താവത് കർമാണി കുർവീത ന നിർവിദ്യേത യാവതാ
മത്കഥാശ്രവണാദൗ വാ ശ്രദ്ധാ യാവന്ന ജായതേ
വിവർത്തനം
ഫലോദ്ദിഷ്ഠ കർമങ്ങളാൽ സംതൃപ്തനാകാതിരിക്കുകയും, വിഷ്ണുവിന്റെ ശ്രവണകീർത്തനാദികളിൽ അഭിരുചി ഉണരാതിരിക്കുകയും ചെയ്യാത്തിടത്തോളം, വേദാനുശാസനങ്ങളുടെ വ്യവസ്ഥാപിത തത്ത്വങ്ങൾക്കനുസരിച്ച് പ്രവർത്തിക്കണം.
ഭാവാർത്ഥം
ഒരുവൻ പരിശുദ്ധ ഭക്തന്മാരുടെ സഹവാസത്തിൽ കൃഷ്ണഭഗവാനിൽ ദൃഢവിശ്വാസം വളർത്തുകയും അപ്രകാരം മുഴുവൻ സമയവും ഭഗവാന്റെ ഭക്തിയുതസേവനത്തിൽ മുഴുകുകയും ചെയ്യാത്തപക്ഷം, അയാൾ സാധാരണ വൈദിക തത്ത്വങ്ങളും കർത്തവ്യങ്ങളും അവഗണിക്കരുത്. ഭഗവാൻ സ്വയം പ്രസ്താവിച്ചിട്ടുള്ളതുപോലെ,
ശ്രുതി സ്മൃതി മമൈവാജ്ഞേ യസ്തേ ഉല്ലംഘ്യ വർത്തതേ
ആജ്ഞാ-ച്ഛേദീ മമ ദ്വേഷീ മദ് ഭക്തോfപി ന വൈഷ്ണവഃ
“ശ്രുതി സ്മൃതി ശാസ്ത്രങ്ങളെ എന്റെ ഉത്തരവുകളായും, അത്തരം നിയമാവലികൾ ലംഘിക്കുന്ന ഒരുവൻ എന്റെ ഇച്ഛയെ ലംഘിക്കുന്നതായും അപ്രകാരം എന്നെ എതിർക്കുന്നതായും മനസ്സിലാക്കണം. അത്തരമൊരു വ്യക്തി എന്റെ ഭക്തനാണെന്ന് അവകാശപ്പെട്ടേക്കാമെങ്കിലും വാസ്തവത്തിൽ ഒരു വൈഷ്ണവനല്ല." ഒരുവൻ ശ്രവണകീർത്തന പ്രക്രിയയിൽ ദൃഢവിശ്വാസം വളർത്താത്തപക്ഷം, വേദശാസ്ത്രങ്ങളുടെ സാധാരണ ഉത്തരവുകൾ അനുസരിച്ച് പ്രവർത്തിക്കണമെന്ന് ഭഗവാൻ ഇവിടെ പറയുന്നു. ഒരുൽകൃഷ്ട ഭഗവദ് ഭക്തനെ തിരിച്ചറിയാൻ കഴിയുന്ന ധാരാളം ലക്ഷണങ്ങളുണ്ട്. ശ്രീമദ്ഭാഗവതം പ്രഥമ സ്കന്ധത്തിൽ (1.2.7) പറയുന്നു.
വാസുദേവേ ഭഗവതി ഭക്തി- യോഗഃ പ്രയോജിതഃ
ജനയതി ആശു വൈരാഗ്യം ജ്ഞാനം ച യദ് അഹൈതുകം
പുരോഗതിയാർജിച്ച ഭക്തിയുതസേവനത്തിൽ വ്യാപൃതനായ ഒരുവന് വളരെപ്പെട്ടെന്ന് കൃഷ്ണാവബോധത്തിന്റെ വ്യക്തമായ ജ്ഞാനവും ഭക്തിപരമല്ലാത്ത പ്രവൃത്തികളിൽ വിരക്തിയും വളരുന്നു. ഈ തലത്തിൽ എത്തിച്ചേരാത്ത ഒരുവൻ നിശ്ചയമായും വേദങ്ങളുടെ സാധാരണ നിരോധനങ്ങൾ അനുസരിക്കണം, അല്ലാത്തപക്ഷം ഭഗവാനോട് ശത്രുതയിലായിത്തീരുക എന്ന അപകടം സംഭവിക്കും. നേരേമറിച്ച് കൃഷ്ണഭഗവാനുവേണ്ടിയുള്ള ഭക്തിയുതസേവനത്തിൽ ദൃഢവിശ്വാസം വളർത്തുന്ന ഒരുവൻ ഭഗവാന്റെ ദൗത്യത്തിന്റെ പുരോഗതിക്കുവേണ്ടി എന്തുചെയ്യാനും മടിക്കില്ല. ശ്രീമദ്ഭാഗവതം പതിനൊന്നാം സ്കന്ധത്തിൽ (11.5.41) പ്രസ്താവിച്ചിട്ടുള്ളതുപോലെ,
ദേവർഷി-ഭൂതാപ്ത-നൃണാം പിതൃണാം
ന കിങ്കരോ നായം ഋണീ ച രാജൻ
സർവാത്മനാ യഃ ശരണം ശരണ്യം
ഗതോ മുകുന്ദം പരിഹൃത്യ കർത്തം
“മോക്ഷദായകനായ മുകുന്ദന്റെ പാദാരവിന്ദങ്ങളിൽ ശരണം പ്രാപിച്ച്, എല്ലാ വിധത്തിലുമുളള കർത്തവ്യങ്ങളും ഉപേക്ഷിച്ച് ഗൗരവപൂർവം ആ പാത സ്വീകരിച്ചവർക്ക് ദേവന്മാരോടോ, ഋഷികളോടോ, സാധാരണ ജീവജാലങ്ങളോടോ, കുടുംബാംഗങ്ങളോടോ, മനുഷ്യവർഗത്തോടോ, പിതൃക്കളോടോ യാതൊരു കടപ്പാടുകളുമില്ല."
ഒരു വ്യക്തി പൂർണമായും കൃഷ്ണഭഗവാന് ആത്മസമർപ്പണം ചെയ്യുമ്പോൾ, അയാൾ, ഒരു സമർപ്പിതാത്മാവിന്റെ മറ്റെല്ലാ ഉത്തരവാദിത്തങ്ങളും കടങ്ങളും ഇല്ലാതാക്കുമെന്ന ഭഗവാന്റെ വാഗ്ദാനത്തെ ആശ്രയിക്കുന്നതായി, ഇതു സംബന്ധിച്ച് ശ്രീല ജീവഗോസ്വാമി ചൂണ്ടിക്കാട്ടുന്നു. ഭഗവാന്റെ സംരക്ഷണ വാഗ്ദാനത്തിന്മേൽ ധ്യാനിക്കുന്ന ഭക്തൻ അപ്രകാരം നിർഭയനായിത്തീരുന്നു. എന്നാൽ, ഭൗതികമായ ആകർഷണമുളളവർ ഭഗവാന് പൂർണമായി ശരണാഗതി പൂകുക എന്ന ആശയത്തെ ഭയപ്പെടുന്നു, അതുവഴി ഭഗവാനോടുളള അവരുടെ ശത്രുതാ മനോഭാവം വെളിപ്പെടുന്നു.
(ശ്രീമദ് ഭാഗവതം 11/20/9)
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .