ഇത് ഭഗവദ്ഗീതയിൽ (9.26) സ്ഥിരീകരിച്ചിട്ടുണ്ട്.


പത്രം പുഷ്പം ഫലം തോയം യോ മേ ഭക്ത്യാ പ്രയച്ചതി

തദഹം ഭക്ത്യുപഹൃതം അശ്നാമി പ്രയതാത്മനഃ


“ഒരുവൻ സ്നേഹത്തോടും ഭക്തിയോടും കൂടി എനിക്കറിപ്പിക്കുന്നതെന്തും പൂവോ, ഇലയോ, ഫലമോ, ജലമോ ആകട്ടെ, ഞാനത് സ്വീകരിക്കും. യഥാർത്ഥ ഘടകം ഭക്തിയാണ്. ശുദ്ധഭക്തി ശ്രിഗുണങ്ങളാൽ കളങ്കിതമല്ല. അഹൈതുകീ അപ്രതിഹാ: ഉപാധിരഹിതമായ ഭക്തിയു സേവനത്തെ ഒരു ഭൗതികസാഹചര്യങ്ങളാലും തടസ്സപ്പെടുത്താനാവില്ല.


ഭഗവാന് സേവനം അനുഷ്ഠിക്കാൻ വലിയ ധനികനായിരിക്കണമെന്നില്ല എന്നർത്ഥം. ദരിദ്രരിൽ ദരിദ്രനായ ഒരു മനുഷ്യനുപോലും അവന് ശുദ്ധഭക്തിയുള്ളപക്ഷം ഭഗവാനെ അതേപോലെതന്നെ സേവിക്കാം. ഗൂഢാദ്ദേശ്യങ്ങളില്ലാത്ത ഭക്തിയുതസേവനത്തെ ഏത് ഭൗതികാവസ്ഥയാലും തട സ്സപ്പെടുത്താൻ സാധിക്കില്ല.


(ശ്രീ ചൈതന്യ ചരിതാമൃതം / മദ്ധ്യ ലീല / 1.161 വിവർത്തനം &  ഭാവാർത്ഥം )



🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ്