പിബന്തി യേ ഭഗവത ആത്മനഃ സതാം
കഥാമൃതം ശ്രവണ പുടേയഷു സംഭൃതം
പുനന്തി തേ വിഷയവിദൂഷിതാശയം
വ്രജന്തി തച്- ചരണസരോരുഹാന്തികം
വിവർത്തനം
ഭക്തരുടെ പ്രിയപ്പെട്ടവനായ ഭഗവാൻ ശ്രീകൃഷ്ണന്റെ അമൃതമധുരമായ സന്ദേശങ്ങളെ ശ്രവണത്തിലൂടെ സ്വീകരിക്കുന്നവർ ഭൗതിക സുഖാസ്വാദനങ്ങളെന്ന് അറിയപ്പെടുന്ന ജീവിതത്തിന്റെ പങ്കിലമായ ലക്ഷ്യത്തെ പരിശുദ്ധമാക്കുകയും അപ്രകാരം പരമദിവ്യോത്തമപുരുഷന്റെ പാദപങ്കജങ്ങളിലേക്ക്, ഭഗവദ് ധാമത്തിലേക്ക് തിരികെ പോവുകയും ചെയ്യുന്നു.
ഭാവാർഥം
ജീവിതത്തിന്റെ കളങ്കിതമായ ലക്ഷ്യമാണ് മാനവസമുദായത്തിന്റെ ക്ലേശങ്ങൾക്കു കാരണം. ഇന്ദ്രിയാസ്വാദനത്തിനായി അവികസിതമായ ഭൗതിക വിഭവങ്ങളെ എത്രത്തോളം ചൂഷണം ചെയ്യുന്നുവോ, അത്രത്തോളം മനുഷ്യസമൂഹം ഭഗവാന്റെ മായികമായ ഭൗതിക ശക്തിയുടെ കുടുക്കിൽ അകപ്പെടും. അപ്രകാരം ലോകത്തിന്റെ ദുരിതം ലഘൂകരിക്കപ്പെടുന്നതിനു പകരം വർധിതമാകും. പ്രപഞ്ചത്തിലെ ഓരോ ഗ്രഹത്തിലെയും ജീവസത്തകൾക്കും, ലോകത്തിലെ മനുഷ്യകുലത്തിന്റെ പരിരക്ഷയ്ക്കും, ഭക്ഷണത്തിനും പര്യാപ്തമായ അളവിൽ ധാന്യങ്ങൾ, പാൽ, ഫലം, മരം, കല്ല്, പഞ്ചസാര, സിൽക്ക് (പട്ടുനൂൽ), രത്നങ്ങൾ, പഞ്ഞി, ഉപ്പ്, ജലം, പച്ചക്കറികൾ മുതലായവയുടെ രൂപത്തിൽ ഭഗവാൻ നൽകിയിരിക്കുന്നു. ആവശ്യമുള്ളതൊക്കെ നൽകുന്ന കേന്ദ്രം സമ്പൂർണമാണ്. ആകയാൽ, യഥോചിതമായ മാർഗത്തിലൂടെ ജീവിത ആവശ്യകതകൾ സ്വായത്തമാക്കാൻ മനുഷ്യന് നിസ്സാരമായ പ്രയത്നമേ വേണ്ടിവരുന്നുള്ളൂ. ജീവിതസുഖങ്ങൾ കൃത്രിമമായി സൃഷ്ടിക്കുന്നതിന് യന്ത്രങ്ങളുടെയോ, സാധനസാമഗ്രികളുടെയോ, അല്ലെങ്കിൽ വലിയ ഉരുക്കുവ്യവസായശാലകളുടെയോ ആവശ്യമില്ല. കൃത്രിമമായ മാർഗങ്ങളിലൂടെ ജീവിതത്തെ ഒരിക്കലും സുഖദമാക്കാൻ കഴിയുകയില്ല. എന്നാൽ ലളിതജീവിതത്തിലൂടെയും, ഉയർന്ന ചിന്താഗതിയാലും അത് സാധ്യമാണ്. മാനവസമുദായത്തിന് പ്രയോജനകരമായ ഏറ്റം മഹത്വമുള്ള ചിന്ത, ശ്രീമദ് ഭാഗവതത്തിന്റെ യഥോചിതമായ ശ്രവണമാണെന്ന് ശ്രീ ശുകദേവ ഗോസ്വാമി ഇതിൽ നിർദേശിച്ചിരിക്കുന്നു. ഈ കലിയുഗത്തിലെ മനുഷ്യർക്ക് ജീവിതത്തിന്റെ ശരിയായ വീക്ഷണം നഷ്ടപ്പെടുമ്പോൾ നേരായ മാർഗം കാണിച്ചുകൊടുക്കുന്നതിനുള്ള പ്രകാശമാണ് ഈ ശ്രീമദ് ഭാഗവതം. ഈ ശ്ലോകത്തിൽ സൂചിപ്പിച്ച കഥാമൃതത്തിന് ജീവ ഗോസ്വാമി പ്രഭുപാദർ വ്യാഖ്യാനം രചിക്കുകയും, ശ്രീമദ് ഭാഗവതം പരമദിവ്യോത്തമ പുരുഷന്റെ മധുരതരമായ സന്ദേശമാണെന്ന് സൂചിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ശ്രീമദ് ഭാഗവതത്തിന്റെ യഥോചിതമായ ശ്രവണം ദ്രവ്യത്തെ അടക്കിഭരിക്കുകയെന്ന ജീവിതത്തിന്റെ കളങ്കിതമായ ലക്ഷ്യം ഇല്ലാതാക്കുകയും, പരമാനന്ദപൂർണവും, ജ്ഞാനസമ്പൂർണവുമായ ജീവിതം നയിക്കാൻ ലോകത്തിന്റെ എല്ലാ ഭാഗത്തുമുള്ള ജനങ്ങളെ പ്രാപ്തരാക്കുകയും ചെയ്യും.
ഒരു ശുദ്ധ ഭഗവദ്ഭക്തനെ സംബന്ധിച്ചിടത്തോളം, ഭഗവദ് നാമ- രൂപ- ഗുണ ലീലകളാദികളുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും ഹൃദ്യവും, നാരദൻ, ഹനുമാൻ, നന്ദ മഹാരാജാവ് വൃന്ദാവനത്തിലെ മറ്റ് നിവാസികൾ എന്നിവരെപ്പോലുള്ള മഹാന്മാരാൽ അംഗീകരിക്കപ്പെട്ടവയുമാകയാൽ അത്തരം വിഷയങ്ങൾ, അത്തരം സന്ദേശങ്ങൾ നിശ്ചയമായും അതീന്ദ്രിയവും, ആത്മാവിനെയും ഹൃദയത്തെയും തൃപ്തിപ്പെടുത്തുന്നവയുമാണ്.
ആദ്യം ഭഗവദ്ഗീതാ സന്ദേശങ്ങളെയും, പിന്നെ ശ്രീമദ് ഭാഗവതവും നിരന്തരം ശ്രവിക്കുന്നതിലൂടെ ഒരുവൻ പരമദിവ്യോത്തമപുരുഷനെ പ്രാപിക്കുമെന്നും, ബൃഹത്തായ താമരപ്പൂവിനോട് സാമ്യമുള്ള ഗോലോകവൃന്ദാവനത്തിലെ ആത്മീയാകാശത്തിൽ ഭഗവാന് അതീന്ദ്രിയപ്രേമയുതസേവനം അർപ്പിക്കുമെന്നും ശ്രീ ശുകദേവ ഗോസ്വാമി ഇതിൽ ദൃഢീകരിക്കുന്നു.
ഈ ശ്ലോകത്തിൽ നിർദേശിച്ചിരിക്കുന്നതുപോലെ, പ്രത്യക്ഷമായി അംഗീകരിച്ച ഭക്തിയോഗപ്രക്രിയയാലുള്ള ഭഗവാന്റെ അതീന്ദ്രിയമായ സന്ദേശങ്ങളുടെ യഥോചിതമായ ശ്രവണം ഭഗവാന്റെ അവ്യക്തിഗത നിരാകാര വിരാട്- രൂപധ്യാനം കൂടാതെതന്നെ ഭൗതിക മാലിന്യത്തെ സരളമായി നശിപ്പിച്ചുകളയുന്നു. ഭക്തിയോഗം പരിശീലിക്കുന്നതിലൂടെ നിവർത്തകൻ ഭൗതിക മാലിന്യത്തിൽനിന്നും പരിശുദ്ധനാക്കപ്പെടാത്തപക്ഷം, അവൻ തീർച്ചയായും ഒരു കപട ഭക്തനായിരിക്കും. അത്തരമൊരു വഞ്ചകനെ സംബന്ധിച്ചിടത്തോളം, ഭൗതികമായ കുരുക്കിൽനിന്നും രക്ഷപ്പെടുന്നതിന് ഒരു ഉപായവുമില്ല.
(ശ്രീമദ് ഭാഗവതം 2/2/37)
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .