Home

Tuesday, October 10, 2023

ഇന്ദിര ഏകാദശി



ഇന്ദിര ഏകാദശിയുടെ മഹത്വത്തെ കുറിച്ച് ബ്രഹ്മവൈവർത പുരാണത്തിൽ ശ്രീ കൃഷ്ണ ഭഗവാനും യുധിഷ്ഠിര മഹാരാജാവും തമ്മിലുള്ള സംവാദത്തിൽ വിവരിക്കുന്നു.


മഹാരാജാവ് യുധിഷ്ഠിരൻ പറഞ്ഞു, "ഹേ കൃഷ്ണാ! ഹേ മധുസൂദനാ! പദ്മനാഭ മാസത്തിലെ കൃഷ്ണ പക്ഷത്തിൽ സംഭവിക്കുന്ന ഏകാദശിയുടെ നാമം എന്താണ്. ഈ ഏകാദശി പാലിക്കുവാനുള്ള നിയമ നിബന്ധനകൾ എന്തൊക്കെയാണ്?"


ശ്രീ കൃഷ്ണ ഭഗവാൻ മറുപടി പറഞ്ഞു, "സത്യ യുഗത്തിൽ ഇന്ദ്രസേനൻ എന്ന ഒരു രാജാവ് ജീവിച്ചിരുന്നു. ശത്രുക്കളെ കീഴടക്കുന്നതിൽ വിദഗ്ധനായ അദ്ദേഹം തന്റെ രാജ്യമായ മഹിഷ്‌മതി ഐശ്വര്യപൂർവം ഭരിച്ചു. അദ്ദേഹം ഭഗവാൻ വിഷ്ണുവിന്റെ ഭക്തിയുത സേവനത്തിൽ ആസക്തനായിരുന്നു. ആദ്ധ്യാത്മിക ജ്ഞാനത്തിൽ മുഴുകിയിരുന്ന ഭക്തനെന്നനിലയിൽ, ആ രാജാവ് മുക്തി പ്രധായകനായ ശ്രീ ഗോവിന്ദന്റെ നാമങ്ങൾ എന്നും ഉരുവിട്ടുകൊണ്ടിരുന്നു.


"ഒരു ദിവസം സിംഹാസനത്തിൽ സന്തോഷപൂർവം ഇരിക്കുകയായിരുന്ന അദ്ദേഹത്തിന്റെ മുന്നിൽ നാരദ മുനി പ്രത്യക്ഷപ്പെട്ടു. നാരദ മഹാ മുനിയെ കണ്ടയുടനെ കൂപ്പു കൈകളോടെ അദ്ദേഹത്തിന് പ്രണാമങ്ങൾ അർപ്പിച്ചു. ആ രാജാവ് നാരദ മുനിയെ പതിനാറ് വസ്തുക്കൾ കൊണ്ട് ആരാധിക്കുകയും, അദ്ദേഹത്തെ ആസനസ്ഥനാക്കുകയും ചെയ്തു. അദ്ദേഹം ഇന്ദ്രസേനനോട് ചോദിച്ചു, ഹേ മഹാരാജൻ! അങ്ങയുടെ പ്രജകൾ എല്ലാവരും ഐശ്വര്യവാന്മാരും സന്തോഷവാന്മാരുമാണോ? അങ്ങയുടെ മനസ്സ് ധർമ്മ തത്വങ്ങളിൽ ഉറച്ചു നിൽക്കുന്നുണ്ടോ, അങ്ങ് ഭഗവാൻ വിഷ്ണുവിന്റെ ഭക്തിയുത സേവനത്തിൽ മുഴുകിയിരിക്കുകയാണോ?


"രാജാവ് മറുപടി പറഞ്ഞു, "ഹേ മുനി ശ്രേഷ്ഠാ! അങ്ങയുടെ കൃപയാൽ എല്ലാം മംഗളകരമായിരിക്കുന്നു. ഇന്ന് അങ്ങയുടെ ദർശനത്താൽ എന്റെ ജീവിതം സഫലമായിരിക്കുന്നു, എന്റെ എല്ലാ യജ്ഞങ്ങൾക്കും ഫലം ലഭിച്ചിരിക്കുന്നു. ഹേ ദേവന്മാരിലെ മുനി ശ്രേഷ്ഠാ! അങ്ങയുടെ സന്ദർശനത്തിന്റെ കാരണം വ്യക്തമാക്കിയാലും.


രാജാവിന്റെ വിനയപൂർവ്വമായ വാക്കുകൾ ശ്രവിച്ച ശേഷം, നാരദ മുനി പറഞ്ഞു, 'ഹേ സിംഹ സദൃശനായ രാജാവേ! എനിക്ക് സംഭവിച്ച ഒരു അത്ഭുതകരമായ കാര്യത്തെ കുറിച്ചു ശ്രവിച്ചാലും. ഹേ മഹാ രാജൻ ! ഒരിക്കൽ ഞാൻ ബ്രഹ്മലോകത്തു നിന്നും യമ ലോകത്തിലേക്ക് യാത്ര നടത്തി. യമരാജൻ എന്നെ ബഹുമാനപൂർവം യഥാവിധി സ്വീകരിച്ചു. എന്നെ ആസനസ്ഥാനക്കിയ ശേഷം, ഞാൻ പുണ്യാത്മാവും സത്യസന്ധനുമായ യമരാജന് സ്തുതികൾ അർപ്പിച്ചു. ശേഷം ഞാൻ അങ്ങയുടെ പിതാവിനെ യമരാജന്റെ സന്നിധിയിൽ ദർശിക്കുകയുണ്ടായി. ഒരു വൃതം ലംഘിച്ചതിന്റെ ഭാഗമായി അങ്ങയുടെ പിതാവിന് അവിടെ പോകേണ്ടി വന്നു! ഹേ രാജൻ! അദേഹം അങ്ങയോട് ഒരു സന്ദേശം കൈമാറാൻ എനിക്ക് നിർദേശം നൽകി. അദ്ദേഹം പറഞ്ഞു, "മഹിഷ്‌മതിയിലെ രാജാവായ ഇന്ദ്രസേനൻ എന്റെ മകനാണ്. ഹേ പ്രഭു, പൂർവ ജന്മത്തിൽ ഞാൻ ചെയ്ത കർമ്മ ഫലത്തിന്റെ അടിസ്ഥാനത്തിൽ എനിക്കിപ്പോൾ യമപുരിയിൽ താമസിക്കേണ്ടി വന്നു. അതിനാൽ എന്റെ മകനോട് ഇന്ദിര ഏകാദശി വൃതം പാലിക്കുവാനും അതിന്റെ പുണ്യഫലങ്ങൾ എനിക്ക് നൽകുവാനും നിർദ്ദേശിക്കുക. എങ്കിൽ മാത്രമേ എനിക്ക് ഈ അവസ്ഥയിൽ നിന്നും മോചനം ലഭിക്കുകയുള്ളൂ. നാരദ മുനി തുടർന്നു, "ഹേ രാജൻ! ഇതാണ് അങ്ങയുടെ പിതാവിന്റെ അഭ്യർത്ഥന. അങ്ങയുടെ പിതാവിന് ആദ്ധ്യാത്മിക ലോകത്തിലേക്ക് പ്രവേശനം ലഭിക്കാൻ, അങ്ങ് ഈ ഇന്ദിര ഏകാദശി വൃതം പാലിക്കേണ്ടതാണ്.


"ശേഷം ഇന്ദ്രസേന രാജാവ് പറഞ്ഞു, 'ഹേ മഹാ മുനീ, ഇന്ദിര ഏകാദശി വൃതം പാലിക്കുവാനുള്ള പ്രക്രിയ ദയവായി വിവരിച്ചാലും."


"നാരദ മുനി മറുപടി പറഞ്ഞു, "ഏകാദശിയുടെ മുൻപുള്ള ദിവസം ഒരുവൻ അതിരാവിലെ സ്നാനം ചെയ്യുകയും വിശ്വാസപൂർവം പിതൃക്കൾക്ക് തർപ്പണം നടത്തുകയും വേണം. ആ ദിവസം ഒരുനേരം മാത്രം ഭക്ഷണം കഴിച്ചു, രാത്രി തറയിൽ കിടന്നുറങ്ങണം. ഏകാദശി ദിവസം പുലർച്ചെ എഴുന്നേറ്റു, സ്നാനം ചെയ്തതിനു ശേഷം ഒരു തരത്തിലുള്ള ഭൗതിക ആസ്വാദനത്തിലും മുഴുകുകയില്ല എന്നു പ്രതിജ്ഞ എടുത്ത ശേഷം ഉപവാസം അനുഷ്ഠിക്കണം. അദ്ദേഹം ഭഗവാനോട് ഈ രീതിയിൽ പ്രാർത്ഥിക്കണം. ഹേ കമല നയനാ, ഞാൻ അങ്ങയിൽ ശരണം പ്രാപിച്ചിരിക്കുന്നു.


"ശേഷം മധ്യാഹ്നം, ശാലിഗ്രാമ ശിലയുടെ മുൻപിൽ വച്ചു നിയമ നിബന്ധനകൾ പ്രകാരം പിതൃക്കൾക്ക് തർപ്പണം നടത്തണം. ശേഷം ബ്രാഹ്മണരെ ആരാധിക്കുകയും, അന്നദാനം നടത്തുകയും, ദക്ഷിണ നൽകുകയും ചെയ്യണം. അവസാനം തർപ്പണത്തിന്റെ ഉച്ഛിഷ്ടം പശുക്കൾക്ക് നൽകുകയും വേണം. ആ ദിവസം ഭഗവാൻ ഹൃഷികേശനെ ചന്ദനവും, പുഷ്പങ്ങളും, ധൂപങ്ങളും, വിളക്കും, ഭക്ഷണ വസ്തുക്കളും ഭക്തിപൂർവം അർപ്പിച്ചു കൊണ്ട് ആരാധിക്കണം. ഒരുവൻ ആ ദിവസം രാത്രി ഉണർന്നിരുന്നു കൊണ്ട് ജപിക്കുകയും, ശ്രവിക്കുകയും, ഭഗവാന്റെ നാമം, രൂപം, ഗുണങ്ങൾ, ലീലകൾ എന്നിവ സ്മരിക്കുകയും വേണം. അടുത്ത ദിവസം രാവിലെ ഒരുവൻ ഭഗവാൻ ഹരിയെ ആരാധിക്കുകയും. ബ്രാഹ്മണർക്ക് അന്നദാനം ചെയ്യുകയും വേണം. ശേഷം ഒരുവൻ മൗനം ആചരിച്ചു കൊണ്ട് തന്റെ ബന്ധുക്കളുടെ കൂടെ ഉപവാസം പാരണ നടത്തണം. ഹേ രാജൻ! ഞാൻ വിവരിച്ചത് പ്രകാരം ഈ ഏകാദശി വൃതം പാലിക്കുന്ന വ്യക്തി വൈകുണ്ഠ ലോകം പ്രാപിക്കുന്നു. ഇത്രയും പറഞ്ഞതിന് ശേഷം നാരദ മുനി അപ്രത്യക്ഷനായി.


"നാരദ മുനിയുടെ നിർദേശ പ്രകാരം, രാജാ ഇന്ദ്രസേനൻ തന്റെ കുട്ടികളുടെയും, മറ്റുള്ളവരുടെയും കൂടെ ഏകാദശി വൃതം പാലിച്ചു.


ഈ ഏകാദശി പാലിച്ചതിന്റെ ഫലമായി, ആകാശത്തു നിന്നും പുഷ്പവൃഷ്ടി ഉണ്ടാവുകയും  ഇന്ദ്രസേന രാജാവിന്റെ പിതാവ് ഗരുഡ വാഹനത്തിൽ വിഷ്ണു ലോകത്തിലേക്ക് തിരിച്ചു പോവുകയും ചെയ്തു. ശേഷം ഇന്ദ്രസേന രാജാവ് രാജ്യം സുഗമമായി ഭരിക്കുകയും, ജീവിതാവസാനം മകനെ രാജ്യഭാരം ഏൽപ്പിക്കുകയും ആദ്ധ്യാത്മിക ലോകത്തിലേക്ക് തിരിച്ചു പോവുകയും ചെയ്തു. ഈ ഏകാദശി മാഹാത്മ്യം ശ്രവിക്കുകയോ വായിക്കുകയോ ചെയ്യുന്ന വ്യക്തി എല്ലാ പാപ കർമ്മങ്ങളിൽ നിന്നും മോചിതനായി വിഷ്ണു ലോകം പ്രാപിക്കുന്നു.


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ്