പുരുഷോത്തമ അധിക മാസത്തിലെ കൃഷ്ണ പക്ഷത്തിൽ സംഭവിക്കുന്ന പരമ ഏകാദശിയുടെ മഹിമകൾ ശ്രീ കൃഷ്ണ ഭഗവാൻ യുധിഷ്ഠിര മഹാരാജാവിന് വിശദീകരിച്ചു നൽകുന്നു.
യുധിഷ്ഠിര മഹാരാജാവ് പറഞ്ഞു, "ഹേ ഭഗവാനേ! അധിക മാസത്തിലെ കൃഷ്ണ പക്ഷത്തിൽ സംഭവിക്കുന്ന ഏകാദശിയുടെ നാമം എന്താണ്? ആ ഏകാദശി എങ്ങനെയാണ് അനുഷ്ഠിക്കേണ്ടത്?
ശ്രീ കൃഷ്ണ ഭഗവാൻ പറഞ്ഞു, "ഹേ രാജൻ! ഈ ഏകാദശിയുടെ നാമം പരമ ഏകാദശി എന്നതാകുന്നു. ഈ പുണ്യമായ ഏകാദശി ഒരാളുടെ എല്ലാ പാപ പ്രതികരണങ്ങളും ഇല്ലാതാക്കി ഭൗതിക ആസ്വാദനവും മുക്തിയും പ്രധാനം ചെയ്യുന്നു. ഈ ഏകാദശി ദിവസം ഒരുവൻ എല്ലാ ജീവജാലങ്ങളുടെയും നാഥനായ പരമദിവ്യോത്തമ പുരുഷനെ ആരാധിക്കേണ്ടതാണ്. ഇനി കംപീല്യ എന്ന നഗരത്തിലെ ഋഷിമാരിൽ നിന്നും ഞാൻ ശ്രവിച്ച മനോഹരമായ കഥ ദയവായി കേട്ടുകൊൾക.
കംപീല്യ എന്ന നഗരത്തിൽ സുമേധ എന്ന നാമത്തിൽ ധർമ്മിഷ്ഠനായ ബ്രാഹ്മണൻ ജീവിച്ചിരുന്നു. അദ്ദേഹത്തിന്റെ പതിവൃതയായ പത്നിയായിരുന്നു പവിത്ര. പക്ഷെ ചില പാപ കർമ്മങ്ങൾ കാരണം ഈ ബ്രാഹ്മണൻ ദരിദ്രനായി തീർന്നു. ഭിക്ഷ യാചിച്ചിട്ടു പോലും അദ്ദേഹത്തിന് ഉപജീവനം നടത്താൻ കഴിയാതെ വന്നു. തത്ഫലമായി അദ്ദേഹത്തിന് കഴിക്കാൻ ഭക്ഷണമോ, ധരിക്കാൻ വസ്ത്രമോ, കിടക്കാൻ സ്ഥലമോ ഇല്ലാതായി. എങ്കിലും അദ്ദേഹത്തിന്റെ യുവ സുന്ദരിയായ ഭാര്യ വിശ്വാസപൂർവം അദ്ദേഹത്തെ സേവിച്ചു. പലപ്പോഴും അതിഥികളെ സേവിക്കുന്നതിനായി അവൾ ഭക്ഷണം കഴിക്കാതെ പോലും ഇരുന്നു. വിശന്നിരിക്കേണ്ടി വന്നിട്ടും അവളുടെ മുഖം മ്ലാനമായി ഇരിക്കുകയോ, തന്റെ ഭർത്താവിനോട് ഇതേക്കുറിച്ചു പറയുകയോ ചെയ്തില്ല.
തന്റെ ഭാര്യ ദിവസം തോറും ക്ഷീണിതയായി മാറുന്നത് കണ്ട ബ്രാഹ്മണൻ, സ്വയം പഴിചാരിക്കൊണ്ട് തന്റെ പ്രിയ പത്നിയോട് ചോദിച്ചു, 'ഹേ പ്രിയപ്പെട്ടവളേ! ഞാൻ ധനികരായ ആളുകളോട് ഭിക്ഷയാചിച്ചെങ്കിലും, എനിക്കൊന്നും ലഭിച്ചില്ല. ഇനി ഞാൻ എന്തു ചെയ്യണം എന്ന് പറയൂ? ഞാൻ വിദേശ രാജ്യത്തേക്ക് ധനം സമ്പാദിക്കാനായി പോകണോ? എനിക്ക് ഭാഗ്യമുണ്ടെങ്കിൽ അവിടെ നിന്നും എന്തെങ്കിലും ലഭിക്കും. ഉത്സാഹമില്ലാതെ ഒരു കർമ്മവും വിജയിക്കില്ല. അതുകൊണ്ടാണ് ബുദ്ധിമാന്മാർ ആളുകളുടെ ഉത്സാഹത്തെ എപ്പോഴും പുകഴ്ത്തുന്നത്.
തന്റെ ഭർത്താവിന്റെ വാക്കുകൾ ശ്രവിച്ച, സുന്ദര നയനങ്ങളോട് കൂടിയ പവിത്ര തൊഴുകൈകളോടെ കണ്ണീരണിഞ്ഞു കൊണ്ട് ഭർത്താവിനോട് പറഞ്ഞു. "അങ്ങയേക്കാൾ ബുദ്ധിയുള്ള വ്യക്തി വേറെ ആരും ഇല്ല. നാം ഈ ലോകത്തിൽ പ്രവർത്തിക്കുന്നതും, സമ്പാദിക്കുന്നതും നമ്മുടെ പൂർവ കർമ്മങ്ങൾ കാരണമാണ്. ഒരുവന് പൂർവജന്മത്തിൽ ഒരു പുണ്യവും ഇല്ലെങ്കിൽ എത്ര കഠിനപ്രയത്നം നടത്തിയാലും അയാൾക്ക് ഒന്നും നേടുവാൻ സാധിക്കില്ല. ഒരുവൻ തന്റെ പൂർവജന്മത്തിൽ ജ്ഞാനമോ, ധനമോ വിതരണം ചെയ്തിട്ടുണ്ടെങ്കിൽ അയാൾക്ക് അതേ കാര്യങ്ങൾ ഈ ജന്മത്തിൽ ലഭിക്കുന്നു. ഹേ ബ്രാഹ്മണ ശ്രേഷ്ഠാ, ഞാനും അങ്ങും പൂർവ ജന്മത്തിൽ യോഗ്യരായ വ്യക്തികൾക്ക് ദാനം നൽകിയിട്ടില്ല എന്നു തോന്നുന്നു. അതിനാൽ നാം രണ്ടു പേരും ഇവിടെ ഒരുമിച്ചു ജീവിക്കേണ്ടി വരും. ഹേ പ്രഭു! എനിക്ക് ഒരു നിമിഷം പോലും അങ്ങില്ലാതെ ജീവിക്കുവാൻ സാധിക്കില്ല. മാത്രമല്ല അങ്ങ് യാത്രയായാൽ ആളുകൾ എന്നെ നിർഭാഗ്യവതി എന്നു വിളിക്കുകയും, കുറ്റപ്പെടുത്തുകയും ചെയ്യും. അതിനാൽ ഇവിടെ നിന്നും അങ്ങേയ്ക്ക് ശേഖരിക്കുവാൻ സാധിക്കുന്ന ധനത്തിൽ ദയവായി സന്തോഷിച്ചാലും. അങ്ങേയ്ക്ക് ഈ രാജ്യത്തു മാത്രമേ സന്തോഷം കണ്ടെത്തുവാൻ സാധിക്കൂ.'
"തന്റെ ഭാര്യയുടെ വാക്കുകൾ ശ്രവിച്ച ബ്രാഹ്മണൻ, അന്യരാജ്യത്തേക്ക് പോകുവാനുള്ള തീരുമാനം പിൻവലിച്ചു. ഒരു ദിവസം ഈശ്വരേച്ഛയാൽ മഹാമുനി കൗണ്ടിന്യ മുനി ആ നഗരം സന്ദർശിച്ചു. അദ്ദേഹത്തെ കണ്ടയുടനെ സന്തോഷവാനായ സുമേധനും ഭാര്യയും അദ്ദേഹത്തിന് പ്രണാമങ്ങൾ അർപ്പിച്ചു. അദ്ദേഹം മുനിക്ക് ഇരിക്കുവാൻ ആസനം നൽകുകയും, ഉചിതമായി ആദരിക്കുകയും ചെയ്തു. അദ്ദേഹം പറഞ്ഞു, 'ഹേ മഹാ മുനെ! അങ്ങയുടെ ദർശനം ലഭിച്ച ഞങ്ങളുടെ ജീവിതം ധന്യമായി. ശേഷം ആ ദമ്പതികൾ തങ്ങളുടെ കഴിവിനനുസരിച്ചു മുനിയെ സേവിച്ചു! ശേഷം ബ്രാഹ്മണ പത്നി മുനിയോട് ചോദിച്ചു, 'ഹേ പണ്ഡിത ശ്രേഷ്ഠാ! ദാരിദ്ര്യം ഇല്ലാതാക്കുവാനുള്ള വഴി എന്താണ്? ദാനം നൽകാതെ ഒരാൾക്ക് എങ്ങനെ ധനവും, ജ്ഞാനവും നേടാൻ സാധിക്കും? എന്റെ ഭർത്താവ് ധന സമ്പാധനത്തിനായി വിദേശ രാജ്യത്തേക്ക് പോകാൻ ശ്രമിച്ചപ്പോൾ ഞാൻ അദ്ദേഹത്തെ തടയുകയാണ് ചെയ്തത്. അങ്ങ് ഇവിടെ സന്ദർശിച്ചത് ഞങ്ങളുടെ ഭാഗ്യമാണ്. അങ്ങയുടെ കാരുണ്യത്താൽ ഞങ്ങളുടെ ദാരിദ്ര്യം തീർച്ചയായും ഇല്ലാതാകും. ദയവായി ഞങ്ങളുടെ ദാരിദ്ര്യം ഇല്ലാതാക്കുവാനുള്ള മാർഗം ഉപദേശിച്ചു നൽകിയാലും".
"പവിത്രയിൽ നിന്നും ഈ വാക്കുകൾ ശ്രവിച്ച കൗണ്ടിന്യ മുനി പറഞ്ഞു, "അധിക മാസത്തിലെ കൃഷ്ണ പക്ഷത്തിൽ സംഭവിക്കുന്ന പരമ ഏകാദശി ഭഗവാന് ഏറ്റവും പ്രിയപ്പെട്ടതാകുന്നു. ഈ ഏകാദശി ഒരുവന്റെ പാപ പ്രതികരണങ്ങൾ, ഭൗതിക ദുരിതങ്ങൾ, ദാരിദ്ര്യം എന്നിവ ഇല്ലാതാക്കുന്നു. ഈ ഏകാദശി പാലിക്കുന്നത് വഴി ഒരുവൻ തീർച്ചയായും അഭിവൃദ്ധിയടയുന്നു. ഈ ദിവ്യമായ ഏകാദശി കുവേരനാണ് ആദ്യമായി അനുഷ്ഠിച്ചത്. ഇതിന്റെ ഫലമായി, മഹാദേവൻ സംപ്രീതനാവുകയും, ധനവാനാകുവാനുള്ള വരം നൽകുകയും ചെയ്തു. ഈ ഏകാദശി അനുഷ്ഠിച്ച ഹരിശ്ചന്ദ്ര മഹാരാജാവിന് തന്റെ നഷ്ടപ്പെട്ട രാജ്യവും, ഭാര്യയേയും തിരികെ ലഭിച്ചു. ഹേ സുന്ദര നയനങ്ങളോട് കൂടിയവളെ! ഈ ഏകാദശി വൃതം നീയും അനുഷ്ഠിക്കൂ!
ഭഗവാൻ കൃഷ്ണൻ തുടർന്നു, "ഹേ പാണ്ഡവാ! സന്തോഷപൂർവം പരമ ഏകാദശിയെ കുറിച്ചു വിശദീകരിച്ച കൗണ്ടിന്യ മുനി, പുണ്യ വൃതമായ പഞ്ചരാത്രി വൃതത്തെ കുറിച്ചും വിശദീകരിച്ചു. പഞ്ചരാത്രി വൃതം അനുഷ്ഠിക്കുന്ന ഒരാൾക്ക് മുക്തി ലഭിക്കുന്നു. ഒരുവൻ പരമ ഏകാദശി ദിനം മുതൽ നിയമ നിബന്ധനകൾ അനുസരിച്ചു പഞ്ചരാത്രി വൃതം അനുഷ്ഠിക്കുവാൻ തുടങ്ങണം. ആരാണോ തന്റെ കഴിവിനനുസരിച്ചു പരമ ഏകാദശി മുതൽ തുടങ്ങുന്ന അഞ്ചു ദിനം ഉപവാസം അനുഷ്ഠിക്കുന്നത്, അയാൾ തന്റെ പിതാവ്, മാതാവ്, ഭാര്യ എന്നിവരുടെ കൂടെ വൈകുണ്ഠത്തിലേക്ക് മടങ്ങുന്നു. ഈ അഞ്ചു ദിനത്തിൽ ദിവസം ഒരു നേരം മാത്രം ഭക്ഷിക്കുന്ന വ്യക്തി എല്ലാ പാപ പ്രതികരണങ്ങളിൽ നിന്നും മോചിതനായി ആദ്ധ്യാത്മിക ലോകത്തിലേക്ക് പ്രവേശിക്കുന്നു.
"കൗണ്ടിന്യ മുനിയുടെ നിർദേശ പ്രകാരം, സുമേധനും ഭാര്യയും പരമ ഏകാദശി വൃതം അനുഷ്ഠിച്ചു. ഏകാദശി, പഞ്ചരാത്രി വൃതങ്ങൾ പൂർത്തിയായപ്പോൾ രാജ കൊട്ടാരത്തിൽ നിന്നും ഒരു രാജകുമാരൻ വന്നു. ബ്രഹ്മദേവനിൽ നിന്നും പ്രചോദിതനായ രാജകുമാരൻ മനോഹരമായ രാജകീയ ഉപകരങ്ങളാൽ അലങ്കരിച്ച പുതിയ ഗൃഹം അവർക്ക് നൽകി. അദ്ദേഹം ഉപജീവനത്തിനായി ഒരു പശുവിനെ ബ്രാഹ്മണന് നൽകുകയും ആ ദമ്പതികളെ പ്രശംസിക്കുകയും ചെയ്തതിന് ശേഷം മടങ്ങി. ഈ കാരണത്താൽ ആ രാജകുമാരൻ തന്റെ ജീവിതാവസാനം വൈകുണ്ഠത്തിലേക്ക് മടങ്ങി.
"ബ്രാഹ്മണർ മനുഷ്യരിൽ ഉയർന്നവർ ആകുന്നത് പോലെ, മൃഗങ്ങളിൽ ഗോക്കളും, ദേവന്മാരിൽ ഇന്ദ്രനും ശ്രേഷ്ഠരാകുന്നത് പോലെ മാസങ്ങളിൽ ശ്രേഷ്ഠം അധിക മാസമാവുന്നു. ഈ മാസത്തിലെ പവിത്ര, പരമ ഏകാദശികൾ ഭഗവാൻ ഹരിക്ക് ഏറ്റവും പ്രിയപ്പെട്ടതാവുന്നു. ഒരുവന് മനുഷ്യ ജന്മം ലഭിച്ചിട്ടും ഏകാദശി വൃതം പാലിച്ചില്ലെങ്കിൽ അദ്ദേഹത്തിന് 84 ലക്ഷം ജീവവർഗങ്ങളിലും സന്തോഷം ലഭിക്കുന്നില്ല. പകരം അയാൾ അത്യധികം ദുരിതങ്ങൾ അനുഭവിക്കുന്നു. പുണ്യ ഫലത്താൽ ലഭിക്കുന്ന മനുഷ്യ ജന്മത്തിൽ ഒരുവൻ തീർച്ചയായും ഏകാദശി വൃതം അനുഷ്ഠിക്കണം".
ഏകാദശി മഹിമകൾ ശ്രവിച്ച യുധിഷ്ഠിര മഹാരാജാവ് തന്റെ ഭാര്യയുടെയും, സഹോദരങ്ങളുടെയും കൂടെ ഈ പവിത്രമായ ഏകാദശി അനുഷ്ഠിച്ചു.
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .