മഹാരാജാവ് യുധിഷ്ഠിരൻ പറഞ്ഞു. "ഹേ കൃഷ്ണാ ! ഹേ ജനാർധനാ ! അധിക മാസത്തിലെ ശുക്ലപക്ഷത്തിൽ സംഭവിക്കുന്ന ഏകാദശിയെ പറ്റി വിശദമാക്കിയാലും. ഒരുവൻ ഈ ഏകാദശി അനുഷ്ഠിക്കുന്നത് വഴി ലഭിക്കുന്ന ഗുണങ്ങളെ കുറിച്ചു വിശദീകരിച്ചാലും.
ശ്രീ കൃഷ്ണ ഭഗവാൻ മറുപടി പറഞ്ഞു, "ഹേ രാജൻ. പദ്മിനി ഏകാദശി എന്നാണ് ഈ ദിവ്യമായ ഏകാദശിയുടെ നാമം. ഈ ഏകാദശി കണിശമായി അനുഷ്ഠിക്കുന്ന ഒരുവൻ ഭഗവാൻ പദ്മനാഭന്റെ ധാമത്തിലേക്ക് തിരിച്ചെത്തുന്നു. ഈ ഏകാദശി ഒരുവന്റെ എല്ലാ പാപ കർമ്മഫലങ്ങളും ഇല്ലാതാക്കുന്നു. ബ്രഹ്മദേവന് പോലും ഈ ഏകാദശിയുടെ എല്ലാ ഫലങ്ങളും വിവരിക്കുവാൻ സാധിക്കാതെ വരുന്നു.
എങ്കിലും, കുറേ കാലങ്ങൾക്ക് മുൻപ്, ബ്രഹ്മദേവൻ പദ്മിനി ഏകാദശിയുടെ മഹിമകളും, അത് അനുഷ്ഠിക്കുന്നവർക്ക് ലഭിക്കുന്ന ഐശ്വര്യങ്ങളെയും, മുക്തിയെ കുറിച്ചും നാരദ മുനിയോട് വിവരിച്ചിരുന്നു.
ശ്രീ കൃഷ്ണ ഭഗവാൻ തുടർന്നു, "ഒരുവൻ ഏകാദശി ദിവസം ബ്രഹ്മമുഹൂർതത്തിൽ എഴുന്നേൽക്കുകയും, ശേഷം പരമദിവ്യോത്തമ പുരുഷനായ ഭഗവാനെ ചന്ദനം, ധൂപം, വിളക്ക്, കർപ്പൂരം, വെള്ളം എന്നിവയാൽ ആരാധിക്കുകയും ഭഗവാന്റെ ദിവ്യനാമങ്ങൾ ജപിക്കുകയും, കീർത്തിക്കുകയും ചെയ്യണം. ഒരുവൻ അനാവശ്യ സംസാരങ്ങളിൽ ഏർപ്പെടുവാൻ പാടുള്ളതല്ല. ഒരുവൻ ജലമോ, പാലോ അധിക മാസത്തിലെ ഏകാദശി ദിവസം കുടിക്കുവാൻ പാടുള്ളതല്ല(ആരോഗ്യം അനുവദിക്കുന്നവർക്ക് ഇങ്ങനെ വൃതം അനുഷ്ഠിക്കാം). ഒരുവൻ ഏകാദശി ദിനം രാത്രിയിലും ഉണർന്നിരുന്ന് ഭഗവാന്റെ ദിവ്യനാമങ്ങളെയും, ഗുണങ്ങളെയും സ്തുതിക്കുക. രാത്രിയിലെ ആദ്യത്തെ മൂന്നു മണിക്കൂർ ഉണർന്നിരിക്കുന്നത് വഴി ഒരുവന് അഗ്നിഷ്ടോമ യജ്ഞം ചെയ്തതിന്റെ ഫലം ലഭിക്കുന്നു. ആദ്യത്തെ ആറു മണിക്കൂർ ഉണർന്നിരിക്കുന്നത് വഴി വാജ്‌പേയ യജ്ഞം ചെയ്തതിന്റെ ഫലം ലഭിക്കുന്നു. ആദ്യത്തെ ഒൻപത് മണിക്കൂർ ഉണർന്നിരിക്കുന്നത് വഴി അശ്വമേധ യജ്ഞം നടത്തിയതിന്റെ ഫലം ലഭിക്കുന്നു. അന്ന് രാത്രി മുഴുവൻ ഉണർന്നിരിക്കുന്നത് വഴി ഒരുവന് രാജസൂയ യജ്ഞം ചെയ്തതിന്റെ ഫലം ലഭിക്കുന്നു. ദ്വാദശി ദിനത്തിൽ വൈഷ്ണവർക്കും, ബ്രാഹ്മണർക്കും പ്രസാദം നൽകിയതിന് ശേഷം വൃതം പൂർത്തിയാക്കേണ്ടതാണ്. ഈ വിധം ഏകാദശി വൃതം പാലിക്കുന്ന ഒരാൾക്ക് മുക്തി തീർച്ചയാകുന്നു.
ശ്രീ കൃഷ്ണ ഭഗവാൻ തുടർന്നു, "ഹേ പാപ രഹിതനെ! പുലസ്ത്യ മുനി നാരദ മുനിക്ക് പറഞ്ഞു കൊടുത്ത കഥയെ കുറിച്ചു ഇനി കേൾക്കൂ.
"ഒരിക്കൽ കാർത്തവീര്യാർജുനൻ രാവണനെ പരാജയപ്പെടുത്തുകയും തുറങ്കിലടക്കുകയും ചെയ്തു. രാവണനെ ഈ അവസ്ഥയിൽ കണ്ട പുലസ്ത്യമുനി, അദ്ദേഹത്തെ മോചിപ്പിക്കണം എന്ന് കാർതവീര്യാർജുനനോട് അഭ്യർത്ഥിച്ചു. മഹാമുനിയുടെ അഭ്യർത്ഥന മാനിച്ച് ആ രാജാവ് രാവണനെ മോചിപ്പിച്ചു. ഈ ആശ്ചര്യജനകമായ സംഭവം കേട്ട് നാരദമുനി പുലസ്ത്യ മുനിയോട് ചോദിച്ചു. "ഹേ മഹാ മുനീ! രാവണൻ ഇന്ദ്രൻ അടങ്ങുന്ന സകല ദേവന്മാരെയും പരാജയപ്പെടുത്തിയിട്ടുണ്ടെങ്കിലും കാർതവീര്യാർജുനൻ എങ്ങനെയാണ് രാവണനെ തോൽപ്പിച്ചത്! ദയവായി എനിക്ക് വിശദീകരിച്ചു നൽകിയാലും.
പുലസ്ത്യ മുനി മറുപടി പറഞ്ഞു, "ഹേ നാരദാ! ത്രേതായുഗത്തിൽ ഹൈഹയാ എന്ന രാജവംശത്തിൽ കൃതവീര്യൻ എന്ന രാജാവ് ജന്മം എടുത്തു. അദ്ദേഹത്തിന്റെ തലസ്ഥാനമായിരുന്നു മഹിഷ്മാതിപുരി. അദ്ദേഹത്തിന് ആയിരം ഭാര്യമാർ ഉണ്ടായിരുന്നന്നെങ്കിലും, രാജ്യം ഭരണം ഏറ്റെടുക്കുവാൻ യോഗ്യനായ ഒരു പുത്രൻ ഉണ്ടായിരുന്നില്ല. ആ രാജാവ് പിതൃക്കളെയും, സാധുക്കളെയും ആരാധിക്കുകയും, വിവിധ വൃതങ്ങളും, സാധുക്കളിൽ നിന്നും ഉപദേശങ്ങളും സ്വീകരിച്ചെങ്കിലും അദ്ദേഹത്തിന് പുത്രഭാഗ്യം ഉണ്ടായില്ല. അതിനാൽ രാജാവ് കഠിന വൃതങ്ങൾ അനുഷ്ഠിക്കുവാൻ തീരുമാനിച്ചു. രാജാവ് തന്റെ ഉത്തരവാദിത്വങ്ങൾ പ്രധാനമന്ത്രിയെ ഏൽപ്പിക്കുകയും തപസ്സ് അനുഷ്ഠിക്കുവാനായി വനത്തിലേക്ക് പോവുകയും ചെയ്തു. രാജാവ് തന്റെ കൊട്ടാരത്തിൽ നിന്നും വനത്തിലേക്ക് പുറപ്പെടുമ്പോൾ, അദ്ദേഹത്തിന്റെ ഭാര്യ ഹരിശ്ചന്ദ്ര പുത്രിയും ഇക്ഷ്വാകുവിന്റെ രാജകുടുംബത്തിൽ പിറന്നവളുമായ പതിവ്രതയുമായ പദ്മിനി, തന്റെ ആഭരണങ്ങൾ എല്ലാം ഉപേക്ഷിച്ചു പതിയുടെ കൂടെ മന്ദര പർവതത്തിലേക്ക് അനുഗമിച്ചു.
"മന്ദര പർവതത്തിന്റെ കൊടുമുടിയിൽ എത്തിയപ്പോൾ, രാജാ കൃതവീര്യനും ഭാര്യ പദ്മിനിയും പതിനായിരം വർഷത്തോളം കഠിന തപസ്യകൾ അനുഷ്ഠിച്ചു. തന്റെ ഭർത്താവിന്റെ ശരീരം നാളുകൾ ചെല്ലുന്തോറും ക്ഷീണിച്ചു കൊണ്ടിരിക്കുന്നത് കണ്ട പതിവൃത അതിനുള്ള പരിഹാരത്തെ കുറിച്ചു ആലോചിച്ചു. പദ്മിനി അത്രി മുനിയുടെ പതിവൃതയായ ഭാര്യ അനുസൂയയോട് വിനയപൂർവ്വം ചോദിച്ചു. "ഹേ പതിവൃതാ രത്നമേ! എന്റെ ഭർത്താവ് പതിനായിരം വർഷം തപസ്സ് ചെയ്തിട്ടും എല്ലാ ദുരിതങ്ങളും മാറ്റുന്ന ഭഗവാൻ കേശവനെ തൃപ്തിപ്പെടുത്തുവാൻ സാധിച്ചില്ല. "ഹേ ഭാഗ്യവതീ! പരമദിവ്യോത്തമ പുരുഷനെ തൃപ്തിപ്പെടുത്തുന്നതും, ശക്തനും, രാജാവാകാൻ പ്രാപ്തനുമായ ഒരു മകനെ എനിക്ക് ലഭിക്കുവാൻ സാധിക്കുന്നതുമായ ഒരു വൃതത്തെ കുറിച്ചു ദയവായി പറഞ്ഞു തരൂ". രാജ്ഞി പദ്മിനിയുടെ പ്രാർത്ഥനയിൽ സന്തുഷ്ടയായ അനുസൂയ പറഞ്ഞു, 'എല്ലാ മുപ്പത്തിരണ്ട് മാസങ്ങൾ കഴിയുമ്പോഴും ഒരു അധിക മാസം വരുന്നു. ഈ മാസത്തിലെ രണ്ട് ഏകാദശികൾ ആണ് പദ്മിനിയും, പരമ ഏകാദശിയും. ഈ ഏകാദശി വൃതം അനുഷ്ഠിക്കുകയാണെങ്കിൽ പരമദിവ്യോത്തമ പുരുഷൻ നിങ്ങളിൽ സംപ്രീതനാവുകയും ആഗ്രഹിച്ച ഫലങ്ങൾ നൽകുകയും ചെയ്യുന്നു."
ശ്രീ കൃഷ്ണ ഭഗവാൻ തുടർന്നു, "അനുസൂയയുടെ ഉപദേശം അനുസരിച്ചു പദ്മിനി കൃത്യമായി ഏകാദശി വൃതം അനുഷ്ഠിച്ചു. അപ്പോൾ ഗരുഡന്റെ പുറത്തേറി ഭഗവാൻ കേശവൻ പദ്മിനിയുടെ മുൻപിൽ പ്രത്യക്ഷനാവുകയും എന്ത് വരം ആണ് വേണ്ടതെന്ന് ചോദിക്കുകയും ചെയ്തു. രാജ്ഞി ഭഗവാനെ പ്രണമിക്കുകയും, സ്തുതിക്കുകയും ചെയ്തു. ശേഷം തങ്ങൾക്ക് ഒരു പുത്രനെ ലഭിക്കുവാൻ അനുഗ്രഹിക്കണം എന്ന് അപേക്ഷിച്ചു. ശേഷം ഭഗവാൻ പറഞ്ഞു, "ഹേ വിനീതയായ കുലാംഗനേ! ഞാൻ നിന്നിൽ സംപ്രീതനായിരിക്കുന്നു. എനിക്ക് അധികമാസത്തോളം പ്രിയപ്പെട്ട വേറൊരു മാസം ഇല്ല. ഈ മാസത്തിലെ ഏകാദശികൾ എനിക്ക് ഏറ്റവും പ്രിയപ്പെട്ടതാവുന്നു. നീ ഈ ഏകാദശി യഥാവിധി പാലിച്ചു. അതിനാൽ നിന്റെ ഭർത്താവിന്റെ ആഗ്രഹം ഞാൻ ഉറപ്പായും സഫലീകരിക്കും".
"പദ്മിനിയോട് ഇങ്ങനെ സംസാരിച്ചതിന് ശേഷം , രാജാവിന്റെ അടുക്കൽ ചെന്ന് ഭഗവാൻ പറഞ്ഞു. "ഹേ രാജൻ, അങ്ങയ്ക്ക് ആവശ്യമായ വരം ചോദിക്കൂ. ഏകാദശി വൃതം അനുഷ്ഠിച്ചതിനാൽ ഞാൻ അങ്ങയുടെ ഭാര്യയിൽ സംപ്രീതനായിരിക്കുന്നു". ഭഗവാൻ വിഷ്ണുവിന്റെ ഈ വാക്കുകൾ കേട്ട രാജാവ് സന്തോഷവാനാവുകയും തനിക്ക് അതിശക്തനും, ജയശാലിയുമായ ഒരു മകനെ നൽകണം എന്ന് അപേക്ഷിച്ചു. അദ്ദേഹം പറഞ്ഞു. "ഹേ മധുസൂദനാ, ജഗന്നാഥാ, എനിക്ക് ദേവന്മാരാലും, മനുഷ്യരാലും, സർപ്പങ്ങളാലും, രാക്ഷസന്മാരാലും തോല്പിക്കുവാൻ സാധിക്കാത്ത ഒരു മകനെ നൽകിയാലും. "ശേഷം ഭഗവാൻ അദ്ദേഹം ആഗ്രഹിച്ച വരം നൽകുകയും അപ്രത്യക്ഷനാവുകയും ചെയ്തു.
"പൂർണ സംതൃപ്തനായ രാജാവും ഭാര്യയും അവരുടെ ആരോഗ്യം വീണ്ടെടുത്ത് കൊട്ടാരത്തിലേക്ക് മടങ്ങി. കുറച്ചു കാലങ്ങൾക്കുള്ളിൽ രാജ്ഞി പദ്മിനി കാർതവീര്യാർജുനൻ എന്ന അതിശക്തനായ പുത്രന് ജന്മം നൽകി. അദ്ദേഹത്തിന് സമമായി മൂന്നു ലോകങ്ങളിലും ആരും ഉണ്ടായിരുന്നില്ല. പത്തു തലയുള്ള രാവണൻ പോലും അദേഹത്താൽ പരാജയപ്പെട്ടു. "ഈ കഥ വിശദീകരിച്ചതിന് ശേഷം പുലസ്ത്യ മുനി മടങ്ങി.
ഭഗവാൻ കൃഷ്ണൻ ഉപസംഹരിച്ചു, "ഹേ പാപ രഹിതനായ രാജാവേ! ഞാൻ അധിക മാസത്തിലെ ശുക്ലപക്ഷത്തിൽ സംഭവിക്കുന്ന ഏകാദശിയുടെ മഹിമകളെ കുറിച്ചു വിശദീകരിച്ചു കഴിഞ്ഞു. ഈ ഏകാദശി പാലിക്കുന്ന ഏതൊരാളും ഭഗവാൻ ഹരിയുടെ ധാമത്തിലേക്ക് എത്തിച്ചേരുന്നു."
ശ്രീ കൃഷ്ണ ഭഗവാന്റെ നിർദേശ പ്രകാരം, യുധിഷ്ഠിര മഹാരാജാവ് തന്റെ കുടുംബ സമേതം ഈ ഏകാദശി വൃതം അനുഷ്ഠിച്ചു. ജീവിതത്തിൽ വിശ്വാസപൂർവം പദ്മിനി ഏകാദശി അനുഷ്ഠിക്കുന്ന ഒരുവൻ ശ്രേഷ്ഠനായിത്തീരുന്നു. ഈ ഏകാദശിയുടെ വിവരണം കേൾക്കുകയോ, വായിക്കുകയോ ചെയ്യുന്ന ഒരാൾക്ക് പോലും വളരെയേറെ പുണ്യം ലഭിക്കുന്നു.
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .