Home

Sunday, August 6, 2023

സുദാമ ബ്രാഹ്മണൻ

 


സുദാമ ബ്രാഹ്മണൻ ദ്വാരകയിൽ കൃഷ്‌ണനെ സന്ദർശിക്കുന്നു


🍁🍁🍁🍁🍁


ദാനമാഗ്രഹിച്ചുകൊണ്ട് കൊട്ടാരത്തിലെത്തിയ ബ്രാഹ്മണ സുഹൃത്ത് സുദാമാവിനെ കൃഷ്ണഭഗവാൻ പൂജിക്കുന്നതും പണ്ട് സാന്ദീപനി മുനിയുടെ ഗുരുകുലത്തിൽ വസിക്കവേ തങ്ങളൊന്നിച്ചു ചെയ്ത ലീലകൾ അവർ അനുസ്മരിക്കുന്നതുമാണ് ഈ അധ്യായത്തിൽ വർണ്ണിക്കുന്നത്.


ഭഗവാന്റെ അടുത്ത സുഹൃത്തായ സുദാമ ബ്രാഹ്മണൻ ഭൗതികമോഹങ്ങൾ വിട്ടൊഴിഞ്ഞ ഒരു വ്യക്തിയായിരുന്നു. യദ്രച്ഛയാ വന്നു ചേരുന്ന വസ്തുവകകൾ കൊണ്ട് ഭാര്യയെയും തന്നെയും പുലർത്തിപ്പോന്നിരുന്നതിനാൽ അവർ ദാരിദ്രമനുഭവിച്ചിരുന്നു. ഭർത്താവിനു ഭക്ഷണം പാകം ചെയ്യാൻ ഒന്നുമില്ലാതെയായ ഒരു ദിവസം സുദാമാവിന്റെ പത്നി അദ്ദേഹത്തിന്റെയരികിൽ ചെന്ന് സുഹൃത്തായ കൃഷ്ണനെ സന്ദർശിച്ച് ദാനമാവശ്യപ്പെട്ടുകൂടേയന്ന് ചോദിച്ചു. ആദ്യം വിസമ്മതിച്ച സുദാമാവ് ഭാര്യ നിർബന്ധിച്ചപ്പോൾ ഭഗവാനെ ദർശിക്കാൻ കിട്ടുന്ന അവസരം എത്ര മംഗളകരമെന്നോർത്ത് പോകാമെന്നു സമ്മതിച്ചു. ഭാര്യ കൃഷ്ണന് സമ്മാനമായി യാചിച്ചു വാങ്ങിയ ഏതാനും കൈപ്പിടി അവിലുമായി സുദാമാവ് ദ്വാരകയിലേക്ക് പുറപ്പെട്ടു.


കൃഷ്ണന്റെ മുഖ്യപത്നിയായ രുഗ്മിണീദേവിയുടെ കൊട്ടാരത്തിനടുത്ത് സുദാമാവ് എത്തിയപ്പോൾ ഭഗവാൻ അകലെവച്ചുതന്നെ അദ്ദേഹത്തെ കണ്ടു. രുഗ്മിണിയുടെ ശയ്യയിൽ ഇരിക്കുകയായിരുന്ന ഭഗവാൻ ഉടനെ എഴുന്നേറ്റ് സുഹൃത്തിനെ അത്യാഹ്ലാദത്തോടെ ആലിംഗനം ചെയ്തു. അനന്തരം അദ്ദേഹത്തെ ശയ്യയിലിരുത്തി സ്വന്തം കൈകളാൽ ഭഗവാൻ സുഹൃത്തിന്റെ കാൽ കഴുകി ആ ജലം സ്വന്തം ശിരസ്സിൽ തളിച്ചു. നിരവധി ഉപഹാരങ്ങൾ നൽകുകയും ധൂപദീപാദികളാൽ പൂജിക്കുകയും ചെയ്തു. ഈ സമയത്തൊക്കെ രുഗ്മിണീദേവി മോശമായ വസ്ത്രം ധരിച്ച ആ ബ്രാഹ്മണനെ ചാമരവിശറികൊണ്ട് വീശുകയായിരുന്നു. ഇതെല്ലാം കണ്ട് കൊട്ടാരത്തിലെ അന്തേവാസികൾ അത്ഭുതപ്പെട്ടു.


 അനന്തരം ഭഗവാൻ കൃഷ്ണൻ ചങ്ങാതിയുടെ കരംപിടിച്ചുകൊണ്ട് പണ്ട് ഗുരുവിന്റെ ആശ്രമത്തിൽ അവരിരുവരും കൂടി ചെയ്ത പ്രവൃത്തികൾ അനുസ്മരിച്ചു. മനുഷ്യസമൂഹത്തിനു മാതൃകയാവാൻ വേണ്ടിയാണ് കൃഷ്ണൻ വിദ്യാഭ്യാസം നേടുകയെന്ന ലീലയിലേർപ്പെട്ടതെന്ന് സുദാമാവ് ചൂണ്ടിക്കാണിച്ചു.


സുദാമബ്രാഹ്മണനെ ഭഗവാൻ അനുഗ്രഹിക്കുന്നു

🍁🍁🍁🍁🍁


സുഹൃത്തായ സുദാമാവ് കൊണ്ടുവന്ന ഒരു പിടി അവിൽ ഭഗവാൻ കഴിക്കുന്നതും പകരം സ്വർഗാധിപതിയെക്കാൾ സമ്പത്ത് സുഹൃത്തിനു നൽകിയതുമാണ് ഈ അധ്യായത്തിൽ വർണിക്കുന്നത്.


സുഹൃത്ത് സുദാമാവുമായി സ്നേഹസല്ലാപം നടത്തുന്നതിനിടയിൽ ഭഗവാൻ കൃഷ്ണൻ ചോദിച്ചു, “പ്രിയ ബ്രാഹ്മണ, അങ്ങ് വീട്ടിൽ നിന്ന് എനിക്കായി എന്തെങ്കിലും സമ്മാനം കൊണ്ടുവന്നിട്ടുണ്ടോ ? പ്രിയഭക്തനിൽ നിന്നു ലഭിക്കുന്ന നിസ്സാരമായ ഉപഹാരംപോലും വളരെ പ്രധാനപ്പെട്ടതായിട്ടാണ് ഞാൻ കരുതുന്നത്. പക്ഷേ പാവം ബ്രാഹ്മണന് തന്റെ നിസ്സാരമായ അവിൽ കൃഷ്ണനു സമ്മാനിക്കുവാൻ ലജ്ജ തോന്നി. എന്നിരുന്നാലും, കൃഷ്ണൻ എല്ലാ ഹൃദയങ്ങളിലും വസിക്കുന്ന പരമാത്മാവായതിനാൽ എന്തിനാണ് സുദാമാവ് തന്നെക്കാണാൻ വന്നതെന്ന് അദ്ദേഹത്തിനറിയാം. അതിനാൽ സുദാമാവ് ഒളിച്ചുവച്ചിരുന്ന അവിൽപ്പൊതി ഭഗവാൻ തട്ടിയെടുക്കുകയും അതിൽ നിന്ന് ഒരു പിടി ഏറെ സന്തോഷത്തോടെ കഴിക്കുകയും ചെയ്തു. രണ്ടാമതൊരു പിടി കൂടി അദ്ദേഹം കഴിക്കാൻ തുടങ്ങിയപ്പോൾ രുഗ്മിണീദേവി തടഞ്ഞു.


ഭഗവദ്ധാമത്തിലെത്തിയതുപോലെ അനുഭവപ്പെട്ട സുദാമാവ് ആ രാത്രി സസുഖം കൃഷ്ണന്റെ കൊട്ടാരത്തിൽ കഴിച്ചു. അടുത്ത പ്രഭാതത്തിൽ അദ്ദേഹം ഭവനത്തിലേക്കു പുറപ്പെട്ടു. രാജപാതയിലൂടെ സഞ്ചരിക്കവേ ശ്രീ കൃഷ്ണനാൽ ഇങ്ങനെ ആദരിക്കപ്പെട്ട താൻ എത്ര ഭാഗ്യവാനാണെന്ന് അദ്ദേഹം ചിന്തിച്ചു. ആ ചിന്തയിൽ മുഴുകി തന്റെ വീടിരുന്ന സ്ഥലത്തെത്തിയപ്പോൾ സുദാമാവ് അത്ഭുതസ്തബ്ധനായി. തന്റെ ഇടിഞ്ഞുപൊളിഞ്ഞ കുടിലിരുന്ന സ്ഥലത്ത് ഐശ്വര്യപൂർണങ്ങളായ കൊട്ടാരങ്ങളുടെ ഒരു നിര അദ്ദേഹം കണ്ടു. അത്ഭുതം കൊണ്ടു സ്തംഭിച്ചു നിന്ന അദ്ദേഹത്തെ പാട്ടും വാദ്യവുമായി എതിരേൽക്കാൻ സൗന്ദര്യമുള്ള സ്ത്രീപുരുഷന്മാരുടെ ഒരു സംഘം വന്നുചേർന്നു. ദിവ്യമായ ആഭരണങ്ങൾ അണിഞ്ഞ് മനോഹരമായി അലങ്കരിച്ച ബ്രാഹ്മണന്റെ പത്നി കൊട്ടാരത്തിൽനിന്ന് പുറത്തേക്കു വന്ന് അത്യധികം സ്നേഹാദരങ്ങളോടെ സ്വാഗതം ചെയ്തു. ഈ അസാധാരണമായ മാറ്റം ഭഗവാന്റെ കരുണകൊണ്ടുതന്നെ എന്നു ചിന്തിച്ചുകൊണ്ട്, സുദാമാവ് പത്നിയോടൊപ്പം ഗൃഹത്തിൽ കടന്നു. അന്നു മുതൽ അളവില്ലാത്ത സമ്പത്തിനു നടുവിലാണ് സുദാമാവ് ജീവിച്ചത്. എങ്കിലും നിർമ്മമത പുലർത്തിക്കൊണ്ട് അദ്ദേഹം സദാ ഭഗവാന്റെ മഹിമകൾ കീർത്തിച്ചു. അല്പകാലത്തിനുള്ളിൽ ശാരീരികാസക്തിയുടെ സകല ബന്ധനങ്ങളും വെടിഞ്ഞ് സുദാമാവ് ഭഗവദ്ധാമം പൂകി.



(ശ്രീമദ്‌ ഭാഗവതം 10/80 & 81/ സംഗ്രഹം )



🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ്