Home

Monday, July 31, 2023

പരിപൂർണനായ യോഗി



ഭൗതികവേദനകൾ സഹിക്കേണ്ടിവരുന്ന അനേകം കയ്പുള്ള  അനുഭവങ്ങൾ അവർക്കുള്ളതുകൊണ്ടാണ് യോഗികളും ജ്ഞാനികളും പരമചൈതന്യത്തിൽ ഐക്യം കാംക്ഷിക്കുന്നത്. വേർപാടിന്റെ വേദന അനുഭവിക്കുന്നതിനാലാണ് അവർ ഭഗവാനുമായി ഒന്നു ചേരാൻ ഇച്ഛിക്കുന്നത്. ഒരു ശുദ്ധഭക്തന് ഈ അനുഭവം ഉണ്ടാകുന്നില്ല. ഭഗവാനിൽ നിന്ന് വേർപെട്ടിട്ടാണെങ്കിലും, വേർപെട്ടു നിന്നുകൊണ്ട് ഭഗവാനെ സേവിക്കുന്നത് ഭക്തൻ തികച്ചും ആസ്വദിക്കുന്നു. അവ്യക്തിഗത ബ്രഹ്മത്തിൽ ഐക്യം പ്രാപിക്കാനുള്ള-  അതായത് ഈശ്വരിനിൽ ലയിക്കുവാനുള്ള- ഈ ആഗ്രഹം മറ്റുള്ള ഏതു ഭൗതിക ആഗ്രഹത്തെക്കാളും ശ്രേഷ്ഠം തന്നെ;



എന്നാൽ ഇതിൽ സ്വാർത്ഥതാൽപര്യം ഇല്ലാതില്ല. അതുപോലെതന്നെ എല്ലാ ഭൗതികകർമങ്ങളും ത്യജിച്ച് അർധനിമീലിത നേത്രങ്ങളോടെ യോഗചര്യ അനുഷ്ഠിക്കുന്ന സിദ്ധയോഗി കാംക്ഷിക്കുന്നത് തനിക്കു തന്നെയുള്ള അല്പം സംതൃപ്തിയാണ്. അത്തരം യോഗികൾ ഭൗതികശക്തി ഇച്ഛിക്കുന്നവരാണ്. യോഗത്തിന്റെ പരിപൂർണ്ണതയെ കുറിച്ച് അവർക്കുള്ള സങ്കല്പവും അതുതന്നെയാണ്. വാസ്തവത്തിൽ ഇത് ഒരു ഭൗതിക പ്രക്രിയയാണെന്നല്ലാതെ, യോഗത്തിന്റെ പരി പൂർണതയാകുന്നില്ല.


യോഗത്തിന്റെ നിബന്ധനകൾ പാലിക്കുന്ന ഒരുവന് എട്ടുതരം പരിപൂർണതകൾ നേടാൻ കഴിയും. അയാൾക്ക് പഞ്ഞിയെക്കാൾ ഭാരക്കുറവു കൈവരിക്കാം. ഒരു വൻപാറയെക്കാൾ ഭാരക്കൂടുതലും കൈവരിക്കാം. ഇച്ഛിക്കുന്നതെന്തും തൽക്ഷണം അയാൾക്കു നേടാം. ചിലപ്പോൾ ഒരു ഗ്രഹത്തെപ്പോലും സൃഷ്ടിക്കാനും അയാൾക്കു കഴിഞ്ഞേക്കാം. സിദ്ധൻമാരായ ഇത്തരം യോഗികൾ വിരളമായിട്ടെങ്കിലും കാണപ്പെടുന്നുണ്ട്. തെങ്ങിൽ നിന്ന് മനുഷ്യജീവിയെ സൃഷ്ടിക്കാൻ വിശ്വാമിത്രമുനി ആഗ്രഹിച്ചു. അദ്ദേഹം ചിന്തിച്ചത് ഇപ്രകാരമായിരുന്നു. "ഒരു മനുഷ്യൻ മാതാവിന്റെ ഗർഭപാത്രത്തിൽ എന്തിന് അനേകം മാസങ്ങൾ കഴിച്ചു കൂട്ടണം? വൃക്ഷത്തിൽ നിന്ന് പഴം ഉണ്ടാകുന്നതുപോലെ അവനെ എന്തിന് ഉണ്ടാക്കിക്കൂടാ?” ഇങ്ങനെ ചിന്തിച്ചു കൊണ്ട് വിശ്വാമിത്രയോഗി നാളികേരം എന്നപോലെ മനുഷ്യ ഒരു സൃഷ്ടിച്ചു. ഇതുപോലുള്ള അത്ഭുതങ്ങൾ നടത്തുവാൻ തക്കവണ്ണം സിദ്ധികളുള്ള യോഗികൾ ചിലരുണ്ട്. പക്ഷേ ഇതെല്ലാം ഭൗതിക സിദ്ധികളാണ്. കാലാന്തരത്തിൽ ഇത്തരം യോഗികൾ പരാജിതരാകും; കാരണം ഭൗതിക സിദ്ധികൾ എക്കാലവും നിലനിർത്താൻ അവർക്കു കഴിയുകയില്ല. ഭക്തയോഗികൾക്ക് അത്തരം സിദ്ധികളിൽ താൽപര്യം ഇല്ല.


കൃഷ്ണാവബോധത്തിൽ പ്രവർത്തിക്കുന്ന ഭക്തിയോഗി സ്വാർഥതാല്പര്യം ഇല്ലാതെ, ഏവരുടെയും സംതൃപ്തിക്കായി പ്രവർത്തിക്കുന്നു. കൃഷ്ണാവബോധമുള്ള ഒരുവൻ സ്വാർത്ഥ സംതൃപ്തി ആഗ്രഹിക്കുന്നില്ല. സഫലതയ്ക്കുള്ള അയാളുടെ മാനദണ്ഡം കൃഷ്ണന്റെ പ്രീതിയാണ്; അതുകൊണ്ടാണ് അയാളെ പരിപൂർണനായ സംന്യാസിയായും പരിപൂർണനായ യോഗിയായും കരുതുന്നത്.


(അതീന്ദ്രിയം / അധ്യായം ഒന്ന് / യോഗപദ്ധതി )

ഏകാന്തത (ഭ.ഗീ.13.18)



      നിങ്ങളുടെ പ്രശ്നങ്ങൾക്ക് 

ഭഗവദ്ഗീതയിൽ നിന്ന്

 ശാശ്വതമായ പരിഹാരം

 

ഏകാന്തത 


ജ്യോതിഷാമപി തജ്ജ്യോതിസ്‌തമസഃ പരമുച്യതേ

ജ്ഞാനം ജ്ഞേയം ജ്ഞാനഗമ്യം ഹൃദി സർവസ്യ വിഷ്‍ഠിതം.



   അദ്ദേഹമാണ് സർവ്വജ്യോതിസ്സുകളുടേയും സ്രോതസ്സ്. പദാർത്ഥനിഷ്ഠമായ തമസ്സിനെ അതിക്രമിച്ചു നിൽക്കുന്നതും അവ്യക്തമായിട്ടുള്ളതും അവിടുന്നുതന്നെ. അറിവും അറിയേണ്ടുന്നതും അറിവിന്റെ ലക്ഷ്യവും സർവ്വഹൃദയങ്ങളിലും കുടികൊള്ളുന്നതും ആ പരമ പുരുഷനാണ്.


    പരമാത്മാവായ ഭഗവാനാണ് സൂര്യചന്ദ്രനക്ഷത്രാദി സകല ജ്യോതിസ്സുകളുടേയും പ്രകാശത്തിനടിസ്ഥാനം. ഭഗവത്ജ്യോതിസ്സുള്ളതുകൊണ്ട് ആദ്ധ്യാത്മികസാമ്രാജ്യത്തിൽ സൂര്യചന്ദ്രാദികളുടെ ആവശ്യമില്ലെന്ന് വേദസാഹിത്യങ്ങളിൽ കാണാം. ഭൗതികപ്രപഞ്ചത്തിൽ ഭഗവാന്റെ ആത്മീയതേജസ്സ് - ബ്രഹ്മജ്യോതിഃ - മഹത്തത്ത്വമെന്ന ഭൗതികപദാർത്ഥങ്ങളാൽ മൂടപ്പെട്ടിരിക്കുകയാണ്. അതുകൊണ്ടാണ് പ്രകാശത്തിന് സൂര്യൻ, ചന്ദ്രൻ, വൈദ്യുതി എന്നിവയുടെ സഹായം നമുക്കാവശ്യമായി വരുന്നത്. ആദ്ധ്യാത്മികലോകത്തിന് ഇവയൊന്നും ആവശ്യമില്ല. അവിടുത്തെ പ്രഭാപൂരംകൊണ്ട് സർവ്വവും പ്രകാശമാനമാകുന്നുവെന്ന് വൈദികസാഹിത്യം ഘോഷിക്കുന്നു. അതുകൊണ്ട് ഭഗവാന്റെ സ്ഥിതി ഈ ഭൗതികലോകത്തിലല്ലെന്ന് വ്യക്തമാകുന്നു. അതിദൂരെയുള്ള പര വ്യോമത്തിലാണ് ഭഗവദ്ധാമമെന്നതും വേദങ്ങൾ സ്ഥിരീകരിക്കുന്നു. ‘ആദിത്യവർണം, തമസഃ പരസ്താത്’. എന്നിങ്ങനെ ശ്വേതാശ്വതരോപനിഷത്ത് (3.8) വർണ്ണിക്കുന്നു. ആദിത്യനെപ്പോലെ ശാശ്വത തേജസ്വിയാണ് ഭഗവാൻ, ഈ ഭൗതിക പ്രപഞ്ചത്തിന്റെ തമസ്സിൽ നിന്ന് വളരെയകലെയാണദ്ദേഹം.


     തന്റെ ജ്ഞാനവും ഇന്ദ്രിയാതീതം തന്നെ. ആത്മീയ ജ്ഞാനത്തിന്റെ സാരസത്തയാണ് ബ്രഹ്മമെന്ന് വേദോക്തിയുണ്ട്. ആദ്ധ്യാത്മിക ലോകങ്ങളിലെത്താൻ ആകാംക്ഷയുള്ളവർക്ക് സർവ്വഹൃദയങ്ങളിലും വാഴുന്ന പരമാത്മാവ് ജ്ഞാനം നൽകും. ശ്വേതാശ്വതരോപനിഷത്തിലെ ഒരു വേദമന്ത്രം (6.18) ഇതാണ്. ‘താം ഹ ദേവം ആത്മ ബുദ്ധി പ്രകാശം മുമുക്ഷർവൈശരണമഹം പ്രപദ്യേ’. മോക്ഷത്തിലിച്ഛയുള്ളവർ സ്വയം ഭഗവാന് സമർപ്പിതരാവുക തന്നെ വേണം. ഭൗതിക ജ്ഞാനത്തിന്റെ ലക്ഷ്യത്തെ സംബന്ധിച്ചിടത്തോളമാണെങ്കിൽ അതും വൈദികസാഹിത്യം സ്ഥിരീകരിക്കുന്നു. ‘തമേവ വിദിത്വാദി മൃത്യുമേതി’, അദ്ദേഹത്തെ അറിയുന്നതുകൊണ്ടേ ജനന മരണങ്ങൾക്കപ്പുറം കടക്കാൻ കഴിയു. (ശ്വേതാശ്വതരോപനിഷത്ത് 3.8)


   ഓരോരുത്തരുടേയും ഹൃദയത്തിൽ പരമനിയന്താവെന്ന നിലയിൽ ഭഗവാൻ സ്ഥിതിചെയ്യുന്നു. അവിടുത്തെ എണ്ണമറ്റ കൈകാലുകൾ ഏതിടത്തുമുണ്ട്. വ്യക്തിഗതജീവാത്മാവിനെപ്പറ്റി ഇത് പറയാനാവില്ല. അതുകൊണ്ട് ക്ഷേത്രജ്ഞർ രണ്ടുപേരുണ്ടെന്ന് സമ്മതിച്ചേ കഴിയു; വ്യക്തിഗതജീവാത്മാവും പരമാത്മാവും. ജീവന് സ്വശരീരത്തിലാണ് കൈകാലുകൾ; പരമാത്മാവായ കൃഷ്ണന്റെ കൈകാലുകളാകട്ടെ, എവിടേയുമുണ്ട്. ‘സർവസ്യ പ്രഭുമീശാനം സർവസ്യ ശരണം ബൃഹത്’ എന്ന് ശേjതാശ്വതരോപനിഷത്ത്(3.17). ആ പരമപുരുഷനായ ഭഗവാൻ - പരമാത്മാവ്- പ്രഭുവാണ്, സർവ്വജീവികളുടേയും യജമാനനാണ്; തന്മൂലം അവയുടെയെല്ലാം ആത്യന്തികാശ്രയവുമാണ്. അങ്ങനെ പരമാത്മാവും ജീവാത്മാവും എക്കാലത്തും വ്യത്യസ്തങ്ങളാണെന്ന സത്യം അനിഷേധ്യമായിത്തീരുന്നു.



( ശ്രീമദ് ഭഗവദ് ഗീതാ യഥാരൂപം 13.18)



🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ് 



ഏകാന്തത (ഭ.ഗീ.13.16)


      നിങ്ങളുടെ പ്രശ്നങ്ങൾക്ക് 

ഭഗവദ്ഗീതയിൽ നിന്ന്

 ശാശ്വതമായ പരിഹാരം

 

ഏകാന്തത 



ബഹിരന്തശ്ച ഭൂതാനാമചരം ചരമേവ ച

സൂക്ഷ്മത്വാത്തദവിജ്ഞേയം ദൂരസ്ഥം ചാന്തികേ ച തത്.


   

     പരമതത്ത്വം ചരങ്ങളും അചരങ്ങളുമായ എല്ലാ ജീവികളുടെ ഉള്ളിലും പുറത്തും കുടികൊള്ളുന്നു. അതിസൂക്ഷ്മഭാവംമൂലം ഭൗതികേന്ദ്രിയങ്ങൾക്ക് അദ്ദേഹത്തെ കാണാനോ അറിയാനോ കഴിയില്ല. അതിദൂരസ്ഥനെങ്കിലും ഏവർക്കും സമീപസ്ഥനുമാണദ്ദേഹം.


    പരം പുരുഷനായ നാരായണൻ ജീവസത്തകളുടെയെല്ലാം ഉള്ളിലും പുറത്തും കുടികൊള്ളുന്നുണ്ടെന്ന് വൈദിക സാഹിത്യത്തിൽ നിന്ന് മനസ്സിലാക്കാം. ആദ്ധ്യാത്മികവും ഭൗതികവുമായ ലോകങ്ങളിൽ സന്നിഹിതനാണദ്ദേഹം. ദൂരസ്ഥനെങ്കിലും സമീപസ്ഥനുമാണ്. വൈദികസാഹിത്യത്തിലെ പ്രസ്താവനകളാണിവ. ‘ആസീനോ ദൂരം വ്രജതി ശയാനോ യാതി സർവതഃ’ എന്നു കഠോപനിഷത്ത്. (1.2.21) എപ്പോഴും ആദ്ധ്യാത്മികാനന്ദത്തിൽ മുഴുകിയിരിക്കുന്ന പരമപുരുഷൻ തന്റെ സമ്പൂർണ്ണ ഐശ്വര്യങ്ങൾ അനുഭവിക്കുന്നതെങ്ങനെയെന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയില്ല. ഭൗതികേന്ദ്രിയങ്ങൾക്ക് അഗ്രാഹ്യമാണത്. അദ്ദേഹത്തെ മനസ്സിലാക്കാൻ, ഈ ഭൗതികങ്ങളായ ഇന്ദ്രിയങ്ങളും മനസ്സും കൊണ്ട് സാധിക്കുകയില്ല എന്ന് വൈദികഗ്രന്ഥങ്ങൾ പറയുന്നു. കൃഷ്ണാവബോധപരിശീലനത്താൽ ഇന്ദ്രിയമനസ്സുകളെ പവിത്രീകരിച്ച് ഭക്തിയുതസേവനത്തിലേർപ്പെടുന്നവർക്ക് മാത്രം നിരന്തരം ഭഗവദ്ദർശനം സാദ്ധ്യമാവും. പരംപുരുഷനിൽ പ്രേമം വളർന്ന ഭക്തന് അദ്ദേഹം എപ്പോഴും പ്രത്യക്ഷനായിരിക്കുമെന്നാണ് ബ്രഹ്മ സംഹിതയിൽ പ്രസ്താവിക്കുന്നത്. ഭക്തിപൂർവം സേവിക്കുന്നവർക്കു മാത്രം അദ്ദേഹത്തെ കാണാനും മനസ്സിലാക്കാനും കഴിയുമെന്ന് ഭഗവദ്ഗീതയും ഉറപ്പു നൽകുന്നുണ്ട്. ‘ഭക്ത്യാ ത്വനന്യയാ ശക്യ’ (11.54)



( ശ്രീമദ് ഭഗവദ് ഗീതാ യഥാരൂപം 13.16)



🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ് 



ഏകാന്തത (ഭ.ഗീ.9.29)


    

  നിങ്ങളുടെ പ്രശ്നങ്ങൾക്ക് 

ഭഗവദ്ഗീതയിൽ നിന്ന്

 ശാശ്വതമായ പരിഹാരം

 

ഏകാന്തത 


സമോഽഹം സർവഭൂതേഷു ന മേ ദ്വേഷ്യോ ഽസ്തി ന പ്രിയഃ

യേ ഭജന്തി തു മാം ഭക്ത്യാ മയി തേ തേഷു ചാപ്യഹം


  

   എനിക്കാരോടും അസൂയയില്ല, പക്ഷപാതവുമില്ല. എല്ലാറ്റിനോടും സമഭാവനയാണെനിക്കുള്ളത്. പക്ഷേ, ഭക്തിപുരസ്സരം ആരാണോ എന്നെ സേവിക്കുന്നത്, അയാൾ എന്റെ സുഹൃത്തും ഞാനയാളുടെ സുഹൃത്തുമാണ്. അവനെന്നിൽ അധിവസിക്കുന്നു.


    ഇവിടെ ചോദ്യത്തിന്നിടയുണ്ട്. കൃഷ്ണന് ഏവരിലും സമഭാവനയാണുള്ളതെങ്കിൽ ആരോടും അദ്ദേഹത്തിന് പ്രത്യേകം മമതയില്ലെങ്കിൽ തന്റെ അതീന്ദ്രിയസേവനത്തിൽ മുഴുകിയിരിക്കുന്നവരിൽ അദ്ദേഹമെന്തിന് സവിശേഷ താത്പര്യം കാട്ടുന്നു? പക്ഷേ ഇത് പക്ഷപാതമല്ല, സ്വാഭാവികമാണ്. ഈ ഭൗതികലോകത്തിൽ ഒരാൾ എത്ര തന്നെ ഉദാരനും ധർമ്മിഷ്ഠനുമായാലും ശരി, സ്വന്തം മക്കളിൽ കൂടുതൽ താത്പര്യം പ്രദർശിപ്പിക്കാറുണ്ട്. ഏതൊരു ജീവാത്മാവും ഏതൊരാകൃതിയിലിരുന്നാലും സ്വസന്താനമെന്നാണ് ഭഗവാൻ പറയുന്നത്. ജീവിതത്തിനാവശ്യമുള്ള സർവ്വവിഭവങ്ങളും വേണ്ടുവോളം അവർക്കദ്ദേഹം നൽകുന്നുമുണ്ട്. ഒരു മഴക്കാറിനെപ്പോലെയാണദ്ദേഹം. താൻ ചൊരിയുന്ന മഴവെള്ളം ഭൂമിയിലോ കുന്നിൻപുറത്തോ വെള്ളത്തിലോ ചെന്നു വീഴുന്നതെന്നോർക്കാറില്ല. എങ്കിലും ഭക്തന്മാരിൽ അദ്ദേഹത്തിന് സവിശേഷ താത്പര്യമുണ്ട്. അത്തരം ഭക്തന്മാരെയാണിവിടെ വിവരിക്കുന്നത്. അവർക്കെപ്പോഴും കൃഷ്ണാവബോധമുണ്ടായിരിക്കും. തന്മൂലം ആദ്ധ്യാത്മികമായി അവർ എപ്പോഴും കൃഷണനിൽത്തന്നെ സ്ഥിതിചെയ്യുന്നു. കൃഷ്ണാവബോധമെന്ന വാക്കുതന്നെ സൂചിപ്പിക്കുന്നത്, ആ നിലയിലെത്തിയവർ ഇവിടെ ജീവിക്കുകയാണെങ്കിലും ഭഗവാനിൽ കുടികൊള്ളുന്ന യോഗികളാണ് എന്നാണ്. മയി തേ - അവർ എന്നിലാകുന്നു - എന്ന് ഭഗവാൻ ഊന്നിപ്പറയുന്നുണ്ട്. തത്ഫലമായി കൃഷ്ണൻ അവരിലും വാഴുന്നു. പരസ്പര കൈമാറ്റത്തിന്റേതാണ് ഈ ബന്ധം. യേ യഥാമാം പ്രപദ്യന്തേ താം സ്തഥൈവ ഭജാമ്യഹം - "എനിക്ക് സ്വയം സമർപ്പിക്കുന്നവരെ അതേ വിധത്തിൽ ഞാൻ രക്ഷിക്കുന്നു” - ഭഗവാനും ഭക്തനും ബോധവാന്മാരാകുന്നതുകൊണ്ടാണ് ഈ ആദ്ധ്യാത്മികബന്ധമുണ്ടാകുന്നത്. പൊൻമോതിരത്തിനു മേൽ വൈരക്കല്ല് പതിച്ചാൽ കൂടുതൽ അഴകു തോന്നിക്കും. സ്വർണ്ണത്തിനും വൈരക്കല്ലിനും ഒരേസമയം തേജസ്സ് വർദ്ധിക്കുന്നു. ഭഗവാനും ജീവാത്മാവും എന്നെന്നും മിന്നിത്തിളങ്ങുന്നു. ഒരു ജീവാത്മാവ് ഭഗവത്സേവനനിഷ്ഠനാകുമ്പോൾ സൗവർണ്ണശോഭ കൈക്കൊള്ളുന്നു. ഭഗവാനത്രേ വൈരക്കല്ല്, ഇവ തമ്മിലുള്ള ബന്ധം മനോഹരമാണ്. വിശുദ്ധാവസ്ഥയിലുള്ള ജീവാത്മാക്കളത്രേ ഭക്തന്മാർ. ഭക്തന്മാരുടെ ഭക്തനാണ് ഭഗവാൻ, ഭഗവാനും ഭക്തനും പരസ്പരബന്ധമില്ലെന്നിരിക്കിൽ സാകാരസിദ്ധാന്തമെന്ന തത്ത്വജ്ഞാനമില്ല. നിരാകാരസിദ്ധാന്ത്രപ്രകാരം ജീവനും ഈശ്വരനും അന്യോന്യം ബന്ധമില്ല; വ്യക്തി ഗതസിദ്ധാന്തത്തിലേ അതുള്ളൂ.


    ഭഗവാൻ ഒരു കല്പവൃക്ഷമാണ്. അതിൽ നിന്നും ആരെന്ത് നേടാൻ ആഗ്രഹിക്കുന്നുവോ, അത് ലഭിക്കും, സാധാരണയായി കേൾക്കുന്ന ഒരുദാഹരണമാണിത്. ഇവിടെ ഈ വിശദീകരണം പൂർണ്ണമാവുന്നു. ഭഗവാന് ഭക്തന്മാരോട് പക്ഷപാതമുണ്ട്. ഇത് ഭഗവാന്റെ, ഭക്തന്മാരോടുള്ള സവിശേഷ കാരുണ്യത്തിന്റെ പ്രകടഭാവമാണ്. ഇത് കർമ്മനിയമാനുസൃതമെന്ന് കരുതാൻ പാടില്ല. ഭഗവാനും ഭക്തന്മാരും സ്ഥിതിചെയ്യുന്ന ആദ്ധ്യാത്മികതലത്തിന് സ്വാഭാവികമായതാണിത്. ഒരു ഭൗതികപ്ര വർത്തനമല്ല ഭഗവത് സേവനം; സച്ചിദാനന്ദപൂർണ്ണമായ ആദ്ധ്യാത്മികലോ കത്തിലെ ഘടകമാണ്.



( ശ്രീമദ് ഭഗവദ് ഗീതാ യഥാരൂപം 9.29)



🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ് 



ഏകാന്തത (ഭ.ഗീ.6.30)


     

നിങ്ങളുടെ പ്രശ്നങ്ങൾക്ക് 

ഭഗവദ്ഗീതയിൽ നിന്ന്

 ശാശ്വതമായ പരിഹാരം

 

ഏകാന്തത 


യോ മാം പശ്യതി സർവത്ര സർവം ച മയി പശ്യതി

തസ്യാഹം ന പ്രണശ്യാമി സ ച മേന പ്രണശ്യതി.


  

   എവിടേയും ഞാൻ കുടികൊള്ളുന്നതായും എല്ലാം എന്നിൽ അടങ്ങുന്നതായും കാണുന്നവന് ഞാൻ ഒരിക്കലും നഷ്ടപ്പെടുകയില്ല. എനി ക്ക് അവനും നഷ്ടപ്പെട്ടുപോവില്ല.


   കൃഷ്ണാവബോധമുദിച്ച ഒരു വ്യക്തി ഭഗവാനെ എവിടേയും ദർശിക്കുന്നു. എല്ലാം കൃഷ്ണനിലധിവസിക്കുന്നു എന്ന് കാണുന്നു. അങ്ങനെയുള്ള ഒരു വ്യക്തി ഭൗതികപ്രകൃതിയുടെ ആവിഷ്കാരങ്ങളെയെല്ലാം കൃഷ്ണശക്തിയുടേതാണെന്ന് മനസ്സിലാക്കുന്നു. അതിനാൽ അവ ഓരോന്നും കാണുമ്പോഴും അയാൾ കൃഷ്ണനെക്കുറിച്ച് ബോധവാനാണ്. കൃഷ്ണനെ കൂടാതെ ഒന്നിനും നിലനിൽക്കാനാവി ല്ല. കൃഷ്ണനാണ് എല്ലാറ്റിന്റേയും നാഥൻ. ഇതാണ് കൃഷ്ണാവബോധത്തിന്റെ  മൗലികസിദ്ധാന്തം. കൃഷ്ണാവബോധമെന്നാൽ കൃഷണനിൽ പ്രേമം  വളർത്തിയെടുക്കലാണ്. സംസാരമുക്തിയേക്കാൾ സമുത്കൃഷ്ടമാണ് ഈ അവസ്ഥ. ആത്മസാക്ഷാത്കാരത്തേക്കാൾ ശ്രേഷ്ഠമായ കൃഷ്ണാവബോധത്തിന്റെ ഈ നിലയിൽ കൃഷ്ണൻ ഭക്തന്റെ സർവ്വ സ്വമായിത്തീരുകയും കൃഷ്ണപ്രേമത്തിൽ ഭക്തൻ പൂർണ്ണത നേടു കയുംചെയ്യുന്നു. ഈ വിധത്തിൽ അയാൾ കൃഷ്ണനോട് ഏകീഭവി ക്കുന്നു. അങ്ങനെ ഭഗവാനും ഭക്തനുമായി അടുത്ത ബന്ധമുണ്ടാകുന്നു. ഈ നിലയിലെത്തിയ ജീവാത്മാവിന് ഒരിക്കലും നാശമില്ല; ഭഗവദ്ദർശനം ഭക്തന് ഒരു നിമിഷത്തേയ്ക്കുപ്പോലും നഷ്ടപ്പെടുന്നുമില്ല. കൃഷ്ണനിൽ ലയിക്കൽ, ആത്മീയ വിനാശമാകുന്നു. ആ വിപത്തിൽ ഭക്തൻ ചെന്നു ചാടാറില്ല. ബ്രഹ്മസംഹിതയിൽ പറയുന്നു. (5.38)


പ്രേമാഞ്ജനച്ഛുരിതഭക്തിവിലോചനേന

സന്തഃസദൈവ ഹൃദയേഷു വിലോകയന്തി

യം ശ്യാമസുന്ദരമചിന്ത്യ ഗുണസ്വരൂപം

ഗോവിന്ദമാദി പുരുഷം തമഹം ഭജാമി


   "ഭക്തന്റെ പ്രേമാഞ്ജനമെഴുതിയ കണ്ണുകൾക്ക് എപ്പോഴും ദൃശ്യനായിട്ടുള്ള ആദിപുരുഷനായ ഗോവിന്ദനെ ഞാൻ ഭജിക്കുന്നു. ഭക്ത ഹൃദയത്തിലത്രേ തന്റെ ശാശ്വതമായ ശ്യാമസുന്ദര രൂപത്തിൽ അവിടുന്ന് വാഴുന്നത്."


    ഈ അവസ്ഥയിൽ കൃഷ്ണൻ ഒരിക്കലും ഭക്തന്റെ കണ്ണിൽ നി ന്ന് മറയുന്നില്ല. ഭക്തന് ഭഗവാനെ ദർശിക്കാതെ ഒരു നിമിഷംപോലും ക ഴിക്കേണ്ടിവരുന്നില്ല. ഇതുപോലെയാണ് കൃഷ്ണനെ പരമാത്മസ്വരൂപേ ണ ഹൃദയത്തിൽ ദർശിക്കുന്ന യോഗിയുടേയും സ്ഥിതി. ആ യോഗി ഒരു ശുദ്ധഭക്തനായിത്തീരുകയും അയാൾക്ക് ക്ഷണനേരംപോലും സ്വ ഹൃദയസ്ഥനായ ഭഗവാനെ ദർശിക്കാതെ ജീവിക്കാൻ വയെന്നാവുകയും ചെയ്യും.


( ശ്രീമദ് ഭഗവദ് ഗീതാ യഥാരൂപം 6.30)



🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ് 



അത്യാഗ്രഹം (ഭ.ഗീ.17.25)


 

    നിങ്ങളുടെ പ്രശ്നങ്ങൾക്ക് 

ഭഗവദ്ഗീതയിൽ നിന്ന്

 ശാശ്വതമായ പരിഹാരം

 

അത്യാഗ്രഹം 


താദിത്യനാഭിസന്ധായ ഫലം യജ്ഞതപഃ ക്രിയാഃ

ദാനക്രിയാശ്ച വിവിധാഃ ക്രിയന്തേ മോക്ഷകാംക്ഷിഭിഃ


   ഫലോദ്ദേശ്യം കൂടാതെ തത് എന്നുച്ചരിച്ചുകൊണ്ട് വേണം ഒരാൾ പല തരത്തിലുള്ള യജ്ഞങ്ങളും ദാനവും തപസ്സുമൊക്കെ ച്ചെയ്യേണ്ടത്. ഭൗതിക ബന്ധങ്ങളിൽ നിന്നുള്ള മുക്തിയാണ് അങ്ങനെയുള്ള അതീന്ദ്രിയപ്രവർത്തനങ്ങളുടെ ഉദ്ദേശ്യം.


     ആദ്ധ്യാത്മികോത്കർഷമാശിക്കുന്നവർ ഭൗതിക നേട്ടങ്ങൾക്കു വേണ്ടി പ്രവർത്തിച്ചുകൂടാ. ആത്മീയലോകത്തിലേക്ക്, സ്വഭവനമായ ഭഗവദ്ധാമത്തിലേക്ക് തിരിച്ചെത്തുക എന്നതായിരിക്കണം പ്രവൃത്തികളുടെ ആത്യന്തിക ലക്ഷ്യം.



( ശ്രീമദ് ഭഗവദ് ഗീതാ യഥാരൂപം 17.25)



🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ് 



അത്യാഗ്രഹം (ഭ.ഗീ.16.21)


     

 നിങ്ങളുടെ പ്രശ്നങ്ങൾക്ക് 

ഭഗവദ്ഗീതയിൽ നിന്ന്

 ശാശ്വതമായ പരിഹാരം

 

അത്യാഗ്രഹം



ത്രിവിധം നരകസ്യേദം ദ്വാരം നാശനമാത്മനഃ

കാമഃ ക്രോധസ്തഥാ ലോഭസ്തസ്മാദേതത്ത്രയം ത്യജേത്


   നരകത്തിന് കവാടങ്ങൾ മൂന്നുണ്ട് : കാമം, ക്രോധം, ലോഭം. ബുദ്ധിയുള്ള എല്ലാവരും ഇവയെ ഉപേക്ഷിക്കണം. കാരണം, അവ ആത്മാവിന്റെ അധഃപതനത്തിലേക്ക് വഴിതെളിക്കും.


    അസുരജീവിതത്തിന്റെ ആരംഭമെങ്ങനെയെന്ന് ഇവിടെ വിവരിക്കുന്നു. കാമത്തെ തൃപ്തിപ്പെടുത്താൻ ശ്രമിക്കുന്നു; കഴിയാതെ വരുമ്പോൾ ക്രോധവും ലോഭവും വർദ്ധിക്കും. ആസുരമായ നിലയിലേക്ക് വഴുതി വീഴാനിഷ്ടപ്പെടാത്ത ബുദ്ധിമാനായ ഒരാൾ ഈ മൂന്ന് വൈരികളിൽ നിന്നും വിട്ടുനിൽക്കണം. ഈ ഭൗതികശൃംഖലയിൽ നിന്ന് മോചനം നേടാനാവാത്തവിധം ആത്മാവിന് ദോഷംചെയ്യും, ഇവ മൂന്നും.



( ശ്രീമദ് ഭഗവദ് ഗീതാ യഥാരൂപം - 16.21)



🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ് 



അത്യാഗ്രഹം (ഭ.ഗീ.14.17)



    നിങ്ങളുടെ പ്രശ്നങ്ങൾക്ക് 

ഭഗവദ്ഗീതയിൽ നിന്ന്

 ശാശ്വതമായ പരിഹാരം

 

അത്യാഗ്രഹം


സത്ത്വാത്സംജായതേ ജ്ഞാനം രജസോ ലോഭ ഏവ ച

പ്രമാദമോഹൗ തമസോ ഭവതോഽജ്ഞാനമേവ ച



    സത്ത്വഗുണത്തിൽ നിന്ന് യഥാർത്ഥമായ ജ്ഞാനവും, രജസ്സിൽ നിന്ന് ലോഭവും, തമസ്സിൽ നിന്ന് പ്രമാദവും മോഹം മൗഢ്യം എന്നിവയും ഉണ്ടാകുന്നു.


   ആധുനികസംസ്കാരം ജീവസത്തകൾക്ക് വേണ്ടത്ര അനുയോജ്യമല്ലാത്തതുകൊണ്ട് അവർ കൃഷ്ണാവബോധം സ്വീകരിക്കേണ്ടതാണ്. കൃഷ്ണാവബോധത്തിലൂടെ സമൂഹത്തിൽ സത്ത്വഗുണം പുഷ്ടിപ്പെടും. സത്ത്വഗുണം പുഷ്ടിപ്പെടുമ്പോൾ ജനങ്ങൾ കാര്യങ്ങളുടെ യഥാർത്ഥ സ്ഥിതി മനസ്സിലാക്കുകയുംചെയ്യും. തമോഗുണത്തിൽ മനുഷ്യർ മൃഗ്രപ്രായരാണ്. അവർക്ക് കാര്യങ്ങൾ സ്പഷ്ടമായി കാണാൻ കഴിയുകയില്ല. ഉദാഹരണമായി, ജന്തുഹിംസ ചെയ്താൽ തങ്ങൾ വരും ജന്മത്തിൽ അതേ ജീവികളാൽ കൊല്ലപ്പെടുമെന്ന സത്യം തമോഗുണബാധിതർ മനസ്സിലാക്കുന്നില്ല. അറിയേണ്ടവയെപ്പറ്റിയുള്ള വിദ്യാഭ്യാസം ജനങ്ങൾക്ക് ലഭിക്കാത്തതുകൊണ്ടാണ് അവർക്ക് ഉത്തരവാദിത്വമില്ലാതെ വരുന്നത്. ഈ ഉത്തരവാദിത്വമില്ലായ്മ നിർത്തുന്നതിന് ഏവരിലും സത്ത്വഗുണം വളർത്താനുതകുന്ന വിദ്യാഭ്യാസം കുടിയേത്തീരു. അത് ലഭിച്ചാൽ ജനങ്ങൾക്ക് കാര്യങ്ങളുടെ യാഥാർത്ഥ്യം സ്പഷ്ടമാവും, അവർ സ്ഥിരചിത്തരായിത്തീരും. ലോകത്തിൽ സമൃദ്ധിയും സന്തുഷ്ടിയും വർദ്ധിക്കും. ജനങ്ങളിൽ ഭൂരിപക്ഷത്തിനും സമൃദ്ധിയും സന്തുഷ്ടിയും വർദ്ധിച്ചില്ലെന്നുവന്നാൽപ്പോലും സമൂഹത്തിൽ ചെറിയൊരു ശതമാനമെങ്കിലും കൃഷ്ണാവബോധം വളർത്തി സത്ത്വഗുണത്തിലായാൽ ലോകത്തിൽ ഒട്ടാകെ ഐശ്വര്യവും സമാധാനവുമുണ്ടാവാൻ സാദ്ധ്യതയുണ്ട്. മറിച്ച്, രജസ്തമോഗുണങ്ങളിലാണ് ജനങ്ങൾ മുഴുകുന്നതെങ്കിൽ ഇവിടെ ഐശ്വര്യമോ സമാധാനമോ ഉണ്ടാവുക സാദ്ധ്യമല്ല. രാജസ സ്വഭാവികൾ ലോഭികളാണ്. അവരുടെ ഭൗതികഭോഗതൃഷ്ണയ്ക്കതിരില്ല. വിഷയ ഭോഗങ്ങൾക്ക് വേണ്ടുന്ന സർവ്വസൗകര്യങ്ങളും വേണ്ടത്ര ധനവും ഉണ്ടായിരുന്നാൽത്തന്നെയും മനസ്സമാധാനമോ സന്തോഷമോ ഇല്ലെന്നു കാണാം. രജോഗുണത്തിൽ സ്ഥിതിചെയ്യുന്നതാണിതിനു കാരണം. ഒരാൾക്ക് സന്തുഷ്ടിയാണ് വേണ്ടതെങ്കിൽ ധനം അതിന് ഒട്ടും സഹായകരമല്ല. അയാൾ കൃഷ്ണാവബോധപരിശീലനംകൊണ്ട് സാത്ത്വികഗുണത്തിലേയ്ക്ക് സ്വയം ഉയരുകതന്നെ വേണം. ഒരാൾ രജോഗുണത്തിൽ മുഴുകുമ്പോൾ അയാളുടെ മനസ്സ് അസന്തുഷ്ടമായിരിക്കുമെന്ന് മാത്രമല്ല, പ്രവൃത്തിയും ക്ലേശബഹുലമായിത്തന്നെയിരിക്കും. തന്റെ പദവി നിലനിർത്താനാവശ്യമായ ധനം നേടുന്നതിനു വേണ്ടി അയാൾക്ക് പല ഉപായങ്ങളും ആസൂത്രണംചെയ്യേണ്ടിവരും. ഏതു വിധത്തിലും ക്ലേശമേയുള്ളൂ. തമോഗുണത്തിൽ ആളുകൾ ഭ്രാന്തന്മാരാകുന്നു. തങ്ങളുടെ പരിതഃ സ്ഥിതികളിൽ വെറുപ്പ് വളർന്ന് അവർ ലഹരിപദാർത്ഥങ്ങളെ അഭയം പ്രാപിക്കുന്നു. അങ്ങനെ കൂടുതൽ അജ്ഞതയിലേയ്ക്കാണ്ടുപ്പോകുന്നു. ഏറ്റവും ഇരുളടഞ്ഞതാണ് ഇവരുടെ ഭാവി.



( ശ്രീമദ് ഭഗവദ് ഗീതാ യഥാരൂപം 14.17)



🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ്