Home

Thursday, September 21, 2023

ശ്രീമതി രാധാറാണിയുടെ കാരുണ്യം



മുക്തരായ പരിശുദ്ധ ഭഗവദ്ഭക്തരുടെ സ്വത്താണ് ഭഗവാൻ ശ്രീകൃഷ്ണൻ. ആ നിലയ്ക്ക് ഭക്തർക്കു മാത്രമേ കൃഷ്ണനെ മറ്റൊരു ഭക്തന് നൽകുവാൻ കഴിയുകയുള്ളൂ. കൃഷ്ണനെ ഒരിക്കലും നേരിട്ട് പ്രാപ്തമാക്കാൻ കഴിയുകയില്ല. ആയതിനാൽ, "ഗോപി-ഭർതുഃ പദ-കമല യോർ ദാസ-ദാസാനുദാസഃ', അഥവാ “വൃന്ദാവനത്തിലെ കന്യകമാരായ ഗോപികമാരെ പരിരക്ഷിക്കുന്ന ഭഗവാന്റെ സേവകരുടെ അതീവ അനു സരണയുള്ള വിനയാന്വിതനായ സേവകൻ” എന്ന് ശ്രീ ചൈതന്യ പ്രഭു സ്വയം വിശേഷിപ്പിക്കുന്നു. അതിനാൽ, ഒരു ശുദ്ധഭഗവദ്ഭക്തൻ ഒരിക്കലും ഭഗവാനെ നേരിട്ട് സമീപിക്കുകയില്ല. മറിച്ച്, ഭഗവദ്സേവകരെ സംപ്രീതരാക്കാൻ യത്നിക്കുകയും, അപ്രകാരം ഭഗവാൻ സംപ്രീതനായിത്തീരുകയും ചെയ്യുന്നു. അപ്പോൾ മാത്രമേ ഭക്തന് ഭഗവദ്പാദാംബുജങ്ങളിൽ നിവിഷ്ടമായ തുളസീദളങ്ങളുടെ സ്വാദ് ആസ്വദിക്കുവാൻ കഴിയുകയുള്ളൂ. വേദധർമശാസ്ത്രങ്ങളുടെ വലിയ പണ്ഡിതനായിത്തീരുന്നതിലൂടെ ഭഗവാനെ കണ്ടെത്താൻ കഴിയില്ലെന്നും, എന്നാൽ ഭഗവാൻ അദ്ദേഹത്തിന്റെ പരിശുദ്ധ ഭക്തനിലൂടെ വളരെ അനായാസം സമുപഗമ്യനാണെന്നും ബ്രഹ്മസംഹിതയിൽ പറഞ്ഞിരിക്കുന്നു. വൃന്ദാവനത്തിൽ, ഭഗവാൻ ശ്രീകൃഷ്ണന്റെ ആനന്ദശക്തിയായ ശ്രീമതി രാധാറാണിയുടെ കൃപാകടാക്ഷത്തിനായി എല്ലാ പരിശുദ്ധ ഭക്തന്മാരും പ്രാർഥിക്കുന്നു. പരമപരിപൂർണന്റെ കരുണാത്മകമായ സ്ത്രൈണ പകർപ്പായ ശ്രീമതി രാധാറാണി, സാംസാരികമായ സ്ത്രൈണഗുണങ്ങളുടെ പരിപൂർണതാവസ്ഥയ്ക്ക് തുല്യമായതാണ്. ആകയാൽ, ആത്മാർഥ ഭക്തർക്ക് രാധാറാണിയുടെ അനുകമ്പ വളരെ വേഗത്തിൽ ലഭ്യമാണ്. മാത്രവുമല്ല, കൃഷ്ണഭഗവാനോട്, അവ്വണ്ണമൊരു ഭക്തനെ ശ്രീമതി രാധാറാണി ഒരിക്കൽ ശുപാർശ ചെയ്താൽ, ഭഗവാൻ ഉടൻ ആ ഭക്തനെ അദ്ദേഹത്തിന്റെ ഭക്തസംഘത്തിൽ സ്വീകരിക്കുന്നു. ആകയാൽ നിർണയമെന്തെന്നാൽ, നേരിട്ട് ഭഗവദ്പയ്ക്കായി അഭ്യർഥിക്കുന്നതിനുപകരം, പരിശുദ്ധ ഭഗവദ്ഭക്തന്റെ കൃപയ്ക്കായി യത്നിക്കുന്നതിൽ ഒരുവൻ അതീവ താത്പര്യം കാണിക്കണം. ഒരുവൻ അപ്രകാരം പ്രവർത്തിക്കുന്നതാകയാൽ (ഭക്തവൈഭവത്താൽ), ഭഗവദ്സേവനത്തിനായുള്ള സ്വാഭാവികമായ അഭിനിവേശം പുനരുജ്ജീവിക്കും.


(ശ്രീമദ്‌ ഭാഗവതം 2/3/23/ഭാവാർത്ഥം )


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ്